എന്റെ വായന – കുന്താപുരത്തെ കടൽ(കഥകൾ) – ഡോ. വള്ളിക്കാവ് മോഹൻദാസ്

ലളിതമായ കഥകൾ വായിക്കാൻ കഴിയുന്നത് ഒരു സുഖാനുഭൂതിയാണ്. നമ്മുടെ സമയം ലാഭിക്കുക മാത്രമല്ല ചെയ്യുന്നത് ഒപ്പം തന്നെ വളരെ രസാവഹമായ ജീവിതാനുഭവങ്ങളെ നമുക്കവ സമ്മാനിക്കുക കൂടിച്ചെയ്യും. അതിനാലാകണം കഥകൾ പലപ്പോഴും ചെറിയതാണെങ്കിൽ വായനക്കാർ കൂടുന്നതിൻ്റെ ഒരു കാരണവും. ഡോ. വള്ളിക്കാവ് മോഹൻദാസിൻ്റെ പത്തുകഥകളാണ് കുന്താപുരത്തെ കടൽ എന്ന ഈ ചെറിയ പുസ്തകത്തിലുള്ളത്. വളരെ ലളിതമായി എന്നാൽ മനോഹരമായി പറഞ്ഞു പോകുന്ന കഥകൾ. ഭാഷയുടെ ലാളിത്യം മാത്രമല്ല കഥയെ മികച്ച താക്കുന്നത് അവയുടെ വ്യവഹാര തലങ്ങളുമാണ്. ജീവിതത്തിലെ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുള്ള കുറേ മനുഷ്യരെ ഒരു പുസ്തകത്തിൽ ഒതുക്കി എഴുത്തുകാരൻ വച്ചുനീട്ടുകയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ നിറഞ്ഞു നില്ക്കുന്ന ഈ കഥകളും കഥാപാത്രങ്ങളും ഇന്നത്തെ മധ്യവയസ്കർക്കു വരെ മാത്രമാകും പരിചിതരെന്നു കരുതാം. എന്നാൽ അവയിപ്പോൾ പുതു തലമുറയും പരിചയപ്പെടും. അത്രമേൽ ഹൃദ്യമായി അവയെ കഥകളിലേക്ക് പറിച്ചു നടപ്പെട്ടിരിക്കുന്നു.

മാന്തളിർഗന്ധം എന്ന കഥയാണാദ്യം. നാട്ടിലെ, മെച്ചപ്പെട്ട ഒരു റൗഡിയും പണിക്കാരനും ആയിരുന്ന ഒരാൾ ഇഎംഎസിന്റെ പ്രസംഗം കേട്ടതോടെ മനുഷ്യനായി മാറിയ കഥയാണിത്. കുത്തും കോമയും ഇടങ്ങളിൽ വേണ്ടതുപോലെ ഉപയോഗിക്കാതിരുന്നത് മൂലം തമാശകൾ വായനയിൽ കല്ലുകടിയായെങ്കിലും തുടക്കം നല്ലതായിരുന്നു. മണ്ണും പ്രകൃതിയും മനുഷ്യനും ഒരു സ്വാഭാവിക ചോദന പോലെ കടന്നുവരുന്ന കാഴ്ച ഒടുവിൽ എത്തുമ്പോൾ വിപ്ലവം, ഇടതുപക്ഷം എന്നീ കാഴ്ചകളിലേക്ക് ചിന്തകളിലേക്കും പരിവർത്തനം ചെയ്യുന്നു കഥയിൽ. പാലമൂടുകാവിലെ അന്തേവാസികൾ ആയിരുന്നു അടുത്ത കഥ. ബ്രാഹ്മണ്യം തല ഉയർത്തി നിന്ന നാട്ടിൻപുറത്തിന്റെ അപചയ കാഴ്ചകളിലേക്കാണ് മുഴുത്ത മുലകളും കറുത്ത ദേഹവും 10 മക്കളുമായി അവൾ വന്നത്. ഒടുവിൽ പുറമ്പോക്കിൽ നിന്നും അവൾ ജനങ്ങളുടെ സ്വീകാര്യതയിലേക്ക് നടന്നു കയറുമ്പോൾ മകൾ നമ്പൂതിരിയെ കെട്ടി പുരോഗമന വിപ്ലവം പൂർണമാക്കിയ ഒരു കഥയായിരുന്നു അത്.

അടുത്ത കഥ ആനിമേഷൻ ചെയർ എന്നതായിരുന്നു. യാന്ത്രിക ലോകത്തിൻറെ ശുദ്ധ ജീവിതം വെളിപ്പെടുത്തുന്ന ഒരു കഥ. കലാകാരന്മാരുടെ ദാമ്പത്യജീവിതം എന്നും പരാജയങ്ങളുടെ ശവപ്പറമ്പ് ആയിരിക്കും എന്ന പൊതുബോധത്തിന് ശരിവെക്കുന്ന രണ്ടുപേരുടെ കഥയാണിത്. വിഭിന്ന വഴികളിൽ സഞ്ചരിച്ച ഒരു ഭർത്താവും ഭാര്യയും മകനും തലമുറകളുടെ കാഴ്ചപ്പാടുകൾ കുടുംബ ബന്ധങ്ങളിൽ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നത് ഈ കഥയിൽ അവതരിപ്പിക്കുന്നു. ശീലാവതിയുടെ അപൂർവ്വ രഹസ്യങ്ങൾ ആണ് അടുത്ത കഥ. പഴയകാല നാട്ടിൻപുറ ജീവിതങ്ങളുടെ കാഴ്ചകളെ എഴുത്തുകാരൻ പുനഃസൃഷ്ടിക്കുന്ന ലളിത കാഴ്ചകളാണ് ഈ കഥയിലെ മർമ്മം. തൂങ്ങിയാടുന്ന മുലകളുമായി വീട്ടുപണിക്കു വന്നിരുന്ന സമൂഹ കണ്ണുകളിലെ താഴ്ന്ന ജാതിക്കാരായ ചില മനുഷ്യരുടെ കഥയാണിത്. ആധുനിക കാലത്തിന് നഷ്ടവും കൗതുകവുമായ കാഴ്ച. അവർ വളർത്തിയ കുട്ടികൾ. അവർ പഠിപ്പിച്ച പാഠങ്ങൾ, പറഞ്ഞ കഥകൾ അവരുടെ മാർച്ചൂടിൽ വളർന്ന കുഞ്ഞുങ്ങൾ ഇന്നു വലുതായിരിക്കുന്നു. അവരുടെ മക്കളുടെ മക്കൾക്ക് ഇന്ന് കഥയറിയില്ല ജീവിതവും.

സുറുമയെഴുതിയ നാത്തൂൻ എന്ന കഥ ഗ്രാമീണ ജീവിതത്തിലെ മറ്റൊരു കാഴ്ചയാണ്. ട്രാൻസ് ജീവിതം നയിക്കുന്ന ഒരു മനുഷ്യൻ്റെ കഥ മനുഷ്യത്വപരമായ ഒരു നല്ല പ്ലോട്ട് തന്നതോടെ ആ കഥ പാടെ മാറി. പതിവു ശീലുകളിൽ നിന്നും മാറി വളരെ മികച്ച ഒരു വായന തന്നു. കിളിമരം എന്ന കഥയും നല്ല കഥയായിരുന്നു. ഒറ്റപ്പെട്ട മനുഷ്യ ജീവിതങ്ങളുടെ ആത്മനൊമ്പരങ്ങളെ പറയാതെ കാട്ടിത്തന്ന ഒരു കഥ. വെള്ളിക്കോളാമ്പി എന്ന കഥയിലെ പശ്ചാത്തലം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ രാത്രി മേളകളെ ഓർമ്മിപ്പിച്ചു. നർമ്മം കൂട്ടിക്കലർത്തിയ ഒന്നാണെങ്കിലും ഉദരനിമിത്തം ബഹുകൃതവേഷം എന്ന തത്വത്തിലൂന്നി കഥയെ വഴി നടത്തുന്നത് കാണാനാവുന്നുണ്ടായിരുന്നു. ടൈറ്റിൽ കഥയായ കുന്താപുരത്തെ കടൽ കേരളം വിട്ട് കർണാടകത്തിൽ വച്ചാണ് സംഭവിച്ചിരിക്കുന്നത്. സംഗീതം ഇതിവൃത്തമായ ഇക്കഥയിൽ ശുദ്ധസംഗീതവും ആധുനിക സംഗീതവും തമ്മിലുള്ള അമേയമായ ആലിംഗനം കാണാം. നന്നായി വിഷയം പഠിച്ചെഴുതിയ ഒരു കഥ ആയിരുന്നു. നല്ല വായന സുഖം നല്കി. സൈക്കിൾ എന്ന കഥ പതിവുപോലെ ഗ്രാമ പശ്ചാത്തലം തന്നെ. പഴയ ഓർമ്മകളിലെ സൈക്കിൾ യജ്ഞക്കാരുടെ ജീവിതത്തിൽ നിന്നും ഒരേട്. സാധാരണ കേൾക്കുന്ന ക്ലീഷേകൾക്കപ്പുറം വ്യത്യസ്ഥതയുള്ള ജീവിതകഥ. ദയാസഞ്ചാരമെന്ന അവസാന കഥ ഒരു രാത്രികാല ട്രെയിൻ യാത്രയുടെ ഭംഗിയും ഭയവും ഗന്ധവും വ്യക്തമായി അനുഭവപ്പെടുത്തിയ കഥയായിരുന്നു. ചില മനുഷ്യർ നാം കരുതുന്നത് പോലെ വെറും ചീഞ്ഞ മനുഷ്യരല്ല എന്ന ചൂണ്ടിക്കാട്ടൽ കൂടിയായിരുന്നു ആ കഥയുടെ സാരം.

ഇടതുപക്ഷ ചിന്താഗതിയുമായി അടുത്തു നില്ക്കുന്ന ഒരാൾ എന്ന കാഴ്ച നല്കിയ ആദ്യ രണ്ടു കഥകൾക്കു ശേഷം കഥാകാരൻ തൻ്റെ യാത്ര നഗരത്തിലേക്കും പൊടുന്നനെ ഗ്രാമീണാന്തരീക്ഷത്തിലേക്കും മാറ്റിയപ്പോൾ വ്യത്യസ്തമായ രുചി ഭേദങ്ങൾ അനുഭവിച്ചറിയാൻ കഴിഞ്ഞു എന്നതാണീ പുസ്തകം നല്കിയ വായനാനുഭവം. കൂടുതൽ വായനകൾ അർഹിക്കുന്ന ഒരെഴുത്തുകാരൻ്റെ കൈയ്യൊപ്പുപതിഞ്ഞു കിടക്കുന്ന ഈ പുസ്തകം കുറേയേറെ വായിക്കപ്പെടട്ടെ എന്നാശംസിക്കുന്നു.

കുന്താപുരത്തെ കടൽ(കഥകൾ)
ഡോ. വള്ളിക്കാവ് മോഹൻദാസ്
സാഹിത്യപ്രവർത്തകസഹകരണ സൊസൈറ്റി
വില :120 രൂപ.

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.