എന്റെ വായന : അമ്ലം (കഥകള്‍)

11 കഥകൾ അടങ്ങിയ സമാഹാരമാണ് അമ്ലം എന്ന ഈ പുസ്തകം. സിതാര. എസ്, മലയാള സാഹിത്യത്തിൽ വളരെ നല്ലൊരു സ്ഥാനം അർഹിക്കുന്ന എഴുത്തുകാരി ആയിട്ടാണ് ഈ പുസ്തകം വായിക്കുമ്പോൾ മനസ്സിലാകുന്നത് . ജീവിതത്തിൻറെ എല്ലാ മേഖലകളിലും പരാജയപ്പെട്ടു പോകുന്ന അതല്ലങ്കിൽ എങ്ങും എത്തപ്പെടാൻ കഴിയാതെ പോകുന്ന മനുഷ്യരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ വികാരവിചാരങ്ങളെ വളരെ ആഴത്തിൽ സമീപിക്കാനും അവയെ അടയാളപ്പെടുത്താനും ഈ എഴുത്തുകാരിയുടെ രചനകൾ സഹായിക്കുന്നുവെന്ന് തോന്നിപ്പോകുന്ന വായനകൾ ആണ് കഥകൾ ഒക്കെയും പങ്കു വെക്കുന്നത്. പ്രതികരിക്കാൻ ആകാതെ പോകുന്ന നിസ്സഹായമായ അവസ്ഥകളെയും നിരാലംബം എന്ന് കരുതുന്ന പല ഘടകങ്ങളെയും എങ്ങനെ അഭിമുഖീകരിക്കപ്പെടുന്നു എന്ന വസ്തുതയെ എഴുത്തുകാരി ഇവിടെ പറയാൻ ശ്രമിക്കുന്നുണ്ട് തൻറെ കഥാപാത്രങ്ങളിലൂടെ.

ആദ്യത്തെ കഥയായ “മറ”, ഭർത്താവ് മരണപ്പെട്ടാൽ നാലുമാസവും പത്ത് ദിവസവും ഒരു മുറിയിൽ ഒറ്റയ്ക്ക് യാതൊരു ആഡംബരങ്ങളും ഇല്ലാതെ ഭാര്യ ഇരിക്കണമെന്ന് ഇസ്ലാം മതവിശ്വാസത്തിന് പിടിയിൽ പെട്ടുപോയ ഹമീദയുടെ ഇരുട്ടിലേക്ക് കടന്നുവരുന്ന പ്രിയപ്പെട്ട കൂട്ടുകാരനും ഭാര്യയും ഒച്ചപ്പാടുകളുടെയും അതിശയോക്തികളുടെയും നടുക്ക് കൂടി അവർക്കൊപ്പം അൽപനേരം കാറ്റുകൊള്ളാൻ പുറത്തിറങ്ങുന്ന കാഴ്ചയെ വളരെ മനോഹരമായി പറയുന്നു ഈ കഥയിൽ. മനസ്സിലാക്കലുകളുടെ രസതന്ത്രം, സ്നേഹത്തെയും വിശ്വാസത്തെയും സൗഹൃദത്തെയും കുറിച്ചുള്ള വർണ്ണ മനോഹരമായ കാഴ്ച നൽകുന്ന ഒരു കഥയായിരുന്നു ഇത് .

“അവളും ഞാനും” ,സ്ത്രീകളെ പ്രണയ ഭാവം നടിച്ചു കിടക്കയിലേക്ക് എത്തിക്കുന്ന ഒരുവന്റ്റെയും അവന്റെ പെണ്ണുങ്ങളുടെയും കഥയായിരുന്നു . ഭാര്യയും രണ്ട് കാമുകിമാരും ഒരു ത്രികോണം തീർക്കുമ്പോൾ ഈ മൂന്നുപേർക്കും അവരുടേതായ ന്യായങ്ങളും ചിന്തകളും വിഷമതകളും തിരിച്ചറിവുള്ള ഉണ്ടാകുന്ന കാഴ്ചയും അവയുടെ പരിണിത ഫലങ്ങളും അവതരിപ്പിക്കുന്ന ഒരു കഥയാണിത്. ആദ്യഭാര്യയുടെ കുറ്റം പറഞ്ഞു രണ്ടാമത്തവളിലെത്തുന്ന അയാൾ ആ രണ്ടാമത്തവാളുടെ കുറ്റവും ആയാണ് മൂന്നിലേക്ക് വരുന്നത്. ഇത് അയാളുടെ ഒരു തുടർച്ചയാണ്. ഒടുവിൽ മൂന്നാമത്തെ അവൾ തനിക്കു മറ്റൊരാളെ ഇഷ്ടമാണെന്ന് വെറുതെയെങ്കിലും പറയുമ്പോൾ അയാളിലെ വന്യമായ പൊസസീവ്നെസ് ഉണരുകയും അയാൾ അവളെ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു . അവൾ അത്ര ദുർബല അല്ലാത്തതിനാൽ തൻറെ യാത്രയിലേക്ക് അയാളെയും കൂട്ടി കൊണ്ടുപോകാൻ ശ്രമിക്കുന്നതും ഇരുകൂട്ടരും രക്ഷപ്പെടുന്നതും പിന്നീട് ആശുപത്രിയിൽ അവർ നാല് പേരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചിന്തകളും വിഷയങ്ങൾ ആക്കിയ ഈ കഥ വളരെ നല്ലൊരു വായന അനുഭവം തന്നെയാണ് നൽകിയത്.

അടുത്ത കഥ “വേട്ട” എന്ന തലക്കെട്ടിൽ ആയിരുന്നു. കുറച്ചു കാലങ്ങൾക്കുള്ളിൽ മാത്രം കേരളത്തിൽ അടക്കമുള്ള ഇന്ത്യൻ നഗരങ്ങൾ പരിചയിച്ച ഒന്നാണ് ജിഗോള എന്ന സംസ്കാരം പുരുഷവേശ്യ എന്നാണ് ഇതിനെ പറയപ്പെടുന്നത്. വേട്ടയിൽ ഇത്തരം ഒരു പ്ലോട്ട് ആണ് കൈകാര്യം ചെയ്തത് എങ്കിലും നായികയുടെ യജമാനന ഭാവങ്ങളും വേട്ടമൃഗത്തെ പോലുള്ള ഇരയെ തേടലും ആഗ്രഹങ്ങളും ഒക്കെ ഒറ്റ നൊടിയിൽ അവസാനത്തിൽ തകർന്നു വീണതും അവൾ വെറും ഒരു സാധാരണ സ്ത്രീയായി വേട്ടക്കാരനില്‍ന്നും ഇരയിലേക്ക് മാറപ്പെടുന്നതുമാണ് കഥ പങ്കുവയ്ക്കുന്നത്. എന്നാൽ അത് ഒരു നല്ല കാഴ്ചപ്പാടായി തോന്നിയില്ല എന്നതും കഥ നല്ലൊരു വായന പങ്കുവയ്ക്കുമ്പോഴും സ്ത്രീയുടെ കാഴ്ചപ്പാടുകൾ എപ്പോഴും അടിയറവില്‍ പൂര്‍ണ്ണമാകുന്നു എന്നു കരുതിപ്പിക്കുന്നതായിണ് ഇവിടെയും അവതരിപ്പിക്കപ്പെടുന്നത് എന്നത് വളരെ നിരാശാജനകമായ കാര്യമാണ്.

അടുത്ത കഥ “വാക്കുകളുടെ ആകാശം”, ഞണ്ടുകൾ വിഴുങ്ങിത്തുടങ്ങിയ മാറിലെ പാല്‍ ഞരമ്പുകളില്‍ നിന്നും വർദ്ധിതമായ ഒരു പ്രവാഹം ഉണ്ടാവുകയും അത്, നിസ്സഹായതയും രോഗാതുരതയെയും മുതലെടുത്തുകൊണ്ട് വികലമായ ആ ശരീരത്തിൽ കാമത്തിന്റെ വിഷജ്വരം പകരാന്‍ ശ്രമിക്കുന്ന ഒരുവന്റെ മുഖത്തേക്ക് മാതൃത്വത്തിന്ടെ പാൽത്തുള്ളികൾ തെറുപ്പിക്കുക വഴി അതൊരു വല്ലാത്ത പ്രതികാരം തന്നെയാണ് ഒരു പ്രതിരോധം തന്നെയാണ് അവള്‍ നടത്തുന്നത് . അവൻറെ ഇടറിയ പാദങ്ങളും ഭയപ്പാടും നിറഞ്ഞ മുഖം നോക്കി ‘ഞാൻ ജീവിക്കും’ എന്ന് പറയുന്ന ഒറ്റമുലച്ചി ആകുന്നു അവൾ. എന്തൊരു തീഷ്ണമായ ഭാവമാണവള്‍ക്ക്! സോഫിയെ എന്ന കഥാപാത്രത്തെ മനോഹരമാക്കിയ വളരെ നന്നായി പറയാൻ കഴിഞ്ഞ ഒരു കഥയായിരുന്നു ഇത്

അടുത്ത കഥ “ഇരുൾ” എന്നതായിരുന്നു. സദ്ഗുണ സമ്പന്നയായ നായികമാരെ മാത്രം വാർത്തെടുക്കുന്ന കഥാകാരുടെ ലോകത്ത്, പ്രതിനായക സ്വഭാവമുള്ള നായകനോ നായികയോ വേറിട്ടുനിൽക്കുന്ന ഒരു കാഴ്ച ആയിരിക്കും. ഇങ്ങനെ ഒരു രണ്ടാനമ്മ അവരുടെ കണ്ണുകളിലൂടെ അവതരിപ്പിച്ചത് കഥാരംഭം മുതൽ അവസാനംവരെയും തിളക്കമാര്‍ന്നു നിൽക്കുന്നു. ഒരേസമയം നായികയും ഇല്ലാതെയും ഒക്കെയായി ചടുലമായ ഭാവമാറ്റങ്ങൾ ഓടിനടക്കുന്ന കഥാപാത്രസൃഷ്ടിയുടെ പ്ലോട്ട് നല്ലതായിരുന്നു വ്യത്യസ്തമായ ശൈലി.

അടുത്ത കഥ “റാണി”, ഒരിക്കൽ ജീവിതസമരത്തിൽ അശ്ലീല സിനിമകളിലൂടെ അഭിനയിച്ചു പോയാൽ പിന്നെ ജീവിതത്തിൻറെ പുഴുക്കുത്തുകൾ അടർന്നുവീണവസാന ശ്വാസം നിലയ്ക്കും വരെയും അതേ അഴുക്കുചാലില്‍ നീന്തി മരുപ്പച്ചകൾ തേടുന്ന ജീവിതത്തെ ജീവിക്കേണ്ടി വരുന്നവരുടെ കഥയാണിത്. ഇത്തരം വീഡിയോകളില്‍ കൂടെ ശയിക്കുന്ന പുരുഷൻറെ മുഖം ആരും അറിയില്ല ഓർക്കുകയും ഇല്ല പക്ഷേ സ്ത്രീയെ എല്ലാവരും അറിയും ഏത് പാതിരാവിലും ഏത് ആൾക്കൂട്ടത്തിലും അവളുടെ ഓരോ അവയവ പ്രത്യേകതയും അവർ തിരിച്ചറിയും എന്ന സമൂഹത്തിൻറെ അധോമുഖത്തെ ഇക്കഥ വലിച്ചുകീറി കാട്ടുന്നു. ജീവിതത്തിന്റെ പെരുവഴിയില്‍ ഏത് നായ്ക്കള്‍ക്കും എപ്പോള്‍ വേണമെങ്കിലും കടിച്ചു കീറാവുന്ന ജീവിതങ്ങളുടെ നിസ്സഹായതയും നെടുവീര്‍പ്പുമാണ് ഈ കഥയില്‍ വായിക്കപ്പെടുന്നത്.

ലോകത്തിൻറെ ക്രൌര്യതകൾ അറിയാത്ത ചിത്രശലഭങ്ങളുടെ വർണ്ണച്ചിറകുകളില്‍ പോറലുകൾ വീഴ്ത്തുന്ന നഖ മുനകൾ എത്ര ക്രൂരമായ മനസ്സുള്ളവരുടേതാകും എന്നോര്‍മ്മിപ്പിക്കുന്ന കഥയാണ് “കവചം”. ഒന്നും അറിയാത്ത ഒരു എട്ടു വയസ്സുകാരിയുടെ സ്വാതന്ത്ര്യങ്ങളെ, സഞ്ചാര പാതയിൽ എവിടെയൊക്കെയോ ചോണനുറുമ്പുകൾ ഊഴം പാര്‍ത്തിരിപ്പുണ്ടെന്ന് തിരിച്ചറിയാതേ പോകുന്ന ജന്മങ്ങള്‍. ഓരോ മാതൃത്വത്തെയും വേദനിപ്പിക്കുന്നതാണ് ആ ചിന്ത പോലും. അതിനാലാണ് ഹാജിറയിലെ അമ്മ അത്രയും കഠിനമായി ശലഭച്ചിറകുകൾ കുത്തിക്കീറാന്‍ കാരണമാകുന്നത്. നല്ല വായന അനുഭവവും വ്യത്യസ്തമായ പ്ലോട്ടും ആയിരുന്നു ഈ കഥയും.

“വേതാളം”, രണ്ട് വ്യത്യസ്ത ലോകങ്ങളിൽ ജീവിക്കുന്ന അമ്മയും മകളും. അവരുടെ ജീവിതത്തിന്ടെ നീറുന്ന കഥയാണ് വേതാളം. വായനയിലെമ്പാടും ഒരു കനത്ത ഗദ്ഗദം തൊണ്ടക്കുഴിയിൽ തടയുന്ന അനുഭവമായിരുന്നു ഈ കഥ വായിക്കുമ്പോൾ.

“കിണരിനരികിലെ വെളുത്ത ചെമ്പകം”. ഇതും വളരെ വ്യത്യസ്തമായ കഥയായി വായിച്ചെടുത്തു. പ്രണയം, നിരാശ, ദുഃഖം ഒടുവില്‍ പ്രതികാരം വളരെ തന്മയത്വത്തോടെ പറഞ്ഞുപോകുന്നു മാനുഷികാവസ്ഥകളിലെ വ്യത്യസ്ത വികാരവിചാരങ്ങളുടെ പ്രസരണം ഈ കഥ അനുഭവിച്ചു. ഭ്രമകല്പനകള്‍ അടങ്ങിയ മനസ്സിൻറെ വ്യവഹാരങ്ങളെ വായിച്ചെടുക്കാൻ ഒപ്പംതന്നെ അതീവ തീവ്രതയോടുകൂടിയ മനുഷ്യന്‍റെ സ്വാര്‍ഥതാൽപര്യങ്ങളെയും ക്രൂരതയെയും ഇതിനകത്ത് വെളിവാക്കുന്നത് കാണാൻ കഴിഞ്ഞു.

“അമ്ലം” എന്ന കഥയിൽ വെറുപ്പിന്റെ അമ്ലത്വം വീണു പൊളിപ്പൊളിഞ്ഞുപോയ അനേകം സ്ത്രീകളുടെ കണ്ണിൻറെ ശക്തിയുന്ടായിരുന്നു അവളുടെ ചവിട്ടിലും തുപ്പലും. അവളിലെ പ്രായോഗികമതിയുടെ മനക്കരുത്തും കൈക്കരുത്തും പുതിയ തലമുറക്ക് വാഗ്ദാനവും പ്രതീക്ഷയും ആയിരുന്നുവെങ്കിൽ എന്നീകഥ വായിക്കുമ്പോൾ തോന്നിപ്പോയി.

“ഒന്നാമത്തെ സ്ത്രീ” എന്ന കഥയിൽ ഓരോ പുരുഷന്‍റെയും ജീവിതത്തിൽ ഒരു ഒന്നാമത്തെ സ്ത്രീ ഉണ്ടായിരിക്കുമെന്ന എഴുത്തുകാരിയുടെ പ്രസ്താവനയെ പിന്തുടർന്നു പോകുന്ന ഒരു സ്ഥിരീകരണം ആണ് ഈ കഥ പ്രതിനിധാനം ചെയ്യുന്ന വിഷയം. ജീവിതത്തിലെ ഏതു ഘട്ടങ്ങളിലും അവൾക്കു വേണ്ടി അവൻ ഉറപ്പോടെ നിൽക്കുമെന്ന് ഓരോ സ്ത്രീയുടെയും ജീവിതത്തിൽ ഇത് പോലെ ഒരു പുരുഷൻ ഉണ്ടാവുക എന്നുള്ളത് പ്രാധാന്യമുള്ളതാണെന്ന് അത് അവരെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നും ഈ കഥ പറയുന്നതായി അനുഭവപ്പെട്ടു.

സിതാരയുടെ കഥകൾ മനുഷ്യ മനസ്സിൻറെ പ്രത്യേകിച്ചും സ്ത്രീ മനസ്സിൻറെ ഭൂഖണ്ഡങ്ങളെ തുറന്നുകാട്ടുന്നതാണ്. സമരവീര്യവും ഇച്ഛാശക്തിയുമുള്ള സ്ത്രീയുടെ മനോവിചാരങ്ങൾക്ക് സ്ത്രീകളുടെ മനോവിചാരങ്ങള്‍ക്ക് ശക്തമായ ഭാഷ നൽകുകയാണ് ഈ കഥകളൊക്കെ. ആത്മധ്യാനം പോലെ നിഗൂഡമായി പുഞ്ചിരിയോടെ പ്രസരിപ്പിക്കുന്ന ആ രശ്മികളുടെ ഇളക്കം തട്ടി അഹന്തയുടെ കണ്ണുകൾ മഞ്ഞളിച്ചു പോകുന്ന ഒരു ലോകമാണ് ഓരോ കഥകൾക്കും മുന്നോട്ടുവയ്ക്കാൻ ഉള്ളത്. എല്ലാ കഥകളും വായിച്ചുകഴിയുമ്പോൾ ഇനിയും വൈകിയതെന്തേ എഴുത്തുകാരിയെ വായിക്കാൻ എന്ന് തോന്നിപ്പോയി. കഥ ആസ്വാദകരെ കഥയുടെ വ്യത്യസ്തതകളെ ആസ്വദിക്കുന്നവരെ ആഗ്രഹിക്കുന്നവരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന കഥകളാണ് ഈ എഴുത്തുകാരി സമ്മാനിക്കുന്നത്.

അമ്ലം (കഥകള്‍)
സിതാര
ഡിസി ബുക്സ്
വില 199 രൂപ

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.