പ്രക്ഷുബ്ധങ്ങളായ ആശയങ്ങള്‍ക്കും തീപിടിപ്പിച്ച ചിന്തകള്‍ക്കുമൊപ്പം പ്രതിഫലമാഗ്രഹിക്കാത്ത പരോപകാര പ്രവൃത്തികളും ഏകാന്തഗംഭീരമായി മുന്നോട്ടുവച്ച ക്രൈസ്തവ സൈദ്ധാന്തികനായിരുന്നു ജോസഫ് പുലിക്കുന്നേല്‍. മികച്ച അധ്യാപകന്, സൂക്ഷ്മത പുലര്‍ത്തിയ എഴുത്തുകാരന്, നിര്‍ഭയനായ പത്രാധിപര്‍, മനുഷ്യസ്നേഹിയായ സാമൂഹ്യപ്രവര്‍ത്തകന്‍, പ്രദര്‍ശനപരതയില്ലാത്ത ജീവകാരുണ്യവാദി എന്നീ നിലകളിലെല്ലാം അറിയപ്പെട്ട അദ്ദേഹം ഒരു അധികാര സംവിധാനത്തിനു മുന്നിലും തല കുനിച്ചിരുന്നില്ല. മാത്രവുമല്ല, വിശ്വാസിയായിരിക്കെതന്നെ ജീര്ണപൗരോഹിത്യത്തിന്റെ കുടിലതകള്ക്കെതിരെയും സ്വത്ത് സമ്പാദനത്തിനുള്ള ആര്‍ത്തിക്കെതിരെയും നിരന്തരം കടന്നാക്രമണം നടത്തി. സഭയുടെ അധികാരഘടനയെയും പൗരോഹിത്യത്തിന്റെ പ്രവര്‍ത്തന രീതികളെയും രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം ദരിദ്ര സഭാവിശ്വാസികളെ എല്ലാതുറകളിലും അനാഥമാക്കുന്ന ചട്ടങ്ങളെയും പ്രബോധനങ്ങളെയും പൊറുപ്പിച്ചതേയില്ല.
കത്തോലിക്കാ സഭയിലെ നവീകരണം മുന്‍നിര്‍ത്തിയുള്ള ഇടപെടലുകളില്‍ കേന്ദ്രീകരിക്കുന്നതിനുമുമ്പ്, അധ്യാപന- രാഷ്ട്രീയ മണ്ഡലങ്ങളില്‍ തിളങ്ങി. പാലാ സെന്റ്മേരീസ് ഹൈസ്കൂള്‍ പഠനത്തിനുശേഷം മൈസൂര്‍ സെന്റ് ഫിലോമിന കോളേജിലും മദ്രാസ് ലയോളയിലും പ്രസിഡന്സിയിലുമായിരുന്നു വിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളജില്‍ 1958- 65 കാലത്ത് ധനതത്ത്വശാസ്ത്ര വിഭാഗം അധ്യാപകനായിരുന്ന പുലിക്കുന്നേല്‍ ജില്ലാ കോണ്‍ഗ്രസ് എക്സിക്യുട്ടീവ് അംഗമായാണ് നേതൃനിരയിലേക്കെത്തുന്നത്. കേരള സര്‍വകലാശാലാ സെനറ്റ് അംഗവും കെപിസിസി അംഗവുമായി പ്രവര്‍ത്തിച്ചു. 1964ല്‍ രൂപംകൊണ്ട കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ്. മഹാത്മജിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ആശയങ്ങളാണ് പുലിക്കുന്നേലിനെ കോണ്ഗ്രസിനോടടുപ്പിച്ചത്. എന്നാല്‍ ആ രാഷ്ട്രീയാഭിമുഖ്യം അധികം തുടരാനായില്ല. സ്വാഭാവികമെന്നപോലെ നിലനിന്ന അന്യായങ്ങളോട് ഏറ്റുമുട്ടാനുള്ള വ്യഗ്രത അധ്യാപന ജീവിതത്തിലും തടസ്സമുയര്‍ത്തി. കോളേജ് മാനേജ്മെന്റുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി വിട്ടു. അവിടത്തെ ചില പ്രശ്നങ്ങളില്‍ നിലപാടെടുത്തതാണ് അധികൃതരുടെ അപ്രീതിക്ക് കാരണമായത്. അതേവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. ബി വെല്ലിങ്ടണോട് വളരെ ചെറിയ വ്യത്യാസത്തിന് തോറ്റു. 1976 ല്‍ ‘ഭാരതസംസ്കാരവും മതവും’ എന്ന വിഷയത്തില്‍ പ്രസംഗപര്യടനവുമായി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു.
പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തില്‍ എക്കാലവും ഓര്‍ക്കുന്നതാണ് പുലിക്കുന്നേല്‍ 1975 ഒക്ടോബറില്‍ ആരംഭിച്ച ‘ഓശാന’ മാസിക. മൂലധന പിന്തുണയോ പരസ്യദാതാക്കളുടെ സഹകരണമോ എന്തിനധികം വന്‍കിട എഴുത്തുകാരുടെ ലേഖന സഹായമോ ഇല്ലാതെ അത് 38 വര്‍ഷം നടത്തിക്കൊണ്ടുപോയി എന്നത് വിസ്മയകരമാണ്. അനാരോഗ്യംമൂലം 2014 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരണം നിര്‍ത്തുമ്പോഴേക്കും ഓശാന അധികാരശക്തികളെ വിറപ്പിച്ചു. അസൗകര്യങ്ങള്‍ മാത്രം നിറഞ്ഞ പാലായിലെ കുടുസു വാടകമുറിയില്‍ പൊന്‍കുന്നം വര്‍ക്കി അധ്യക്ഷനായ യോഗത്തില്‍ ജോസഫ് മുണ്ടശ്ശേരിയാണ്, ‘ഓശാന’ വായനക്കാര്‍ക്കായി സമര്‍പ്പിച്ചത്. ആദ്യ ലക്കത്തില്‍തന്നെ പുലിക്കുന്നേല്‍ തന്റെ ലക്ഷ്യം അര്‍ഥശങ്കക്കിടയില്ലാത്തവിധം തുറന്നടിച്ചു. സഭയുടെ സംഘടനയിലും സഭാസ്ഥാപനങ്ങളുടെ നടത്തിപ്പിലും ദൈവശാസ്ത്രത്തിന്റെ വിശകലനനിഗമനങ്ങളിലും ‘സുവിശേഷഗന്ധിയായ പരിവര്‍ത്തനവും നവീകരണവു’മാണ് അത് ലക്ഷ്യംവയ്ക്കുന്നതെന്നാണ് വ്യക്തമാക്കിയത്. സഭാ നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളുടെ മുഖ്യ മാധ്യമമായി ആ പത്രിക വര്‍ത്തിച്ചു. നീതിയുടെ പുനഃസ്ഥാപനത്തിനായുള്ള പ്രക്ഷോഭം ഏറ്റവും സംഘടിതമാകണം. എന്നാല്‍ അത് ചിലപ്പോള്‍ ഒറ്റയ്ക്കും നടത്തേണ്ടിവരും. അതിന്റെ ഉദാഹരണമാണ് ‘ഓശാന’. സ്വന്തം പണം ചെലവിട്ട് സ്ഫോടനാത്മകങ്ങളായ ആശയങ്ങള്‍വഴി സമൂഹത്തെ ചൂടുപിടിപ്പിച്ചു അത്. യേശുക്രിസ്തു വിഭാവനം ചെയ്ത വിമോചനാശയങ്ങളില്നിന്ന് സഭകള്‍ അപകടകരമായി അകന്നുപോകുന്നുവെന്ന വിമര്‍ശനം അദ്ദേഹം നിരന്തരമുന്നയിച്ചു. സമ്പന്ന പക്ഷപാതവും ആഢംബര പ്രിയതയും ധൂര്ത്തുമടക്കം ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടുവയ്ക്കുന്ന പല ആശയങ്ങളും അദ്ദേഹം വളരെ മുമ്പേ ഊന്നി. സഭയുടെ കാര്‍മികത്വത്തില്‍ നടമാടുന്ന അനീതികള്‍ക്കെതിരെ എന്നും കലഹിച്ച പുലിക്കുന്നേല്‍ തൊടുത്ത വിമര്‍ശങ്ങള്‍ പലതും കുറിക്കുകൊണ്ടു. ”നവീകരണപ്രസ്ഥാനം എന്ന പേരില്‍ ലഘുലേഖ ഇറക്കുമ്പോള്‍ ആദ്യം പലരുടെയും നെറ്റി ചുളിഞ്ഞു. തനിക്കൊറ്റക്ക് എന്തു ചെയ്യാനാവുമെന്നായിരുന്നു ചോദ്യം. എന്റെ കുടുംബത്തില്‍ വിവാഹിതരാകാന്‍ നാലു പെണ്‍കുട്ടികള്‍. സഭയ്ക്കെതിരെ ഇങ്ങനെ പ്രതികരിച്ചാല്‍ എന്താകും ഫലമെന്ന വീട്ടുകാരുടെ ഭയം. ഒറ്റപ്പെടലിന്റെ കൂരിരുട്ടിലായിട്ടു ഞാന്‍ ഉറച്ച തീരുമാനമെടുത്തു. യേശുവിനോടോ വിശ്വാസത്തോടോ വിയോജിപ്പില്ല. അതേസമയം ആള്‍ക്കൂട്ടത്തിലും അനുയായികളിലും വലിയ പ്രകടനങ്ങളിലും യോജിപ്പുമില്ല. എന്റെ എക്കാലത്തെയും മാതൃക ശ്രീനാരായണഗുരുവായിരുന്നു. ബോധ്യപ്പെട്ട ആശയങ്ങള്‍ സത്യസന്ധമായി അവതരിപ്പിച്ച് പ്രവര്‍ത്തിക്കുക. ബാക്കിയെല്ലാം പിറകെവന്നുകൊള്ളും. ആ ദൃഢവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് ‘ഓശാന’ക്ക് തുടക്കമിട്ടത്.”-പുലിക്കുന്നേല്‍ പറയുകയുണ്ടായി. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമൊരിടം’ – ഓശാനക്കുന്നിലെ ലൈബ്രറി മുറ്റത്തെ ശിലാഫലകത്തില്‍ കുറിച്ച ഈ വരികള്‍ ശ്രീനാരായണ ഗുരു 1924ല്‍ ആലുവയില്‍ വിളിച്ചുചേര്‍ത്ത സര്‍വമത സമ്മേളനത്തിന്റെ സന്ദേശങ്ങളിലൊന്നായിരുന്നു.വാടകമുറിയില്‍ ആരംഭിച്ച ഓശാനയുടെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. മാസികയ്ക്കൊപ്പം സമകാലീന പ്രാധാന്യമുള്ള പുസ്തകങ്ങളുമിറക്കി. എന്റെ കുരിശുമെടുത്ത് നിന്റെ പിന്നാലെ, സിംഹാസനപ്പോര് തുടങ്ങിയ കൃതികളുടെ ശീര്‍ഷകങ്ങള്‍ പോലും അക്ഷരാര്‍ഥത്തില്‍ സ്ഫോടനമുണ്ടാക്കിയവയാണ്. അതീവഗൗരവമുള്ള സംവാദ പരമ്പരകള്‍ക്കും അവിടം വേദിയായി. സഭയ്ക്കുള്ളില്‍ നടമാടിയ ഘടനാപരമായ അനീതികളെക്കുറിച്ച് ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയ പുലിക്കുന്നേല്‍ ആ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും ശ്രമിച്ചു. സഭാഘടനയും വിശ്വാസവും വിദേശീയര്‍ അടിച്ചേല്‍പ്പിച്ചതാണെന്നും അത് ക്രിസ്തുവിന്റെ പഠനങ്ങള്‍ക്കും ക്രൈസ്തവരുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്നും അടിവരയിട്ടു. കേരള നസ്രാണികളുടെ മഹദ് ഭാരതീയ പാരമ്പര്യ പൈതൃകങ്ങള്‍ ഉപേക്ഷിക്കാനും പാശ്ചാത്യസഭാ സ്വഭാവം അടിച്ചേല്‍പ്പിക്കാനും മെത്രാന്മാരും വൈദികരും ശ്രമിക്കുന്നതായും തുറന്നടിച്ചു. സഭയില്‍ ഭാരതീയത്വം പുനസ്ഥാപിക്കാന്‍ ശ്രമം നടത്തുകയുംചെയ്തു. എന്നാല്‍ അത് തങ്ങളുടെയും കാഴ്ചപ്പാടാണെന്ന് തെറ്റിദ്ധരിച്ച സംഘപരിവാരവും അതിന്റെ മാധ്യമ സന്നാഹങ്ങളും പുലിക്കുന്നേലിനെ അതിരുകടന്ന് പ്രകീര്‍ത്തിച്ചത് സംശയാസ്പദമാക്കിയിരുന്നു.
ഏറെ കോലാഹലങ്ങളും സംഘര്‍ഷങ്ങളും ഇളക്കിവിട്ട നിലയ്ക്കല്‍ പ്രശ്നം രമ്യമായി പരിഹരിച്ചതിലും പുലിക്കുന്നേലിന്റെ നിഷേധിക്കാനാവാത്ത സംഭാവനയുണ്ട്. മതനിരപേക്ഷ ശക്തികളുടെ ഉറച്ച കാല്വയ്പ്പിനോടൊപ്പം അതും സാന്ത്വനമായിരുന്നു. അവിടെ കലഹത്തിന് വിത്തിട്ട വിവാദ കുരിശ് ഇന്ത്യന്‍ ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്നതല്ലെന്ന് തെളിവുസാമഗ്രികളുടെ പിന്‍ബലത്തില്‍ പ്രചരിപ്പിച്ചത് അദ്ദേഹമായിരുന്നു. ഏറെ കോപ്പുകൂട്ടിയ നിലയ്ക്കല്‍ കലാപം നിര്വീര്യമാക്കാക്കാന് സമാധാനവാദികള്‍ക്ക് അതും പ്രയോജനപ്പെട്ടു.
ഓശാന മൗണ്ടില്‍ സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ് എന്ന ഗവേഷണകേന്ദ്രവും പ്രധാന ചുവടുവയ്പ്പായിരുന്നു. അതിന്റെ ആകര്‍ഷണം ലൈബ്രറിയും താമസസൗകര്യവുമാണ്. 15,000 ത്തിലധികം ആധികാരിക ഗ്രന്ഥങ്ങളും റഫറന്‍സ് കൃതികളുമുള്ള അവിടെനിന്ന് എല്ലാ മതങ്ങളെക്കുറിച്ചും അറിവുനേടാം. മരണശേഷം തന്റെ പേരിലുള്ള എല്ലാ സ്വത്തും ഓശാനാ മൗണ്ടിന് നല്കി 2008ല്‍ പുലിക്കുന്നേല്‍ ഒസ്യത്ത് എഴുതുകയുണ്ടായി. താന്‍ സ്ഥാപിച്ച ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ 34 വര്‍ഷത്തിലധികമായി ജനസേവനം ചെയ്യുന്നു. അത് സ്വന്തം കുടുംബത്തിനായി സ്ഥാപിച്ചതല്ല. പല ക്രൈസ്തവ സംവിധാനങ്ങളുടെയും സ്ഥാപകന്മാര് അവയെ കുടുംബത്തിനായി സംവരണം ചെയ്യുന്ന സമ്പ്രദായമുണ്ട്. ആ ദുരവസ്ഥ താന്‍ പടുത്തുയര്ത്തിയവയ്ക്ക് ഉണ്ടാവരുതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു. എനിക്കൊരു മകനും മൂന്ന് പെണ്‍മക്കളുമാണുള്ളത്. അവര്‍ക്കാര്‍ക്കും ഓശാനമൗണ്ട് സ്ഥാപനങ്ങളുടെ മേല്‍ അവകാശമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഓശാന ബൈബിളിന്റെ പ്രസാധനമാണ് പുലിക്കുന്നേലിന്റെ മറ്റൊരു സംഭാവന. ബൈബിളിന് മറ്റൊരര്‍ഥത്തില്‍ പുനര്‍വായന സാധ്യമാക്കുകയായിരുന്നു അതിലൂടെ. ദക്ഷിണാഫ്രിക്കയുടെ ധാര്‍മിക മനഃസാഷിയെന്ന് ലോകം തര്‍ക്കമില്ലാതെ അംഗീകരിച്ച ബിഷപ് ഡെസ്മണ്ട് ടുട്ടുവിനെക്കുറിച്ച് അദ്ദേഹം ആരാധനയോടെയാണ് സംസാരിച്ചിരുന്നത്. ബൈബിള്‍ വായനക്ക് ധീരമായ മറുകുറിയെഴുതിയ ടുട്ടുവിന്റെ പരിശ്രമങ്ങളെയും വിലമതിക്കുമായിരുന്നു. ഒരേയൊരു ഭരണഘടനാ രേഖയായി അതിനെ ഭയപ്പെടുന്നതിനെതിരെയായിരുന്നു ആ പോരാളിയുടെ സന്ദേഹങ്ങള്‍. ബൈബിളിലെ ചില ഭാഗങ്ങളോട് യോജിപ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു. അടിമത്തം അംഗീകരിക്കുന്നതും പള്ളിയിലെത്തുന്ന സ്ത്രീകള്‍ സംസാരിച്ചുകൂടെന്നതും സെന്റ് പോളിന്റെ നിശ്ചയവും ഉദാഹരണമായി നിരത്തി. ആഫ്രിക്കന്‍ ഭാഗങ്ങള്‍ തേടി മിഷണറിമാര്‍ എത്തിയപ്പോള്‍ അവരുടെ കൈവശം ബൈബിളും തങ്ങള്‍ക്ക് ഭൂമിയുമുണ്ടായിരുന്നു. കണ്ണടച്ച് പ്രാര്‍ഥിക്കാന്‍ നിര്‍ദേശമുണ്ടായി. കണ്ണുതുറന്നപ്പോള്‍ ബൈബിള്‍ ആഫ്രിക്കക്കാര്‍ക്കും ഭൂമി കടന്നുവന്നവര്‍ക്കും എന്ന നിലയിലായിരുന്നു. പുലിക്കുന്നേല്‍ എഴുത്തിനെ നിര്‍വചിച്ചത് സാമൂഹ്യമാറ്റത്തിനുള്ള ഉപാധിയെന്നനിലയിലായിരുന്നു. സാധാരണ പൊതുപ്രവര്‍ത്തനത്തിന്റെ ചിട്ടവട്ടങ്ങളിലൂടെ പൊതുസമൂഹത്ത തിരുത്തുന്നതുപോലെ സഭയിലെ രീതികളോട് ഏറ്റുമുട്ടാനാവില്ലെന്ന കാഴ്ചപ്പാടിലായിരുന്നു അദ്ദേഹം. മതാധികാരത്തിന്റെ സ്വകാര്യനിക്ഷേപമായി കണക്കാക്കപ്പെട്ട ബൈബിളിന് ജനകീയമായ ഇടമൊരുക്കുകയായിരുന്നു ബൈബിളിന്റെ മലയാളം വിവര്‍ത്തനത്തിലൂടെ. എന്‍ വി കൃഷ്ണവാരിയര്‍, സ്കറിയ സക്കറിയ തുടങ്ങിയവരുടെ ഉപദേശ നിര്‍ദേശങ്ങളോടെയായിരുന്നു അത്.
ചര്‍ച്ച് ആക്ടിന്റെ കരട്രൂപം തയ്യാറാക്കിയത് എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ്. വി ആര് കൃഷ്ണയ്യര്‍, കെ ടി തോമസ് തുടങ്ങിയ നിയമജ്ഞരുടെ നിര്‍ദേശം സ്വീകരിച്ചായിരുന്നു ആ ധീരസാഹസം. അതിന്റെ ലക്ഷ്യങ്ങള്‍ പൂര്ണഫലത്തിലേക്കെത്തിയില്ലെങ്കിലും അസാധാരണമായ ആ ഇടപെടലിന്റെ ഊക്ക് തള്ളാനാവില്ല. സഭയുടെ എല്ലാവിധ സാമ്പത്തികഭരണവും സുതാര്യമാകണമെന്ന തുറന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്. പൊതുസ്വത്ത് ഭരിക്കാന്‍ ചര്‍ച്ച് ആക്ട് ഉണ്ടാക്കണമെന്ന വാദം വിവാദമായി. പുരോഹിതര്‍ ആധ്യാത്മികമായ ഉത്തരവാദിത്തം നിറവേറ്റി സഭയുടെ ചുക്കാന്‍ വിശ്വാസികളെ ഏല്‍പ്പിക്കട്ടെയെന്നും സൂചിപ്പിച്ചു. വി ആര് കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്കരണ കമീഷന് പള്ളി സ്വത്തുക്കളുടെ ഭരണത്തിന് നിയമത്തിന്റെ ആവശ്യകത സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്കി. മുസ്ലിങ്ങള്‍ക്ക് വഖഫ് സംവിധാനവും ഹിന്ദുക്കള്‍ക്ക് ദേവസ്വം ബോര്‍ഡും എന്നപോലെ ക്രിസ്ത്യാനികള്‍ക്കും സമാനമായ സ്ഥാപനം ആവശ്യമാണെന്നും പുലിക്കുന്നേല്‍ വാദിച്ചു. അത് നടപ്പായാല്‍ യാക്കോബായ- ഓര്‍ത്തഡോക്സ് തര്‍ക്കവും പരിഹൃതമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
ഇപ്പോള്‍ സീറോ മലബാര്‍ സഭയില്‍ പുഴുക്കുത്തായ സ്വത്ത് മോഷണത്തിന്റെയും പണം അപ്രത്യക്ഷമാകലിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ആ ദീര്‍ഘദര്‍ശനം വ്യക്തമാകും. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെ ആരംഭിച്ച വിദേശ മേല്ക്കോയ്മക്ക്മുമ്പ് നിലവിലുണ്ടായ ഭരണവ്യവസ്ഥയില്‍ കേരള ക്രിസ്ത്യാനികളുടെ ഓരോ പള്ളിയും സ്വതന്ത്രമായിരുന്നെന്നും അവയുടെ ഭരണനിര്‍വഹണവും സ്വത്തും പ്രായപൂര്‍ത്തിയായ മുഴുവന്‍ അംഗങ്ങളുമുള്‍പ്പെട്ട പള്ളി യോഗത്തില്‍ നിക്ഷിപ്തമായിരുന്നെന്നും പോര്‍ച്ചുഗീസ് മേല്‍ക്കോയ്മക്കു കീഴിലെ പാശ്ചാത്യമാതൃകയിലുള്ള സഭാഘടനയാണ് അതിന് അന്ത്യം കുറിച്ചതെന്നും പുലിക്കുന്നേല്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ സഭയുടെ പാശ്ചാത്യമാതൃകയിലുള്ള അധികാരഘടനയുടെ തലപ്പത്തെ നേതൃത്വത്തിന് മാര്‍പ്പാപ്പയോടല്ലാതെ വിശ്വാസികളോടോ ദേശീയ നിയമവ്യവസ്ഥകളോടോ വിധേയത്വമില്ലെന്നും രാഷ്ട്രീയ കൊളോണിയലിസത്തിന്റെ അന്ത്യത്തിനു ശേഷവും തുടരുന്ന മതസാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണിതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച പക്ഷം.
സഭയുടെ സേവനസംരംഭങ്ങളുടെ നടത്തിപ്പിലുള്ള ക്രമക്കേടുകളെയും അഴിമതിയെയും കെടുകാര്യസ്ഥതയെയും പൗരോഹിത്യത്തിന്റെ ആഢംബരഭ്രമത്തെയും പുലിക്കുന്നേല്‍ വിമര്‍ശിച്ചു. ജനനവേളയെയും പിറന്നാളാഘോഷങ്ങളെയും വിവാഹച്ചടങ്ങുകളെയും മരണാനന്തര ക്രിയകളെയും വരുമാനം കൊയ്യാനുള്ള അവസരമായി ദുരുപയോഗം ചെയ്യുന്നതായി വിശ്വാസികളെ ഓര്‍മിപ്പിക്കുകയും ചെയ്തു. ചുരുക്കത്തില്‍ മാമോദീസക്കുപോലും വിലപേശുന്ന പൗരോഹിത്യ സംസ്കാരം വളരുമ്പോള്‍, ശുഷ്കമായ ആചാരങ്ങളാല്‍ ബുദ്ധിയുള്ള വിശ്വാസികളെ സഭയില്‍ നിലനിര്‍ത്താമെന്നു പുരോഹിതര്‍ ചിന്തിക്കുന്നതായും കുറ്റപ്പെടുത്തി. ഔദ്യോഗിക സംവിധാനങ്ങളിലെ വൈദികര്‍ നടത്താന്‍ വിസമ്മതിച്ച വിവാഹങ്ങളും ശവസംസ്കാരച്ചടങ്ങുകളും ഏറ്റെടുത്ത പുലിക്കുന്നേല്‍ ദളിത് ക്രൈസ്തവരെ സഭാസ്ഥാപനങ്ങളില്‍ ജോലിക്ക്വയ്ക്കാത്തതിനെയും കൊടിയ അഴിമതിയെയും സഭാ സ്വത്ത് വിനിയോഗത്തിലെ സുതാര്യതയില്ലായ്മയെയും എപ്പോഴും കടന്നാക്രമിച്ചു.സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് ഭയാനകമാകുന്നതില് പുലിക്കുന്നേല്‍ എപ്പോഴും ഉല്‍ക്കണ്ഠപ്പെട്ടു.ലോകത്ത് രണ്ട് കുടുംബങ്ങളേയുള്ളൂ- ഉള്ളവന്റെയും ഇല്ലാത്തവന്റെയും എന്ന് ഡോണ്‍ ക്വിക്സോട്ട് നോവലിലൂടെ മിഗ്വെല്‍ സെര്‍വാന്റസ് പറഞ്ഞിരുന്നു. സ്പാനിഷ് സാഹിത്യത്തെ എക്കാലവും സ്വാധീനിച്ച ആ കൃതിയിലെ കഥാപാത്രത്തിലൂടെയായിരുന്നു ഇത്തരം അഭിപ്രായം പുറത്തുവന്നതും. ചൂഷണത്തിന്റെയും അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും ലോകനീതിക്കെതിരായ തുറന്ന വിമര്‍ശനമായിരുന്നു അതില്‍. തടിച്ചുരുണ്ട് കൊഴുത്തും ഉണങ്ങിയ മരക്കമ്പുപോലെ ശുഷ്ക്കിച്ചതുമായ കുട്ടികള്‍. ആര്ഭാടങ്ങളില് നീരാടുന്നതും വറ്റിവരണ്ടതുമായ അമ്മമാര്‍. കൊട്ടാര സദൃശമായ ബംഗ്ലാവുകളിലും തകരപ്പാട്ടയുടെ ഒറ്റമുറികളിലും താമസിക്കുന്ന കുടുംബങ്ങള്‍.സമൃദ്ധമായി തിന്നത് ദഹിക്കാന്‍ നടക്കുന്നവരും ഒരുപിടി വറ്റിനായി മൈലുകള്‍ താണ്ടുന്നവരും- എന്നിങ്ങനെ ഭൂമിയിലെ യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധങ്ങളായ രണ്ട് വശമുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ മൈക്ക് വെല്‍സ് പകര്‍ത്തിയ ഉഗാണ്ടന്‍ ക്ഷാമത്തിന്റെ ചിത്രം പുലിക്കുന്നേല്‍ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുന്നില്‍ എടുത്തിടുമായിരുന്നു. പട്ടിണി എല്ലിന്തോലുമാക്കിയ കുട്ടിയുടെയും വെളുത്തു കൊഴുത്ത മിഷണറിയുടെയും കൈകള്‍ ഒന്നിച്ചുവെച്ച ഫോട്ടോ 1980 ഏപ്രിലിലാണ് മൈക്കിന്റെ ക്യാമറ ഒപ്പിയെടുത്തത്.
തെമ്മാടിക്കുഴിക്കെതിരെ നടത്തിയ പോരാട്ടവും ശ്രദ്ധേയമായി. കോട്ടയം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന വി കെ കുര്യനുനേരെ മരിച്ചടക്ക് നിഷേധമുണ്ടായപ്പോള്‍ ആരെയും കാത്തുനില്‍ക്കാതെ ഓടിയെത്തി. കര്‍ക്കശമായ താത്ത്വിക നിലപാടുകള്‍ക്കൊപ്പം സാമൂഹ്യമാറ്റത്തിനായുള്ള പ്രായോഗിക ഇടപെടലുകളിലൂടെയും പുലിക്കുന്നേല്‍ മാതൃകയായി. ഭാര്യ കൊച്ചുറാണി 2008 ഫെബ്രുവരി 22ന് നിര്യാതയായപ്പോള്‍ ഇടമറ്റത്തെ സ്വന്തം ഭൂമിയില്‍ ചിതയൊരുക്കിയ അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തന്റെ ശരീരവും അതുപോലെ ദഹിപ്പിച്ചാല്‍ മതിയെന്ന് വ്യവസ്ഥചെയ്തു. അത് ഒസ്യത്തില്‍ കുറിച്ചിട്ടതാണ്. കണ്ണുകള്‍ മെഡിക്കല്‍ കോളേജിന് ദാനം ചെയ്യുമെന്നും വാഗ്ദാനം നല്കി. താന്‍ സാധാരണ ധരിക്കുന്ന ഖദര്‍ വസ്ത്രങ്ങളേ മൃതദേഹത്തില്‍ ധരിപ്പിക്കാവൂ, തലഭാഗത്ത് കുരിശും തിരിയുംവയ്ക്കുന്നതും ഉപേക്ഷിക്കണം, റീത്ത് പാടില്ല തുടങ്ങിയ ഉള്ളടക്കമായിരുന്നു അതില്‍. ആഗോള കത്തോലിക്കാ സഭയിലെ സ്ത്രീ ശാക്തീകരണം മനസ്സിലാക്കാത്തപോലെ സീറോ മലബാര്‍ സഭ പെരുമാറിയപ്പോഴും ഓര്‍മപ്പെടുത്തലുമായി രംഗത്തെത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതൃക പിന്തുടര്ന്ന് ലോകത്തെല്ലായിടത്തും പുരോഹിതര്‍ സ്ത്രീകളുടെ കാല് കഴുകി ചുംബിച്ചപ്പോള്‍ പൗരസ്ത്യ പാരമ്പര്യം ചൂണ്ടി ഒഴിഞ്ഞുനിന്ന സീറോ മലബാര്‍ സഭയെ ചോദ്യംചെയ്തത് പുലിക്കുന്നേലായിരുന്നു.
മനുഷ്യസ്നേഹത്തെ ഏറ്റവും വിലമതിച്ച പുലിക്കുന്നേല്‍ താന്‍ കമ്യൂണിസ്റ്റ് വിരുദ്ധനാണെന്ന ചിലരുടെ വിധിതീര്‍പ്പ് തെറ്റിദ്ധാരണയുടെ ഭാഗമാണെന്നും കള്ളപ്രചാരണങ്ങളാണ് മിഥ്യാധാരണ പാകിയതെന്നും വ്യക്തമാക്കി. ”കമ്യൂണിസം ചിന്താപരമായി ശരിയാണെന്നു പറയുമ്പോള്‍, പ്രയോഗത്തില്‍ അത് ഏകാധിപത്യമാണെന്നായിരുന്നു അന്തരീക്ഷത്തിലുണ്ടായ പ്രതീതി. അത്തരമൊരു വ്യാജ സന്ദേശമുയര്ത്തിയതില് പൗരോഹിത്യം വഹിച്ച പങ്ക് കുപ്രസിദ്ധമായിരുന്നു, പ്രത്യേകിച്ചും ഫാദര്‍ ജോസഫ് വടക്കന്റെയും മറ്റും. ഞാന്‍ കമ്യൂണിസം ആഴത്തില്‍ വായിച്ച് പഠിച്ച് മനസിലാക്കിയിരുന്നു. എം പി പോളും മുണ്ടശേരിയും പൊന്‍കുന്നം വര്‍ക്കിയും ആദ്യംമുതലേ കമ്യൂണിസ്റ്റായിരുന്നില്ല. പതുക്കെ ആ വഴിയിലേക്കെത്തുകയായിരുന്നു. സാമൂഹ്യ ഉള്ളടക്കത്തോടെ, പുരോഗമനപരമായി എഴുതിവന്നവരെ കമ്യൂണിസ്റ്റെന്ന് ചാപ്പകുത്തി. യേശുക്രിസ്തു സ്നേഹംകൊണ്ടാണ് വിപ്ലവം സൃഷ്ടിച്ചതും സമൂഹത്തിനാകെ ദിശാബോധം നല്കിയതും. മഹാത്മജിയും കാള്‍ മാര്‍ക്സും ശ്രീനാരായണഗുരുവുമെല്ലാം അത്തരത്തില്‍ പ്രവര്‍ത്തിച്ചവരാണ്” എന്ന് കൂട്ടിച്ചേര്‍ക്കുകയുമുണ്ടായി. യേശുവിന്റെ സ്നേഹവഴിയിലൂടെ തന്നെയായിരുന്നു പുലിക്കുന്നേലും നടന്നത്. അശരണര്‍ക്കും ആലംബഹീനര്‍ക്കും തന്നാലാകുംവിധം സഹായഹസ്തം വച്ചുനീട്ടി. അറുപതുകഴിഞ്ഞ ദമ്പതികള്‍ക്ക് വീടും പാവപ്പെട്ട കുട്ടികള്‍ക്ക് ആരോഗ്യകേന്ദ്രവും ഒരുക്കി. പ്രമേഹരോഗികളെ സഹായിച്ചു. രോഗം മാറാത്തവര്‍ക്ക് പ്രത്യേകകേന്ദ്രം പണിതു. മരുന്ന്, ഭക്ഷണം, പ്രതിമാസം നൂറു രൂപ, വര്‍ഷത്തില്‍ രണ്ടുവട്ടം വസ്ത്രവും വിതരണം ചെയ്തു. സ്നേഹസാന്ത്വനത്തിന് ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യക്ക് രൂപംനല്കി. ഇടമറ്റത്തെ ഓശാനക്കുന്നില് വേഡ് ആന്‍ഡ് ഡീഡ് ആശുപത്രി, പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ ഹോം, ജൂവനൈല്‍ ഡയബറ്റിക് ഹോം എന്നിവ പടുത്തുയര്ത്തുകയുമുണ്ടായി. മീനച്ചില്‍, ഭരണങ്ങാനം, തിടനാട് പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രമേഹരോഗികള്‍ക്കു സൗജന്യമായി മരുന്നു നല്കുന്ന ക്ലിനിക്കും ആരംഭിച്ചു. ഡയാലിസിസ്-അര്‍ബുദ രോഗികള്‍ക്ക് മുടങ്ങാതെ സഹായമെത്തിക്കാന്‍ അവിടെ ആളുകളുണ്ട്. ഡോക്ടര്‍മാരും നേഴ്സുമാരും ഉള്‍പ്പെടെ 32 ജീവനക്കാര്‍. കേരളാ കത്തോലിക്ക അല്മായ അസോസിയേഷന്സ്ഥാപക സെക്രട്ടറി, മലയാളം ബൈബിളിന്റെ ഓര്‍ഗനൈസിങ് എഡിറ്ററും ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യയുടെയും കാത്തലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റിയുടെയും സ്ഥാപകനുമായ പുലിക്കുന്നേല്‍ ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രത്തിന്റെ സ്ഥാപകനും ഓണററി ഡയറക്ടറുമായിരുന്നു. ക്രിസ്ത്യന്‍ റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം എന്നിവ വിജ്ഞാനത്തിന്റെ പുതുവഴികള്‍ തുറക്കാന്‍ അദ്ദേഹം സ്ഥാപിച്ചവയാണ്.
നിരവധി കൃതികളുടെ കര്‍ത്താവ് കൂടിയാണ് പുലിക്കുന്നേല്‍. ആത്മകഥയായ പ്രൈവറ്റ് കോളേജ് അധ്യാപകന്റെ സ്മരണകള്‍, സിംഹാസനപ്പോര്, കേരള ക്രൈസ്തവചരിത്രം- വിയോജനക്കുറിപ്പുകള്‍, കാനോന്‍ നിയമത്തിലെ കാണാച്ചരടുകള്‍, സ്നേഹസമര്‍പ്പണം, എന്റെ കുരിശുമെടുത്ത് നിന്റെ പിന്നാലെ(നോവല്‍), ആരാധനാക്രമവിവാദം: ഓശാനയുടെ ഇടപെടലുകള്‍, കേരള കോണ്‍ഗ്രസിന്റെ സ്ഥാപന ചരിത്രം, ഉദയംപേരൂര്‍ സുന്നഹദോസ് ഒരു ചരിത്ര വിചാരണ, പേപ്പസി- ചരിത്രപരമായ ഒരു പഠനം തുടങ്ങിയവ പ്രധാന മലയാള ഗ്രന്ഥങ്ങളാണ്. കൂടാതെ ഒശാനയിലെ മുഖപ്രസംഗങ്ങള്‍ രണ്ട് വാല്യങ്ങളായി പുസ്തകരൂപത്തിലിറക്കി. ഇംഗ്ലീഷ് പുസ്തകങ്ങളുമുണ്ട്. ഐഡന്റിറ്റി ഓഫ് നസ്രാണി ചര്‍ച്ച് ഓഫ് കേരള,ദി ലിറ്റര്‍ജി ഹയറാര്‍ക്കി ആന്‍ഡ് സ്പിരിച്വാലിറ്റി ഓഫ് സെന്റ് തോമസ് ക്രിസ്ത്യന്‍സ് ഇന്‍ ദി പ്രീ പോര്‍ച്ചുഗീസ് പിരീഡ് എ സ്റ്റഡി തുടങ്ങിയവ അക്കൂട്ടില്പ്പെടുന്നു.
ഓശാന മൗണ്ട് , യഥാര്‍ഥ വിശ്വാസികളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും ഗവേഷകരുടെയും എഴുത്തുകാരുടെയും തീര്‍ത്ഥാടനകേന്ദ്രം പോലെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അവിടേക്ക് സന്ദര്‍ശകരെത്തുന്നു. അതില്‍ ഭൂരിപക്ഷവും പുലിക്കുന്നേലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സേവനങ്ങപ്പറ്റിയും മനസ്സിലാക്കുന്നതിനാണ് യാത്ര നടത്തുന്നത്. പലരും ലൈബ്രറിയില്‍ ഏറെ നേരം ചെലവഴിക്കുകയും ചെയ്യും. അവിടെ പുലിക്കുന്നേലിന്റെ ജീവചരിത്രമായ’ഏകാന്ത ദൗത്യം’ പ്രധാന വായനാവിഭവമാണ്. ഭാവിതലമുറയ്ക്കും ചരിത്രാന്വേഷകര്‍ക്കും സമര്‍പ്പിച്ചിട്ടുള്ള ആ ഗ്രന്ഥം കുറേ പ്രശസ്തരുടെ ഓര്‍മകളും വിലയിരുത്തലുകളും അപഗ്രഥനങ്ങളുമാണ്. സുകുമാര്‍ അഴീക്കോട്, സക്കറിയ, വിഷ്ണുനാരായണന്‍ നമ്പൂതിരി, എം എ ജോണ്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആ പുസ്തകം എഡിറ്റുചെയ്തത് റോസമ്മാ എബ്രഹാമാണ്. സക്കറിയ പുലിക്കുന്നിലിനെക്കുറിച്ച് എഴുതിയത് ഇങ്ങനെ: ജോസഫ് പുലിക്കുന്നേല്‍ ഏറ്റെടുത്ത ദുഷ്കരമായ ദൗത്യം കേരള കത്തോലിക്കാസഭയുടെ ദുര്‍മാര്‍ഗങ്ങളെ ഒറ്റയ്ക്ക് വിമര്‍ശിക്കുകയും ചോദ്യംചെയ്യുകയുമായിരുന്നു. മലയാളത്തില്‍ ജനങ്ങളുടേതായ ബൈബിള്‍ പ്രസിദ്ധീകരിച്ചാണ് അദ്ദേഹം അത് തുടങ്ങിവച്ചത്. ഓശാനമൗണ്ടില്‍നിന്ന് പുലിക്കുന്നേല്‍ നടത്തുന്ന ആശയയുദ്ധത്തിലൂടെ കത്തോലിക്കാസഭ അതിന്റെ കേരള ചരിത്രത്തില്‍ ആദ്യമായി വിശ്വാസാധികാരത്തിന്റെയും ഭൗതികാധികാരത്തിന്റെയും മേഖലകളില്‍ ശക്തനായ പ്രതിയോഗിയെ നേരിട്ടു. ചുരുക്കത്തില്‍ വിശ്വാസത്തെയെന്നതിലുപരി കാര്ണിവല്വല്ക്കരിക്കപ്പെട്ട മതപ്രവര്ത്തനത്തെയാണ് പുലിക്കുന്നേല്‍ വിട്ടുവീഴ്ചയുടെ തരിമ്പുമില്ലാതെ നേരിട്ടത്. മതപ്രതിപക്ഷത്തിന്റെ ദൗത്യനിര്‍വഹണത്തിലേക്ക് അദ്ദേഹം വളര്‍ന്നത് അപകടകരമായി ജീവിക്കുകയും അതിലേറെ ആപല്‍ക്കരമായി ചിന്തിക്കുകയും ചെയ്താണ്. അതിന്റെതന്നെ ആശയസന്നാഹങ്ങളോടെയുള്ള ആ കലാപത്തിന് മൂര്‍ച്ച കുറവാകാമെന്ന് പരിതപിക്കാമെങ്കിലും ഒരു വിമര്ശനവുമില്ലാത്ത അവസ്ഥയില്‍ ഇത്തരം യുദ്ധങ്ങളിലും പ്രതീക്ഷയര്പ്പിക്കേണ്ടതുണ്ട്. പൂതലോടിയ ആശയങ്ങള്‍ക്കല്ല, പുലിക്കുന്നേല്‍ കാവല്‍നിന്നത്. അതിനാല്‍ സ്തംഭിച്ചു നില്ക്കുന്ന സഭ അവയെ പിന്നീടെങ്കിലും അഭിസംബോധന ചെയ്യേണ്ടിവരുമെന്നത് തീര്‍ച്ച. ”ഞാന്‍ നിങ്ങളുടെ യേശുവിനെ ഇഷ്ടപ്പെടുന്നു, എന്നാല്‍ നിങ്ങളുടെ ക്രിസ്ത്യാനികളെ ഇഷ്ടപ്പെടുന്നില്ല; അവരാരും യേശുവിനെപ്പോലെയല്ല” എന്ന ഗാന്ധിജിയുടെ വാക്കുകള്‍ പലപ്പോഴും പുലിക്കുന്നേല്‍ എടുത്തിടാറുണ്ടായിരുന്നത് അത്രവേഗം വിസ്മരിക്കാനാവില്ല. എന്റെ കുരിശുമെടുത്ത് നിന്റെ പിന്നാലെയെന്ന അദ്ദേഹത്തിന്റെ നോവല്‍ ശീര്‍ഷകവും ഏറെ അര്‍ഥതലങ്ങള്‍ ബാക്കിവയ്ക്കുന്നുണ്ട്.