എന്റെ കിളിയെ…

“മോളെ കുളിക്കാൻ വായോ”

അമ്മയുടെ ശബ്ദമൊരു മുഴക്കം പോലെ കാതിൽ പതിഞ്ഞപ്പോഴാണ് വീണ കണ്ണാടിയിൽ നിന്നു മുഖമുയർത്തിയത്. ജീവനില്ലാത്ത കണ്ണിൽ അമ്മ ചിരിച്ചു! കറുത്തു കരുവാളിച്ച കണ്ണുകളെയും, വാടി തളർന്ന മുഖത്തെയും കല്ലിച്ച മാറിടങ്ങളെയും തുന്നികെട്ടിയ വയറിനെയും ഒന്നൂടി നോക്കി യാന്ത്രികമായി അവളമ്മക്ക് പുറകെ നടന്നു. മുത്തശ്ശിയുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം നീളുന്ന കുളിക്കിരുന്നു കൊടുക്കുബോൾ അവൾക്ക് എപ്പോഴും അസ്വസ്ഥതയാണ്. വേത് വെള്ളത്തിന്റെ ചൂട് ഓർമ വന്നപ്പോൾ ശരീരം കിടുങ്ങി പോയി. ഇത് അവസാനത്തെതാണെന്നറിഞ്ഞപ്പോൾ ഒരു കുളിരും. ആ നീണ്ട കുളിയുടെ അവസാനഘട്ടത്തിലെപ്പഴോ ആണ് അരുണിന്റെ ബൈക്ക് ശബ്ദിച്ചു കേട്ടത്. ഗേറ്റിനപ്പുറം കടന്ന അതിന്റെ ശബ്ദം കാതുകൾക്ക് നഷ്ടപ്പെട്ടപ്പോൾ അടക്കിപ്പിടിച്ചിരുന്നതെന്തോ വിട്ടു പോയതുപോലൊരു നിരാശ വന്നവളുടെ ചങ്കിൽ കുത്തി നിന്നു.

പ്രസവക്കാലത്തിന്റ ഓളങ്ങളങ്ങനെ നിലച്ചു തുടങ്ങുബോൾ അവൾക്ക് നീറുന്നുണ്ടായിരുന്നു, ആത്മാവ് നോവുന്നുണ്ടായിരുന്നു. കുളിച്ചു കഴിഞ്ഞാൽ നീണ്ടു നിവർന്ന് സമാധാനത്തോടെ ഉറങ്ങിയേക്കണമെന്നാണ് അമ്മയുടെ ഉത്തരവ്. പ്രസവശേഷം താൻ സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ടോ? അവളവളോട് തന്നെ ചോദിച്ചു, ഇല്ല!

അത്രമേൽ സന്തോഷമായൊരവസ്ഥയിൽ നിന്നും കരളുകീറുന്ന സങ്കടക്കടലിലേക്കുള്ള ദൂരമെത്രയാണെന്ന് ചോദിച്ചാൽ അവൾക്കത്, മേഘങ്ങൾക്കിടയിൽ പൂമ്പാറ്റകളോടോത്ത് കളിക്കുന്ന പാൽ മണം വിട്ടു മാറാത്തൊരു കുഞ്ഞിന്റെ ചിരിയിൽ നിന്നും ഞെട്ടിയുണരുമ്പോഴാണ്! അടിവയറ്റിലൊരനക്കത്തിന്റെ, കുഞ്ഞിചവിട്ടിന്റെ ആഘാതത്തിലാണ് അവളിപ്പോൾ ഉണരാറുള്ളത്, തോന്നലാണെന്ന് മനസ്സിലാവുമ്പോൾ ചുറ്റും ഇരുട്ട് നിറയും കണ്ണീരിന്റെ നിറമുള്ള ഇരുട്ടിന്റെ കറുപ്പവളെ ആലിംഗനം ചെയ്യും, ഉണങ്ങി തുടങ്ങിയ തലയിണകൾ വീണ്ടും നനയും. ഇരുട്ടും, കൂടെ കരയുമ്പോളാണ് അവൾക്കു കാവലിരുന്നുറങ്ങി പോയ അരുണിന്റെ വിരലുകൾക്ക് വീണ്ടും ജീവൻ വെക്കും അതോടിയെത്തി കണ്ണീര് തുടക്കും. അവളെ നെഞ്ചിലേക്ക് ചേർത്തു കിടത്തും. സങ്കടങ്ങളൊതുക്കി വെച്ച അവന്റെ നെഞ്ചിൻക്കൂട്ടിലേക്ക് അവളുടെ കണ്ണീരും ചേർത്തു വെക്കപ്പെടും.

പ്രസവാനന്തരം ഒരുവളിൽ ഉടലെടുക്കുന്ന ആത്മസംഘർഷങ്ങളെ അയാളെന്നോ മനസിലാക്കിവെച്ചിരുന്നതാണ്. എന്നാൽ ഇവിടെയിപ്പോൾ അവളനുഭവിക്കുന്ന സംഘർഷങ്ങൾ അവൻ മനസിലാക്കിയ പോസ്റ്റ്‌ പാർട്ടം ഡിപ്രഷനുകളെക്കാളും ആഴത്തിലുള്ളതാണ്!. അതിന്റെ നോവ് അവന്റെതു കൂടിയാണ്! കാരണം കുഞ്ഞില്ലാത്ത, അതിന്റെ ചിരിയും കരച്ചിലുമില്ലാത്ത പ്രസവാനന്തരങ്ങൾ എന്തു മാത്രം ഭയാനകമാണെന്നോ?. ആത്മഹത്യപോലൊരു ഭീകരതയാണതിന്!. നിഴലുപോലെ കൂടെയില്ലായെങ്കിൽ നഷ്ടപ്പെട്ടവളെന്തും ചെയ്യും. അവരിലപ്പോൾ അമ്മ എന്നൊരു വികാരം മാത്രമെയുണ്ടാവൂ…

പ്രേഗ്നെൻസി കിറ്റിൽ ആ രണ്ട് വരകൾ പ്രത്യക്ഷപെട്ടപ്പോൾ അവളിൽ നിന്നാദ്യം പൊട്ടിപുറപ്പെട്ടതൊരു കരച്ചിലാണ്. ഒരു പെൺകുട്ടിയിൽ ചുവപ്പ് പടരുന്നൊരു ദിവസമില്ലെ? ചോപ്പ് കണ്ട് പേടിച്ചു കരയുന്നൊരു ദിവസം അതുപോലെ!. സാധാരണയൊരു പെൺകുട്ടിയിൽ നിന്നും ഭാര്യയിലേക്ക് എത്തിയിട്ട് ഏറെയാകുന്നതിന് മുന്നെയായിരുന്നല്ലോ സ്ഥാനക്കയറ്റം.

ചുറ്റുമുള്ളവർ ആ രണ്ടു വരയിൽ ആഹ്ലാദം കണ്ടെത്തിയപ്പോഴും മാറുന്ന ചുറ്റുപ്പാടുകളെയും ശാരീരികമാറ്റങ്ങളെയും അവൾ ഭീതിയോടെ നോക്കി കണ്ടു. അന്നും അരുണവളെ മനസിലാക്കി, ജീവിതത്തിന്റെ പുതിയ നിറത്തെ പറ്റി വാചലനായി. വിടാതെ മുറുകെ പിടിക്കുന്ന അവന്റെ കൈകളും നെറ്റിയിൽ പതിയുന്ന കരുതലിന്റെ മുദ്രകളുമാണ് അവളുടെ സ്നേഹത്തിന്റെ ഉറവപൊട്ടിച്ചത്!

ഗർഭത്തിന്റെ പതിനാറാമത്തെ ആഴ്ചയിൽ ഒരു പൂമ്പാറ്റയെ പോലെ കുഞ്ഞനങ്ങി. അവളുടെ ആകാശവും ഭൂമിയും കടലും കരയും മഴയും വെയിലുമൊക്കെ അടിവയറ്റിലെ ജീവനിലേക്ക് ചുരുങ്ങിയ നാളുകൾ!. അവളമ്മയായ് സ്വയം പരിണമിച്ചു. കണ്ണാടിക്ക് മുന്നിൽ നിന്ന് കുഞ്ഞിന്റെ കണ്ണും മൂക്കും ചുണ്ടും അടയാളപെടുത്താനിഷ്ടപ്പെട്ടു. കരുതലോടെ തലോടി അത്രമേൽ സ്നേഹത്തോടെ എന്റെ കിളിയെ… ന്ന് നീട്ടി വിളിച്ചു.

ഒരിക്കൽ ബാൽക്കണിയിലെ ഊഞ്ഞാലിൽ വയറിൽ കൈവച്ച് രൂപം മാറുന്ന മേഘങ്ങളേയും കൂട് തേടുന്ന കിളികളെയും നോക്കിയിരുന്നപ്പോൾ അവൾക്കവളുടെ ആദ്യപ്രണയത്തെ ഓർമ വന്നു. ഭൂതകാലങ്ങളിൽ നിന്ന് ശരവേഗത്തിൽ അയാളുടെ മുഖം മുന്നിൽ വന്നു നിന്ന് ചിരിച്ചു. കുഞ്ഞുങ്ങളെക്കുറിച്ചുള്ള കിനാവുകൾ അവളോട് ആദ്യം പറഞ്ഞത് അയാളായിരുന്നല്ലോ!

അടക്കോം ഒതുക്കോം ഉള്ള നല്ലക്കുട്ടി ലേബലിൽ നിന്ന് പുറത്ത് കടക്കാനാവാതെ വീട്ടുക്കാരെ എതിർക്കാനാവാതെ അവളും, കൊണ്ടു പോയി പട്ടിണികിടത്തണ്ടല്ലോന്ന് ഓർത്ത്‌ അയാളും നഷ്ടപെടുത്തി കളഞ്ഞ പ്രണയത്തെയോർത്ത് നെടുവീർപ്പ് ഇടുമ്പോഴാണ് കിളി മിണ്ടിതുടങ്ങിയത്..

“അമ്മ അയാളെ മറന്നില്ലായിരുന്നോ? ” അവൾക്ക് ചിരി പൊട്ടി. ഭൂമി കാണാത്ത കൊച്ചാണ്!

“അമ്മേടെ കിളിയെ, ഒരിക്കൽ ഒരുമിച്ച് ഒഴുകിയ പുഴകൾ പരസ്പരം മറന്നു പോവാറില്ല! കാലം രണ്ടു വഴിക്ക് തിരിച്ചു വിട്ടാലും എപ്പോഴെങ്കിലുമൊക്കെ കൂട്ടിമുട്ടും, ദാ ഇതുപോലെ ഓർമപെയ്യുമ്പോൾ. പക്ഷേ, ഒഴുകിയെത്തിയ കടലിനോളം ഭംഗി അപ്പോൾ അതിനുണ്ടാവില്ലെന്ന് മാത്രം ! “

കിളിയൊന്ന് അനങ്ങി അമ്മയെ ഒട്ടും നോവിക്കാതെ ആശ്വസിപ്പിക്കും പോലെ. അതിൽ പിന്നെ ചോദ്യങ്ങൾ തുടങ്ങുകയായി.

അമ്മേ അച്ഛനെങ്ങനെയാണ്? അമ്മമ്മയോ?

ഭൂമിയെങ്ങനെ? ചെടിയെങ്ങനെ? ആകാശമോ? പൂക്കളോ? പൂമ്പാറ്റയോ?

അമ്മ മൊഴികളിലൂടെ കിളി ലോകം കണ്ടു. രാവും പകലുമില്ലാതെ അറിയാവുന്ന കഥകളൊക്കെയും അവളതിനു പറഞ്ഞു കൊടുത്തു. അവൾക്ക് അവളോടുതന്നെ സ്നേഹം തോന്നിയ ദിനങ്ങൾ!. വീർത്തു നിൽക്കുന്ന വയറിനോട്, നീര് വെച്ച കാലിനോട്, പാലു ചുരത്താൻ വെമ്പുന്ന മാറിടങ്ങളോട് അങ്ങനെയങ്ങനെ സകലതിനോടും സ്നേഹം!.

ചില കുഞ്ഞനക്കങ്ങൾ അനുഭവിക്കുമ്പോൾ വയറിലൊന്ന് അമർത്തി ഉമ്മ വെക്കാൻ കഴിയാത്തതിൽ സങ്കടം തോന്നും.

ഇത് അമ്മേടെ ഉമ്മ, ഇത് അച്ഛേടെ ഉമ്മ എന്നും പറഞ്ഞ് അരുൺ പ്രശ്നം പരിഹരിക്കുമ്പോൾ ഇത്തിരി കുശുമ്പ് തോന്നിയാലും അവൾക്ക് നിർവൃതി തോന്നും. കുഞ്ഞി മുഖം കാണാനും, കൈയിലെടുക്കാനും ഉമ്മവെക്കാനും വിരല് പിടിക്കാനുമൊക്കെ കൊതി മൂക്കും. കുഞ്ഞിക്കിളിയെ പെട്ടന്ന് വായോന്ന് സ്വകാര്യം പറയും.

കോംപ്ലിക്കേഷനുകൾക്കിടയിലും അവരവരുടെ കിളിയെ തീയതി വെച്ച് കാത്തിരുന്നതായിരുന്നു. പെട്ടെന്നൊരു ദിവസം പറയുന്ന കഥകളൊന്നും കിളി കേൾക്കുന്നില്ല, മിണ്ടുന്നില്ല, അനങ്ങുന്നില്ല എന്നൊക്കെയൊരു തോന്നൽ. ആദ്യം തലകറക്കവും വയറുവേദനയും വന്നു. പിന്നെ ചോര പരന്നൊഴുകി. ഓർമ്മ തെളിയുമ്പോൾ ലേബർ റൂമിലാണ് ഒരു പെണ്ണിന്റെ വലിയ വായിലുള്ള കരച്ചിൽ കേട്ടപ്പോൾ നടുങ്ങിപ്പോയി. ശേഷം കുഞ്ഞു കൂടി കരഞ്ഞപ്പോൾ അവൾ അവളുടെ വയറിലേക്ക് കൈ വെച്ചു

“കിളിയെ വരാറായോ” കിളിയനങ്ങിയില്ല.

അവൾക്കു നേരെ നീണ്ടു വന്ന നിരാശ നിറഞ്ഞ കണ്ണുകളാണ് പറഞ്ഞത് വരാറായോന്ന് ചോദിച്ച കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിന്നുപോയിട്ട് മണിക്കൂറുകളായത്രേ!. പ്ലാസന്റ് വേർപെട്ട് അതിന് ശ്വാസം കിട്ടിയില്ലപോലും!.
വയറു കീറി പുറത്തെടുത്തപ്പോൾ, അവരാ ആൺകുഞ്ഞിനെ അവൾക്ക് കാട്ടി കൊടുത്തിരുന്നു. മാറിൽ വച്ചുകൊടുത്തിരുന്നു. ചോരകുഞ്ഞിന്റെ തുറക്കാത്ത കണ്ണിലും, മൂക്കിലും, ചുണ്ടിലും തൊട്ടു “കിളിയെ” ന്ന് വിളിച്ചവൾ വിതുമ്പിപൊട്ടി. നൽകാനാശിച്ച ഉമ്മകൾ നെറ്റിൽ വെച്ചു കൊടുത്തു. പാലുറഞ്ഞ മാറിടങ്ങൾ തേങ്ങലൊതുക്കി പിടിച്ചു. തുന്നികെട്ടിവെച്ചിടങ്ങൾ ചോരകിനിച്ചു. പിന്നെയങ്ങോട്ട് വേദനകളുടെ നാളുകൾ ഒരുപക്ഷേ ശരീരത്തെക്കാൾ മനസിനായിരുന്നത്!

നോവിന്റെ ഒരു പകലുകൂടി കഴിയാനിരിക്കെ, വീണ വീണ്ടും കണ്ണാടിക്ക് മുന്നിലെത്തി. ഇടിഞ്ഞു പോയ വയറിൽ തൊട്ടു. തുന്നികെട്ടിയിട്ടും, മുറിവുണങ്ങിയിട്ടും ചോര പൊടിയുന്ന ശവപറമ്പിലൂടെ കടലൊഴുകി, ഇരുള് കനത്തു. ആ ഇരുട്ടവളെ ആലിംഗനം ചെയ്തു തുടങ്ങും മുൻപ് അവന്റെ വിരലുകൾ തേടിയെത്തി, കണ്ണുതുടച്ച് ചേർത്തു പിടിച്ചു. ചേർത്തു പിടിക്കാനി വിരലുകൾ ഇല്ലായിരുന്നെങ്കിൽ! അവളോർത്തു.

“ഞാൻ പറഞ്ഞില്ലെ മോളെ അവനെ നമുക്ക് വിധിച്ചിട്ടില്ല, ഉറപ്പായിട്ടും ദൈവം നമ്മുക്ക് ഒരു വാവയെ തരും! എന്നത്തേയും പോലെ അവനവളെ ആശ്വസിപ്പിച്ചു.

സത്യത്തിൽ അവൾക്ക് തന്നെയറിയാം തന്റെ തരിശുനിലങ്ങളിൽ ഇനിയൊരു വിത്ത് മുളയ്ക്കാതിരിക്കില്ല എങ്കിലും, കെട്ടുപോയ വിത്തിന്റെ നോവ് മരണം വരെ അവൾക്ക് ഹൃദയത്തിൽ ചുമക്കണമായിരുന്നു. അല്ലെങ്കിലും അതങ്ങനെയാണ്!. ഉറങ്ങാൻ കിടന്നിട്ടും അവൾ വയറിലെ സ്റ്റിച്ചുകളിൽ എന്തോ പരതി ഒരു കുഞ്ഞനക്കത്തിനു വേണ്ടി കൊതിച്ചു. അവനപ്പോൾ അവളുടെ അടിവയറ്റിലും നെറുകയിലും കരുതലിന്റെ മുദ്ര പതിപ്പിച്ച് ചേർത്തു പിടിച്ചു. വിരലുകളെ അവളുടെ മുടിയിഴകളിലൂടെ നടത്തി … അലയടിച്ച്, അലയടിച്ച് ഒടുവിൽ ശാന്തമായപ്പോൾ മേഘങ്ങൾക്കിടയിൽ പൂമ്പാറ്റകളോടൊപ്പം അവളാ കുഞ്ഞിനെ കണ്ടു ചിരിച്ചു.

കിളിയെ…!

മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിനി. 'മിന്നു നാമിയാ വീന' എന്ന പേരിൽ എഴുതുന്നു.ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനി.