
പ്രണയാവശിഷ്ടങ്ങളാൽ പണിത
പറുദീസയിലേക്ക് ‘
ഒരു ചെമ്പനീർപ്പൂവുമായ്
എന്നരികിലേക്ക് വരുമോ നീ.
നിന്റെ ചെഞ്ചൊടിയെന്നുള്ളിൽ
വേവലാതിപ്പെടേണ്ട.
നിന്റെ ആലിംഗനമെന്റെമേൽ
വഴി തെറ്റി വീഴേണ്ട.
മിന്നാമിനുങ്ങുകളുടെ
ഘോഷയാത്രാ വെട്ടത്തിൽ
ആണ്ടുകളെണ്ണിവച്ച കല്ലിന്മേൽ
തേഞ്ഞുമാഞ്ഞൊരു പേരിനു കീഴേ
ചെമ്പനീർ ചേർത്തു വെക്കേണം.
നീ ആവർത്തിച്ചൊതുങ്ങിനിന്ന
പ്രണയ പ്രവേശനകവാടത്തിൽ
നിന്റെ ചുണ്ടുകൾ കൂട്ടിമുട്ടി വീഴുന്ന
ശബ്ദമഴയിലല്പനേരം നനയണം.
കണ്ണുനീർ കൂട്ടിവച്ചെഴുതിയ
വിഷാദക്കവിതാ വരികളിൽ
പ്രണയത്തിന്റെ പൂക്കുട ചൂടി
ഞാനൊരു വട്ടം കൂടിയുണരാം.
കാലത്തിനുമപ്പുറമാണെങ്കിലും
പ്രണയശലഭമായ് നീ പറന്ന
വാസന്തമലർക്കാവുണ്ടെന്നിൽ.
