
എനിക്കായി മാത്രം
ദൂരങ്ങളെ
കാറ്റിൽ പറത്തി
നീ
എന്റെ
നഗരത്തിലേക്ക്
വന്നിറങ്ങുന്നു…
ഗൗരവക്കാരന്റെ
കനത്ത കുപ്പായം
അഴിച്ചു വച്ചു
നീ കാമുകന്റെ
അതിലോലതയിലേക്കു
ചേക്കേറുന്നു …
പകലെന്നോ
രാത്രിയെന്നോ
നോക്കാതെ;
വീട്ടിലേക്കു നീളുന്ന
നിൻ്റെ തന്നെ
നിഴൽ വഴിയിൽ
എന്നെയും
കാത്തിരിക്കുന്നു.
നിന്റെ
നീണ്ട യാത്രയോ
ഏകാന്തമായ
കാത്തിരിപ്പോ
കണക്കിലെടുക്കാതെ
ഞാൻ !
പിന്നെയും ബാക്കിയായ
എൻ്റെ ഓർമ്മയിൽ
നിനക്ക് ഞാൻവച്ചു
നീട്ടുന്ന
ഇത്തിരി നേരത്തിൽ
നീയെന്നെ
ലോകത്തിലേറ്റവുമധികം
പ്രണയിക്കപ്പെട്ടവളാക്കി
തീർക്കുന്നു…
ഞാൻ
ജീവിച്ചിരിക്കുന്നത് കൊണ്ട് മാത്രം
ശ്വാസമെടുക്കുന്നെന്നു
എന്നെ വീണ്ടും വീണ്ടും
ഓർമ്മിപ്പിക്കുന്ന നീ.
കാറ്റിൽ പറന്നു
നടക്കുന്ന എന്റെ
മുടിയിഴകളെ
എന്നേക്കാൾ
ശ്രദ്ധയോടെ നീ
കോതിഒതുക്കി വെക്കുന്നു….
എന്നിട്ടും
നിന്റെ ഉണ്ടക്കണ്ണുകളിലും
വട്ട പൊട്ടിലും
മുങ്ങി മരിക്കാൻ ,
പിന്നെയും
പിന്നെയും
കൊതിക്കുന്നെന്നു
എന്റെ
കാൽവിരലുകൾ
ഓമനിച്ചു കൊണ്ട്
നീ പറയുന്നു.
എന്നിട്ടും
കൂട്ടുകാരാ
എന്റെ
പ്രണയ വണ്ടി മാത്രം
നിന്നെയും
മറികടന്നു
കൊണ്ട് കടന്നു പോകുന്നല്ലോ









