അന്ന് ഞാൻ
ഉമിക്കരിയുമെടുത്ത് ചെന്നെത്തിയ
മാവിൻ ചുവട്ടിലേക്ക്
ഇന്ന് ഞാൻ ചെന്നപ്പോൾ
അവിടെ മാവില്ല
തണലിനു പകരം
വെയിൽ വന്നിട്ടുണ്ട്
പത്തുമണിക്ക് ചിരിച്ചെത്തുന്ന
പത്തുമണിപ്പൂവിനെ തേടുന്ന
പൂമ്പാറ്റക്കുട്ടിയെ
ഇന്നു ഞാൻ കണ്ടില്ല
അവകളിപ്പോൾ കവിതകളിൽ മാത്രമേയുള്ളൂ
മിനുസമുള്ള മണ്ണും ചിരട്ടയും ചേർത്ത്
മണ്ണപ്പം ചുടാൻ ചെന്നപ്പോൾ
മുറ്റത്തെവിടെയും മണ്ണില്ല
അത് ഒലിച്ച് പോയെന്ന്
തോന്നുന്നു
മേലെ തൊടിയിലെ അരുവിയിലൂടെ
ഞങ്ങളൊഴുക്കാറുള്ള കടലാസു തോണികൾക്ക്
ഇന്നൊഴുകാനൊരു അരുവിയില്ലാതെ പോയി
ചാറ്റൽമഴ കൊള്ളാൻ
ഇരുന്ന ഉമ്മറപ്പടികൾ ഇന്നില്ല
അതു കൊണ്ട്
വെളുത്തമഴയുമില്ല
എത്ര എണ്ണിയിട്ടും തീർക്കാൻ കഴിയാതിരുന്ന
ബാല്യത്തിലെ നക്ഷത്രങ്ങളൊന്നും
ഇന്ന് ഉദിക്കാറില്ലത്രെ.