എഡ്മണ്‍ഡണ്‍, 1905 ഒരു ഫ്ലാഷ്ബാക്ക്

എഡ്മണ്‍ഡണ്‍ പതുക്കെ വളരുകയാണ്. 1905 തെരുവാണത്. ഒരു ചെറുഗ്രാമത്തിൽ നിന്നും തിരക്കുള്ള പട്ടണമായി മാറുകയാണ്. തെരുവിന്റെ കാലവും കോലവും ഒരുപാടു മാറുന്നു.  ടാറിട്ട റോഡുകളും വൈദ്യുതദീപങ്ങളും മോട്ടോർ വാഹനങ്ങളും എല്ലാമായി തിരക്കേറുന്നു. കാൽഗറിയിൽ നിന്നും എഡ്മണ്‍ഡണിലേക്ക് തീവണ്ടി വന്നതും ഇക്കാലയളവിലാണ്. അതോടെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ നല്ല വർദ്ധനയുണ്ടായി.  ഫാക്ടറികൾ, സ്കൂളുകൾ, ഓഫീസുകൾ, ആശുപത്രികൾ തുടങ്ങിയവയുമായി ഊർജ്ജസ്വലയായ ഒരു കൗമാരക്കാരിയെപ്പോലെ എഡ്മണ്‍ഡണ്‍ വളരുകയാണ്.

ഈ തെരുവിൽ ആദ്യം കണ്ടത് ധാന്യവും കൃഷിയുപകരണങ്ങളും സൂക്ഷിക്കുന്ന കളപ്പുരയും അതിനടുത്തുള്ള ഫാം ഹൗസുമായിരുന്നു. ഈ കളപ്പുരയുടെ പ്രത്യേകത ഇരുപതു വശങ്ങളിൽ വൃത്താകൃതിയിൽ പണിതത് എന്നതു മാത്രമല്ല, കാനഡയിലെ അവസാനത്തെ വൃത്താകാരകളപ്പുര എന്നതും കൂടിയാണ്. 1898 ൽ നിർമിക്കപ്പെട്ട ഈ കളപ്പുര 1972 ൽ അങ്ങിനെത്തന്നെ ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്കിലേക്ക് മാറ്റി സ്ഥാപിച്ചു. കുട്ടികളും മുതിർന്നവരും കൗതുകത്തോടെ അതിനു ചുറ്റും തൊട്ടും തലോടിയും നടക്കുന്നുണ്ടായിരുന്നു. കളപ്പുരക്കടുത്തായി ഫാംഹൗസ്. വിശ്രമത്തിനും വിനോദത്തിനും ഈ വീട് ഉപയോഗിച്ചിരുന്നുവത്രേ.

പെട്ടന്നുണ്ടായ കുടിയേറ്റക്കാരുടെ വർദ്ധന മൂലം ജനങ്ങൾക്ക് താമസിക്കാൻ വീടുകൾ പോരാതെ വന്നു. പൊരുതി ജീവിക്കാൻ തീരുമാനിച്ചുറപ്പിച്ചെത്തിയ ജനതയെ അതൊന്നും തളർത്തിയില്ല. അവർ കൂടാരങ്ങളിൽ താമസിച്ചു. അങ്ങനെയാണ് ‘കൂടാരനഗരം’ അഥവാ ടെന്റ് സിറ്റി രൂപം കൊള്ളുന്നത്‌. 

ടെന്റ് സിറ്റിക്കു പിന്നിലായി ടീ സ്റ്റാൾ, ഗിഫ്റ്റ് ഷോപ്പ്, ക്രോക്കറി എല്ലാം ചേർന്ന മിസ്റ്റർ. റീഡിന്റെ ചൈന ബസാർ. അതിന്റെ മുകൾനിലയായിരുന്നു ഡോക്ടറും എഞ്ചിനീയറും തയ്യൽക്കാരനും ഒക്കെ തങ്ങളുടെ പ്രവർത്തനശാലകളായി ഉപയോഗിച്ചിരുന്നത്. 

ടൌണ്‍ഹാൾ എന്നു വിളിച്ചിരുന്ന കെട്ടിടത്തിലായിരുന്നു അഗ്നിശമനസേനയും പോലീസ് സ്റ്റേഷനും മുൻസിപ്പൽ ഓഫീസും മറ്റു ഓഫീസുകളും പ്രവർത്തിച്ചിരുന്നത്. 1893 ൽ പണിത ഈ കെട്ടിടം 1958 ൽ പൊളിച്ചു കളയേണ്ടി വന്നു. എങ്കിലും അതേ മാതൃകയിൽ തന്നെ പണിതതാണ് ഈ പാർക്കിലെ ടൌണ്‍ ഹാളും. അതിനാൽ ഇങ്ങനെയൊന്ന് ഇവിടെയുണ്ടായിരുന്നുവെന്ന് നമ്മൾ അറിയുന്നു.

അവിടെ നിന്നും ഞങ്ങൾ പോയത് പോസ്റ്റ്‌ഓഫീസ് കെട്ടിടത്തിലേക്കാണ്. 1893 ലാണ് എഡ്മണ്‍ഡണിൽ ഈ കെട്ടിടം പോസ്റ്റ്‌ഓഫീസിനായി പണി കഴിപ്പിച്ചത്. ഒരു വർഷം കഴിഞ്ഞ് അതിന്റെ മുകൾനിലയിൽ ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തനം ആരംഭിച്ചു. താമസിയാതെ ഒരു വക്കീലോഫീസും. 1981 ൽ ജീർണിച്ചു തകർന്ന കെട്ടിടത്തിന്റെ മാതൃകയാണ്‌ ഈ പാർക്കിൽ പുനസൃഷ്ഠിച്ചിരിക്കുന്നത്.

പട്ടണമായി വളരെ വേഗത്തിൽ വളരുന്നതിനാൽ എഡ്മണ്‍ഡണിന്റെ മുഖച്ഛായയും മാറുന്നു. വിവിധങ്ങളായ ആടയാഭരണങ്ങൾ അണിഞ്ഞു സുന്ദരിയാവുന്നു. തൊഴിൽ തേടുന്നവരെ സഹായിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വിനോദത്തിനായുള്ള പെന്നി ആർക്കേഡ്, കുട്ടികൾക്കായി ഗ്രാൻഡ്‌ പാർക്ക്‌, ചെടികൾക്കായുള്ള ഗ്രീൻ ഹൗസ്, ബേക്കറികൾ, പള്ളികൾ. അങ്ങനെയങ്ങനെ വീഥികൾക്കിരുവശവും കെട്ടിടങ്ങൾ ഉയർന്നു. ഒരു ഒഡ്യാണം പോലെ ട്രാം സർവീസ് എഡ്മണ്‍ഡണിന്റെ പാർശ്വങ്ങളിലൂടെ ഒഴുകി നീങ്ങി.

അങ്ങനെ  എഡ്മണ്‍ഡണ്‍ വളർച്ചയുടെ പടവുകൾ ഓടിക്കേറി 1905 ൽ പുതിയ സംസ്ഥാനമായ ആൽബർട്ടയുടെ തലസ്ഥാനമായി.

ഈ തെരുവ് അവസാനിക്കുന്നത്‌ ഒന്നാം ലോകമഹായുദ്ധത്തിൽ വീരചരമമടഞ്ഞവരുടെ ഓർമ്മയ്ക്കായി തീർത്ത ‘മെമ്മോറിയൽ ഗാർഡൻസിലാണ്.’

അതേകുറിക്കുച്ച് അടുത്ത അദ്ധ്യായതിൽ.

ഒന്നാം ഭാഗം : ഫോർട്ട്‌ എഡ്മണ്‍ഡണിലെ പൂർവികർ

രണ്ടാം ഭാഗം : ഒരു കുടുംബം നഗരം നിർമ്മിച്ച കാഴ്ച

പ്രസിദ്ധീകരിച്ച ആദ്യ കഥാസമാഹാരം നീർമിഴിപ്പൂക്കൾ. രുചിക്കൂട്ട് എന്ന പാചകപുസ്തകം, നാലഞ്ച് ആന്തോളജികളിൽ രചനകൾ. എറണാകുളം സ്വദേശി. ക്യാനഡയിൽ താമസം.