എങ്ങനെയെങ്ങനെ?

പരീക്ഷിക്കുവാനും നിരീക്ഷിക്കുവാനും
പ്രതിഭാസമെന്തെന്നു കണ്ടെത്തുവാനും
ശാസ്ത്രം കളിക്കോപ്പതാണെന്നു ചിന്തിച്ചു
കൂട്ടുകാരൊത്തു കളിച്ചിടാൻ പോരുക.

ആകാശവും ചക്രവാളവുമെങ്ങനെ?
അർക്കാനുദിച്ചസ്തമിക്കുന്നതെങ്ങനെ?
മാരിവില്ലെങ്ങനെ പേമാരിയെങ്ങനെ?
മാനത്തു നീല നിറം വന്നതെങ്ങനെ?

കരയുംകടലുമൊത്തുള്ള ഭൂമിയിൽ
ജീവന്റെയുൽപ്പത്തിയുണ്ടായതെങ്ങനെ?
പരിണാമ സിദ്ധാന്തമെന്താണു മർത്യൻ
പരിണമിച്ചുണ്ടായ ജന്തുവോ ചൊല്ലുക .

ഇരുളും പകലും ക്രമത്തിലെത്തുന്നു
ഇലകൾക്കു പച്ച നിറമെന്തിനാണോ ?
പൂക്കളിൽ തേനും മണവുമുണ്ടെങ്ങനെ?
പൂമ്പാറ്റപ്പാറിപ്പറക്കുന്നതെങ്ങനെ?

എല്ലാമറിയുവാൻ ശാസ്ത്രം പഠിക്കണം
യുക്തിബോധം ചിന്തക്കാധാരമാകണം
എന്തിലുമേതിലും ശാസ്ത്രമുണ്ടോർക്കണം
കണ്ടെത്തിടാൻ ത്വര മാത്രമുണ്ടാകണം

അന്ധവിശ്വാസമനാചാരമൊക്കെയും
സന്തതമന്ധകാരത്തിലേക്കെത്തിക്കും
പടിയിറങ്ങിപ്പോയനാചാരമൊക്കെ
പാത്തു പതുങ്ങിപ്പടികേറിയെത്തുന്നു

“ചിന്തിക്ക നമ്മൾ പ്രവർത്തിക്കു മുന്നേ”
ചിന്തതൻ തോഴനാണെന്നുമീ ശാസ്ത്രം.
നിരീക്ഷിച്ച കാര്യം സംവദിച്ചീടണം
പിന്നെ പ്രയോഗത്തിലെത്തിക്കവേണം.

തിരുവനന്തപുരം വെളിയന്നൂർ സ്വദേശി. കേരളാ പോലീസിൽ എസ് ഐ ആയി റിട്ടയർ ചെയ്തു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകൾ എഴുതുന്നു.