അതൊരു സ്വപ്നമാവാനാണിട
സത്യമെന്ന് തോന്നിക്കുന്നത്രയും
റിയലിസ്റ്റിക്കായൊരു സ്വപ്നം.
എന്റെ നിശ്വാസങ്ങൾ മാത്രമേറ്റിരുന്ന
ജാലകത്തിനരികിലിരുന്ന്
വേനൽ രാത്രിയുടെ ക്ഷീണിതമായ കുളിരിലേക്ക്
പരിചിതനായൊരാൾ
സിഗരറ്റ് പുകച്ചുരുളുകളുതിർക്കുന്നു.
അതിഥികൾ വരാത്ത,
പുറം ലോകത്തിനദൃശ്യമായ
ഈ ഇരുണ്ട ഗൃഹത്തിലേക്ക്
അയാളിനി തിരിച്ചു വന്നില്ലെങ്കിലെന്നു ഭയന്ന്
ഞാനാ ചുരുളുകളിലുൾച്ചേർന്ന്
നിശബ്ദയായിരിക്കുന്നു.
താനൊരു സ്വപ്‌നമാണെന്നറിയാതെ
അയാൾ സ്വപ്നങ്ങളെപ്പറ്റി സംസാരിക്കുന്നു,
എന്നോടൊപ്പം കൈകോർത്തുനടക്കുന്ന
തെരുവോരങ്ങളെപ്പറ്റി,
അരികിലുറങ്ങിയെണീക്കുന്ന
അലസപ്രഭാതങ്ങളെപ്പറ്റി,
പ്രപഞ്ചത്തിലെ ഏറ്റവും ഏകാകിയായ
നക്ഷത്രത്തെപ്പറ്റി, അനന്തതയെപ്പറ്റി,
ചിലപ്പോഴൊക്കെ സമയത്തെപ്പറ്റിയും.
സ്നേഹത്തെ എക്സ് ആക്സിസിലും
സമയത്തെ വൈ ആക്സിസിലുമെടുത്ത്
വിരൽ കൊണ്ട് ശൂന്യതയിൽ ഗ്രാഫ് വരച്ച്
അയാളെന്നെ ചിരിപ്പിക്കുന്നു.
നിനയാത്ത നേരത്ത് തോളിൽ തൊടുന്ന
കനിവിന്റെ കൈ പോലെ
പൊടുന്നനെ വേനൽമഴയുണരുന്നു.
പുകവലയങ്ങൾ പോലെ
മഴയിലേക്ക് എപ്പോഴോ ഞാനലിഞ്ഞു ചേരുന്നു.
ഉറക്കത്തിന് അയാളെ വിട്ടുകൊടുക്കും മുൻപ്,
അയാളുടെ ചിരിയുടെ
അനുരണനങ്ങളെ മാത്രം
കളഞ്ഞുപോകാതിരിക്കാൻ,
ഹൃദയത്തിലെവിടെയോ ഞാനൊളിച്ചു വയ്ക്കുന്നു.
മഴയുടെ കനിവില്ലാത്ത
വിളറിയ പ്രഭാതത്തിന്റെ കണ്ണാടിയിൽ
എന്റെ കൺകീഴിലെ ഇരുളിലേക്ക്
ഞാൻ നോക്കി നിൽക്കുമ്പോൾ,
ജാലകച്ചില്ലിന്മേലവശേഷിച്ച
മഴതുള്ളികൾ ഒരു ഗ്രാഫ് വരയ്ക്കുന്നു.
പുകച്ചുരുളുകൾ പോലെ
അൽപയുസ്സായ അനന്തതയിലേക്കുയരുന്ന
ഒരു എക്സ്പൊണെന്ഷ്യൽ ഗ്രാഫ്.