കേരളസർക്കാരിന്റെ ഔദ്യോഗികഭാഷ സംബന്ധിച്ച ഉന്നതതലസമിതിയിലേക്ക് പ്രമുഖ സാഹിത്യവിമർശകനും ‘അക്ഷരജാലകം’ പംക്തീകാരനുമായ ഡോ.എം.കെ.ഹരികുമാറിനെ തിരഞ്ഞെടുത്തു.ഡോ.സുനിൽ പി. ഇളയിടം. ഡോ.ഷീബാദിവാകരൻ , ഡോ.ജെയിംസ് മണിമല ,ഡോ.എം.എം.ബഷീർ എന്നിവരാണ് പുന:സംഘടിപ്പിച്ച സമിതിയിലെ മറ്റംഗങ്ങൾ. കേരള സർക്കാരിൻ്റെ ഔദ്യോഗിക ഭാഷാനയം നടപ്പാക്കുന്നതിനും ഭാഷാമാറ്റം അവലോകനം ചെയ്യുന്നതിനും, ഭാഷാ നയപരിപാടിയിലെ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുമാണ് സമിതി പ്രവർത്തിക്കുക.മുഖ്യമന്ത്രി അധ്യക്ഷനും സാംസ്കാരികമന്ത്രി ഉപാധ്യക്ഷനുമാണ് .
നാല് പതിറ്റാണ്ടിലേറെയായി സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന എം.കെ.ഹരികുമാർ വിമർശനം ,നോവൽ ,കവിത ,കഥ ,അക്ഷരജാലകം എന്നീ വിഭാഗങ്ങളിലായി മുപ്പത്തിരണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മംഗളം ,കേരളകൗമുദി എന്നിവിടങ്ങളിൽ പത്രാധിപസമിതിയംഗമായിരുന്നു. കലാകൗമുദിയിൽ ഔദ്യോഗിക കോളമിസ്റ്റായിരുന്നു. മെട്രോവാർത്തയിൽ ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന ‘അക്ഷരജാലകം’ ദീർഘകാലമായി തുടരുന്ന സാഹിത്യപംക്തിയാണ്.