കലിറോഡിൻ കേറ്റംകയറി
എന്നും നടന്നുവരുമൊരു പേരവടി
എല്ലുന്തിവളഞ്ഞൊരു ദേഹം
വേച്ച് വെച്ചുള്ള നടത്തം
നിശ്ചലം നീലിമ കലർന്ന
ചുണ്ടുകൾ
കനലുംഅഴലും ചേർന്ന്
മിഴികൾ
അന്നും നടന്നുവന്നൂ
ചെറാക്കുളത്തിൻ
കശുമാവിൻ തോപ്പോരംചേർന്ന്
കല്ലിൽത്തട്ടി,
മണ്ണിൽക്കുത്തി
ഒരൂമപ്പെണ്ണിൻ കരസ്പർശത്താൽ
അവളായ് അവളുടെരവമായ്
മാറിയൊരു പേരവടി
സൂര്യനുമപ്പോൾ ആൽത്തറ മുകളിലെ
ഇലകളെച്ചുട്ടുകരിക്കും ദൂരം
പള്ളിക്കാടും കാടുപിടിച്ച്
കിടക്കുംത്തോപ്പും
കാറ്റിനെത്തേടി കരയും നേരം
അതിനാലേറിയ ക്ഷീണത്താലവൾ
നിന്നു കിതച്ചൂ
വാടി വിളർത്തൂ
അതുകണ്ടവളുടെ
പേരവടിക്കെ
അവളെ വേഗം
ചേർത്തുപിടിച്ചു മൊഴിഞ്ഞു
പാമ്പുകൾ മേയും കുറ്റിക്കാടുകൾ
വകഞ്ഞ്മാറ്റിപ്പോവുക നാം
അന്നന്നത്തേക്കുള്ള വകയ്ക്കായ്
തേടിത്തേടിപ്പോവുക നാം
ചുള്ളിക്കമ്പുകളൊടിച്ചു കൂട്ടി
കെട്ടിത്തലച്ചുമടാക്കേണ്ടേ
പെറുക്കിസഞ്ചിയിലാക്കേണ്ടേ
കൊഴിഞ്ഞ് വീണു കിടക്കും
തേങ്ങകൾ, കശുവണ്ടികൾ
ജാതിക്ക
പൊടുന്നനെവന്നാക്രോശത്തിൻ
അലയടിശബ്ദം ദൂരെ ദൂരെ
കള്ളി കള്ളി പെരുങ്കള്ളി
ഇതെന്റെ പറമ്പാണറിയില്ലേ
പിടിച്ചുകെട്ടിയിടും ഞാൻനിന്നെ
പട്ടിയെ വിട്ടുകടിപ്പിക്കും
ഊമപ്പെണ്ണവൾ ഒന്നുംകേൾക്കാതേതോ
ചിന്തയിലതിശയം പൂണ്ടു
ഒന്നും രണ്ടും ചൊല്ലിച്ചൊല്ലി
പേരവടിയോടൊപ്പം നിന്നു
അപ്പോൾ ആളിയ ദേഷ്യത്താലൊരു
പട്ടിയെവിട്ടു കുരപ്പിച്ചവളെ
പേടിപ്പിച്ചു ചിരിച്ചു രസിച്ചു
ഒരുകാട്ടാള പ്രഭുജന്മം
മറിഞ്ഞുവീണു പാവംപെണ്ണവൾ
ഒഴിയാജീവിതഭാണ്ഡക്കെട്ടും
തെറിച്ചുവീണു പേരക്കാവടി
അവളെ പിരിഞ്ഞകന്നു
ഉണർന്നനേരം ഊമപ്പെണ്ണവൾ
തിരഞ്ഞതാവടി മാത്രം
കിട്ടിയതില്ല വേദനതിന്നു
രണ്ടായ് ജന്മാന്തരബന്ധം
അന്ന്കിടന്നകിടപ്പാണവളാ
മണ്ണിനെപ്പുൽകിയ പേരവടിപ്പോൽ
അടുത്തകല്ലടവേലദിനത്തിൽ
മറമാടിയമണ്ണായ് തീരുവതോളം
എങ്കിലുമിന്നും നട്ടുച്ചയ്ക്ക്
കാതോർത്താലിത് കേൾക്കാമത്രേ
കാട്ടുങ്ങച്ചിറ ദേശത്താകെ
ഒരൂമപ്പെണ്ണിൻ ഒച്ച
കല്ലിൽത്തട്ടി മണ്ണിൽക്കുത്തി
പതിയെ നടക്കും വടിയൊച്ച