മുറ്റത്ത് ഒരു കാർ വന്നു നിർത്തിയ ശബ്ദം കേട്ട് അവൾ അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു. നാത്തൂനും അളിയനും കാറിൽ നിന്നിറങ്ങി രണ്ടു മൂന്നു പെട്ടികൾ പുറത്തെടുത്തു വെച്ചു. കാർ നീങ്ങിയതും, നാത്തൂൻ പെട്ടികൾ തുറന്ന്, ഒരു പെട്ടിയിലേക്ക് കുറെ സാധനങ്ങൾ എടുത്തു വെച്ചു. കുട്ടികളുടെ കൈ പിടിച്ച് അളിയൻ മുറ്റത്ത് തന്നെ നിന്നു. രണ്ടു പെട്ടികൾ എടുത്ത് അകത്തേക്ക് പോകുന്നതിനിടയിൽ നാത്തൂൻ അമ്മയോടായി പറഞ്ഞു:
“എല്ലാം അങ്ങോട്ടെടുത്താൽ ഒന്നും ബാക്കിയുണ്ടാവില്ല”.
അളിയനെ അകത്തേക്ക് വരാൻ വിളിക്കുമ്പോൾ അകത്ത് നിന്ന് നാത്തൂൻ പറഞ്ഞു:
“വേണ്ട ചേട്ടത്തി. ഞങ്ങൾ ചേട്ടൻറെ കൂടെ നേരെ അവിടേക്ക് വരുമെന്നാ പറഞ്ഞത്. സ്റ്റേഷൻ ഇവിടെ അടുത്തായത് കൊണ്ട് ഇവിടെ കയറി ഇതൊക്കെ വെച്ചതാ.”
“എന്നാലും എന്തെങ്കിലും കഴിച്ചിട്ട് പോകാം. അളിയന് വിശക്കുന്നുണ്ടാവും.”
മറുപടി പറഞ്ഞത് മകനായിരുന്നു:
“ഇല്ല മാമി, ഞങ്ങൾ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.”
നാത്തൂൻ പുറപ്പെട്ടു.
“ആങ്ങള വന്നെന്ന് പറഞ്ഞ് പെങ്ങന്മാരൊക്കെ എത്തും. പിന്നെ ഉത്സവമല്ലേ? പോകുമ്പോഴേക്ക് പോക്കറ്റ് കാലിയാകും.”
ഒരോട്ടോ വന്നതും ഒരു പെട്ടി അതിലെടുത്തു വെച്ച് കുട്ടികളെ മടിയിലിരുത്തി അളിയൻ അമ്മയോട് യാത്ര പറഞ്ഞു.
“എല്ലാവരും കൂടെ രണ്ടു ദിവസം കഴിഞ്ഞ് താമസിക്കാൻ വരണേ!”, അമ്മ പറഞ്ഞു.
“രവിയേട്ടനും മിനി ചേട്ടത്തിയും വേണ്ട പോലെ വന്ന് വിളിക്കണം.” പോകുമ്പോൾ നാത്തൂൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
“ആ, ഞങ്ങൾ വരാം”.
എല്ലാവരും കൈ വീശി.
പക്ഷെ മൂത്ത മകൾ രശ്മി, മ്ലാനമായ മുഖത്തോടെ അവർ പോയ വഴിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു. പെട്ടെന്ന് അവളുടെ ശ്രദ്ധ തിരിക്കാൻ മിനി അവളോട് പറഞ്ഞു,
“ദേ, അച്ഛമ്മേടെ ചെടിയൊക്കെ വാടീല്ലോ. രശ്മി മോളിന്ന് വെള്ളം ഒഴിച്ചില്ലേ? ബക്കറ്റിൽ വെള്ളമുണ്ട്. രശ്‌മീം രോഷ്‌നീം എല്ലാ ചെടിക്കും വെള്ളം കൊടുക്ക്. തുളസിയൊക്കെ ചെരിഞ്ഞു പോയി”.
രണ്ടു പേർക്കും കവിളിൽ ഉമ്മ കൊടുത്തു. ബക്കറ്റിന്റെ അടുത്തു കൊണ്ടു പോയി ഓരോ മഗ്ഗിൽ വെള്ളം കൊടുത്തു. തിരിയുമ്പോൾ, ഗേറ്റ് കടന്ന് ഭർത്താവു വരുന്നതു കണ്ട് അവൾ അങ്ങോട്ട് ചെന്നു. ഈ നേരത്ത് വരാറില്ലല്ലൊ. നടക്കുന്നതും അല്പം ക്ഷീണത്തോടെ. വേഗം അകത്തു കയറി അയാൾ പറഞ്ഞു:
“വല്ലാത്ത തലവേദന. നീയൊരു കട്ടനിടൂ. ഞാനല്പം കിടക്കട്ടെ.”
“മിനി, അതാരാ വന്നത്?” അകത്ത് നിന്നും അമ്മ വിളിച്ചു ചോദിച്ചു.
“രവിയേട്ടനാണമ്മേ. തല വേദനിച്ചിട്ട് അല്പം നേരത്തെ വന്നതാ.”
കട്ടനുമായി വരുമ്പോൾ രശ്മി അച്ഛനോട് പറയുകയാണ്: “അച്ഛാ, പത്മ ചെറിയമ്മേം ആനന്ദ് ചെറിയച്ഛനും ദിനുവും ജനിയും ഉത്സവത്തിന് പോയി.”
രവി മിനിയുടെ മുഖത്തേക്ക് നോക്കി. “അച്ഛന് തല വേദനയാ. കുറച്ച് ഉറങ്ങട്ടെ. മോളും രോഷ്‌നീം ചെടിക്ക് നനക്ക്.”
കുട്ടികളെ വീണ്ടും ചെടികളുടെ അടുത്തേക്ക് കൊണ്ട് വിട്ട് അവൾ ഭർത്താവിന്റെ അടുത്തിരുന്നു. അവളുടെ മുഖ ഭാവം കണ്ട് അയാൾ പറഞ്ഞു:
“നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? എനിക്കിടക്കിങ്ങനെ തലവേദന വരാറുണ്ട്. അപ്പോൾ മോഹനൻറെ തട്ടുകടേന്ന് ഒരു കട്ടൻ കാപ്പി കുടിച്ച് മുഖം കഴുകിയാൽ പോകും. ഇന്ന് മോഹനൻ വന്നിട്ടില്ല. പിന്നെ ഒരല്പം ക്ഷീണവും തോന്നി. നാരായണേട്ടനോടു പറഞ്ഞു നേരത്തെ ഇറങ്ങിയതാ.” അതും പറഞ്ഞു അയാൾ തിരിഞ്ഞു കിടന്നു.
രാവിലെ ആയിട്ടും അയാൾ എഴുന്നേൽക്കാൻ കഴിയാതെ കിടക്കുന്നത് കണ്ട് അവൾ പറഞ്ഞു,”നമുക്ക് ആശുപത്രിയിൽ പോകാം”.
അടുത്ത വീട്ടിലെ ശശിയെ വിളിച്ച് മൂന്നു പേരും ഒരോട്ടോയിൽ ആശുപത്രിയിലെത്തി. ഡോക്ടർ കാര്യമായി തന്നെ നോക്കി. ചില ടെസ്റ്റുകൾ എഴുതി. അവളുടെ കൈയിൽ എല്ലാത്തിനും വേണ്ട പണമില്ലെന്ന് മനസ്സിലാക്കി ശശി പറഞ്ഞു:
“ഞാൻ നാരായണേട്ടനോട് ചോദിക്കട്ടെ.”
എല്ലാം ശശി തന്നെ പെട്ടെന്ന് ചെയ്തു. മരുന്നുകളും വാങ്ങി. ആശുപത്രിയിൽ നിന്നും പോരാൻ നേരത്ത് ഡോക്ടർ അവളുടെ ചുമലിൽ ഒന്ന് കൈ വെച്ചു. പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ രണ്ടു മൂന്നാഴ്ചകൾ കഴിഞ്ഞു മനസ്സിലായി, വളരെ വൈകിപ്പോയിരുന്നു.
അച്ഛനമ്മമാരോടൊപ്പം സ്വന്തം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവൾ അറിഞ്ഞു, താനിവിടെ ഒരധികപ്പറ്റാണ്. വല്യേട്ടന്റെയും ചേട്ടത്തിടെം മുറി കഴിഞ്ഞാൽ രണ്ടു മുറികളേ വീട്ടിലുള്ളൂ. ഒരു മുറി ചേട്ടത്തീടെ സങ്കൽപ്പത്തിനനുസരിച്ചുള്ള സ്വീകരണ മുറിയാക്കി. മറ്റേ മുറി അച്ഛനും അമ്മയ്ക്കും ചേട്ടന്റെ കുട്ടികൾക്കും. ബാക്കിയുള്ളത് അടുക്കള മാത്രം. ചെറിയേട്ടൻ വല്യേട്ടനുമായി പിണങ്ങി താമസം ഭാര്യവീട്ടിലാണ്. വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടികളെ സ്കൂളിലയക്കാൻ പറ്റിയില്ല. കൂടെ വരാൻ വല്യേട്ടന് സമയമില്ല. അവർ ഇന്ന് രാവിലെ പുറത്തിറങ്ങുമ്പോൾ അച്ഛനോട് പറയുന്നത് കേട്ടു,”ഞങ്ങൾ ഉത്സവത്തിന് പോകുന്നു. രാത്രി ഇന്ദിരേടെ വീട്ടിൽ താമസിച്ച് നാളെയേ വരൂ.”
“മോനേ, അപ്പോൾ മീൻ വാങ്ങണ്ടേ? എല്ലാവരും ഇല്ലേ ? ” ഉദേശിച്ചത് തന്നെയും കുട്ടികളെയുമാണെന്ന് മിനിക്ക് മനസ്സിലായി. വല്യേട്ടൻ പോക്കറ്റിൽ നിന്നും നൂറു രൂപ അച്ഛന്റെ കൈയിൽ കൊടുക്കുമ്പോൾ ഇന്ദിരേച്ചി മുറുമുറുക്കുന്നുണ്ടായിരുന്നു, “ഒരു ദിവസം മീനില്ലെങ്കിൽ ചത്തു പോകുമോ?”
രശ്മി അടുത്തു വന്നു പറഞ്ഞു:”അമ്മേ, നമുക്കും ഉത്സവത്തിന് പോകാം.”
“വേണ്ട മോളെ, പോകാൻ പറ്റില്ല.” അവൾ ശാഠ്യം പിടിച്ചു. വല്യേട്ടനും ചേട്ടത്തീം കുട്ടികളും ഇറങ്ങുമ്പോൾ അവൾ പറഞ്ഞു:
“എനിക്കും പോണം.” കുട്ടിയെ കൂടുതലൊന്നും പറഞ്ഞു മനസ്സിലാക്കാൻ പറ്റിലെന്നറിയുന്നതു കൊണ്ട് അവൾ തല്ക്കാലം പറഞ്ഞു.
“ഉത്സവത്തിന് പോകാൻ നല്ല ഉടുപ്പൊക്കെ വേണം. പിന്നെ പോകാം. നമുക്ക് ഇന്ന് സ്കൂളിലേക്ക് പോകണം. ടി.സി. വാങ്ങി ഇവിടുത്തെ സ്കൂളിൽ ചേരണം.”
അച്ഛനോടും അമ്മയോടും വിവരം പറഞ്ഞു. അവളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി രണ്ടു സ്കൂളുകാരും സഹകരിച്ചു. കുട്ടികളെ ക്ലാസ്സിലിരുത്തി പുറത്തിറങ്ങിയപ്പോൾ അടുത്തുള്ള വലിയ വീടുകൾ ശ്രദ്ധയിൽ പെട്ടു. ഒന്നിൽ കയറി അവൾ അടുക്കള ഭാഗത്ത് ചെന്നു ചോദിച്ചു:
“നിങ്ങൾക്ക് വീട്ടു ജോലിക്കാരിയെ വേണോ?”
വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ അവർക്ക് താല്പര്യമുണ്ട്. എല്ലാ വീടുകളിലും ചോദിച്ചു. സൗകര്യങ്ങളെല്ലാം അനുസരിച്ച് നാലു വീടുകളിൽ പോകാൻ അവൾ തീരുമാനിച്ചു. അച്ഛനോടും, അമ്മയോടും, വല്യേട്ടനോടും പറഞ്ഞപ്പോൾ എല്ലാവരും ഒച്ച വെച്ചു. പക്ഷെ അവൾ പക്വതയോടെ വിശദീകരിച്ചു.
“കുട്ടികൾക്ക് പുസ്തകം, വസ്ത്രം, മറ്റു ചിലവുകൾ – എല്ലാം കൂടെ വല്യേട്ടൻ വിഷമിക്കും. അഭിമാന പ്രശ്നവും ആളുകളുടെ വിമർശനവുമെല്ലാം കുറച്ചു ദിവസമേ ഉണ്ടാവൂ”.
മനസ്സില്ലാമനസ്സോടെ എന്ന ഭാവത്തിൽ വല്യട്ടേൻ സമ്മതിച്ചു.
പോയി തുടങ്ങിയപ്പോൾ അവൾ അതുമായി പൊരുത്തപ്പെട്ടു. ഇനി രാത്രി വീട്ടിൽ വെച്ചു ചെയ്യാവുന്ന എന്തെങ്കിലും തൊഴിൽ ശരിപ്പെടുത്തണം. മെഴുകുതിരി നിർമ്മാണം, നോട്ടുബുക്ക് ബൈൻഡിങ്ങ്, ഡിസ്പോസബിൾ പാത്രങ്ങൾ – എന്തിന്റെയെങ്കിലും പരിശീലനം നേടണം. എന്നിട്ട് അച്ഛനെയും അമ്മയെയും കൂട്ടി വേറൊരു വീട്ടിലേക്ക് മാറണം. ഒരു മാസം കഴിഞ്ഞ് ശമ്പളം കിട്ടിയപ്പോൾ കുട്ടികൾക്ക് രണ്ടു പേർക്കും നല്ല രണ്ടുടുപ്പുകളും അടിവസ്ത്രങ്ങളും വാങ്ങി. സാധാരണ കുട്ടികളെ പോലെ തന്നെ അവർ സ്കൂളിൽ പോകണം. പഴയ വിഷമങ്ങളെല്ലാം പെട്ടെന്ന് മറന്നു കൊള്ളും.
“ഉടുപ്പ് കണ്ടപ്പോൾ രശ്മി ചോദിച്ചു: ഇതിട്ട് നമുക്ക് ഉത്സവത്തിന് പോകാം അല്ലേ?”
മിനിയുടെ മനസ്സ് പിടഞ്ഞു പോയി. മോളൊന്നും മറന്നിട്ടില്ല. പക്ഷെ മുഖത്ത് ഭാവമാറ്റം കാണിക്കാതെ പറഞ്ഞു: “ആ, പോകാം.”
പക്ഷെ പെട്ടെന്ന് തന്നെ ഇളയ മകൾ രോഷ്‌നി ചോദിച്ചു: “എവിടെയാണുത്സവം?”
വളരെ സ്വാഭാവികമായി മിനി അവളെ തഴുകി പറഞ്ഞു: “ഉത്സവം അമ്പലങ്ങളിലുണ്ടാവും, പള്ളികളിലുണ്ടാവും. സ്കൂളിൽ യുവജനോത്സവമുണ്ടാകും. വായനശാലയിലും ലൈബ്രറികളിലും പുസ്തകോത്സവമുണ്ടാകും. പിന്നെ വലിയ ഹാളുകളിൽ വെച്ചു കലോത്സവമുണ്ടാകും. നൃത്തം, പാട്ട്, ചിത്രം വരയൽ അതിന്റെയൊക്കെ…”
പറഞ്ഞു തീർത്തപ്പോൾ ഉടൻ അവളുടെ രണ്ടാമത്തെ ചോദ്യം വന്നു: “എന്താണുത്സവം?”
അതിനും അല്പം വിശദീകരിച്ച് സാധാരണ മട്ടിലൊരുത്തരം പറയാൻ ആലോചിക്കുമ്പോൾ അവൾ വീണ്ടും ചോദിച്ചു:
“എന്തിനാണുത്സവം?”