ഉള്ളൊഴുക്ക്

നോക്കെത്താ ദൂരത്തെ
ആകാശം പോലെ
വെന്ത് ഉരുകിയ ആയുസ്സിൻ
കൈപ്പുനീർ ഗന്ധവും
കണ്ണുനീരിൻെ ചുവയും
ഇനിയെൻ കൈവെളളയിൽ
പതഞ്ഞു നിൽക്കില്ലാ

നടുനിവർത്താനാകാത്ത
ഇന്നലെകളും
പകച്ചു നിൽക്കുന്ന വിധിയും
കെട്ടിക്കൂട്ടിയ തുന്നൽക്കെട്ടുകൾക്കുളളിലെ
എൻെ സ്വപ്നങ്ങളും
മരീചികയായ്
പച്ചക്കുന്നുകളിൽ
പുതിയ ഉറവകൾ ഒഴുകിത്തുടങ്ങുമ്പോലെ
നോവൊഴിഞ്ഞ മോഹമേഘങ്ങൾ
തോരാമഴയായ് നിൻ ഓർമ്മകൾക്ക് മുകളിൽ
വീണ്ടും പെയ്തിറങ്ങുന്നു,
കുളിരിറ്റും
വിരൽസ്പർശം പകർന്ന
ഉള്ളൊഴുക്കായ്….

തിരുവനന്തപുരം സ്വദേശി. ഒമാനിലെ മസ്കറ്റിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു