ഉള്ളിലെ കഅ്ബയാല്‍ ഗാലിബ് പാടുന്നു

ഖിയാമത്തും മഹ്ശറയും പുലമ്പി
നിങ്ങള്‍ പേടിപ്പെടുത്തുന്നതെന്തിന്?
നിങ്ങളുടെ താടി രോമങ്ങളിലും തലപ്പാവുകളിലുമല്ല
ഇലാഹിന്റെ ഇഷ്‌ക് പൂവിടുന്നതെന്ന് എനിക്കറിയാം.

നരകത്തെയും സ്വര്‍ഗ്ഗത്തെയും കാണിച്ചു
എന്നെ വിറപ്പിക്കാനാവില്ല,
നിങ്ങളുടെ പ്രസംഗങ്ങളില്‍
ജല്ല ജലാലിന്റെ കലാമില്ലലോ

ഇതിലേ നടക്കു, അതിലേ നടക്കരുതെന്ന്
അജ്ഞാപിക്കാന്‍ നിങ്ങളാരാണ്
അര്‍റഹ്മാന്റെ വഴി
എത്ര സുഗന്ധമുള്ളതാണെന്ന്
നിങ്ങള്‍ക്ക് ഒട്ടുമൊട്ടുമറിയില്ല.

മരണത്തെയും ഖബറിനെയും
കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞ്
ഭീതിപ്പെടുത്തുന്നതു തന്നെ
ശരിക്കുമുള്ള അല്‍ ലത്തീഫിനെ
അറിയാത്തതുകൊണ്ടാണ്.
.
നിങ്ങള്‍ കേട്ടിട്ടില്ല
പടച്ചോന്റെ അത്ഭുതങ്ങള്‍ക്കായ്
പ്രകൃതിയെ വായിക്കാന്‍ പറഞ്ഞ
സൂഫികളുടെ വാക്കുകള്‍.

വെറുതെയല്ല
ഗാലിബ്* പിഴച്ചു പോയത്,
മുന്‍വിധിയില്ലാതെ ആലമിന്റെ
ഉടയോനെ കണ്ടത്,
കഅ്ബ കാണാതെ
”ഉറപ്പാണ്
നിന്നെക്കുറിച്ച് എഴുതുമ്പോള്‍
എനിക്ക് ചിറകു മുളയ്ക്കുന്നു
സൂര്യനോടൊപ്പം തന്നെ ചന്ദ്രനെയും
നക്ഷത്രങ്ങളെയും എനിക്ക് കാണാനാവുന്നുണ്ട് ‘
മീന്‍ കുഞ്ഞുങ്ങള്‍ ചാറ്റല്‍മഴയില്‍
കുളിക്കുന്നത് കാണാനാവുന്നുണ്ട്
ഞാന്‍ നോക്കി നില്‍ക്കേ
പറന്നകലുന്ന എന്നെ കാണാനാവുന്നുണ്ട്”***
എന്ന് വരികളാല്‍
ത്വവാഫ് ചെയ്തത്.

ഇലാഹ്, നീ മൗനം വെടിയു
കുല്‍ എന്ന നാദത്തില്‍
മരുഭൂ ഹൃദയങ്ങളെ തളിര്‍പ്പിക്കു.


  • * മിര്‍സാ ഗാലിബ്
    ** മിര്‍സാ ഗാലിബിന്റെ വരികള്‍
എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് ജനിച്ചു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ കേബിള്‍ ടിവി ചാനലില്‍ വാര്‍ത്താ വിഭാഗത്തില്‍ ജോലി ചെയ്യുന്നു.നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റിന്റെ സാഹിത്യ പുരസ്‌കാരം, സംസ്‌കാര സാഹിതി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ആദ്യ കവിതാസമാഹാരം 'ബാംസുരി. 'അകബറോവ്‌സ്‌കി'ആണ് അവസാനമായി പുറത്തിറങ്ങിയ കവിതാസമാഹാരം. 'പല പല വെട്ടങ്ങള്‍' എന്ന കവിതാ സമാഹാരം എഡിറ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കവിതകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 'ഇലകള്‍ തൊട്ട് കാടിനെ വായിക്കുന്നു' എന്ന പേരില്‍ 2022-ല്‍ കാടനുഭവങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കവിതകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.