ഉല്ലാസത്തിന്റെ അപ്പോത്തിക്കരി

പച്ചയായ വെറുമൊരു തമാശ പോലെ ജീവിതത്തെ കണ്ട ആളാണ് പ്രിയപ്പെട്ടവർ കുഞ്ഞിക്ക എന്ന് വിളിച്ചിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള. മമ്മൂട്ടിയുടെ മകൻ ദുൽഖറിനെ കുഞ്ഞിക്ക എന്നാണല്ലോ വിളിക്കുന്നത്. മമ്മൂട്ടിയേക്കാൾ സുന്ദരൻ എന്ന് സ്വയം മേനിപറഞ്ഞിരുന്ന പുനത്തിലിനെ കാണുപ്പോഴൊക്കെ നടൻ മുരളി പാടുമായിരുന്നു 

‘എങ്ങനെ പോകും കുഞ്ഞിക്ക, 

എങ്ങനെ പോകും കുഞ്ഞിക്ക, 

എങ്ങനെ പോകും കല്യാണത്തിന് കുഞ്ഞിക്ക, 

താലിയില്ല മാലയില്ല എങ്ങനെ പോകും കുഞ്ഞിക്ക.’ 

എന്തായിരുന്നു ആ പാട്ടിന്‌ പിന്നിൽ എന്ന് ചോദിച്ചാൽ പുനത്തിൽ കണ്ണിറുക്കി ചിരിച്ചുകൊണ്ട് ‘നി ക്കറിയില്ല’ എന്നായിരുന്നു പറയാറ്. 

ചിത്രകാരൻ നമ്പൂതിരി പണ്ട് ആദ്യമായി കണ്ടപ്പോൾ ‘പുനത്തിൽ കുഞ്ഞബ്ദുള്ളയോ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മകനോ’ എന്നാണ് ചോദിച്ചത്. താനൊരു സുന്ദരനാണെന്ന് പറയാൻ നമ്പൂതിരി പറഞ്ഞകാര്യം പുനത്തിൽ പലയിടത്തും ആവർത്തിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പ്രകൃതത്തിൽ അസാരം നാടൻ നമ്പൂരിത്വം ഉള്ളതായി സേതു പഞ്ഞിട്ടുണ്ട്. പേരുകേട്ടാൽ ഏതോ പ്രായമുള്ള ആളാണെന്ന ഒരു തോന്നൽ ആദ്യമേ ഉണ്ടായിപ്പോയതിനാൽ ‘ആജ്യാരേ’ എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. സേതുവിനെ തിരിച്ച് നായരേന്നും. ജനാബ് ഹാജി പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന ആഢ്യത്വമുള്ള പേര് വച്ച് കഥയെഴുതാൻ വേണ്ടി ഹജ്ജിനു പൊയ്ക്കൂടേ എന്ന് പുനത്തിലിനോട് പലപ്പോഴും സേതു ചോദിക്കുമായിരുന്നുത്രേ. 

ആ നായരുമാപ്പിള കൂട്ടുകെട്ടിന്റെ തടവറയിൽ അവർ ഒരുമിച്ച് ഒരു നോവൽ എഴുതി, നവഗ്രഹങ്ങളുടെ തടവറ എന്ന പേരിൽ. തിരുവനന്തപുരം വഴുതക്കാട്ടെ നികുഞ്ചം എന്ന ഹോട്ടലിലെ വാരാന്ത്യ കൂട്ടുചേരലിൽ പിറന്ന ആശയം പിന്നെ തൃശൂരിലെ ഹോട്ടൽ മുറിയിലിരുന്ന് എഴുതി. സുൽത്താൻ ബത്തേരി ഗവൺമെന്റ് അഥിതി മന്ദിരത്തിൽ താമസിച്ചാണ് എഴുതിത്തീർത്ത്. ഗൾഫിൽ നിന്ന് വന്നിട്ട് വീണ്ടും സർക്കാർ സർവീസിൽ തിരിച്ചു കേറിയ പുനത്തിൽ വയനാട്ടിലെ പനമരത്തും മാനന്തവാടിയിലും പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്‌ടറായിരുന്നിട്ടുള്ളതാണ് ബത്തേരിയിൽ എഴുത്തിന് മുറിയെടുക്കാൻ കാരണം.

സ്വർണ്ണ കണ്ണട, കളറുടുപ്പ്, കട്ടിയുള്ള മാല, കറുപ്പിച്ച് ഒതുക്കിവച്ച  മുടിയും കട്ടി മീശയും. ചുമന്ന ചുണ്ടുള്ള വെളുത്ത് തുടുത്ത് സിനിമാനടനെ പോലൊരാൾ. ആഡംബര പ്രിയനായ ഒരാഘോഷി. കാണാൻ ചേലുള്ള കഥയെഴുതുന്ന ഡോക്‌ടർ. പുനത്തിൽ സ്വയം അവതരിച്ചത് അങ്ങനെയാണ്. പുനത്തിലിന്റെ രചനാരീതിക്ക്‌ അഭിനയ കലയോടാണ് അടുപ്പമുള്ളതെന്നു കെ.പി.അപ്പൻ നിരീക്ഷിച്ചിട്ടുണ്ട്. ‘വായനക്കാരെ കീഴടക്കികൊണ്ടു കുതിച്ചു മുന്നേറുന്ന സാധാരണ വാക്കുകളിൽ സംഗീതം പ്രതിധ്വനിക്കുകയോ ചിത്രകലയുടെ സ്വഭാവം തെളിയുകയോ ചെയ്യുന്നില്ല. അതിനു ബന്ധമുള്ളത് അഭിനയ കലയോടാണ്. കഥാപാത്രങ്ങൾ എഴുത്തുകാരന്റെ ദർശനം വ്യക്തമാക്കാൻ അവരുടെ ഭാഗങ്ങൾ അഭിനയിക്കുന്നു.’ ഇങ്ങനെയാണ് കെ.പി.അപ്പൻ അത് വ്യക്തമാക്കിയിട്ടുള്ളത്. 

കലാകാരൻ പ്യൂരിറ്റൻ അല്ല എന്ന അപ്പന്റെ അഭിപ്രായവും എഴുത്തിൽ സദാചാര നിഷ്ഠകൾ പാലിക്കാതിരുന്ന പുനത്തിലിന് ഏറ്റവും ചേർച്ചയുള്ള സാക്ഷ്യപത്രമായിരുന്നു. മനസിലുള്ളത് മറച്ചുവയ്ക്കുന്ന കപട സദാചാര വാദിയായിരുന്നില്ല പുനത്തിൽ. മാധവിക്കുട്ടിയെ പോലെ ചുറ്റുവട്ടങ്ങളിലുള്ള ജീവിതങ്ങളും മനുഷ്യ മനസിലെ കാമനകളും അദ്ദേഹം എഴുത്തിനു വിഷയമാക്കി. തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു സമൂഹത്തിന്റെ കല്ലേറ് ഏറ്റുവാങ്ങിയവരായിരുന്നു ഇവർ രണ്ടുപേരും. മനുഷ്യന്റെ പെരുമാറ്റ വൈകൃതങ്ങൾക്കും സദാചാര കാർക്കശ്യങ്ങൾക്കും അല്ല, മനസിനാണ് ചികിത്സ വേണ്ടതെന്ന് തിരിച്ചറിഞ്ഞ ഡോക്‌ടറായിരുന്നു പുനത്തിൽ. എഴുത്തിൽ സത്യസന്ധതയല്ല ആത്മാർഥതയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കടന്നുപോയ ജീവിതത്തിന്റെ പച്ചയായ എഴുത്തായിരുന്നു കുഞ്ഞബ്ദുള്ളയുടെ കഥാപ്രപഞ്ചം. കാമവികാരത്തെ പാപ വിചാരത്തിൽ നിന്ന് മുക്തമാക്കിക്കൊണ്ടാണ് അദ്ദേഹം എഴുതിയത്. അരാജകവാദം എന്ന് പേരിട്ടുവിളിക്കുന്നിടത്തോളം എത്തിയ ആ തുറന്ന ജീവിതവും എഴുത്തും, സമൂഹത്തിന്റെ സദാചാരമൂല്യങ്ങളുടെ മേലേ കലാകാരൻ നടത്തിയ അട്ടിമറി ആയിരുന്നു. കന്യാവനകളിലെ റസിയ, ഭജനം പാടിയുറക്കിയ വിഗ്രഹങ്ങളിലെ സാറ തുടങ്ങി അദ്ദേഹത്തിന്റെ ഒട്ടുമിക്ക കഥകളിലേയും നോവലുകളിലേയും സ്ത്രീകഥാപാത്രങ്ങൾ കാമനയുടെ നിറസാന്നിധ്യമാണ്. 

ഇസ്ലാം ആയി ജനിച്ച ഹിന്ദുവാണ് ഞാൻ എന്ന് അദ്ദേഹം പറഞ്ഞത് ആണെന്നോ പെണ്ണെന്നോ വേർതിരിവില്ലാതെ വ്യക്തിജീവിതത്തിൽ സ്വാതന്ത്ര്യത്തോട് തരിമ്പും വിട്ടുവീഴ്ച ചെയ്യാൻ താൽപര്യം ഇല്ലാത്തതിനാലാണ്. ആധുനികതയുടെ അടയാളങ്ങൾ പുനത്തിലിന്റെ രചനകളിൽ വായിച്ചെടുക്കാവുന്നത് ഈ തരത്തിലാണ്. അതേസമയം ഭാഷയുടെ ലാളിത്യവും മിത്തുകളും നാടൻ വിശ്വാസ വിചാരങ്ങളും ചേർത്ത് അദ്ദേഹം സൃഷ്ടിച്ച കഥാപ്രപഞ്ചമാണ് പുനത്തിലിന്റെ പേരിൽ എക്കാലവും നിലനിൽക്കുന്ന സ്മാരകശില. സാധാരണ വായനക്കാർക്കു വരികളിലും ഉയർന്ന വായനക്കാർക്ക് വരികൾക്കിടയിലും പുനത്തിലിന്റെ രചനകളുടെ സൗന്ദര്യം കാണാം എന്നാണ് ഇതേക്കുറിച്ചു അക്‌ബർ കക്കട്ടിൽ പറഞ്ഞിട്ടുള്ളത്. 

പുനത്തിലിന്റെ വിൻസന്റ്‌ വാൻഗോഗ് എന്നൊരു കഥയുണ്ട്. അദ്ദേഹത്തിന്റെ രചനകളുടെ പൊതു വ്യക്തിത്വത്തിൽ നിന്നും മാറിനിക്കുന്ന ഒന്നാണത്. വാൻഗോഗ് എന്ന വിശ്വപ്രസിദ്ധ ചിത്രകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ കാണാൻ എത്തുന്നതാണ് ഇതിവൃത്തം. ലോകത്ത് ഏറ്റവും കൂടുതൽ കൊണ്ടാടപ്പെടുന്ന കലാകാരനായ വാൻഗോഗ് താൻ ജീവിച്ചിരുന്നപ്പോൾ ആരാലും പരിഗണിക്കപ്പെട്ടില്ല എന്ന പരിവേദനവുമായിട്ടാണ് ബഷീറിന്റെ മുന്നിലിരിക്കുന്നത്. ഒരുനേരത്തെ ചൂടുള്ള ആഹാരം കഴിക്കാൻ സാധിച്ചിട്ടില്ലാത്ത, ഒരു കമ്പളി ഉടുപ്പ് തയ്പ്പിച്ചിടാൻ കഴിയാതെ പോയ തന്റെ ജീവിതത്തെ കുറിച്ച് വാൻഗോഗ് പരിതപിക്കുന്നു. എന്നാൽ ബഷീർ അതൊന്നും ശ്രദ്ധിക്കാതെ മെഴുകുതിരി ഊതികെടുത്തി വാതിലടച്ചു പിൻവാങ്ങുന്നു. കലാകാരന്മാരെ അവസാന നാളുകളിൽ പിടികൂടുന്ന ആന്തരിക ശൂന്യതയും നൈരാശ്യവുമാണ് പുനത്തിൽ തന്റെ തന്നെ ജീവിതത്തിന്റെ പ്രവചനം പോലെ കാലങ്ങൾക്കു മുന്നേ എഴുതിവച്ചത്. അജ്ഞാതമായ ഉൾപ്രേരണയാൾ ജീവിതാന്ത്യം  മുന്കൂട്ടി കണ്ടതിനാലാകണം ഉല്ലാസത്തിന്റെ ഉസ്താദായി അദ്ദേഹം അതുവരെയുള്ള ജീവിതം ആഘോഷിച്ചത്.

മുൻകാല പത്രപ്രവർത്തക. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാന്തര ബിരുദവും.