കവിതകൾ സംഭവിച്ചു പോകുന്നിടത്താണ് ആസ്വാദകർ ആത്മാർത്ഥമായും വായനയുടെ സ്വാദ് അനുഭവിക്കുന്നത് . ഇൻസ്റ്റൻറ് വിഭവങ്ങളുടെ ആധുനിക ഇന്നത്തെക്കാലത്ത് നമുക്ക് കവിത വളരെ ലഘുവായി സംഭവിക്കാവുന്ന അവസ്ഥയാണ് ഉണ്ടാക്കിയെടുക്കുന്നത്. കവിത എഴുതാൻ ഇന്നാർക്കും ബുദ്ധിമുട്ടൊന്നുമില്ല. മൊബൈലിൽ ജെമിനിയോ, മെറ്റ എ. ഐ യോ, ചാറ്റ് ജീപ്പീറ്റി യോ ഉണ്ടെങ്കിൽ അവരോട് പറഞ്ഞാൽ മതിയാകും. ഏത് വിഷയത്തെക്കുറിച്ചും കവിതയോ ചെറുകഥയോ തയ്യാര്‍. കേരളം കണികണ്ടുണരുന്നതും ഉറങ്ങുന്നതും കവിതകളിലാണ് എന്ന ഒരു ബോധം ഉണ്ടാക്കിയെടുക്കാൻ ഓൺലൈൻ സോഷ്യൽ മീഡിയകളുടെ അഡിക്ടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് . അഞ്ഞൂറും ആയിരവും അയ്യായിരവും ഫാന്‍സ് ക്ലബുകളിൽ ഇരുന്നു കവിത എഴുതുന്നവർ മുതൽ അറഞ്ചം പുറഞ്ചം ദിവസം മൂന്നുനേരം മൂന്നെന്ന രീതിയിൽ കവിതയെഴുതുന്നവരും സജീവമായ ഒരു ലോകമാണിത്. പക്ഷേ ഇവയിൽ എത്രപേർക്കാണ് ‘കവിത ‘ എഴുതാൻ കഴിയുന്നത് എന്നതൊരത്ഭുതം തന്നെയാണ്. ഗദ്യകവിത എന്ന പ്രസ്ഥാനം വളർച്ച പ്രാപിക്കേണ്ടതിന്നു മറ്റാരേക്കാളും ആവശ്യക്കാര്‍ സോഷ്യൽ മീഡിയ കവികളാണ്. ഈ അസ്വാഭാവികത എന്തുകൊണ്ട് സംഭവിക്കുന്നു എന്നു നോക്കാം. കവിതകൾക്കു നിയതമായ ഒരു ഘടന ഒരു ഘട്ടം വരെ മലയാളത്തിൽ ഉണ്ടായിരുന്നു. പാരായണ ക്ഷമതയുടെ സൗന്ദര്യം മൂലം അവ കാലദേശങ്ങൾ അതിജീവിക്കുകയും ചെയ്തു. പക്ഷേ അത്തരം ഘടനകളിൽ ചെന്നാൽ കവിതയിലെ ആഹ്ലാദ നിമിഷങ്ങളെ സമ്മാനിക്കുവാൻ ഇന്നത്തെ സോഷ്യൽ മീഡിയ കവികളിൽ എത്ര പേർക്ക് കഴിയും ? അതിൻറെ ഉത്തരമാണ് എന്തുകൊണ്ട് ഇന്നാരും, ഓർത്തു വയ്ക്കുന്ന തരത്തിൽ കവിതകൾ കുറിക്കപ്പെടുന്നില്ല എന്ന ചോദ്യത്തിനും ഉള്ളത്.
ഇവിടെ എനിക്കു കവിതകളെക്കുറിച്ച് പറഞ്ഞ് ക്ലാസ് എടുക്കണം എന്ന് അഹങ്കാരം ഒട്ടും ഇല്ല. കുറച്ച് കവിതകൾ നിറച്ച ഒരു കൊച്ചു കവിതാപുസ്തകം, ലൗലി നിസ്സാര്‍ എന്ന കലാകാരിയുടെ ഉറക്കെക്കൂവണം എന്ന പുസ്തകത്തിലെ കവിതകൾ വായിക്കുമ്പോൾ മനസ്സില്‍ അനുഭവപ്പെട്ട കാര്യങ്ങളെ പൊതുവിൽ ഒന്ന് പറഞ്ഞു പോകാം എന്ന് മാത്രം കരുതുന്നു. ഈ കവിതാ പുസ്തകത്തിലെ എല്ലാ കവിതകളും വായിക്കുമ്പോള്‍ അവയില്‍ നിന്നും എടുത്തു പറയാൻ പറ്റിയ ഒന്ന് എനിക്ക് കിട്ടിയില്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. ഒരു ചിത്രകാരി കൂടിയായ കവി എഴുതുന്ന വരികളിൽക്കൂടി വായനക്കാരെ നിശബ്ദവും നിഗൂഢവുമായ വാങ്മയ ചിത്രങ്ങൾ കാണിച്ചുകൊണ്ടു കൂടിയാണ് പോകുന്നത് എന്ന കാര്യം പ്രത്യേകം ഓർമിപ്പിച്ചു കൊണ്ട് തന്നെ കവിതകളെ ഒന്ന് പരിശോധിച്ചു നോക്കി. മരണത്തിൻറെ തണുത്ത നനവും ഇരുണ്ട നിറവും ഒഴുകി പരന്നു കിടക്കുന്ന, ജീവിതസായാഹ്നത്തിൽ എത്തിയ ഒരു സ്ത്രീയുടെ മനസ്സും ചിന്തയും. എങ്ങനെയായിരിക്കും താൻ അഭിമുഖീകരിച്ച ലോകവും ജീവിതവും എന്നു അടയാളപ്പെടുത്തുവാൻ ഉപയോഗിക്കുന്നൊരു പശ്ചാത്തലം കവിതകള്‍ക്ക് കാണാം . അത്തരമൊരു തലത്തില്‍ നിന്നുള്ള കവിതകളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്. തലക്കെട്ട് കണ്ടാൽ ആദ്യം ഓർക്കുക അനീതികളോടും അസമത്വങ്ങളോടും രാജി പ്രഖ്യാപിക്കാൻ കഴിയാത്ത ഒരാളുടെ പ്രതികരണങ്ങൾ ആകാം കവിതകളിലൊന്നാണ്. ശരിയാണ് പ്രതികരണങ്ങൾ തന്നെയാണ് പക്ഷേ അത് രാഷ്ട്രീയമോ സാമൂഹികമോ ആയ ആശയങ്ങള്‍ നൽകുന്ന കാഴ്ചപ്പാടുകളുടെ നേർക്കുള്ള പ്രതികരണം അല്ല മറിച്ച് ഓരോ സ്ത്രീയുടെയും ആത്മാവിനോടുള്ള സമരപ്രഖ്യാപനം ആണ് .
തീർച്ചയായും ഈ വേനലിൽ നിന്നെന്നെ ഞാൻ ഇതാ പുറത്തേക്ക് എടുക്കുകയാണ് എന്ന പ്രഖ്യാപനം തന്നെ ആണ് ഇവിടെ നടക്കുന്നത്. അമർത്തിവെച്ച ആത്മസംഘർഷങ്ങളുടെ ബഹിര്‍സ്ഫുരണമാണിത് പക്ഷേ അവിടെ ഒരിക്കലും പ്രണയത്തിൻറെയോ കാമത്തിന്റെയോ വിഷപ്പുക വായനക്കാര്‍ക്ക് ശ്വസിക്കേണ്ടി വരുന്നില്ല . ആത്മാവ് സംസാരിക്കുന്നത് കേൾക്കാൻ കഴിഞ്ഞിട്ടുണ്ടോ? ശ്രമിച്ചിട്ടുണ്ടോ… ഇല്ലെങ്കിൽ ഒരുപക്ഷേ ഈ കവിതകളെ നിങ്ങൾക്ക് വേണ്ട വിധത്തിൽ സമീപിക്കാൻ ആകാതെ പോകും. പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കുമെന്ന് ശുഭാപ്തിവിശ്വാസമൊന്നും ഈ കവിതകളിൽ കവി പങ്കു വയ്ക്കുന്നില്ല. എന്നാൽ ഇവിടെ നാം ജീവിച്ചിരുന്നെവെന്നും നാം എന്തായിരുന്നു എന്നും സഹജീവികളോട് നാം നീതി പുലര്‍ത്തിയിരുന്നുവോ ശരിക്കും എന്നത് അറിഞ്ഞിരിക്കണം എന്നൊരു നിര്‍ബന്ധം കവിതകള്‍ക്കുണ്ട് . തീർച്ചയായും കാലം അർഹിക്കുന്നത് തന്നെയാണ് എല്ലാ കവിതകളും . എല്ലാ കവിതകളും മികച്ചതാണെന്ന് അവകാശവാദം ഉയർത്താൻ കഴിയില്ല. നല്ല എഴുത്താളികള്‍ പോലും പലപ്പോഴും പതം പറഞ്ഞു പോകുന്ന എത്രയോ കാഴ്ചകള്‍ സാഹിത്യത്തിന് പരിചിതമാണല്ലോ. അതിനാൽ 32 കവിതകളും മികച്ചതെന്ന് പറയാനില്ല. പക്ഷേ വായിക്കുമ്പോൾ അറിയാതെ നാവിൽ ഈണവും താളവും കടന്നു വരുന്ന കവിതകൾ ഇതിലുണ്ട്. വെറുതെ പറഞ്ഞു പോകുന്നവരും പറയുന്നത് നിങ്ങൾ അറിഞ്ഞിരിക്കണം എന്ന് പറയുന്നവയും ഒക്കെച്ചേര്‍ന്ന് കവിതകളുടെ ഒരു സമ്മിശ്രവികാരം ഈ പുസ്തകം പങ്ക് വയ്ക്കുന്നു .
അക്ഷരത്തെറ്റുകൾ ഒരു എഡിറ്ററുടെ അഭാവം വിളിച്ചുപറയുന്നുണ്ട്. എങ്കിലും, മൊത്തത്തിൽ നല്ല ഒരു ഒതുക്കമുള്ള ചട്ടക്കൂട്ടിൽ കവിതകളെ അണിയിച്ചൊരുക്കി പ്രസാധകര്‍ പങ്ക് വയ്ക്കുന്നു. കൂടുതൽ വായിക്കപ്പെടാൻ അർഹതയും ആർജ്ജവമുള്ള വരികളുടെ ഉടമയാണെന്ന് ബോധ്യവും സമ്മാനിക്കുന്ന ലൗലി നിസ്സാറില്‍ നിന്നും ഉറക്കെ ഉറക്കെയുള്ള കൂവലുകൾ ഇനിയും സംഭവിക്കട്ടെ.
ഉറക്കെക്കൂവണം (കവിതകള്‍ )
ലൗലി നിസ്സാർ
മഞ്ജരി ബുക്സ്
വില 100 രൂപ