ഉറക്കിന്റെ രഹസ്യമൊഴി

അന്തിമാഞ്ഞിരുൾ നേരം
 കണ്ണിൽ ഉറക്കുവന്ന്
 വിങ്ങിനിൽക്കുന്ന
 വീർപ്പുമുട്ടലിന്റെ രോദനം

 കൺപോള തുറന്നകത്തു
 കേറി കിടന്നിട്ടും
 ഉറക്കിൻ ചില്ലകളെ ഉണർത്തി
 യൂട്യൂബിലേക്കെറിഞ്ഞു തളർത്തി

 പാതിരാ നേരത്തും
 സമൂഹമാധ്യമ തരംഗങ്ങൾ
 സിരകൾ തോറും
 പടർന്നിറങ്ങി ജ്വലിച്ചു

 നിദ്ര ചുരന്ന കൺപോളകൾ
 ഉറങ്ങാൻ കഴിയാതെ
 മിഴിചിമ്മി നിന്നു

 കണ്ണിതളുകൾക്കു
 കരയാൻ കഴിയാതെ
 ഭ്രാന്തമായി
 പൊട്ടിപ്പൊട്ടി നിലവിളിച്ചു

 കാലത്തിന്റെ കലണ്ടറിൽ
 ചിന്തയുടെ മാറ്റങ്ങളിൽ
 അവധി നേരമില്ലാത്തതിനാൽ
 പ്രതീക്ഷയുടെ ചുവന്ന
 കോളങ്ങളിലും
 അഴുകിപുഴുത്ത
 ദർശനത്തിന് സാക്ഷിയായി
 സ്വയം ബലി നൽകി

 ശവ കച്ചയിൽ മൂടിയ
 ഉറക്കിന്റെ ജഡം
 കുഴിച്ചുമൂടിയതും
 ഇത്തരം ലഹരിയുടെ
 മണ്ണിലാണ്.

മലപ്പുറം മുണ്ടുപറമ്പിലാണ് സ്വദേശം. ഇരുമ്പുഴി ഹൈസ്കൂളിൽ ഗസ്റ്റ്‌ പോസ്റ്റിൽ ഹിന്ദി അദ്ധ്യാപികയായി ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട് .