ഉരുൾ

പെരുമഴത്തുള്ളികൾ ചരലുകൾ കണക്കെ ശരീരത്തിൽ വന്നു വീഴുമ്പോൾ വല്ലാത്ത നോവു തോന്നി. തണുപ്പാണ്… അകവും പുറവും. കോച്ചിവലിക്കുന്ന തണുപ്പ്. വല്ലാത്ത ഒരു ഭാരക്കുറവ് തോന്നുന്നു. ചുറ്റുമൊഴുകുന്ന വെള്ളത്തിൽ മഴ താളമിടുന്ന ശബ്ദം ഉച്ചസ്ഥായിയിലാവുന്നു. എങ്ങും ഇരുട്ട് മാത്രം.

മഴ, കഴിഞ്ഞ കുറച്ച് നാളുകളായി, ഭയമാണ് പെയ്തിറങ്ങുന്നത്. സർവ്വതും ഒഴുക്കിക്കൊണ്ടു പോയ പുഴ ജീവൻ മാത്രം ബാക്കി തന്നു.

ഓണത്തിന്, വേണി കുട്ടികളോടൊപ്പം, അവളുടെ വീട്ടിലായിരുന്നു. ഇന്നും നടുക്കത്തോടെ മാത്രം ഓർമ്മയിലെത്തുന്ന മലവെള്ളപ്പാച്ചിൽ

തണുപ്പ് , ശരീരത്തിൻ്റെ ഓരോ അണുക്കളിലേക്കും തീപ്പന്തം പോലെ കുത്തിയിറക്കപ്പെട്ടു. കാലാന്തരങ്ങൾ,സമയം, ഒന്നും നിശ്ചയിക്കാനാവാത്ത തരത്തിലുള്ള കനത്ത ഇരുട്ട്.

ആ ഇരുട്ടിൽ നിന്നും, അന്ന് പുലർച്ചയിലേക്ക് സിദ്ധാർത്ഥൻ വീണ്ടും ഉറക്കമുണർന്നു. കമ്പിനി മീറ്റിങ്ങ് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ അയാൾ, റോഡ് സൈഡിൽ കാർ ഒതുക്കി. കുറച്ച് നേരത്തേയായോ? കാറിൻ്റെ ഗ്ലൗവ് ബോക്സിൽ കരുതിയിരുന്ന കുപ്പിയും ഗ്ലാസ്സും പുറത്തെടുത്തു. മഴയുടെ ഭംഗി ആസ്വദിക്കാനാവുന്നില്ല. അയാൾ രണ്ടാമത്തെ പെഗ് ഒഴിച്ചു, ഒറ്റ വലിക്ക് അതും കഴിച്ചു. കാർ സ്റ്റാർട്ട് ചെയ്തു.

ഇനിയും എത്രയോ ദൂരം പോകേണ്ടിയിരിക്കുന്നു. അടുത്ത പട്ടണത്തിൽ നിന്നും രേവതി കയറും. മലകളുടെ വശ്യഭംഗി വയനാടൻ ചുരങ്ങളിൽ നിന്നും വത്യസ്തമാണ് ഇടുക്കിയുടേത്. ത്രസിപ്പിക്കുന്ന ഒരു ഊർജ്ജം ഉണ്ടതിന്. ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ രേവതി പറഞ്ഞത് സിദ്ദുഓർത്തു.

“രണ്ടു ദിവസം… ഒരു രാത്രി. യാത്ര കുറയ്ക്കണം. നിൻ്റെ കൈകൾ സ്റ്റിയറിംഗിൽ അധികം ചുറ്റി പിണയുന്നത് എനിക്ക് സഹിക്കില്ല.
അതിനോട് എനിക്ക് അസൂയയാവും”
മഴ നനഞ്ഞ വഴിയോരത്ത്, ചാറ്റൽ മഴയുടെ തിരശ്ശീലയ്ക്കപ്പുറം കുട ചൂടി നിലക്കുന്ന രേവതി. വണ്ടിയിൽ കയറിയ ഉടനെ അവൾ മാസ്ക് ഊരി കുടയ്ക്കൊപ്പം ബാക് സീറ്റിലേക്കു വലിച്ചെറിഞ്ഞു.

“മടുത്തു. എത്ര നാളാണന്ന് കരുതിയാണ് ഈ മറകൾ. ഭീഷണിയാണ് എങ്ങും, ഭയപ്പെടുത്തലും. മരണം അതിനെ ആർക്ക് തടയാനാവും എന്നിട്ടും ,മറകൾ…”

കൈ നീട്ടി അവൾ സിദ്ദുവിൻ്റെ മാസ്ക് ഊരിയെടുത്ത് പുറകിലേ സീറ്റിലേക്ക് ഇട്ടു. പുറത്തെ മഴയുടെ മറവിൽ, കാറിലിരുന്ന് അവർ ചുണ്ടുകൾ കോർത്തു. മഴയുടെ താളം മുറുകി. ചൂട് നിശ്വാസം കാറിൻ്റെ ചില്ലുകളെ മൂടുപടം അണിയിച്ചു’

ഇറങ്ങാൻ നേരം വേണുവാണ് കുടയെടുത്തു തന്നത്. ദൂരെ, നോക്കിയ രേവതിയുടെ കണ്ണുകൾ, ചില്ലിലെ മഞ്ഞ് മറയിൽ തട്ടി നിന്നു.

തെറ്റാണന്ന് തോന്നുന്നുവെങ്കിൽ, നിനക്ക് ഇപ്പഴ് ഇറങ്ങാം വണ്ടി അനങ്ങിയിട്ടില്ല. സിദ്ദുവിൻ്റെ സ്വരത്തിൽ ചെറിയ ഒരു ഈർഷ്യ കലർന്നിരുന്നു.

“നിനക്കല്ലേ കുറ്റബോധം ഈ വരവിന് മുൻപ് നീ കോമ്പൻസേഷൻ നടത്തിക്കാണും എന്ന് എനിക്ക് ഉറപ്പാണ്”  രേവതി പെട്ടന്ന് തന്നെ പ്രതികരിച്ചു

“നിനക്കല്ലേ അവൾ എന്നും എപ്പഴും കൂടെ വേണമെന്ന് ആവശ്യം അതല്ലേ, കിടക്കയിൽ പോലും നീ എന്നെ അവളുടെ പേരു വിളിച്ചത് മറക്കില്ല.., അതൊന്നും ഒരിക്കലും”. രേവതിയുടെ വാക്കുകൾക്ക് വീണ്ടും കടുപ്പമേറി

സിദ്ധാർത്ഥൻ ചൂളിപ്പോയി. ആദ്യത്തെ അനുഭവമാണ്, ഭാര്യയല്ലാത്ത ഒരു സ്ത്രീയുമായി. ആർക്കും പറ്റാവുന്നതാണ് അത്. രതിയുടെ ഉയർച്ചയിൽ, നാളുകളായി കൂടെയുള്ളവളുടെ പേരേ ആർക്കും നാവിൽ വരൂ. രേവതിയുമായി ആദ്യരാത്രിയുടെ ആലസ്യത്തിലാണ്, ഉറക്കമുണർന്നയുടനെ വേണിയുടെ പേര് ചൊല്ലി അവളെ വിളിച്ചത്. ഉറക്കം ഞെട്ടിയുണർന്നു എങ്കിലും, അവൾ മുറിവേറ്റപ്പെട്ടിരുന്നു. ഒരിക്കലും പിന്നീട് ആ മുറിവ് ഉണങ്ങിയിരുന്നില്ല, വർഷം ഒന്ന് കഴിഞ്ഞിട്ടും.

വേണിയെപ്പറ്റി ഓർത്തപ്പോൾ നെഞ്ചിൽചെറിയ ഒരു കൊളുത്തി വലി. പതിനഞ്ച് വർഷമായി കൂടെ കഴിയുന്നവൾ. തൻ്റെ രണ്ട് മക്കളുടെ അമ്മ. അവൾ നിർബന്ധിച്ച് തന്നു വിട്ട പൊതിച്ചോറാണ് കാറിനുള്ളിൽ, അതും രണ്ട് പേർക്കുള്ളത്.

കൂടെ മാനേജരാണ്.. മീറ്റിങ്ങുണ്ട് എന്ന് പറഞ്ഞിരുന്നു. നാളെ രാത്രി വൈകിയേ എത്തൂ എന്ന് പറഞ്ഞപ്പോൾ മുതൽ ആൾ അത്ര സുഖത്തിലല്ല യാത്രയാക്കിയത്.

രേവതി പറയുന്നത് പോലെ, അവളെ തനിക്ക് പേടിയാണോ? സിദ്ധാർത്ഥൻ മുന്നിലെ വഴിയിൽ ശ്രദ്ധിച്ചു കൊണ്ട് ഡ്രൈവ് ചെയ്ത് കൊണ്ടേയിരുന്നു. ഗിയർ മാറ്റലും ക്ലച്ച് ചവിട്ടലും എല്ലാം തികച്ചും യാന്ത്രികമായി നടന്ന് കൊണ്ടിരുന്നു.

വീട്ടിലെ കാര്യങ്ങളും ഇത് പോലെ തന്നെ വല്ലാത്ത ഒരു യാന്ത്രികതയായിരുന്നു, രേവതിയെ കാണും വരെ. കഴിഞ്ഞ ഒരു വർഷമായി വേറെ ഏതെല്ലാമോ വേഷപകർച്ചകളാടുകയായിരുന്നു. ഒരിക്കലും വിചാരിച്ചിരിക്കാത്ത അവസരത്തിലാണ് രേവതി കടന്നുവന്നത്.

പ്രളയ തകർച്ചകൾക്കിടയിൽ, അകപ്പെട്ട് പോയ ഒരു കുടുംബം. അരയറ്റം വെള്ളത്തിൽ നിൽക്കുന്ന അവരുടെ അരികിലേക്ക് റാഫ്റ്റ് തുഴഞ്ഞടുപ്പിച്ചു’

രേവതിയെ കൈപിടിച്ച് റാഫ്റ്റിലേക്ക് വലിച്ച് കയറ്റിയത് സിദ്ദുവായിരുന്നു. അതായിരുന്നു ആദ്യ കാഴ്ചയും സ്പർശവും. കൈമാറിയ ഫോൺ നമ്പർ വഴി സന്ദേശങ്ങൾ. അവഗണനയുടെ വേദനകൾ സഹിച്ച് കഴിയുന്ന ഒരു വീട്ടമ്മക്ക് മുന്നിൽ നീട്ടപ്പെട്ട കൈ, വലിയ ഒരാശ്വാസം തന്നെയായിരുന്നു.

വേണുവിൻ്റെ അഭാവങ്ങൾ സിദ്ദുവിൻ്റെ ഊഴങ്ങളായിരുന്നു.

നാളുകളായി പ്ലാൻ ചെയ്ത ഒരു യാത്രയാണ്, ഇന്ന് മഴയത്ത് നനഞ്ഞ് കുതിരുന്നത് . കൂടെ പഠിച്ച ഏതോ ഒരു വിമലയുടെ ഇല്ലാത്ത മകളുടെ കല്യാണത്തിനു പോകുന്നു. കൂട്ടിന് ഇല്ലാത്ത മൂന്നാലു കൂട്ടുകാരുടെ പേരുകൾ കൂടി പറഞ്ഞപ്പോൾ, അറിയാവുന്ന ആരും ഇല്ലാതിരുന്നിട്ട് പോലും വേണുവിന് ആശ്വാസം.

“ന്നാൽ കുഴപ്പമില്ല ‘

പാവം. അങ്ങേരെ പറ്റിക്കാൻ ഇത്രയും എളുപ്പമാണന്ന് കരുതിയതേയില്ല. ഉള്ളിൽ ഒരു ആഹ്ളാദത്തിൻ്റെ കുമിളപൊട്ടിയലിഞ്ഞു.

മലമുകളിലെ റിസോർട്ടിൽ നല്ല മഴയത്താണ് എത്തിയത്.
റിസപ്ഷനിൽ, രണ്ടാം ഹണിമൂണിന് എത്തിയ മിഥുനങ്ങളെപ്പോലെ നിന്നു. മുറി തുറന്നു തന്ന പയ്യനെ പറഞ്ഞ് വിട്ട് സിദ്ദു കിടക്കയിലേക്ക് മറിഞ്ഞു.

അതേ സമയം തന്നെ അയാളുടെ ഫോൺ റിങ്ങ് ചെയ്തു. മറുതലയിൽ ആരാണന്ന് ഉറപ്പുള്ള രേവതി കുളിമുറിയിൽ കയറി കതകടച്ചു.

“നിന്നെ ഒരിക്കലും അവൾ വെറുതെ വിടില്ല സിദ്ദു”. എ സി യുടെ നേർത്ത മുരളലിൽ ഫാനിലേക്ക് നോക്കി രേവതി പറഞ്ഞു.

“യു ആർ അഡിക്ടട് ടു ഹേർ.., പിന്നെന്തിന് ഞാൻ?” അവൾ ചോദിച്ചു.

സത്യം പറഞ്ഞാൽ ഉത്തരമില്ലാത്ത ചോദ്യമാണ്

“ചില ഇഷ്ടങ്ങൾ അങ്ങിനെയല്ലേ… വെർതെ ഇഷ്ടപ്പെടാൻ ?” സിദ്ദു കാരണം തപ്പിയെടുക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു

വേണിയുടെ ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരം മനസ്സിൽ തയ്യാറാക്കി തന്നെയാണ് അവളുടെ മുന്നിലെത്താറ്. ഭയമല്ല. അവളെ ഒഴിവാക്കാനാവില്ല. ഒരു കാലത്തും വേദനിപ്പിക്കാനുമാവില്ല.

ഒടുവിൽ പറഞ്ഞൊപ്പിച്ചു. “ഇത് ഒരു ബാലൻസിങ്ങ് ആക്ട് അല്ലേ രേവതീ”

“അതെ, നിങ്ങൾക്കിത് ഒരു ഞാണിൻമേൽ കളിയാണ് അവിടെയും ഇവിടെയും നിങ്ങൾക്ക് സുഖം. പക്ഷെ.. രണ്ടാമത്തവൾ എന്ന ലേബൽ എനിക്ക് വേണ്ട.” സിദ്ദുവിനെ കൈമുട്ട് കൊണ്ട് നീക്കിക്കിടത്തി അവൾ പറഞ്ഞു. അവളുടെ മുടിയിഴകൾ അവൻ്റെ മുഖത്തും മാറത്തും പാമ്പുകളെ പോലെ ഇഴഞ്ഞു

“നീയെനിക്ക് ഒരിക്കലും രണ്ടാമത്തവൾ അല്ല…, സത്യം”. സിദ്ദു അവളുടെ കഴുത്തിനടിയിൽ കൂടി കൈയിട്ട് തല സ്വന്തം നെഞ്ചിലേക്ക് ചേർത്തു

പുറത്ത് മഴ തുടരുകയായിരുന്നു. മലമുകളിലെ പാറകളുടെ വിടവുകളിലെ ജലഗർഭം ഏത് നിമിഷവും പുറത്ത് വരും എന്ന അവസ്ഥയിലായി. വെറുതെ ടി വി ഓൺ ചെയ്തപ്പോൾ വെള്ളപൊക്കത്തിൻ്റെ ഭീകരദൃശ്യങ്ങൾ. സിദ്ദുവിന് ആകെ വേവലാതിയായി.

തുടരെത്തുടരെയുള്ള മുട്ടുകൾ കേട്ടാണ് വാതിൽ തുറന്നത്. സമയം വൈകിട്ട് നാല് മണി. കതക് തുറന്നപ്പോൾ, ഹോട്ടൽ മാനേജർ.

“സർ…. ഹോട്ടലിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാൻ കലക്ടറുടെ ഓർഡർ. താഴ്വരങ്ങളിൽ വെള്ളം കയറി കൊണ്ടിരിക്കുന്നു. 4 ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന്. വഴികൾ അടഞ്ഞാൽ തിരിച്ചുപോക്ക് അസാദ്ധ്യമാവും:”

തിരുവനന്തപുരത്ത് കല്യാണത്തിന് പോയ രേവതി നാളെയേ വരൂ എന്ന് വേണുവിന് ഉറപ്പായിരുന്നു. അയാൾ ഒരു പെഗ് ഒഴിച്ച് വെച്ച് ടി വി ഓണാക്കി. കിഴക്കൻ മലയോര മേഖലകളിലെ വെള്ളത്തിൻ്റെ സംഹാര താണ്ഡവം ആണ് ഏത് ചാനലിലും. അയാൾ ഒരു സിനിമ കാണാൻ തുടങ്ങി.

അപ്പോൾ.., വേറെ ഏതോ ഒരു മലയാളം ചാനൽ ഒഴുക്കിൽ പെട്ട് പോയ ഒരു കാറിൻ്റെ ദൃശ്യങ്ങൾ കവർ ചെയ്യുകയായിരുന്നു. കുത്തൊഴുക്കിൽ, തൻ്റെകയ്യിൽ നിന്നും പിടി വിട്ട രേവതി, ഒഴുകി പോകുന്നത് നിസ്സഹായനായി നോക്കിക്കിടക്കാനേ സിദ്ധാർത്ഥന് കഴിയുമായിരുന്നുള്ളൂ.കാറിൻ്റെ സ്റ്റിയറിങ്ങ് കൊണ്ട് നെഞ്ച് തകർന്നിരിക്കുന്നു. ഒഴുക്കിൽ, എത്രയോദൂരം, എത്രയോ സമയം താഴേക്ക് ഒഴുകിയിറങ്ങി…

ശരീരമാകെ നീറ്റൽ, കൈകൾ തുഴയാനാവാതെ ഒടിഞ്ഞ് തളർന്ന് തൂങ്ങിക്കിടക്കുന്നു.എവിടെയോ തട്ടി തടഞ്ഞ് കിടക്കുകയാണ്. വല്ലാത്ത ഒരു ഭാരക്കുറവ് തോന്നിത്തുടങ്ങുന്നത് പോലെ…..,  വേദനകൾ കുറഞ്ഞ് കുറഞ്ഞ് വരുന്നത് പോലെ ” ”

പെരുമഴതുള്ളികൾ, ചരലുകൾ പോലെ അയാളുടെ തണുത്ത ശരീരത്തിൽ വീണു കൊണ്ടേയിരുന്നു.

കോട്ടയം ജില്ല, ഏറ്റുമാനൂരിന് സമീപം ആറുമാനൂർ സ്വദേശി. ഇപ്പോൾ കൊല്ലം കോർപ്പറേഷനിൽ ഹോമിയോ മെഡിക്കൽ ഓഫീസർ. നവ മാധ്യമങ്ങളിൽ എഴുതുന്നു.