നഗരമധ്യത്തിൽ,
അല്ലെങ്കിൽ പുഴയോരത്ത്,
സിഗരറ്റിന്റെയും മദ്യത്തിന്റെയും
മണമുള്ള മുറിയിൽ,
അല്ലെങ്കിൽ യാത്രചെയ്യുന്ന
വാഹനത്തിൽ,
സർക്കസ് കൂടാരത്തിൽ,
സിനിമാശാലയിൽ,
ആൾക്കൂട്ടങ്ങൾ തിങ്ങിനിറയുന്ന
ബീച്ചിൽ
ഇവിടെ എവിടെയെങ്കിലുംവെച്ച്,
നിങ്ങളുടെ കൺമുന്നിൽവെച്ച്,
ഒരു മെഴുകുപ്രതിമപോലെ
ഉരുകിയൊലിച്ചുരുകിയൊലിച്ച്
നിശൂന്യതയുമായി,
ഒരു സന്ധിയിലൊപ്പിട്ട്
ഞാൻ അന്തരീക്ഷത്തിൽ
ലയിച്ചുചേരാം..
സാൽവദോർദാലിയുടെ
പെഴ്സിസ്റ്റൻസ് ഓഫ് മെമ്മറിയിൽ
കാലം ഉരുകിയൊലിച്ചുപോകുന്നതുപോലെ..!
നിന്നിടത്തുനിന്ന് അന്തർദ്ധാനംചെയ്യുന്ന
രഹസ്യവിധിയൊ!
ഒരു മാജിക്കോ !
എന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം!
പക്ഷേ, ഈ മഞ്ഞിന്റെ കൂമ്പാരങ്ങൾക്ക്
എന്നെ അത്രമാത്രം തണുപ്പിച്ചുനിർത്താൻ
കഴിയുന്നില്ല.
ഉരുകിയൊലിച്ചു ഇല്ലാതാകാതെ എന്തുചെയ്യും ?