ഉപേക്ഷ

നാരായണി അന്ന് പതിവിലും നേരത്തെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു, കുളിച്ചു. വെള്ളയിൽ മഞ്ഞ പൂക്കളുള്ള സാരിയുടുത്തു. മുക്കാൽ ഭാഗവും നര തിന്നു തീർത്ത മുടി കൈ കൊണ്ട് കോതി കെട്ടിവെച്ചു. ചുക്കിചുളിഞ്ഞ നെറ്റിയിൽ ചന്ദനം തൊട്ടു. മേശക്ക് മുകളിൽ ഇരുന്ന പൊതിയെടുത്ത് പുറത്തിറങ്ങി കതകടച്ചു.

എന്നത്തേയും പോലെ വരാന്തയിലെ ബെഞ്ചിൽ പത്രത്തിലെ വരികൾക്കിടയിൽ പണ്ടെങ്ങോ കാണാതെ പോയ തന്റെ മകനെ തിരഞ്ഞു കൊണ്ട് ജോസഫ് ഇരിക്കുന്നുണ്ട്. മകനെ തിരിച്ച് കിട്ടിയതും വളർന്നതും വിവാഹിതനായതും അവന് കുട്ടികൾ ജനിച്ചതുമൊന്നും അയാൾക്ക് ഓർമ്മയില്ല. ഈ ഓർമ്മയില്ലായ്മ തന്നെയാണ് അയാളെ ഇവിടെ എത്തിച്ചതും.

ചോദിച്ചതു തന്നെ വീണ്ടും വീണ്ടും ചോദിച്ച് ശല്യം ചെയ്യുന്നുവെന്നാണ് അയാളുടെ മകൻ പറഞ്ഞത്. അവൻ സംസാരിക്കാൻ തുടങ്ങിയ നാൾ മുതൽ ആവർത്തിച്ചു ചോദിച്ചു കൊണ്ടിരുന്ന എന്തോരം ചോദ്യങ്ങൾക്ക് അയാൾ ക്ഷമയോടെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു കാണണം. അങ്ങനെയൊക്കെ ചോദിച്ചു തുടങ്ങിയാൽ ഇവിടെ ആർക്കും ചോദ്യങ്ങൾക്ക് പഞ്ഞമുണ്ടാവില്ല.

അറിയാതെ മൂത്രം പോകുന്ന ശാന്തയ്ക്കും ഉറക്കമില്ലാതെ രാവുണരുവോളം വെട്ടമിട്ട് ഇരിക്കുന്ന ജലീലിന്നും ചെവി ക്കുറവ് മൂലം ഉറക്കെ സംസാരിക്കുന്ന മേരിക്കും തിരക്കുള്ള ഉദ്യോഗസ്ഥനായ ഒറ്റമകനുള്ള ജോണിക്കുട്ടിക്കുമെല്ലാം ചോദ്യങ്ങളുണ്ട്. ഈ കാരണങ്ങളൊക്കെ നിങ്ങൾ ചെറുതായിരിക്കുമ്പോൾ ഞങ്ങൾക്കുമുണ്ടായിരുന്നല്ലോ എന്ന ചോദ്യം.

ചിന്തകളുടെ അറ്റത്ത് ശാന്ത നിന്നിരുന്നു. കയ്യിൽ ആവി പറക്കുന്ന കാപ്പിയുമുണ്ട്. അതിൽ നിന്നും ഒരിറക്ക് കുടിച്ചിട്ട് അവർ നാരായണിയെ ഒന്ന് അടിമുടി നോക്കി.

“നാരായണിയമ്മ ഇതെങ്ങട്ടാ രാവിലെ ത്തന്നെ കെട്ടിയൊരുങ്ങി? “

“ശാന്തേ, ഇന്നെന്റെ മകന്റെ പിറന്നാളാ. അവൻ ഇന്ന് എന്നെ കാണാൻ വരുമായിരിക്കും “

വാതിൽക്കൽ നിന്ന കോയയും ജലീലും അത് കേട്ട് ഒന്ന് തിരിഞ്ഞു നോക്കി. പിന്നെ പരസ്പരം നോക്കി ഒരു മരവിച്ച ചിരി ചിരിച്ചു.

“ഇങ്ങടെ കയ്യിലെന്താ നാരായണിയമ്മേ ?”

“ഇതെന്റെ അപ്പൂന് ഏറ്റവും ഇഷ്ടള്ള പലഹാരം. ഇന്നലെ സുധാകരനെ വിട്ട് വാങ്ങിപ്പിച്ച് വെച്ചതാ”.

നാരായണിയുടെ കണ്ണുകൾ തിളങ്ങി. കോയയുടെയും. എന്നാൽ ചുണ്ടുകൾ ചിരിവറ്റി വികൃതമായിരുന്നു.

“ഇബടെ വന്നതീപ്പിന്നെ ആരെയും കാണാൻ മക്കൾ വന്നതായിറ്റ് ഇക്കറിവില്ല. ഓർക്ക് ഞമ്മളെ വേണ്ടാഞ്ഞിറ്റാണല്ലോ ഇബടെ ആക്ക്യേത്. “

കോയ മുണ്ടിന്റെ അറ്റം കൊണ്ട് മുഖം തുടച്ചു. അത്രയും നേരം അയാൾ പുറത്ത് ചാടാതെ പിടിച്ച് നിർത്തിയ കണ്ണീർക്കണം മുണ്ടിന്റെ നൂലിഴകളിൽ അലിഞ്ഞുചേർന്നു. ഒരു നിമിഷത്തേക്ക് നാരായണി നിശബ്ദയായി. എന്തോ ഓർത്തിട്ടെന്ന പോലെ അവർ ദീർഘമായി ഒന്നു ശ്വാസം വലിച്ചു വിട്ടു.

“ഞാനില്ലാതെ അപ്പു ഒറ്റ പിറന്നാളും കഴിച്ചിട്ടില്ല. അവന് തിരക്കായോണ്ടാവും ഇതു വരെ എന്നെ കാണാൻ വരാഞ്ഞത്. ഇന്ന് എന്തായാലും വരാതിരിക്കില്ല. “

നാരായണി അല്പം നീങ്ങി ആളൊഴിഞ്ഞ ഒരു ബെഞ്ചിലിരുന്നു. അവിടെ ഇരുന്നാൽ ഗേറ്റ് കടന്ന് വരുന്ന വാഹനങ്ങൾ ആദ്യം കാണാം. മരങ്ങളിലെ ഇലകൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. വെയിലിന് ചൂട് കൂടി വന്നു. നാരായണി പ്രാതൽ കഴിച്ചില്ല. കഴിക്കാൻ വിളിക്കാൻ വന്നരോട് വേണ്ടെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. അപ്പോഴും അവർ ആ ഗേറ്റിൽ നിന്ന് നോട്ടം മാറാതെ ശ്രദ്ധിച്ചു.

സൂര്യൻ ഉച്ചിയിലെത്തി. കത്തുന്ന വെയിലിലും ഗേറ്റിലേക്ക് കണ്ണും നട്ടിരിക്കുന്ന നാരായണിയെ നോക്കി ശാന്ത കണ്ണുതുടച്ചു.

“ഇങ്ങളും പണ്ട് ഇങ്ങനെ അല്ലേർന്നോ ” എന്ന് ജലീൽ ശാന്തയെ കളിയാക്കി.

ഉച്ച ഭക്ഷണവും വേണ്ടെന്ന് വെച്ചാൽ ഷുഗർ കുറഞ്ഞ് ഇനി പണിയാവും എന്ന് കോയ വരാന്തയിൽ നിന്ന് വിളിച്ച് പറഞ്ഞു. നാരായണി ഒന്നും മിണ്ടിയില്ല. തിരിഞ്ഞു നോക്കിയില്ല. അയാൾ അടുത്ത് ചെന്നു നോക്കി. അനക്കം ഇല്ല. നാരായണിയമ്മേ എന്നു വിളിച്ചു. വിളി കേൾക്കുന്നില്ല. അനങ്ങുന്നില്ല.

 കോയ ഉറക്കെ കരഞ്ഞു. ഉച്ച ഭക്ഷണത്തിന്റെ തിരക്കിലായിരുന്ന അന്തേവാസികളെല്ലാം പുറത്തേക്കോടി . നാരായണി ബെഞ്ചിൽ ചാരിയിരിക്കുന്നു. കാഴ്ച ഗേറ്റിലേക്ക് നീണ്ടുകിടക്കുന്നു. ആംബുലൻസ് വന്നു. നാരായണിയെ രണ്ടു പേർ ചേർന്ന് പൊക്കിയെടുത്തു കൊണ്ടുപോയി.

വെയിൽ മങ്ങി. നാലുമണിച്ചായക്ക് ആരും തിരക്ക് കൂട്ടിയില്ല. ആശുപത്രിയിൽ നിന്ന് വിളി വന്നു,

“നാരായണി പോയി. അറ്റാക്കായിരുന്നു.ബോഡി മകൻ വന്ന് കൊണ്ടുപോയി “

അന്ന് രാത്രി അന്തേവാസികളാരും ഉറങ്ങിയില്ല. ഹൃദയം പൊട്ടിയാണ് നാരായണി മരിച്ചത്.

പുറത്തെ ബെഞ്ചിലിരുന്ന പലഹാരപ്പൊതിയിൽ അപ്പോൾ ഉറുമ്പരിക്കുന്നുണ്ടായിരുന്നു.

ഇളയമാറ്റിൽ മൊയ്തുണ്ണിയുടെയും അത്തീക്കയുടെയും മകളായി 1998 ൽ ജനനം. പഠനം വന്നേരി ഹൈസ്കൂൾ , മാറഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ. ആദ്യമായി പ്രസിദ്ധീകരിക്കുന്ന കഥ ആണിത്.