
ഇന്നലെയും പതിവുപോലെ രാത്രി പത്തുമണിയോടെ അമ്മയുടെ കാൾ വന്നിരുന്നു. പതിവുപോലെതന്നെ ഞാനതവഗണിച്ചതാണ്, പക്ഷെ പിന്നെയും ഈരണ്ട് തവണ കാൾ മഴങ്ങിയപ്പോൾ ഒരുൾക്കിടിലത്തോടെ കാൾ ബട്ടനണിലേയ്ക്ക് വിരൽ തെന്നിച്ചു.
“ഈ സ്ഥിതിക്ക് ഞങ്ങളാരേലും തട്ടിപ്പോയാലും നീ അറിയേലല്ലോടാ. ഫോൺ വിളിച്ചാലെടുക്കാൻ മേലല്ലേ.” സ്ഥിരം പല്ലവിയുടേതായ പൊട്ടിത്തെറിതന്നെ. “ഞാൻ മരിച്ചാലേ നീയൊക്കെ പഠിക്കൂ.” ഒരൊറ്റ നിമിഷത്തെ നിശബ്ദത, ശേഷം, നീണ്ടയൊരു നിശ്വാസം കാതിൽ വന്നു തട്ടി. ഉടനെ ആ മൂകതയെ മറച്ചുകൊണ്ട് അവർ എന്തൊക്കെയോ വിശേഷങ്ങൾ പങ്കുവയ്ച്ചു. കിടങ്ങൂരുള്ള കുഞ്ഞമ്മ വീണു കിടപ്പാണ്, ആ മിനിയെയും പിള്ളേരെയും അധികം ബുദ്ധിമുട്ടിക്കാതെ തമ്പുരാനതിനെയങ്ങെടുത്താൽ മതിയെന്ന പ്രാർത്ഥനയായിരുന്നു ആദ്യം. പള്ളിഭാഗത്തുള്ള ചൊങ്ങിണിയിലെ മാനുവലിന്റെ മകൻ ഐവാന്റെ കല്യാണം ഉറപ്പിച്ചു. ഐവാന് ഇരുപത്തിയൊന്ന് വയസ്സേയുള്ളു, കെട്ടി രണ്ടുംകൂടെ ക്യാനഡയ്ക്ക് വരാനാണ് പ്ലാനെന്നും നിനക്ക് ഇരുപത്തിയെട്ട് വയസ്സായില്ലേയെന്നും അടുത്തതായി ചോദ്യരൂപേണ അമ്മ ഓർമ്മിപ്പിച്ചു.
“ഞാൻ നിനക്കൊരു നഴ്സിനെ കണ്ടുപിടിക്കാൻ പോവാ. നഴ്സുമ്മാർക്ക് കാനഡയിലും നല്ല ശമ്പളക്കെയുണ്ട്. കെട്ടിക്കഴിഞ്ഞ് നിനക്കവളെ അങ്ങോട്ട് കൊണ്ടുപോകാലോ… കണ്ടുപിടിക്കട്ടെ?”
“അമ്മയിപ്പോ എന്തിനാ വിളിച്ചേ?”
“നിന്റെ സ്വരം കേൾക്കാനുള്ള കൊതി കൊണ്ടല്ലേടാ. നീ ഇനി എന്നാടാ നാട്ടിലേയ്ക്ക് വരണേ?” ഈ നിസ്സഹായതതയ്ക്ക് മറുപടിയൊന്നുമില്ലെന്ന് അവർക്കറിയാം, എങ്കിലും ഒരു ഭാരമകറ്റാനെന്നോണം എപ്പോഴും ചോദിച്ചു കൊണ്ടേയിരിക്കും.
നാട്ടിൽ നിന്നും പോന്നിട്ട് എത്ര നാളുകളായെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്. പ്രതീക്ഷകളുടെ ഓണം, ക്രിസ്തുമസ്സ്, ഈസ്റ്റർ, വലിയൊരു പ്രളയം, അതിലും വലിയൊരു വ്യാധി, ഇവയെല്ലാം കടന്നുപോയിട്ടിപ്പോൾ ആറര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ലോണെടുത്താണെങ്കിലും ആഗ്രഹം പോലെതന്നെ നാട്ടിലെ വീടൊന്ന് മോഡി പിടിപ്പിക്കാൻ കഴിഞ്ഞു. അതിന് ചുറ്റുമുള്ള ചെറിയ പറമ്പിന്ന് പള്ളകയറി കിടക്കുകയാണ്. മാസാമാസം വീട്ടിലേയ്ക്ക് കാശുമയക്കുന്നു. ഒരു പണിക്കും പോകാതെ അപ്പനും അമ്മയ്ക്കും സ്വസ്ഥമായിട്ടിരിക്കാം. ആരുടേയും നിലം കിളയ്ക്കാനോ, പശുക്കളെ കറക്കാനോ, റബ്ബർ വെട്ടുവാനോ, ഒന്നിനും പോകേണ്ടതില്ല. എന്നാലും അവർക്ക് സ്വസ്ഥതയില്ല.
ഇനി എന്നാണ് നാട്ടിലേക്ക് മടങ്ങുക? ഈ ചിന്തയും ചോദ്യവും മാറ്റാരൊക്കെയോ കാലങ്ങളായി ആവർത്തിച്ചതിന്റെ ഒരു പിന്തുടർച്ച മാത്രമാണ്. ആലോചിച്ചാൽ നാട്ടിൽ ചെന്നിട്ട് എന്തു ചെയ്യാനാണെന്ന് തോന്നും. അവിടെ നിൽക്കുന്നതൊരു ഭയമായിരുന്നു. കടുത്ത മത്സരങ്ങൾക്കിടയിലെ ശരാശരിക്കാരന്റെ തോൽവിയോടുള്ള ഭയം. കടിപിടികൂടാൻ ത്രാണിയില്ലാതെ ഞാനോടി. അവസാനം ആ നാടെനിക്ക്
അന്യമായി തീർന്നു; ഈ നാടിന്റെ ഭാഗമാകുവാനും കഴിയുന്നില്ല.
“ഡാ…മനച്ചേലെ ലിന്റമോള് നിന്നെ അന്വേഷിച്ചായിരുന്നു. അവളും കൊച്ചും വന്നിട്ടുണ്ട്. അവരെയൊന്ന് വിളിയെടാ. ഒന്നുവല്ലേലും അതുങ്ങൾടെ കഞ്ഞി കുടിച്ചല്ലേ കൊറേ കാലം കഴിഞ്ഞത്.’ ഫോൺ കട്ട് ചെയ്താലോയെന്ന് തോന്നി. വാട്സാപ്പിൽ കെട്ടിക്കിടക്കുന്ന പഴയ മെസ്സേജുകളിലേക്ക് വെറുതെ കണ്ണുകളോടിച്ചു. രണ്ടുമൂന്നാഴ്ച്ച മുൻപ് ഇതുപോലൊരു ഫോൺ കാളിൽ മറ്റൊന്നായിരുന്നു അമ്മയുടെ ആവശ്യം. ഞായറാഴ്ച്ചകളിൽ പള്ളിയിൽ പോകാത്തതിന്റെ അരിശം തീർക്കൽ.
“എനിക്കറിയാരുന്നു നീ പോകുന്നില്ലാന്ന്. പുറത്ത് ചെന്നപ്പോൾ പള്ളിയും വേണ്ട പട്ടക്കാരും വേണ്ട. വന്ന വഴിയൊന്നും മറക്കല്ല് കേട്ടോ” പ്രാർത്ഥനകളെല്ലാം എന്നോ കൈമോശം വന്നിരുന്നു. അവസാനമായി ദൈവം കേട്ട പ്രാർത്ഥനയോട് ഇന്ന് തോന്നുന്നത് അപരാധം മാത്രമാണ്. ദിവസവും അയച്ചുതരുന്ന യുട്യൂബ് പ്രഭാഷണവും ആരാധനയും മുടക്കം കൂടാതെ കൂടണമെന്ന ആവശ്യത്തോടെയായിരുന്നു ഫോൺ കാൾ അന്നവസാനിപ്പിച്ചത്. പിറ്റേന്ന് ജോലിക്ക് പോകുന്ന വഴി കാറിലിരുന്ന് പതിനഞ്ചു മിനിറ്റത്തെ പ്രഭാഷണം കേട്ടുതുടങ്ങി. പ്രഭാഷകനായ വെള്ള വസ്ത്രധാരി ഇങ്ങനെ പറഞ്ഞു, “ദൈവത്തെ മറന്ന് ജീവിക്കുന്നവന്റെ കാലിനടിയിലെ മണ്ണ്, അവൻ പോലുമറിയാതെ ഒലിച്ചുപൊയ്‌ക്കൊണ്ടിരിക്കും. എന്നാൽ… ദൈവഭയമുള്ളവന്റെ അടിത്തറയ്ക്ക്, ഒരു കുലുക്കവും സംഭവിക്കുകയില്ല.” പ്രഭാഷണം ഞാനവിടെ അവസാനിപ്പിച്ചു.
“വേറെയെന്നാ ഉണ്ട്.”
“വേറൊന്നുല്ല. നിനക്ക് വിളിക്കാൻ പറ്റിയാൽ വിളിക്ക്. അവളും കൊച്ചും മനച്ചേലുണ്ട്. മനസ്സുണ്ടേ വിളി.” വിളിക്കാൻ മനസ്സില്ല എന്ന നിശ്ചയത്തിൽതന്നെയാണ് ഫോൺ വച്ചതും.
ഇന്ന് ജോലി കഴിഞ്ഞ്, വന്നല്പനേരം കിടന്നു. ആ മയക്കം തെറ്റിച്ചത് തൊട്ടുമുന്നിലൂടെ കടന്നുപോയ ചൂളം വിളിയായിരുന്നു. ഒരു നിലവിളിയായി അതുയർന്നപ്പോൾ ഞാൻ ഞെട്ടിയെഴുന്നേറ്റു. മുറിയിൽ തണുപ്പ് തിങ്ങിക്കൂടിയിരുന്നു. താഴെച്ചെന്ന് തെർമോസ്റ്റാറ്റിൽ താപം കൂട്ടിയിട്ടു. സമയം എട്ടരമണി. പുറത്ത് നല്ല ന്ലാവെളിച്ചമുണ്ട്. മാസ്റ്റർ ബെഡ്‌റൂമിൽ താമസിക്കുന്ന പഞ്ചാബി ഫാമിലി ഡിന്നർ കാലാക്കുകയായിരുന്നു. പുഞ്ചിരിയിലൂടെയാണ് ഞങ്ങളുടെ എപ്പോഴത്തെയും സംസാരം. മൊബൈലിൽ ആരുമായോ വീഡിയോ കാൾ ചെയ്യുന്നതിനിടയിൽ തലയുയർത്തി ഭാര്യയും ഭർത്താവും ഒരുപോലെ എനിക്ക് പുഞ്ചിരി നൽകി. കൌണ്ടർ ടോപ്പിലിരുന്ന അവരുടെ രണ്ടര വയസ്സുകാരിയുടെ പൂർണ്ണശ്രദ്ധയും കയ്യിലിരുന്ന മറ്റൊരു ഫോണിലായിരുന്നു. അപ്പോഴാണ് ഇന്നലത്തെ കാര്യം ഓർമ്മയിൽ വന്നത്. എങ്ങനെയായിരുന്നിരിക്കാം മറുപടി കൊടുക്കേണ്ടിയിരുന്നത്? അവരുടെ കഞ്ഞി കുടിച്ചത് വെറുതെയാണോ? അപ്പൻ പണിയെടുത്ത കാശു കൊണ്ടല്ലേ. അതു തന്നല്ലേ ഈ നാട്ടിൽ ഞാനും ചെയ്യുന്നത്. യാതൊരു കടമയും കടപ്പാടും ആരുമായും എനിക്കില്ല. അങ്ങനെ പറയേണ്ടതായിരുന്നു. വേദനിച്ചാലും അങ്ങനെതന്നെ പറയേണ്ടതായിരുന്നു. എന്നാലും അവരെ വിളിക്കാനുതകുന്ന ഒരു കാരണം കണ്ടെത്താൻ കാലങ്ങളുടെ പിന്നിലേക്ക് ഞാൻ പതിയെ ഇഴഞ്ഞു.
നാട്ടിൽ റെയിൽവേയുടെ വലിയൊരു പുറമ്പോക്കുഭൂമിയോട് ചേർന്നുള്ള കൊച്ചു സ്ഥലത്താണെന്റെ വീട്. അവിടെനിന്നും ഒരു മൈൽ ദൂരത്തിനുള്ളിൽ തന്നെയായിരുന്നു റെയിൽവേ സ്റ്റേഷനും. മണിക്കൂറുകളിടവിട്ട് ചൂളം വിളികൾ മുഴങ്ങുന്ന നാട്. ആ പ്രദേശത്തുള്ളവർ സമയം കണക്കാക്കിയിരുന്നത് ട്രെയിനുകളുടെ വരത്തുപോക്ക് നോക്കിയായിരുന്നു. വെളുപ്പിനെ മലബാറിന്റെ ശബ്ദം കേട്ടെഴുന്നേൽക്കുന്നതിൽ തുടങ്ങി ആറിന് വഞ്ചിനാട്, തൊട്ടുപുറകെ വേണാട്, പരശുറാം, മെമു, കൊച്ചുവേളി, പട്ന, ജനശദാബ്ദി, മലബാർ, രാത്രി പന്ത്രണ്ട് മണിക്ക് കടന്നുപോകുന്ന ഗുരുവായൂർ വരെ ആ നാടിന്റെ സമയം നിയന്ത്രിച്ചുകൊണ്ടിരുന്നു. എന്നെ പ്രസവിച്ചു കിടക്കുമ്പോൾ അവിടെ പാളം പണി തുടങ്ങിയിരുന്നേയുള്ളൂവെന്ന് അമ്മ പറയാറുണ്ടായിരുന്നു. ലോഹങ്ങളുടെ കമ്പനം എന്നെ ഞെട്ടിയുണർത്തി കരയിക്കാറുണ്ടായിരുന്നത്രെ. ഇപ്പോഴും നിദ്രകളിൽ എന്നെ ഞെട്ടിയുണർത്തുന്നത് അതുപോലൊരു കമ്പനം തന്നെയാണ്.
മനച്ചേക്കാരുടെ പറമ്പുകളെല്ലാം ഞങ്ങളുടേതും കൂടിയാണെന്നായിരുന്നു എന്റെ ഇളപ്പത്തിൽ ഞാൻ കരുതിയിരുന്നത്. ഓർമ്മവച്ച കാലം മുതൽ വലിയ ചെരിവുകളുള്ള റബ്ബർ തോട്ടത്തിലൂടെ, മുഴുവൻ സ്വാതന്ത്ര്യത്തോടെയും, കയറിയിറങ്ങുകയെന്നത് എനിക്കാരും കല്പിച്ചു നൽകാത്ത അവകാശമായിരുന്നു. പിന്നീട് മനച്ചേക്കാരുടെ പൊട്ടക്കിണറിന്റെ ചുവട്ടിലേയ്ക്കും പടിഞ്ഞാറ്റെ ചോവോന്മാരുടെ തൊണ്ടിലേയ്ക്കും പെട്ടെന്നെത്തുവാനുള്ള നടപ്പാത തുറന്നതും ഞാനാണെന്ന അഹങ്കാരവും കൊണ്ടുനടന്നിരുന്നു. അപ്പനെപ്പോഴും അവരുടെ റബ്ബർ തോട്ടത്തിലോ വാഴത്തോട്ടത്തിലോ കപ്പപ്പറമ്പിലോ കുരുമുളകുകൾക്കിടയിലോ വാനിലപ്പടർപ്പുകൾക്കിടയിലോ ഉണ്ടാവും. ചില ദിവസങ്ങളിൽ അവരുടെ നഴ്സറിയിൽ ബഡ് വയ്ക്കുവാൻ പോയാൽ പിന്നെ ദിവസങ്ങൾ കഴിഞ്ഞേ മടങ്ങി വരാറുണ്ടായിരുന്നുള്ളൂ. അപ്പന്റെയൊപ്പം റബ്ബർ വെട്ടുവാനും റബ്ബർ കായകൾ പിറക്കുവാനും ഞാനും കൂടാറുണ്ടായിരുന്നു. ഒട്ടുവള്ളികൾ ചുറ്റി ബോളുണ്ടാക്കാൻ അനന്തുവിനെയും ജിഷ്ണുവിനെയും പഠിപ്പിച്ചത് ഞാനാണ്.
ചോവോപ്പിള്ളേരെന്ന് അമ്മ വിളിക്കാറുള്ള അനന്തുവും ജിഷ്ണുവും എന്റെയൊപ്പം ആ പറമ്പിൽത്തന്നെ ക്രിക്കറ്റ് കളിക്കാനും സാറ്റ് കളിക്കാനും കള്ളനും പോലീസും കളിക്കാനും വരുമായിരുന്നു. എന്റെ അതേ സ്വാതന്ത്ര്യം ആ പറമ്പിൽ അവരും എടുക്കുന്നു എന്ന തോന്നലുണ്ടാകുമ്പോൾ, ‘ഇത് നിന്റെയൊന്നും പറമ്പല്ലല്ലോ, ഞങ്ങടെയും മനച്ചേക്കാരുടെയും പറമ്പാ’, എന്ന് പറയാനും ഞാൻ മടിച്ചിരുന്നില്ല. കൂടാതെ ഒടിഞ്ഞുവീഴുന്ന ചുള്ളിക്കമ്പുകളുടെ മേലുള്ള അമ്മയുടെ അവകാശം മനച്ചേലെ പറമ്പിലേയ്ക്കുള്ള എന്റെ അവകാശപത്രം ഉറപ്പിക്കലായിരുന്നു. ഒരിക്കൽ എല്ലാ അവകാശത്തിന്മേലും സംശയം ജനിക്കുന്നതുവരെയും മനച്ചേക്കാരുടെ ഭൂമിയിന്മേലുള്ള അവകാശം അവരുടേതിന് സമാനമായ വീട്ടുപേരുള്ള വടക്കേമനച്ചേലെ ഈ സെബിനും തോന്നിയിരുന്നു.
ഒരു കടുത്ത വേനക്ക് സ്കൂൾ വിട്ടു വന്ന് അമ്മയോടൊപ്പം വെള്ളമെടുക്കുവാൻ മനച്ചേക്കാരുടെ വറ്റാത്ത കിണറ്റുങ്കരയിലേയ്ക്ക് ആദ്യമായി ചെന്നപ്പോഴാണ് ലിന്റച്ചേച്ചിയെ കാണുന്നത്. അടുക്കള മുറ്റത്തുനിന്ന് അവരെന്റെ പേര് ചോദിച്ചു. ഞാൻ തകൃതിയിൽ അമ്മയുടെ പിന്നിലേയ്ക്ക് മാറി. അമ്മ തള്ളിപ്പിടിച്ച് അവരുടെ അടുക്കൽ കൊണ്ടുചെന്ന് നിർത്തി. മനച്ചേലെ ആന്റിയെ അല്ലാതെ മറ്റൊരാളെ ആദ്യമായി കാണുന്നത് അന്നായിരുന്നു. ആ വലിയ പെൺകുട്ടിയെന്നെ വീട്ടിനുള്ളിലേയ്ക്ക് കൂട്ടിയപ്പോഴാണ് അവരുടെ അനിയത്തി ലിസ്മോളെയും അനിയൻ ലിജിനെയും ആദ്യമായി കാണുന്നതും. അവരെപ്പറ്റി മുന്നേ കേട്ടിരുന്നുവെങ്കിൽകൂടിയും മനച്ചേലെ അവകാശികളുമായി സമ്പർക്കമുണ്ടാവുന്നത് അന്നാണ്.
അവരിൽ ഏറ്റവും ഇളയവനായ ലിജിൻ എന്നേക്കാളും രണ്ടു വയസ്സിന് മൂത്തതായിരുന്നു. ലിസ്സ് കണ്ട ഭാവം നടിക്കാതിരിക്കുകയും ലിജിൻ ഒരു സ്റ്റമ്പർ ബോളുമായ് ഞങ്ങളുടെ പിന്നാലെ കൂടുകയും ചെയ്തു. ലിന്റച്ചേച്ചി പ്രലോഭനങ്ങളുടെ ആദ്യഭാവമായിരുന്നു. അവരാദ്യം കാണിച്ച് പ്രലോഭിപ്പിച്ചതോ, നിറയെ ചിത്രങ്ങളുള്ള കഥപ്പുസ്തകങ്ങളും. ചാക്കുനൂലിൽ കെട്ടിവരിഞ്ഞ മൂന്നാല് കെട്ട് പുസ്തകങ്ങൾ അവർ ലിജിനെ തട്ടിൻപ്പുറത്തു കയറ്റി താഴേയ്ക്കിടുവിച്ചു. എന്നിട്ട് അതിൽ നിന്നും ഒന്നു രണ്ടെണ്ണം വായിക്കാൻ തന്നു.
‘നീ എത്രാം ക്ലാസിലാ?’
‘നാലിൽ’
‘വായിക്കാനൊക്കെ അറിയോ?’
‘ആം’
‘ഇതിവിടിരുന്ന് വായിച്ചോ’
ഒന്നെനിക്കും ഒന്ന് ലിജിനും. ലിജിൻ വായിച്ചു തീരുന്നതിലും വേഗം ഞാൻ എന്റെ പുസ്തകം തീർത്ത് അടുത്തതിനായി സിറ്റൗട്ടിലേയ്ക്ക് ചെന്നു. അവർ കെട്ടുകളിലെ പുസ്തകങ്ങളിലൂടെ എന്തോ തിരയുകയായിരുന്നു. മുറ്റത്ത് അയയിൽ തുണി വിരിച്ചിട്ടുകൊണ്ടിരുന്ന അവരുടെ അമ്മ അപ്പോൾ പറഞ്ഞു, ‘നീയതെല്ലാം എത്ര തവണ വായിച്ചതാടി കൊച്ചേ. ആ കൊച്ചിന് കൊടുത്ത് വിട്, അത് വായിക്കട്ടെ.’
അന്നവർ രണ്ടെണ്ണം എനിക്ക് തന്നു വിട്ടു. ചെന്നപാടെ ഈരണ്ടു തവണ വായിച്ചു. പിറ്റേന്നും രണ്ട്, അതിന്റെ പിറ്റേന്നും രണ്ട്, അതങ്ങനെ തുടർന്നു. പതിയെപ്പതിയെ അതെന്റെയും വീട് പോലെ തോന്നിത്തുടങ്ങി. ലിസ്സ് ഒരിക്കലും എന്നോട് മിണ്ടിയിരുന്നില്ല. അവൾ അവളുടേതായ ലോകത്തായിരുന്നു. അല്ലെങ്കിൽ അടുക്കളയിൽ അവളുടെ അമ്മയുടെ ഒപ്പം. തന്റെ പപ്പയ്ക്ക് വലിയ റബ്ബർ നഴ്സറിയുണ്ടെന്നും അവിടെ ഇഷ്ടം പോലെ പനിനീർ ചാമ്പങ്ങയും ലോലോലിക്കയും സപ്പോട്ടക്കയും പാഷൻ ഫ്രൂട്ടും കിട്ടുമെന്നൊക്കെ പറഞ്ഞ് ലിജിൻ എന്നെ അത്ഭുതപ്പെടുത്തുമായിരുന്നു. ആദ്യമായി ലിന്റച്ചേച്ചി എനിക്കായി മാറ്റി വച്ച് തന്ന പാഷൻ ഫ്രൂട്ട് എന്തുകൊണ്ട് എനിക്ക് മാത്രം സ്ഥിരമായി കിട്ടുന്നില്ലെന്ന് ഞാൻ അമ്മയോട് പരിഭവപ്പെട്ടിട്ടുണ്ട്. അവർക്ക് കിട്ടുന്നതൊന്നും എനിക്ക് കിട്ടുന്നുണ്ടായിരുന്നില്ല അല്ലെങ്കിൽ അവർക്കുള്ളതൊന്നും എനിക്കുണ്ടായിരുന്നില്ല എന്ന ബോധ്യം തോന്നിത്തുടങ്ങിയ കാലമായിരുന്നു അത്. അതിനമ്മ പറഞ്ഞത് അനന്തുവിനെയും ജിഷ്ണുവിനെയും നോക്കാനായിരുന്നു. അവർ ഷർട്ടിട്ട് കളിക്കാൻ വരുന്നത് ഞാൻ കണ്ടിട്ടേയില്ലായിരുന്നു. തന്നെയുമല്ല അവർ വട്ടയപ്പമോ പാച്ചോറോ കഴിച്ചിട്ടേയില്ലായിരുന്നുവെന്നത് ഒരത്ഭുതം തന്നെയായിരുന്നു. മനുഷ്യന്മാരുടെയെല്ലാം സ്ഥിതിഗതികൾ വ്യത്യാസപ്പെട്ടിരിക്കും എന്നാണമ്മ പറഞ്ഞത്.
മനച്ചേലെ പുസ്തക കെട്ടുകൾ തീർന്നത് ഞാൻ അറിഞ്ഞതേയില്ല. മടക്കികൊടുത്ത പുസ്തകങ്ങൾ അതേപടി കെട്ടി ലിന്റച്ചേച്ചി തട്ടിൻപുറത്ത് കയറ്റി. പിന്നെ വെള്ളിയാഴ്ചകളിൽ മാത്രം വരുന്ന ഒരു പുസ്തകവും കാത്ത് ഞങ്ങൾ മൂന്നുപേരുമിരുന്നു. ലിന്റച്ചേച്ചിയും ലിജിനും വായിച്ചു കഴിഞ്ഞാലെനിക്ക് കിട്ടും. ചേച്ചിക്ക് വായിക്കാൻ വേറെയും പുസ്തകങ്ങളുണ്ടായിരുന്നു. അത് കൊച്ചു കുട്ടികൾക്കുള്ളതല്ല, വാരികകളെന്നാണ് പറയുക. പക്ഷെ അവ കൊള്ളില്ലയെന്ന ലിജിന്റെ അഭിപ്രായത്തെ മാനിച്ചു നടന്ന എനിക്ക് അവസാനം അതിലും തൊടേണ്ടി വന്നു. പിന്നെ അതുമെനിക്കൊരു സ്ഥിരമായി. വേനലവധിയുടെ അവസാന ആഴ്ചകളിലൊന്നിലാണ് ആ വീട്ടിൽ വി.സി.ആർ വാങ്ങുന്നത്. ലിജിന്റെ പപ്പ ശനിയാഴ്ച്ച രാത്രികളിൽ കൊണ്ടുവരുന്ന സിനിമാ കാസറ്റ് അവർ കുരിശുവരയും അത്താഴവും കഴിഞ്ഞ് ഒരുമിച്ചിരുന്ന് കാണും. പിറ്റേന്ന് എനിക്കായി ലിന്റചേച്ചി ഒന്നുകൂടി ആ സിനിമയിടും. അതൊരു വലിയ അനുഭവമായിരുന്നു. ഞങ്ങൾ രണ്ട് പള്ളിക്കാരായിരുന്നല്ലോ. ഞായറാഴ്ച്ച അവർക്ക് മുന്നേ ഞാൻ വേദപാഠം കഴിഞ്ഞെത്തും. നേരെ ചോറുമുണ്ട് ചെന്ന് കഴിഞ്ഞാവും സിനിമയിടുക. കണ്ട സിനിമ ഒരിക്കൽക്കൂടി കാണുന്ന ലിജിൻ ഓരോ സന്ദർഭങ്ങളും മുൻകൂട്ടി പറഞ്ഞുകൊണ്ടേയിരിക്കും. അതവനൊരു അഭിമാനമായിരുന്നു.
ഞായറാഴ്ച്ച അല്പനേരം മാത്രമാണ് അവരുടെ പപ്പയെ ഞാനവിടെ കാണാറുണ്ടായിരുന്നത്. അയാൾ എന്നെ കണ്ടതായി നടിക്കാതെ മിക്കവാറും സിറ്റൗട്ടിലെ കസേരയിൽ ബീഡിയും വലിച്ച് പത്രം വായിച്ചിരിക്കും. പിന്നെപ്പോഴോ ബൈക്കുമെടുത്ത് പുറത്തേയ്ക്ക് പോകും. അവർക്കെല്ലാം അവരുടെ പപ്പയെ മുട്ടൻ പേടിയായിരുന്നു. ഒരു ഞായറാഴ്ച ദിവസം കാസറ്റിട്ട് സിനിമ കാത്തിരുന്ന എനിക്ക് കിട്ടിയത് മറ്റൊരനുഭവമായിരുന്നു. അന്ന് കാസറ്റ് ഓടിയില്ല. അന്നെന്റെ മുന്നിൽ വച്ച് അവരുടെ പപ്പ ലിജിനെ പൊതിരെ തല്ലി.
‘നിന്നോടിതിൽ തൊടാനാരാടാ പറഞ്ഞെ?’
‘ലിന്റ ചേച്ചിയാ എന്നോട് വച്ചോളാൻ പറഞ്ഞെ’
അയാൾ ചേച്ചിയുടെ പാവാട പൊക്കി തുടയിൽ ആഞ്ഞടിച്ചു. അവർ പുറത്തിറങ്ങി പോയിരുന്ന് കരഞ്ഞു. അന്നയാളെന്നെ രൂക്ഷമായിയൊന്ന് നോക്കിയിട്ട് ഇറങ്ങിപ്പോയി. പിന്നെ രണ്ടാഴ്ചത്തേയ്ക്ക് കാസറ്റ് അവിടെ വന്നിട്ടില്ല. ലിജിൻ എന്നോട് കുറച്ചു ദിവസത്തേയ്ക്ക് മിണ്ടിയതുമില്ല. ഞാൻ മനച്ചേക്കാരുടെ വീട്ടിൽ കയറാതെ പറമ്പുവഴി അവിടേയ്ക്ക് കണ്ണുപായിച്ച് നടന്നു. കാസറ്റ് കേടായത് എന്റെയെന്തോ കുറ്റം കൊണ്ടാണെന്ന് ഞാൻ കരുതി. ലിന്റ ചേച്ചിയാണ് പിന്നെ വന്നു വിളിച്ചത്. അവരുടെകൂടെ അന്നൊരു ദിവസം കടയിൽ പോകാനായിരുന്നു അത്. പാളത്തിനക്കരെയുള്ള കുന്ന് കയറിയിറങ്ങിയാൽ അപ്പച്ചൻ ചേട്ടന്റെ കടയിൽ ചെല്ലാം. പാളത്തിനക്കരയ്ക്ക് ആദ്യമായി ഞാൻ കടക്കുകയായിരുന്നു. നടപ്പാത പിന്തുടർന്ന് ഞങ്ങൾ കുന്ന് കയറിയിറങ്ങി. റബ്ബർ മരത്തിൽ ഒട്ടിയിരുന്ന ഓരോന്തിനെ കാണിച്ചുകൊണ്ട് അതിന്റെ നിറമാറ്റ സൂത്രത്തെപ്പറ്റി ചേച്ചി വിവരിച്ചു. റോഡരികിലൂടെ ഒഴുകിയിരുന്ന ചാലിൽ കണ്ട ഞണ്ടിനെ കുരുത്തോലയിൽ കുരുക്കിട്ട് പിടിക്കുന്നതെങ്ങനെന്ന് ഞാനവർക്കും കാണിച്ചുകൊടുത്തു.
കടയിലെ ഭരണികളിൽ ഒന്നിൽനിന്നും ഒരു മിഠായി എടുത്തുകൊള്ളാൻ ചേച്ചി നിർദ്ദേശിച്ചപ്പോൾ ഞാൻ മടിച്ചുനിന്നു. എന്നാൽ ലിജിൻ ചാടി ഒരെണ്ണമെടുത്ത് കീശയിൽ തിരുകുന്നത് കണ്ടപ്പോൾ ഞാനുമൊന്നെടുത്തു. പോരുന്ന വഴിക്ക് എത്ര ചവച്ചിട്ടും തീരാതിരുന്ന ആ മിഠായിയോട് തോൽവി സമ്മതിച്ച് വിഷണ്ണതയോടെ അത് വിഴുങ്ങി. പാതി വഴിയിൽ നിന്റെ തുപ്പിയോ, നിനക്ക് വീർപ്പിക്കാനറിയോ എന്നൊക്കെ ലിജിൻ ചോദിച്ചപ്പോൾ തുപ്പി എന്ന് മാത്രം മറുപടി നൽകിക്കൊണ്ട് പുതിയൊരു മിഠായിസൂത്രവും പഠിച്ചു.
ഞങ്ങൾ പതിയെ മറ്റത്തിനപ്പുറത്തെ പുറമ്പോക്കിൽ കുട്ടിയും കോലും ക്രിക്കറ്റുമൊക്കെ കളിച്ചുതുടങ്ങി. ആ സ്ഥലത്തിന് തൊട്ടടുത്തുകൂടിയായിരുന്നു ട്രെയിൻപാളം പൊയ്ക്കൊണ്ടിരുന്നത്. കളി മുടക്കാൻ ആരും വന്നില്ല. അനന്തുവും ജിഷ്ണുവുമൊക്കെ ഞങ്ങളുടെയൊപ്പം കളിക്ക് വന്നുതുടങ്ങി. പിന്നെയാളു കൂടി. കളിയുടെ ആദ്യ ദിവസങ്ങളിൽ ലിന്റച്ചേച്ചി കളിക്കാൻ ഉണ്ടായിരുന്നുവെങ്കിലും ആളു കൂടിയപ്പോൾ പതിയെ അവർ മറ്റത്തിലെ നടക്കൽ പുസ്തകവും പിടിച്ചിരിപ്പ് തുടങ്ങി. എല്ലാവരുടെയും മേൽനോട്ടം എന്ന നിലയിൽ കൂടിയായിരുന്നു ആ ഇരിപ്പ്. ട്രെയിൻ കടന്നു പോകുമ്പോൾ അവർ കളി നിർത്തുവാൻ ആവശ്യപ്പെടും.
വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന് രണ്ടു ദിവസം മുൻപാണ് ലിജിനുമായി ഞാൻ വഴക്കുണ്ടാക്കുന്നത്.
“അവിടം തൊട്ട് അവിടം വരെ ഞങ്ങടെ പറമ്പാ”
തെക്കേ അതിരിൽ നിന്നും വടക്കേ അതിരിലേയ്ക്ക് ചൂണ്ടി ലിജിൻ പറഞ്ഞു.
“അല്ലാ. അവിടുന്നു ഇവിടം വരേയും പിന്നെ ദാണ്ടെ അവിടുന്ന് അവിടം വരേയും ഞങ്ങടെയും കൂടെയാ”
“അല്ലാടാ മണ്ടാ നിങ്ങടെ അല്ല. നിങ്ങടെ ഒന്നും ഇവിടില്ല”
ഞാൻ വിട്ടുകൊടുത്തില്ല.
“എന്റെ വീട്ടുപേരും മനച്ചേലെന്ന. വടക്കേമനച്ചേൽ.”
“അത് നിങ്ങള് ഞങ്ങളുടെ കോപ്പി അടിച്ചതാ.”
എനിക്ക് ദേഷ്യം വന്നു. ഞാൻ എന്റെ കണക്കുകൾ നിരത്തി. എന്നാൽ അവയെല്ലാം ശൂന്യതയിലെയ്ത അമ്പു പോലെയായിരുന്നു. ഞങ്ങൾ രണ്ടും തമ്മിൽ തല്ലായി. ഞാനവന്റെ ഷർട്ട് വലിച്ചു കീറി. ലിന്റചേച്ചി ഓടി വന്ന് ഞങ്ങളെ പിടിച്ചു മാറ്റി.
“ഡി, ഇവൻ പറയ ഇതെല്ലാം ഇവന്റേം കൂടെയാണെന്ന്”
“അതവൻ ചുമ്മാ പറഞ്ഞതാ. നീയെന്തിനാ വഴക്കുണ്ടാക്കുന്നെ”
“ചുമ്മായല്ല, ചോദിച്ചു നോക്ക്. എന്റെ വീടുപേരും മനച്ചേലെന്ന, വടക്കേമനച്ചേൽ”
“അയ്യേ അത് ഞങ്ങടെ പറമ്പിൽ നിങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം തന്നതുകൊണ്ടാ അങ്ങനെ പേര് വന്നേ. ഞങ്ങളാണ് ഒറിജിനൽ മനച്ചേൽ.” ഞാൻ ഞെട്ടി. ലിന്റ ചേച്ചി അത് പറഞ്ഞപ്പോൾ എതിർക്കാൻ കഴിയില്ലായെന്നതുപോലെയായി.
ഞാൻ കരഞ്ഞു. കരഞ്ഞുകൊണ്ട് വീട്ടിലേയ്ക്കോടി. സ്കൂൾ തുറക്കുന്നതുവരെ ഞാനവിടേയ്ക്ക് പോയില്ല. വല്യപരീക്ഷയുടെ റിസൾട്ട് വന്ന ദിവസമാണ് അതുവരെയുമുണ്ടായിരുന്ന വേദനയെല്ലാം മാറിയത്. സത്യമെല്ലാം ഉൾക്കൊണ്ടുകൊണ്ട് ഞാൻ മനച്ചേലെ വീട്ടിലേയ്ക്ക് നടന്നു. ലിജിനും ലിന്റെ ചേച്ചിയും മുറ്റത്തെ മണലിൽ മുട്ട് കുത്തി നിൽക്കുകയായിരുന്നു അപ്പോൾ. കൈ നീട്ടി പിടിപ്പിച്ച് അവരുടെ പപ്പ ലിന്റച്ചേച്ചിയെ ആഞ്ഞടിച്ചു. വീണ്ടും വീണ്ടും അതേ കൈകളിൽ അയാൾ അടിച്ചുകൊണ്ടേയിരുന്നു. വേദനകൊണ്ട് കൈ നീട്ടാനാവാതായപ്പോൾ ഇരു തോളുകളിലും മാറിമാറി അടിച്ചു. ഞാൻ പതറി നിന്നുപോയി. ശേഷം ലിജിന്റെ ചന്തിയിലും തുടയിലും കാൽവെള്ളയിലും കൈകളിലും അയാൾ തെരുതെരെ അടിച്ചു. ലിന്റച്ചേച്ചി വാവിട്ട് കരയുന്നത് കണ്ട് എന്റെ ചങ്ക് പിടഞ്ഞു. അവർ സ്കൂൾയൂണിഫോമിൽ തന്നെയായിരുന്നു മുട്ടുകുത്തി നിന്നിരുന്നത്. നഗ്നമായ കാൽമുട്ടുകളിലെ തൊലിപ്പുറങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ചരൽ കല്ലുകൾ. വേദനകൊണ്ട് കൈ നിലത്തു കുത്താൻ തുടങ്ങുമ്പോഴൊക്കെയും അയാൾ അവരെ തല്ലി.
‘നീയൊക്കെ പറഞ്ഞതെല്ലാം വാങ്ങി തന്നേച്ചിട്ട് ഇപ്പോൾ മൊട്ടയുംകൊണ്ട് വന്നേക്കുന്നു. കാളകളിച്ചു നടന്നു രണ്ടും.’ ഒന്നും പറയാൻ കഴിയാതെ അവരുടെ അമ്മ കരഞ്ഞുകൊണ്ട് സിറ്റൗട്ടിൽ നിൽക്കുന്നു. സമീപത്തുതന്നെ നിന്ന ലിസ്സ് എന്നെ നോക്കി ചിരിച്ചു. എന്നിട്ട് അവരെ രണ്ടുപേരെയും നോക്കി ചിരിച്ചു. അയാൾ വടി നിലത്തേയ്ക്കെറിഞ്ഞിട്ട് പറഞ്ഞു, ‘ഇനി ഇവിടെ കഥപ്പുസ്തകവും കാസറ്റും ക്രിക്കറ്റ് കളിയുമൊക്കെ കണ്ടാൽ ഞാൻ പറയാം.’
അപ്പോഴാണ് അയാളെന്നെ ശ്രദ്ധിച്ചത്. എന്റെ നേരെ തിരിഞ്ഞ് വിറച്ചുകൊണ്ട് ചോദിച്ചു,
‘നീ ജയിച്ചോടാ എല്ലാത്തിനും?’
‘ആം. ക്ലാസിൽ സെക്കന്റാ’ ഞാൻ വിറച്ചുകൊണ്ടുത്തരം പറഞ്ഞു
ഉടനെയയാൾ ലിന്റ ചേച്ചിയെയും ലിജിനെയും നോക്കി പറഞ്ഞു,
‘ദിവസവും രാവിലെ രണ്ടും ഈ പെലയചെറുക്കന്റെ കാട്ടം പോയി തിന്ന്. അങ്ങനേലും നന്നാവട്ടെ.’
ഞാനല്പനേരം കൂടി അവിടെ നിന്നിട്ട് തിരികെ നടന്നു. അപ്പോഴും അവർ ആ മണലുമ്പുറത്ത് മുട്ടിന്മേൽ നിൽക്കുകയായിരുന്നു. അന്ന് കുരിശുവരയ്ക്കുന്ന നേരത്ത് ഞാൻ പ്രാർത്ഥിച്ചു, ‘ഈശോയേ ആ തന്തപ്പടി ചത്തു പോകണേ’
അക്കാലമെല്ലാം കഴിഞ്ഞിട്ട് ഏറെയൊന്നുമായില്ലെങ്കിലും എത്തിപ്പിടിക്കാൻ പ്രയാസമുള്ളപോലെ ലോകമിന്ന് വളരെയധികം മാറി, മനുഷ്യരും. ധൈര്യം സംഭരിച്ച് ലിന്റച്ചേച്ചിയെ വിളിക്കാൻ തന്നെ തീരുമാനിച്ചുകൊണ്ട് റൂമിലേയ്ക്ക് നടന്നു. ഒന്ന് രണ്ട് റിങ്ങിനുള്ളിൽ അവർ ഫോണെടുത്തു.
“ലിന്റച്ചേച്ചി. സുഖാണോ? ഞാനാ സെബിനാ”
“ആടാ, സ്വരം കേട്ടപ്പോഴേ മനസ്സിലായി. എന്നാ ഉണ്ടെടാ. നീ ഈ വർഷം നാട്ടിൽ വരൂന്നാണല്ലോ ആന്റി പറഞ്ഞെ. ക്രിസ്മസ്സിന് കാണുവോ?”
അവരുടനെ വീഡിയോ കാളിലേയ്ക്ക് സ്ക്രീൻ മാറ്റി. ആ പഴയ വലിയ പെൺകുട്ടി ആളാകെ മാറിയിരിക്കുന്നു. വല്ലാണ്ട് പ്രായമായപോലെ. അതേ സിറ്റൗട്ടിൽ, അതേ കസേരയുടെ ചുവട്ടിൽ, അതേ തറയിൽ അവർ ഇരിക്കുകയാണ്. കയ്യിലൊരു കൊച്ചുമുണ്ട്.
“അപ്പുച്ചേ ഇതാരാടാ. നോക്കിക്കേ ഇതാരാ? സെബിൻ മാമ്മനാണോ? മാമ്മനോട് എന്നാ വരണേന്ന് ചോദിച്ചേ”
“ഇവനിപ്പോ എത്ര വയസ്സായി?”
“വരുന്ന സെപ്റ്റംബറിൽ രണ്ടാവും”
ഞാൻ വേറൊന്നും ചോദിച്ചില്ല. അവർ വല്യ ആകാംഷയോടെ കാര്യങ്ങൾ പറഞ്ഞുകൊണ്ടും ചോദിച്ചുകൊണ്ടുമിരുന്നു.
“ലിസ്സിനെ ഞങ്ങൾ തെള്ളകത്തുള്ള കന്യാസ്ത്രീമാര് നടത്തുന്ന കെയർ സെന്ററിലേയ്ക്ക് മാറ്റിയെടാ. ഇവളെ പോലുള്ള ആളുകള് കുറച്ചുണ്ടവിടെ. ക്യാഷ് കൊടുക്കണം മാസാമാസം. എന്നാലും കുഴപ്പില്ല അമ്മയ്ക്ക് തന്നെയിതിനെ നോക്കാൻ പറ്റാതായെടാ. നടുവ് വേദനയും കാല് വേദനയും ഇല്ലാത്ത വേദനയൊന്നുമില്ല അമ്മയ്ക്ക്.”
അവരുടെ പിന്നിലെ ഭിത്തി അങ്ങിങ്ങ് കറുത്ത് കിടന്നിരുന്നു. പഴഞ്ചൻ നീലക്കസേര തൊലിപൊളിഞ്ഞ് വെളുത്തു. അവര് മുട്ടുകുത്തി നിന്ന ആ മുറ്റത്തിനതിരിൽ ഇപ്പോൾ വലിയൊരു മതിലും വന്നു. അതിനപ്പുറം മറ്റാരുടെയോ പറമ്പാണ്. ഞങ്ങൾ കളിച്ചുകൊണ്ടിരുന്ന പുറമ്പോക്ക് ഭൂമി റെയിൽവേ മണ്ണിട്ട് പൊക്കി.
“കണ്ട കൗൺസിലിങ്ങുകളും ധ്യാനങ്ങളും പ്രാർത്ഥകളും നൊവേനകളുമൊന്നും നടത്താതെ ആദ്യമേയൊരു സൈക്കാട്രിസ്‌റ്റിനെ കാണിച്ചിരുന്നുവെങ്കിൽ ലിജിൻ…” അവർ വിങ്ങി.
“ഇതൊക്കെയന്നാര് പറഞ്ഞു തരാനാ? നമുക്കും ബോധമില്ലാണ്ട് പോയി” ഞാൻ ശിലപോലെ നിന്ന് കേട്ടു. മറുപടിയൊന്നും പറഞ്ഞില്ല, അവരൊന്നും പ്രതീക്ഷിക്കുന്നുമില്ലെന്ന് തോന്നി.
കാൾ വയ്ക്കുന്നതിനു മുൻപ്, “ഇപ്പോൾ വായനയൊക്കെയുണ്ടോ”, എന്ന് ഞാൻ ചോദിച്ചു. “അത് മാത്രമേ പോകാതെയുള്ളൂ”, എന്നവർ മറുപടിയും പറഞ്ഞു.
വല്യപരീക്ഷാഫലത്തിന്റെ ചൂടും കയ്പ്പും തീർന്ന രണ്ടാമാഴ്ച്ചയിലെ ഞായറാഴ്ച്ച ഞങ്ങൾ പുറമ്പോക്ക് ഭൂമിയിൽ വീണ്ടും കുട്ടിയുംകോലും കളിയാരംഭിച്ചിരുന്നു. ലിന്റചേച്ചി അപ്പോഴും പരീക്ഷാഫലത്തിന്റെ സമ്മർദ്ദത്തിലും ഭയത്തിലുംപെട്ട് കളിക്ക് വന്ന് തുടങ്ങിയിരുന്നില്ല. കുട്ടിക്കോൽ തോണ്ടിയെറിഞ്ഞോടിക്കൊണ്ട് ആറ് വ്യാമമകലെ കടന്നുപോയ ട്രെയിനിലെ ആളുകളെ നോക്കി അസ്സൂയയോടെ കൈവീശി കളി തുടർന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് ഒരു പയ്യനോടിവന്ന് എല്ലാവരോടുമായി പറഞ്ഞത്,
“തെക്കുംഭാഗത്താരെയോ ട്രെയിൻ തട്ടി”
മൂത്തുനിന്ന കുട്ടിക്കൗതുകത്തിൽ വീണ്, കുട്ടിക്കും കോലിനും വിശ്രമം കൊടുത്തുകൊണ്ട്, ഞങ്ങളോടി. അതിലാരൊക്കെ ആ അപൂർവ്വ ദൃശ്യം മുൻപ് കണ്ടിട്ടുണ്ടാവും എന്നെനിക്ക് നിശ്ചയമില്ലായിരുന്നു. എല്ലാവരും കാണാനോടി, ഞാനുമോടി. എന്നെയാരും പിടിച്ചു നിർത്തിയുമില്ല. വെപ്രാളത്തിൽ എല്ലാവരും സ്വയം മറന്നു. പ്രായം മറന്നു. സത്യത്തിൽ പലർക്കും അതൊരു പുതുകാഴ്ച്ചയല്ലായിരുന്നു താനും. വലിയവർക്കും ചെറിയവർക്കും. എന്നാലെനിക്ക് ആദ്യമായിരുന്നു.
എല്ലുകൾ പൊടിഞ്ഞ്, തൊലികീറി, ചണച്ചാക്കുപോലെയൊരു ശരീരം. ചുട്ടുപഴുത്ത കത്തികൊണ്ട് മുറിച്ചിട്ട മെഴുക് കഷ്ണങ്ങൾപോലെ കൈകാലുകൾ. തുണ്ടങ്ങളായി വിഘടിച്ച അവയവങ്ങളോരോന്നും ഏതാനും പ്രദേശങ്ങളിൽ വ്യാപിച്ചു കിടന്നിരുന്നു. കൈ ഒരിടത്ത് കാൽ മറ്റൊരിടത്ത്. മുൻപരിചയം ലേശമുള്ള ലിജിൻ പരിഭ്രമിച്ചുനിന്ന എന്നെ പിടിച്ചുനിർത്തി ചൂണ്ടിക്കാണിച്ചു,
‘ദാണ്ടെടാ കൈ, അത് കാൽ, അവിടെക്കണ്ടോ തല. ആ ഇഞ്ചിപ്പുല്ലിന്റെടേല്, ദേഹം’
ഒത്തിരിയധികം രക്തമൊന്നും എവിടെയുമില്ലായിരുന്നുവെന്നാണ് ഓർമ്മ, പക്ഷെ എല്ലായിടത്തും എന്തൊക്കെയോ ഉണ്ടായിരുന്നു താനും. ആ ശിരസ്സ് ഞാനോർക്കുന്നു. വികൃതമായ മുഖവും. വളരെ മുഴക്കമേറിയ ആഘാതമായിരുന്നു അത്. സത്യം തിരിച്ചറിയാതെ ആ മകൻ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ഇപ്പോഴുമെനിക്ക് കേൾക്കാം. അമ്മ വന്ന് ഞങ്ങളെ പിടിച്ചു മാറ്റുമ്പോഴേയ്ക്കും അവനതറിഞ്ഞിരുന്നു. ആ തിരിച്ചറിവിൽ നിന്നും ലഭിച്ച ഉഗ്രമായ ഞെട്ടലിൽ അവൻ കുഴഞ്ഞുവീണു. കൂടെ മനച്ചേക്കാരും വീണു. ഞങ്ങൾ വടക്കേമനച്ചേക്കാർ വീണില്ല. അവരും ഞങ്ങളും വെവ്വേറെയാണെന്ന് അപ്പോഴേയ്ക്കും തിരിച്ചറിഞ്ഞിരുന്നല്ലോ. പിന്നീടുള്ള ലിജിനെ എനിക്ക് പരിചയമില്ലാതായി. ഇപ്പോൾ ഓർമ്മയുമില്ല. എല്ലാവരിൽനിന്നും അകന്നുമാറി ജീവിച്ച് മുതിർന്നപ്പോഴും, എല്ലാം വിറ്റുതുലച്ചപ്പോഴും, ഒരുനാൾ സ്വയം ജീവനെടുത്തപ്പോഴും പണ്ടത്തെ ആ കാഴ്ച്ചയുടെ പരിണിതഫലം കൊണ്ടാണെന്ന് ആളുകൾ തീർച്ചപ്പെടുത്തി. എന്നിലും ആ സ്തംഭനങ്ങളുടെ ഒരു ഭാഗം ഇന്നും അവശേഷിക്കുന്നു. ഫലപ്രദമായ എന്റെയൊരേയൊരു പ്രാർത്ഥനയുടെ ഭാഗം. ഞാൻ ഫോണെടുത്ത് ‘അമ്മ’ എന്ന് സേവ് ചെയ്ത പേരിലേയ്ക്ക് വിരലമർത്തി.
