ഉന്മാദിനിയുടെ രാപകലുകൾ

ഒന്ന്: പകലുകൾ

കാട്ടുഞാവൽ
പ്പഴങ്ങളിൽ നിന്നും
കരിനീലയെ
നുണഞ്ഞ്,
മഞ്ഞക്കോളാമ്പിപ്പൂവ്
ചെവിമടക്കിൽ തിരുകി,
പ്രണയം കൊണ്ടു
മുറിഞ്ഞിടത്തെല്ലാം
കമ്മ്യൂണിസ്റ്റ് പച്ചയിറ്റിച്ച്,
ചെമ്പരത്തി-
യിതളിൽ നിന്നും
ഭ്രാന്തിന്റെ പൊട്ടെടുത്ത്
നെറ്റിയിൽ ചാർത്തി,
ഉന്മാദിനിയായൊരുവൾ
പകൽ വരയ്ക്കുന്നു.

ഒരു കുഞ്ഞു പൂവിന്റെ
നിഷ്കളങ്കതയിൽ
പകലുകൾ വിടരുന്നു.
കടുംവർണ്ണങ്ങൾ
വാരിവാരി വിതറുന്നു,
എത്രത്തോളം വെളിച്ചമുണ്ടോ,
അത്രത്തോളം തെളിച്ചമു-
ണ്ടവളുടെ പകലുകൾക്ക്…

രണ്ട്: രാത്രികൾ

ഇരുട്ടിനെ കട്ടെടുത്ത്,
നീണ്ട മുടിയിഴകളിലൊതുക്കി,
മിഴിത്തുമ്പിലൊരു
നീലനക്ഷത്രമൊളിപ്പിച്ച്,
ചുണ്ടുകളിൽ
അന്തിനിലാ ചന്തമൊരുക്കി,
മിനുമിനെ മിന്നുന്ന
മിന്നാമിന്നിക്കുഞ്ഞുങ്ങളെ
എത്തിയെത്തിപ്പിടിച്ച്,
ഉന്മാദിനിയായൊരുവൾ
രാവിനെ പുണരുന്നു.

ആഴിയെപ്പോലെ
അഗാധമാം രാവുകൾ
മുങ്ങിനിവരുന്തോറും
നിലതെറ്റിപ്പോകുമുൾക്കടൽ
എത്രമേൽ ഗാഢമാണോ,
അത്രമേൽ നിഗൂഢമാ-
ണവളുടെ രാത്രികൾ.

എറണാകുളം ജില്ലയിലെ ആയവന സ്വദേശിനി. ഡിജിറ്റൽ മാഗസിനുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുമായി കഥയും കവിതയും എഴുതുന്നു.