ഉൻമത്തനൊരുനാൾ ഇരുട്ടിലേക്കിറങ്ങി
വഴിത്താരയിൽ നീളെ പകൽ പോൽ
വെളിച്ചത്തിൻ പ്രവാഹം
ഭയലേശമില്ലാതെ നടക്കുന്നയാൾ.
എങ്കിലും, കാഴ്ചയെ ആഘോഷമാക്കിയോർ,
ബോധമുള്ളോർ, പാതയിൽ കണ്ടതെല്ലാമന്ധകാരം
കല്ലും മുള്ളും പുല്ലും നിറഞ്ഞിരിക്കുന്നു.
ദുർഘടം നടത്തം, മുന്നിലെന്തെന്നറിയില്ല,
അടിവെക്കാൻ ഭയം മാത്രം –
ഗർത്തമാണമവിടമെങ്കിൽ ആഴ്ന്നു പോയെങ്കിലോ?
പാറക്കല്ലിലിടിച്ചെങ്കിലോ?
കാലിൽ മുള്ളു തറച്ചെങ്കിലോ?
ദുഷ്കരമല്ലൊ ഇനി യാത്ര!
ദുർഭൂതമല്ലെ മുമ്പിൽ!
ദിക്കുകളപ്രത്യക്ഷം, ദിനരാത്രങ്ങളവ്യക്തം
സുബോധമുണ്ടെങ്കിലീയന്ധകാരമാം പ്രഹേളിക!
ഇല്ലെങ്കിലെന്ത്? ഉന്മാദമുണ്ടെങ്കിലോ
സ്വസ്ഥമീ വഴികൾ, വെളിച്ചത്തുരുത്തുകൾ
ആർത്തുല്ലസിച്ചീടാം ആഘോഷമാക്കിടാം
അമ്പരപ്പേതുമേയില്ലാതുയിർ നൃത്തവേദി പോൽ,
ആനന്ദമാക്കിടാം പാതകളെല്ലാം, ചുവടുകൾ
ചുവന്ന പരവതാനിയിൽ മൃദുല ഭദ്രം.
വരൂ, വന്നീ പരവതാനിയിൽ നടക്കൂ,
ഉന്മത്തമാക്കിടാം ചുവടുകളൊക്കെയും.