ഉത്തരേന്ത്യയിലേക്കൊരു ഉട്ടോപ്യൻ യാത്ര

പഠനകാലത്തൊരിക്കലും എസ്കർഷനുകളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത് മനസ്സിലെന്നുമൊരു കരടായി കൊണ്ടുനടന്നിരുന്നു. എന്തെങ്കിലുമൊരു കാരണം ആ ദിവസങ്ങിലേക്കായി എന്നെ കാത്തിരിക്കുന്നുണ്ടാവും. തിരിച്ചുവന്നുള്ള കൂട്ടുകാരുടെ യാത്രവിവരണങ്ങളെ ബോധപൂർവ്വം ഒഴിവാക്കിയാണ് അതിനു പകപോക്കിയിരുന്നത്. എങ്കിലും യാത്രാവിവരങ്ങൾ വായിക്കുകയും വായിച്ചറിഞ്ഞ നാടുകളിലൂടെ ഒരു ഉട്ടോപ്യൻ യാത്രയൊക്കെ നടത്തി നിർവൃതിയടയുകയെന്നതും ഏറെ ഹൃദ്യമായിരുന്നു.
തലശ്ശേരി പഠനകാലത്ത് കണ്ണൂർ ജില്ലയുടെ ഏതാണ്ടെല്ലാ സ്ഥലങ്ങളിലും ചുറ്റിനടക്കാൻ സാധിച്ചു. ഓരോ ചെറു ഗ്രാമങ്ങളിലുമുള്ള ഭാഷാ വൈവിധ്യവും ഭക്ഷണരീതിയുമെല്ലാം ഒരു പാട് കൗതുകത്തോടെയാണ് നോക്കികണ്ടത്. യാത്രകൾക്കൊരു തുടക്കം കിട്ടിയത് ബാംഗ്ലൂരിൽ എത്തപ്പെട്ടതിനുശേഷമാണ്. ഓഫീസ് ആവശ്യങ്ങൾക്കായി ചെന്നൈയിലും ഗോവയിലുമെല്ലാം താമസിക്കേണ്ടി വന്നത് അനുഗ്രഹമായി. പഴയ എസ്കർഷനുകളോടൊരു വെല്ലുവിളിയായികിട്ടിയ സമയം ഒട്ടും പാഴാക്കിയില്ല.
മൈസൂർ, ഊട്ടി, കൊടൈകനാൽ തുടങ്ങിയ സ്ഥലങ്ങളെല്ലാം ഓഫിസ് ടൂറുകളിലും ഉൾപ്പെട്ടു. തുച്ഛമായ ശമ്പളം ദൂരയാത്രയുടെ സ്വപ്നങ്ങളിലേക്കുള്ള വിലങ്ങു തടിയായെങ്കിലും ചെറിയ ദൂരങ്ങളിലെക്കുള്ള യാത്ര പതിവാക്കി. ഹോസ്റ്റലിലെ കൂട്ടുകാരുമൊത്തുള്ള ഷിമോഗ, കൂർഗ്, കൊല്ലൂർ അങ്ങനെ കർണാടകയുടെ പലയിടങ്ങളിൽ. അതല്ലായെങ്കിൽ കൂട്ടുകാരെയും കൂട്ടി വയനാട്ടിലേക്ക്. ഓർത്തെടുത്തോമനിക്കാൻ ഒരുപാടു തമാശനിറഞ്ഞ ദിനങ്ങൾ.
ഓരോ യാത്രയും നമുക്കായി കരുതിവക്കുന്നത് സ്വപ്നങ്ങളുടെ നിറംപിടിപ്പിച്ച യാഥാർഥ്യമാവും. മനസ്സിലുള്ള ഭാരമെല്ലാമിറക്കി മടുപ്പുകളും വെറുപ്പുകളുമെല്ലാം വിട്ടൊഴിഞ്ഞു എല്ലാം സുന്ദരമെന്നു തോന്നിക്കുന്ന ഒരവസ്ഥയിലേക്കുള്ള പരിണാമം.
ആദ്യമായൊരു ദീർഘദൂരയാത്ര ജമ്മുവിലേക്കാണ്. വളരെ ആകസ്മികം. ഓഫീസ് പണിയുടെ മടുപ്പുകളെക്കുറിച്ചു പറയുന്നതിനിടയിലാണ് ഷീമ എന്ന കൂട്ടുകാരി പറഞ്ഞത്,
“എടാ, എനിക്കൊരു നിയോഗമുണ്ട്, ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിൽ ദർശനം നടത്തണം. നീ കൂട്ട് വരുമോ?”
പെട്ടെന്നൊരു സന്ദേഹം തോന്നാതിരുന്നില്ല. ജമ്മു ഇന്ത്യയുടെ അങ്ങേയറ്റം. അതുമല്ല സുന്ദരമെങ്കിലും ‘ഭീകരത’ യോടെ മാത്രം വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം. നൊടിയിടയിലെ ചിന്തകൾക്കുശേഷം ഞാനറിയാതെതന്നെയാണ് സമ്മതവാക്കുകൾ പുറത്തെത്തിയത്.
ചടുപടാ കാര്യങ്ങൾ തീരുമാനിച്ചു. ഒരാഴ്ചത്തെ പ്രോഗ്രാം . അങ്ങോട്ട് ജമ്മുവരെ ട്രെയിൻ, തിരിച്ചു ഫ്ലൈറ്റ്. പിന്നെ മനക്കോട്ടകൾ കെട്ടിപ്പൊക്കിയുള്ള ഒരാഴ്ചയുടെ കാത്തിരിപ്പ്. ഇന്ത്യയുടെ ഭൂമിശാസ്ത്രം തെല്ലുമറിയാത്ത രണ്ടു പൊട്ടി ക്കോന്തികളുടെ രസകരമായ യാത്രയുടെ തുടക്കം.
അങ്ങനെ ആ സുദിനം വന്നെത്തി. ഇത്രമാത്രം ആകാംഷയോടെ ഒരു ദിനത്തേയും ഞാൻ കാത്തിരുന്നിട്ടില്ല. നിലവിലുള്ള സാഹചര്യത്തിൽ സ്വപ്നം കാണാൻ പോലും ധൈര്യമില്ലാത്തൊരു കാര്യമാണ് യാഥാർത്ഥ്യമാവാൻ പോകുന്നത്. വെള്ളിമണികൾ പോലെ തിളങ്ങുന്ന മഞ്ഞുപുതച്ച മലകളും പതുപതുപ്പുള്ള മഞ്ഞുകണങ്ങളുമെല്ലാമാണ് മനസ്സുനിറയെ. തോരണം ചാർത്തി ഉയർന്നുവരുന്ന ആഹ്ളാദത്തിമിർപ്പിനെ വല്ലാതെ പണിപ്പെട്ടാണ് ഉള്ളിലൊളിപ്പിച്ചത്.
എന്തൊക്കെയോ മറന്നുവെന്നൊരു തോന്നൽ, അവശ്യ സാധനങ്ങൾ ഉണ്ടെന്നുറപ്പുവരുത്താൻ പാക്ക് ചെയ്തുവച്ചിരുന്ന ബാഗ് വീണ്ടും വീണ്ടും അഴിച്ചു പണിതു. പക്ഷേ ഓരോപ്രാവശ്യവും അധികമെന്നു തോന്നിയ എന്തെങ്കിലുമൊന്ന് തിരിച്ചെടുക്കുകയാണ് ചെയ്തതത്. സമയം ഇഴഞ്ഞു നീങ്ങുന്നതുപോലെ. വൈകിട്ടാണ് ട്രെയിൻ. ഉച്ചയൂണുകഴിഞ്ഞു ഹോസ്റ്റലിൽ നിന്നിറങ്ങുമ്പോൾ വാർഡൻ സിസ്റ്റർ വിനയയുടെ മുഖത്തു തെളിഞ്ഞുവന്ന വേവലാതി കണ്ടില്ലെന്നു നടിച്ചു. സിസ്റ്റർക്കിത്തിരി പരാതിയും ഇല്ലാതില്ല,
‘ക്രിസ്ത്യാനിപ്പെണ്ണിന് പോകാൻ കണ്ട സ്ഥലം! അതും വലിയ ആഴ്ചയിൽ….! ‘ പെസഹാ വ്യാഴമാണ്, അപ്പോപ്പിന്നെ സിസ്റ്ററെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാലോ. നട്ടുച്ചക്കത്തെ കടുത്ത വെയിലാണെങ്കിലും ഗെയിറ്റുവരെ സിസ്റ്ററും കൂടെ വന്നു.
“മക്കളേ, സൂക്ഷിച്ചും കണ്ടും ഒക്കെ പോണേ. നിങ്ങൾ രണ്ടാളും മാത്രേയുള്ളുവെന്നെപ്പോഴും ഓർമ്മവേണം, അപരിചിതരോട് കൂട്ടുകൂടുകയോ അവര് തരുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. ഒരുപാട് ഭീകരർ ഒക്കെയുള്ള സ്ഥലമാണെന്ന് കേൾക്കാറുണ്ട്, പ്രാത്ഥിച്ചിട്ടുവേണം ഓരോ സ്ഥലത്തേക്കും ഇറങ്ങുന്നത്. നീ കഴുത്തിലിടില്ലെന്നറിയാം എന്നാലും ഇത് കൂടെവച്ചോ. എവിടെപ്പോയാലും ഇതു കൊണ്ടുപോകണം കേട്ടോ.”
കൊച്ചുകുട്ടിയോടെന്നവണ്ണം നീട്ടിപ്പിടിച്ചൊരു ഉപദേശത്തിന് ശേഷം ചുരുട്ടിപ്പിടിച്ചിരുന്ന ഒരു ചെറിയകൊന്ത എന്റെ ജീൻസിന്റെ പോക്കറ്റിലിട്ടു തന്നു. ഒരമ്മയുടെ അല്ലെങ്കിൽ ചേച്ചിയുടെ സ്നേഹമാണ് സിസ്റ്റർക്കെല്ലാവരോടും.
ഓട്ടോപിടിച്ച് ഷീമയുടെ വീട്ടിലെത്തിയപ്പോൾ ജഗപൊഗമേളം. ഇനി ഇവളിങ്ങോട്ടു തിരിച്ചുവരണില്ലേയെന്നു തോന്നിപ്പോയി. സാമാന്യം വലിയൊരു ബാഗ് നിറച്ചുവച്ചിരിക്കുന്നു. കഷ്ടപ്പെട്ടാണ് സിപ് ഒക്കെ ഇട്ടത്. അമ്മയും അച്ഛനും മാറിമാറി അതെടുത്തോ ഇതെടുത്തോ എന്നൊക്കെ ചോദിക്കുന്നു. അതിനനുസരിച്ചു അവളും ഓടിച്ചാടി എന്തൊക്കെയോ പെറുക്കി വേറൊരു ബാഗിൽ ഇടുന്നു. എന്റെ ബാഗിനെ ഞാനൊന്നു ചരിഞ്ഞുനോക്കി, പാവം, ഒട്ടും ഗർവ്വില്ലാതെ പാവത്താനെപ്പോലെ ഒടിഞ്ഞുമടങ്ങിയിരിക്കുന്നു. അന്നന്നിടുന്നത് കഴുകിയിടാം അതിനുപറ്റിയില്ലെങ്കിൽ എവിടെനിന്നെങ്കിലും വാങ്ങാമെന്ന തോന്നലിൽ വളരെ കുറച്ചു ഡ്രസ്സ് മാത്രമേ എടുത്തിട്ടുള്ളു. മാർച്ച് അവസാന ആഴ്ച്ച ആയതിനാൽ ജമ്മുവിൽ നല്ല കാലാവസ്ഥയാകുമെന്നറിയാം. എങ്കിലും ഒരു ജാക്കറ്റും കയ്യുറകളും സോക്സുമൊക്കെ കരുതിയിട്ടുണ്ട്.
ഷീമയുടെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്താണെന്നറിയില്ല എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. വീട്ടിലേക്കു വിളിക്കണമെന്ന കലശലായ തോന്നൽ അമർത്തിപ്പിടിച്ചു. അവിടെ നിന്ന് അധികദൂരമില്ല കന്റോൺമെന്റ് സ്റ്റേഷനിലേക്ക്. എങ്കിലും കുറച്ചു നേരത്തേ തന്നെയെത്തി. സ്റ്റേഷനിൽ സാമാന്യം നല്ല തിരക്കുണ്ട്. ഈസ്റ്റർ പ്രമാണിച്ച് നാട്ടിൽപോകുന്നവരാവണം.
നാലരക്കുവരേണ്ട ട്രെയിൻ അരമണിക്കൂർ വൈകുമെന്നറിഞ്ഞു. രണ്ടാളും ഒന്നും തന്നെ മിണ്ടിയില്ല. ഓരോരോ ചിന്തകൾ കാടുകയറുകയാണോ നാട്ടിലേക്കോടുകയാണോ എന്നൊന്നുമറിയില്ല. എങ്ങനാവും കാര്യങ്ങളൊക്കെയെന്നൊരു കുഞ്ഞുവേവലാതി വിളിക്കാതെതന്നെ ഇടയ്ക്കിടെ തലപൊക്കിവരും. മനസ്സ് ഫ്രീയാക്കാൻ തൊട്ടടുത്തിരുന്നിരുന്ന കൊച്ചു കുട്ടികളുടെ കളികളിലേക്ക് ശ്രദ്ധതിരിച്ചുവിട്ടു.
ട്രെയിനിന്റെ അകലെ നിന്നുള്ള വരവറിഞ്ഞതേ, അതേതാളത്തിൽ എന്റെ ചങ്കിടിപ്പും. ഇത്രമാത്രം മനസ്സുറപ്പില്ലേയെന്നു എനിക്കുതന്നെ നാണം തോന്നിപ്പോയി. ട്രെയിൻ സ്റേഷനിലെത്തിയതും ആളുകൾ ഒരു പടപോലെ ഓടിയെത്തി. ആര് തട്ടിമറിഞ്ഞുവീണാലും വേണ്ടില്ല എങ്ങനെയെങ്കിലും കയറിപറ്റാനുള്ള വ്യഗ്രതയിൽ ഉന്തലും തള്ളലും തുടങ്ങി. ഇത്രമാത്രം ആളുകളെ അവിടെ കണ്ടിരുന്നോ എന്ന് സംശയമായി. വളരെ സാഹസികമായി ഡോറിന് വെളിയിൽ ഒരുകാലും മറ്റേ കാല് ചവിട്ടു പടിയിലുമായി ഉള്ളിലോട്ടു കയറാൻ തുടങ്ങുമ്പോഴാണ് ഷീമയുടെ ഉച്ചത്തിലുള്ള ചോദ്യം.
“എടാ ആ കുഞ്ഞു ബാഗ് കണ്ടോ? അയ്യോടാ പോയെന്നാ തോന്നണേ …” പിന്നീടത് കരച്ചിലിലേക്കു വഴുതിവീഴുന്നതരത്തിലായി.
“എന്താടാ ചെയ്യണേ?”
ഞെട്ടിപ്പോയി, ആ ചെറിയ ബാഗിലാണ് ടിക്കറ്റുകളും ആവശ്യത്തിനുള്ള പൈസയുമൊക്കെ. വീട്ടിൽ നിന്നെടുത്തുവെന്നുറപ്പാണ്. ഇനി ഓട്ടോയിൽ വച്ച് മറന്നതാകുമോ ? ശ്വാസം നിന്നതുപോലെ. വെറും രണ്ടുമിനിട്ടു മാത്രം ട്രെയിൻ നിറുത്തുന്ന സ്റ്റേഷൻ. എന്റെ പുറകിലുള്ള സ്ത്രീയാണേൽ വല്ലാതെ തിക്കും തിരക്കുംകൂട്ടി എന്നെയും ഉള്ളിലെത്തിച്ചു. ഒരുതരത്തിലാണ് തിരിച്ചിറങ്ങിയത്. ആകെ തകർന്നുനിൽക്കുന്ന അവളുടെയടുത്തെത്തിയതും എനിക്കാദ്യം വന്നത് ദേഷ്യവും പിന്നത് ചിരിയുമായി.
‘ശാന്തം പാവം’ എന്ന് പറയണപോലെ ആ കുഞ്ഞുബാക്ക് പാക്ക് ബാഗ് അവളുടെ പുറത്തു സ്വസ്ഥമായി വിശ്രമിക്കുന്നു. ദേഷ്യപ്പെടാനോ ചിരിച്ചുമറിയാനോ ഒട്ടും സമയമില്ല, ഓടിപ്പിടിച്ച് വീണ്ടും ട്രെയിനിലേക്ക്. ഷീമയുടെ കനമുള്ള ബാഗ് വലിച്ചുകയറ്റുന്നതിനിടയിൽ ട്രെയിൻ ചലിച്ചു തുടങ്ങിയിരുന്നു.
കർണ്ണാടക എക്സ്പ്രസിലെ ത്രീടയർ എസി ക്യാബിനാണ് ഡെൽഹിയെത്തുന്നതു വരെയുള്ള രണ്ടു ദിവസത്തേക്കുള്ള ഞങ്ങളുടെ വാസസ്ഥലം.
കാബിനുള്ളിൽ ആകെയുണ്ടായിരുന്നത് തലേക്കെട്ടും നീട്ടിവളർത്തിയ താടിയും മീശയുമുള്ളൊരു സർദാർജി പയ്യൻ. ഒന്നു പാളിനോക്കിയതല്ലാതെ ചെക്കൻ തീരെ മൈൻഡ് ചെയ്തില്ല. ചെക്കനാളു വലിയ മോശമില്ല, ചുള്ളനൊക്കെത്തന്നെ. എന്തായാലും അങ്ങോട്ട്കേറി മുട്ടാനില്ലെന്നുറപ്പിച്ചു.
യാത്രപുറപ്പെട്ടകാര്യം വീട്ടിലേക്കുവിളിച്ചറിയി ക്കുകയാണ് ആദ്യം ചെയ്തത്. മനസ്സിൽ മാത്രം ഒതുങ്ങിയിരുന്ന സ്വപ്നം, ആകാശത്തു ചിറകുകൾ വിരിച്ചു പറന്നുയരുകയാണ്. ബാഗെല്ലാം അടുക്കി വച്ച് മുഖത്തോടുമുഖം നോക്കിയപ്പോൾ, രണ്ടാൾക്കും വല്ലാത്തൊരു ആത്മവിശ്വാസം. വലതുകൈപ്പത്തികൾ കൂട്ടിയടിച്ചതു പ്രകടിപ്പിക്കുകയും ചെയ്തു. എല്ലാ ദിവസത്തേക്കുമുള്ള യാത്രയുടെ പ്ലാൻ നേരത്തെ തന്നെ തീരുമാനിച്ചതാണെങ്കിലും ഓരോരോ കാര്യങ്ങൾ ചർച്ചചെയ്തുകൊണ്ടിരുന്നു.
എടുപ്പത് ലഗേജുകളുമായി യലഹങ്ക സ്റ്റേഷനിൽ നിന്നാണ് അവർ കയറിയത്, പത്തെഴുപതു വയസ്സു തോന്നിക്കുന്നൊരു വല്യപ്പനും കൂടെ മദ്ധ്യവയസ്കരായ രണ്ടാണുങ്ങളും.
നമ്മൾ മംഗ്ലീഷിൽ പറയുന്നതുപോലെ ഹിൻഗ്ലീഷിലാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത് . കൂടുതലും ഹിന്ദിവാക്കുക. ഓൻജിസിയിൽ ഓഫീസർ ആയിരുന്ന അദ്ദേഹം റിട്ടയർ ചെയ്തിട്ട് പതിനഞ്ചു വർഷത്തോളമായി. കൂടെയുള്ള രണ്ടുമക്കളും വേറെ വേറെ ട്രേഡുകളിൽ അവിടെത്തന്നെ എഞ്ചിനീയർമാർ. ഗ്വാളിയോർ സ്വദേശികളാണ്. ഒറ്റനോട്ടത്തിൽ മനസ്സിലാവുന്ന വിഗ് ഇടക്കിടെ പിടിച്ചൊതുക്കുന്ന മൂത്ത മകന്റെ കഷ്ടപ്പാടുകണ്ടിട്ട് ചിരിവരാതിരുന്നില്ല. ഞങ്ങളെയും പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ പഞ്ചാബിച്ചെക്കന്റെ നേർക്കായി എല്ലാവരുടെയും കണ്ണുകൾ. ഒരിത്തിരി നാണത്തോടെയുള്ള അവന്റെ സംസാരം കൗതുകമുണർത്തി, ബാഗ്ലൂരിൽത്തന്നെ ബോഷ് എന്ന കമ്പനിയിൽ ഹാർഡ്‌വെയർ എഞ്ചിനീയർ ആണ്, ഡൽഹിയിലുള്ള അച്ഛനെയും അമ്മയെയും കാണാൻ പോകുന്നു.
യാദൃശ്ചികമാണെങ്കിലും കാബിനിലുള്ള ആറുപേരും വിവിധ ഫീൽഡുകളിലുള്ള എൻജിനിയേർസ് എന്നതു വലിയൊരു പുതുമയായി. ജമ്മുവരെ യാത്ര ചെയ്യാനുള്ള ഞങ്ങളുടെ ധൈര്യത്തെ അവരെല്ലാം അഭിനന്ദിച്ചു. സംസാരപ്രിയനായ അച്ഛനോട് വലിയൊരു ആദരവ് ആർക്കും തോന്നാം.
ഇടക്കുവന്ന ടി ടി യുടെ സംസാരം കേട്ടതും, ഷീമയൊരു ചരിഞ്ഞുനോട്ടം, പിന്നെ “ടോണിക്കുട്ടൻ ” എന്ന് പതിയെപ്പറഞ്ഞു. സത്യംപറഞ്ഞാൽ ടുബ് ലൈറ്റ് ആയ എനിക്ക് കാര്യം കത്തിയില്ല. പാവം, പാടിത്തരേണ്ടി വന്നു.
“ഇന്നെങ്കില് നാളെ വെരും… നാളെങ്കില് മറ്റന്നാ വെരും … എന്നെങ്കിലും എപ്പഴും വെരും ടോണിക്കുട്ടാ ….”
ഞങ്ങളുടെ ചിരിക്കണ്ടതും അങ്കിൾ പറഞ്ഞത്. തമാശയൊരിക്കലും തനിച്ചാസ്വദിക്കാൻ ഉള്ളതല്ലെന്നാണ്.
നമ്പർ 20 മദ്രാസ് മെയിലിലുള്ള ഇന്നസെന്റിന്റെ കഥാപാത്രത്തെക്കുറിച്ചു ഷീമ വളരെ വിശദമായിത്തന്നെ വിവരിച്ചു. എല്ലാവരിലും ചിരിപടർത്താൻ അവൾക്കായി.
ഇടതടവില്ലാതെയുള്ള സംസാരം നിന്നതു ഹിന്ദുപ്പൂർ സ്റേഷനിലെത്തിയപ്പോഴാണ്, ഭക്ഷണത്തിനുള്ള ബ്രേക്ക്. ഷീമയുടെ അമ്മ പൊതിഞ്ഞു തന്നിരുന്ന ചപ്പാത്തിയും വെജിറ്റബിൾ കറിയുമാണ് ഞങ്ങൾ കഴിച്ചത്. അവരെല്ലാം ട്രയിനിൽ നിന്നുവാങ്ങിയ വെജിറ്റബിൾ പുലാവും.
പത്തരയോടെ ലൈറ്റ് അണച്ച് എല്ലാവരും കിടന്നു.
എനിക്കൊട്ടും ഉറക്കം വരണില്ല, നടവയൽ വീട്ടിലെ പെസഹാ അപ്പം മുറിക്കലാണ് ഓർമ്മയിലെത്തിയത്. പ്രായത്തിനനുസരിച്ച് ഓരോരുത്തരായി പോയി പേരപ്പന്റെയടുത്തുനിന്ന് അപ്പക്കഷണവും പാലും വാങ്ങിക്കഴിക്കുമ്പോ ഴുള്ള കളിയാക്കലും ചിരികളും ബഹളങ്ങളും. അപ്പച്ചന്റെ കുടുംബത്തിലുള്ള എല്ലാവരുമായുള്ള ആ കൂട്ടായ്മ, ആദ്യമായിട്ടാണ് മുടക്കം വരുത്തുന്നത്.
മറ്റുള്ളവർക്കലോരസമില്ലാത്ത വിധത്തിൽ പതിയെ വിൻഡോകർട്ടൻ മാറ്റി പുറത്തേക്കു നോക്കിക്കിടന്നു. പലപ്പോഴും ഇരുട്ടിൽത്തന്നെ. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ മാത്രം കാണുന്ന ചുരുക്കം ചില കാഴ്ചകൾ. വയനാടിന്റെയും ബാഗ്ളൂരിന്റെയും ശീതളഛായ ഓർമ്മകളിൽ നിന്നും മങ്ങിമറഞ്ഞുപോയി. ഇടക്കിടെമാത്രം ഓരോ മരങ്ങൾ. കൂടുതലും പാറക്കൂട്ടങ്ങൾ. വെറുതെയല്ലാ, ഗോഡ്സ് ഓൺ കൺട്രിയെ ആളുകൾ ഇത്രമാത്രം സ്നേഹിക്കുന്നത്. അനന്തപ്പൂർ മുതൽ റായ്ച്ചൂർ വരെ അങ്ങനെ തന്നെ കാഴ്ചകൾ കണ്ടു കിടന്നു. പിന്നെ ഉറങ്ങാനുള്ള ശ്രമം. അതുവരെ ശ്രദ്ധയിൽപ്പെടാതിരുന്ന സർദാർജിക്കുട്ടന്റെ കൂർക്കം വലി ഉച്ചസ്ഥായിലേക്ക്. തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കിയെങ്കിലും ഉറങ്ങാനായില്ല. മഫ്ലർ എടുത്തു ചെവിരണ്ടും അടയുന്നവിധത്തിൽ തലമൂടിക്കെട്ടി. ഭാരം വഹിച്ചുകൊണ്ട് ലോറി കയറ്റം കയറുന്നതുപോലെയുള്ള കൂര്ക്കംവലിയുടെ ശബ്ദം ചെവിതുളച്ചുകയറുന്നു. ശരിക്കുമൊരു ശിവരാത്രി. ഇടക്കിടെ മൊബൈലിൽ ടൈം നോക്കിക്കൊണ്ടിരുന്നു. ഒരുരക്ഷയുമില്ലാതായപ്പോൾ രണ്ടും കൽപ്പിച്ചു മുകളിലെ ബെർത്തിനിട്ടൊരു തകർപ്പൻ തട്ടുകൊടുത്തിട്ടു ഒന്നുമറിയാത്തതു പോലെ കണ്ണടച്ചു കിടന്നു. പ്രതീക്ഷിച്ചതുപോലെ ലോറിയതാ സഡൻബ്രേക്ക് ഇട്ടിരിക്കുന്നു.
പിന്നീടെപ്പോഴോ മയങ്ങിയ ഞാൻ ഞെട്ടിയുണർന്നത് ചായയും കാപ്പിയും വിൽക്കുന്നവരുടെ വിളിച്ചുകൂവലിലേക്കാണ്. ഗുൽബർഗ സ്റ്റേഷൻ. കർട്ടൻ മാറ്റി നോക്കിയപ്പോൾ, എത്രയോമുമ്പേ ഞാനെത്തിയെന്ന് പുലരിയും വിളിച്ചു പറഞ്ഞു.
സമയം 6.15. തുറക്കാത്ത ജാലകച്ചില്ലിലൂടെ മുഖത്തേക്ക് പതിച്ച സൂര്യകിരണങ്ങൾ യാത്രയുടെ രണ്ടാം ദിവസത്തിലേക്ക് മാടിവിളിക്കുന്നു. ഞാനൊഴികെ ബാക്കിയെല്ലാവരും സുഖനിദ്രയിൽ. സർദാജിക്കുട്ടൻ കൂർക്കംവലിയുടെ താളം മാറ്റിപ്പിടിച്ചിരിക്കുന്നു എന്നതൊഴിച്ചാൽ വേറൊരുമാറ്റ വും പറയാനില്ല. കർണ്ണാടകയിലെ ഒരു പ്രധാന റയിൽവേസ്റ്റേഷനാണ് ഗുൽബർഗ. സൂഫികളുടെ സിറ്റിയെന്നാണ് ഗുൽബർഗ അറിയപ്പെടുന്നത്.
മൊട്ടയടിച്ച ഒരുപറ്റം ആളുകൾ ഞങ്ങളുടെ ട്രെയിനിലേക്ക് ഓടിക്കേറുന്നതു കണ്ടു. ചെന്നൈ എക്സ്പ്രസ്സിൽ വന്ന തിരുപ്പതി തീര്ത്ഥാടകരാവണം. തലയിലും മുഖത്തുമെല്ലാം ധാരാളം മഞ്ഞൾവാരിപ്പൊത്തിയിട്ടുണ്ട്. ലോകത്തിലേക്കും വച്ചേറ്റവും പണക്കാരനായ തിരുപ്പതിബാലാജിയെ പ്രീതിപ്പെടുത്താൻ സൗന്ദര്യത്തിന്റെ ഭാഗമായ തലമുടിയാണ് നേർച്ചയായി കൊടുക്കുക. നമ്മൾ മലയാളികളുടെയിടയിൽ അദ്ദേഹമത്ര പ്രസിദ്ധനല്ലെങ്കിലും ആന്ധ്രാക്കാരോടൊപ്പം കർണ്ണാടകക്കാരും തമിഴ്നാട്ടുകാരും വലിയ ഭക്തരാണ്. എന്തൊക്കെപ്പറഞ്ഞാലും പ്രസാദമായി ലഭിക്കുന്ന തിരുപ്പതി ലഡുവിന്റെ സ്വാദ്, അത് രുചിച്ചറിയുകതന്നെ വേണം. ആ പ്രസാദത്തിന്റെ യഥാര്ത്ഥ പേര് ശ്രീവരി ലഡു എന്നാണ്.
അധികമാളുകളെല്ലാമെണീക്കുന്നതിനു മുന്നേ ഫ്രഷ് ആയി വന്നു. ഭാഗ്യം. തൊട്ടുമുന്നേ കേറിയ ആൾ കാര്യമായൊരു കുളി നടത്തിയതിനാൽ രാത്രിയിലെ അവസ്ഥയുണ്ടായില്ല. എങ്കിലും നനച്ചുതുടക്കൽ എന്നതിലൊതുങ്ങി എന്റെ കുളി. തിരിച്ചെത്തിയപ്പോഴേക്കും അച്ഛനും മക്കളും എണീറ്റിരുന്നു. നീട്ടിപ്പിടിച്ചൊരു ഗുഡ്മോർണിംഗ്.
പുറംകാഴ്ചകൾ കണ്ട് വീണ്ടും കിടന്നു.ഇടക്കെപ്പോഴോ ഉറക്കത്തിലേക്കു വഴുതിവീണു. ട്രെയിൻ സോളാപ്പൂർ ജംഗ്ഷനിലേക്ക് കടക്കുമ്പോഴാണ് എന്റെ പള്ളിയുറക്കത്തിന് തടസ്സം വന്നത്. കർണ്ണാടകയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കടന്നിട്ട് കുറച്ചുനേരമായി.
ഞങ്ങളുടെ ട്രെയിൻ പത്തുമിനിറ്റിലധികം നിറുത്തിയിടുമെന്നതിനാൽ പുറത്തിറങ്ങി. എ സി യിൽ നിന്നുപെട്ടെന്നിറങ്ങിയതിലാവണം എട്ടര ആയതേയുള്ളെങ്കിലും കടുത്ത ചൂടു തോന്നി. വായിച്ചറിഞ്ഞതുപോലെ സെൻട്രൽ റയിൽവേയുടെ ഭാഗമായ സോളാപ്പൂർ ജംഗ്ഷൻ വൃത്തിയുടെ കാര്യത്തിൽ ഇന്ത്യയിലെ മറ്റുപല സ്റേഷനുകളെക്കാൾ ഒരുപാടൊരുപാട് മിടുക്കനാണെന്നുള്ളത് ചുമ്മാതല്ലെന്ന് മനസ്സിലായി.
സ്റ്റേഷനിലെ ഒരു ടീഷോപ്പിൽ നിന്ന് എനിക്കായി ഇഡ്ഡലി വടയും ഷീമക്ക് ദോശയുമാണ് ഓർഡർ ചെയ്തത്. കൂടെക്കിട്ടിയ സ്പെഷ്യൽ കടലപ്പൊടി ഏറെ സ്വാദുള്ളതായിരുന്നു. തിരിച്ചിറങ്ങുമ്പോൾ ടിഫിൻ സപ്ലൈ ചെയ്ത മലപ്പുറത്തുകാരൻ പയ്യനു സമ്മാനമായൊരു സൈറ്റടിയും ചൂളമടിക്കലും കൊടുത്തു. ചെക്കന്റെ ചമ്മിചുരുങ്ങലിനു മുഖം കൊടുക്കാതെ സ്ഥലം കാലിയാക്കി.
‘ഞാനിതാ പോകുന്നു. നിങ്ങൾ വരുന്നുണ്ടോ?’ വലിയേട്ടന്റെ ചൂളംവിളി തുടങ്ങിയിരിക്കുന്നു. നമുക്കായി കാത്തിരിക്കാൻ മാത്രമുള്ള പ്രണയമൊന്നും ചങ്ങാതിക്കില്ലായെന്നറിയാവുന്നതു കൊണ്ടു ചായയും മാതൃഭൂമി പത്രവും കയ്യിലേറ്റി, തിരികെ കൂട്ടിലേക്ക്. ഷീമ അവൾക്കുള്ള ഇന്ത്യൻഎക്സ്പ്രസ്സ് നേരത്തെതന്നെ ട്രെയിനിൽനിന്നു വാങ്ങിയിരുന്നു. ഒന്നാന്തരം തൃശൂർ ഭാഷ മണിമണിപോലെ പറയുമെങ്കിലും ഷീമക്ക്മലയാളം വായന അത്ര പിയില്ല.
അങ്കിളിന്റെ രണ്ടാമത്തെ മകനാണ് സോളാപ്പൂരിന്റെ ചരിത്രം പറഞ്ഞു തന്നത്. ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പല് കൗണ്സിലാണ് സോളാപ്പൂരിലേത്. ബ്രിട്ടീഷുകാരില് നിന്നും ഇന്ത്യ സ്വതന്ത്രയാകുന്നതിന് മുമ്പേ 1930ല് മൂന്ന് ദിവസത്തേയ്ക്ക് സ്വാതന്ത്ര്യം ആഘോഷിച്ചവരാണ് സോളാപ്പൂരിലെ ജനത. ഈ ദിവസങ്ങളിൽ സോളാപ്പൂർ മുനിസിപ്പൽ കൗൺ സിലിന് മുകളിൽ ദേശീയ പതാക ഉയർത്തുകയും ചെയ്തിരുന്നത്രേ. പഞ്ചസാര, ബീഡി, സിഗററ് തുടങ്ങിയവയുടെ വൻകിട ഫാക്ടറികളുടെയും നാടാണ് സോളാപ്പൂർ.
പത്രവായനക്കുശേഷം വെടിപറച്ചിൽ വീണ്ടും ഉഷാറായി. തൃശൂർ പൂരം അതിന്റെ വർണ്ണപ്പൊലിമയോടെത്തന്നെ ഷീമക്കു വിവരിക്കാനായി. ഞാനെന്റെ കുഞ്ഞു നരസിപ്പുഴയുടെയും വീരപഴശ്ശിയുടേയുമൊക്കെ ഗീർവാണങ്ങളും.
താഴിട്ടുപൂട്ടിയ ബിർളയുടെ ഉടമസ്ഥതയിലുള്ള മാവൂർ ഗ്വാളിയോര് റയോണ്സ്. ഗ്വാളിയോർ സ്വദേശികളായ അങ്കിളിനും മക്കൾക്കും പുതിയൊരറിവായിരുന്നു. ജോലിയുടെ ഭാഗമായി ഏറെ നാൾ താമസിച്ച ഡെറാഡൂൺ ആണ് അങ്കിളിനേറ്റവും ഇഷ്ടമുള്ള സ്ഥലം.
സർദാർജിക്കുട്ടൻ മടിച്ചുമടിച്ചു പറഞ്ഞൊരു കാര്യമുണ്ട്. ‘നിങ്ങൾ മലയാളികളെ എനിക്ക് പേടിയാണ് വേറൊന്നുമല്ലാ, ഒരുതരത്തിലും അംഗീകരിക്കാൻ പറ്റാത്ത സർദാർജി ഫലിതങ്ങൾ. ’ അതിൽപ്പിടിച്ചു കത്തിക്കയറുന്ന കുറച്ചു മല്ലു ഫ്രണ്ട്സ് ഈ ചങ്ങാതിക്കുണ്ട്ത്രേ. പാവം, പറഞ്ഞിട്ടുകാര്യമില്ലാ പേടിക്കുകതന്നെ വേണം.
നാസിക്കിലെ മാന്മദ് ജങ്ഷനിൽ നിന്നുള്ള ഉച്ചയൂണിനു ശേഷമാണ് എന്റെ കത്തിയടിക്കലിന് പൂട്ടുവീണത്. ഹിൻഗ്ലീഷിൽ നിന്ന് നല്ലൊന്നാന്തരം ഹിന്ദിയിലേക്ക് കളംമാറിയിരിക്കുന്നു. രാഷ്ട്രഭാഷയായ ഹിന്ദി അറിയില്ലാത്തത് എന്റെ അച്ഛൻ പട്ടാളത്തിലല്ലാത്തതുകൊണ്ടാണെന്നു പറഞ്ഞാൽ അവരുണ്ടോ വിലവയ്ക്കുന്നു. അപ്പൊപ്പിന്നെ മൗനം വിദ്വാന് മാത്രമല്ലാ ആൻസിക്കും വല്ലപ്പോഴുംഭൂഷണം. എങ്കിലും ഇടയ്ക്കിടെ, ‘ഹാം ജി’ , ‘അഛാ’, ‘ശുക്രിയ’ എന്നൊക്കെ തട്ടിക്കൂട്ടി പ്രോത്സാഹനം കൊടുത്തില്ലെന്ന് പറയരുതല്ലോ. അത്രമോശമല്ലാത്ത തരത്തിൽ കാര്യം മനസ്സിലാവുമെങ്കിലും പറഞ്ഞുവരുമ്പോൾ ‘ഹോ’ വേണോ ‘ഹും’ വേണോ എന്നൊന്നും എനിക്കുമറിയില്ലാട്ടോ. പട്ടാളക്കാരന്റെ മകളായ ഷീമക്ക് മാതൃഭാഷ ഹിന്ദിയാണെന്നു പറയാം. പലനാടുകളിലെ കേന്ദ്രീയ വിദ്യാനികേതനിലെ പഠനം, ഹിന്ദിയും ഇംഗ്ലീഷും നല്ലവണ്ണം കൈകാര്യം ചെയ്യാൻ പ്രാപ്തയാക്കിയിട്ടുണ്ട്.
ഒരു ഹിന്ദിക്കാരു വന്നിരിക്കുന്നു. അവരായി അവരുടെ പാടായി. ഹല്ല പിന്നെ. ഞാനെന്റെ കണ്ണുകൾ പുറംകാഴ്ചകളിലേക്ക് തിരിച്ചുവച്ചു.
(ജമ്മു വൈഷ്ണോദേവി ഭൈരോണ്‍ നാഥ് യാത്രാ വിവരണം ബാക്കി ഭാഗങ്ങൾ വരും ദിവസം)
ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ. സാമൂഹിക മാധ്യമങ്ങളിൽ സജീവമായി എഴുതുന്നു. വയനാട്ടിലെ നടവയൽ സ്വദേശി.