ഉണ്ണിയേശു പിറന്ന രാത്രിയിൽ

“ഞാൻ ആരെയും പ്രണയിച്ചിട്ടില്ല, എല്ലാം നിൻറെ തോന്നലാ”.
വർഷങ്ങൾക്കിപ്പുറം ടെലിഫോണിൽ അവനെ വീണ്ടും കേൾക്കുമ്പോൾ മനസ്സിൽ നുരകുത്തിയ വികാരങ്ങളൊന്നുമറിഞ്ഞില്ല, ആധിയായിരുന്നു.
വിവാഹം കഴിഞ്ഞു ഭർത്താവും കുട്ടികളുമൊത്ത് ജീവിക്കുന്നതിനിടയിലേക്ക് കയറി വന്നോളും ഓരോ കുരിശുകൾ.
അവനും പെണ്ണ് കെട്ടി. അവളുപേക്ഷിച്ചു പോയത് എൻറെ കുറ്റമാണോ.
‘ഇപ്പൊ ശൃംഗരിക്കാൻ വന്നിരിക്കുന്നു’
“എന്താ നീ പിറുപിറുക്കുന്നത്”.
“ഒന്നൂല്ല മനുഷ്യാ, വട്ടു പിടിച്ചോണ്ട് നിക്കുമ്പഴാ കിന്നാരം”.
ഇനി അധികം മിണ്ടുന്നതു പന്തിയല്ലെന്ന് അയാൾക്കും തോന്നിക്കാണും, ചായയുമെടുത്ത് അപ്പുറത്തേക്ക് നടന്നു.
കർത്താവേ, ഏത് കുഴിയിൽ നിന്നാണ് അവൻ വീണ്ടും പുനർജ്ജനിച്ചിരിക്കുന്നത്.
കോളേജിലെ സുന്ദരൻ, ഒരുത്തിക്കും കൊടുക്കാതെ കൊണ്ട് നടന്നു. അതിനേക്കാൾ നല്ലൊരു കാര്യം വന്നപ്പോ തല താഴ്ത്തിക്കൊടുത്തു. അവൻ മഴയിലും മഞ്ഞിലും അലഞ്ഞു തിരിയുന്നത് കണ്ടതേ ഭാവിച്ചില്ല.
നന്നായിക്കോട്ടെ എന്ന് കരുതി വീട്ടുകാർ കല്യാണം കഴിപ്പിച്ചു. അവൾക്ക് അവനെ മനസിലാക്കാനായില്ല, ഉപേക്ഷിച്ചു.
ഇപ്പോൾ കവിയാണത്രെ, തെരുവിലുറങ്ങുന്നു.
അച്ചടിച്ചു വന്ന ചിലത് കണ്ടിട്ടുണ്ട്. വരികൾ ഈർച്ചവാൾ പോലെ അകത്തേക്ക് കയറിപ്പോയപ്പോൾ വായന തന്നെ ഉപേക്ഷിച്ചു.
രണ്ട് മക്കളെ നോക്കണം. അടുക്കളപ്പണി, അങ്ങേരുടെ കാര്യങ്ങൾ, ഒടുങ്ങും വരെ ഇങ്ങിനെയങ്ങു പോണം.
ഇടയ്ക്കു അവാർഡ് കിട്ടിയെന്നൊക്കെ പത്രത്തിൽ കാണും. ക്രൂശിതനെ ഓർമ്മിപ്പിക്കുന്ന മുഖം.
മുട്ടിപ്പായി പ്രാർത്ഥിക്കും, ദുഷ്ചിന്തകൾ തോന്നാതിരിക്കാൻ.
അവൻ വീണ്ടും വിളിച്ചു. ഒന്ന് കാണണം.
ഉണ്ണിയേശു പിറന്ന രാത്രിയിൽ പാതിരാ കുർബാനക്ക് വരുമ്പോൾ അവൻ കാത്തു നിൽക്കും.
അന്ന് രാത്രി ഉറക്കം കിട്ടിയില്ല.
എല്ലാ കുരിശും ഇറക്കി വച്ച് ജീവിക്കാൻ നോക്കുമ്പോ. അവൻ എൻറെ സാത്താനാകുമോ?
പള്ളിയിലേക്ക് നടക്കുമ്പോൾ വഴിയിലൊരാൾക്കൂട്ടം.
‘മദ്യപിച്ചിട്ടുണ്ടായിരുന്നു, വണ്ടി തട്ടിയിട്ടതാ, നിർത്താതെ പോയി.’
അവളൊന്നെത്തി നോക്കി. യേശു കുരിശിൽ നിന്നിറങ്ങി ഉറങ്ങിക്കിടക്കുന്നു, അവളെ നോക്കി പുഞ്ചിരിക്കുന്നു.
കർത്താവേ…അന്നവൾ നൂറു രൂപ അധികം കാണിക്ക വഞ്ചിയിലിട്ടു. ധൃതിയിൽ പടികൾ കയറി. അകത്ത് കുർബാനയിൽ പാട്ടു തുടങ്ങിയിരുന്നു;
“കാലിത്തൊഴുത്തിൽ
പിറന്നവനേ…
കരുണ നിറഞ്ഞവനേ
കരളിലെ ചോരയാൽ
പാരിന്റെ പാപങ്ങൾ
കഴുകികളഞ്ഞവനേ…”
ആനുകാലികങ്ങളിലും ഓൺലൈൻ വാരികകളും കഥകളും കവിതകളും എഴുതുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത വെളിയങ്കോട് സ്വദേശി. കോമേഴ്‌സ് ബിരുദധാരിയാണ്. പതിമൂന്നു വർഷമായി സൗദി അറേബ്യയിലെ ദമ്മാമിൽ റീറ്റെയ്ൽ കമ്പനിയിൽ പർച്ചെസിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നു.