ഉടൽത്താഴ് . (കവിതാ സമാഹാരം)

ആധുനിക ഭാഷാസാഹിത്യത്തിൽ കവിതയുടെ ലോകം വിരസതയാർന്ന പകലുകൾ പോലെ വിളറിക്കിടക്കുകയാണ്. വേനൽമഴ പോലെ ഇടയിലെപ്പോഴൊ ഒന്നുള്ളം കൊതിപ്പിച്ച്, മണ്ണിന്റെ മണം വമിപ്പിച്ച് കടന്നു പോകുന്ന ഓർമ്മകൾ മാത്രമാകുന്നു കവിതകൾ. പുതിയ കാല കവിതകളിൽ കവനഭംഗിക്കപ്പുറം കാര്യം പറഞ്ഞു പോകലാണ് പ്രധാനമായും നിലനിൽക്കുന്നത്. വൃത്തവും താളവും ഒപ്പിച്ച് പണ്ടുകാലത്ത് എഴുതപ്പെട്ട കവിതകൾ സ്തുതികളും വർണ്ണനകളും പുരാണ കഥകളും പ്രണയ രതിലാസ്യ പ്രധാനങ്ങളുമായ ഖണ്ഡകാവ്യങ്ങൾ ആയിരുന്നു. അവയോടു പുതിയ തലമുറക്ക് വിരോധം വരാൻ പ്രധാനമായും ഉണ്ടായ കാരണം മാതൃഭാഷാ പഠനത്തിനോടുള്ള മുഖം തിരിക്കലും അറിവില്ലായ്മയും മൂലം അവർക്ക് ആ വിധം കവിതാ രചന അപ്രാപ്യമായപ്പോൾ ആണ്. സിനിമാ ഗാനങ്ങൾ പോലെ ആണ് കവിത എന്ന് ധരിച്ചവരും അക്കൂട്ടത്തിലുണ്ട്. അവർ തങ്ങളുടെ വരികളെ കവിതയാക്കാൻ ശ്രമം തുടങ്ങിയപ്പോൾ അതിനെ ന്യായീകരിക്കുവാൻ കൂട്ടത്തിൽ കവിതയ്ക്ക് വൃത്തവും അലങ്കാരവും ആവശ്യമില്ല എന്ന തത്വവും സ്ഥാപിച്ചു. അതിനെ അടിസ്ഥാനപ്പെടുത്തുവാൻ താരതമ്യേന എളുപ്പമുള്ള ആംഗലേയ കവിതകളുടെ മൊഴിമാറ്റം ഉപാധിയായെടുത്തു തുടങ്ങി. ചുരുക്കത്തിൽ ആ യജ്ഞത്തിൽ ചിലരൊക്കെ വിജയിക്കുകയും കവിത മോഡേണും പോസ്റ്റുമോഡേണും ഒക്കെയായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. പുതുകാല കവിതകളുടെ ആലാപനശൈലി ശ്രദ്ധിച്ചാൽ ഈ മാറ്റം ബോധ്യമാകും. അറിവില്ലായ്മ ഒരലങ്കാരമായതാണ് ചരിത്രം. പകുതി നല്ലതും മറുപകുതി മോശവും ആണ് ആധുനിക കവിതാ രചനാസമ്പ്രദായം. അതിനാൽത്തന്നെ അതിനെ തള്ളാനോ കൊള്ളാനോ കഴിയില്ല. കൂടെ നടക്കുക എന്നതിനപ്പുറം മറ്റെന്താണ് കരണീയം.? ആസ്വദിക്കാനാവണം. അർത്ഥം സ്പഷ്ടമാകണം. ഓർത്തു വയ്ക്കാൻ കഴിയണം. വൃത്തം അലങ്കാരം തുടങ്ങിയവ അതിനു കാരണമോ കാരകമോ ആകുന്നില്ല. ” കനകചിലങ്ക കിലുങ്ങിക്കിലുങ്ങി” യും , “അങ്കണത്തൈമാവിൻ ചോട്ടിലും”, “രാത്രിമഴ പിന്നെയും ….”, “മരമായിരുന്നു ഞാൻ …” തുടങ്ങി പത്തു മുപ്പത് കൊല്ലം മുമ്പ് പഠിച്ചവ ഇന്നും മറക്കാതെയിരിക്കുന്നതും ഇന്നലെ വായിച്ച ഒരു പുതു കവിത ആ വായന കഴിഞ്ഞ അടുത്ത നിമിഷത്തിൽ മറന്നു പോകുന്നതും എന്തുകൊണ്ടാകാമെന്നു ചിന്തിക്കുന്നിടത്ത് കവിതയെന്താകണം എന്ന ചോദ്യത്തിനുത്തരം ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു.

അടുത്തിടെ കവിതകൾ എഴുതുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയും കവിതാ പുസ്തകങ്ങളുടെ അളവുകൾ വർദ്ധിക്കുകയും ചെയ്തു വരുന്നത് കാണുമ്പോൾ കവിതയിൽ പുതിയ വിപ്ലവം സംഭവിച്ചു തുടങ്ങി എന്നൊരാശ്വസവും സന്തോഷവും കവിതാരാധാകരിൽ ഉണ്ടാകുക സ്വാഭാവികം. പക്ഷേ, വായനയിൽ നിരാശ നല്കി, ഒന്നു ഓർത്തു വയ്ക്കാൻ പോലും ഒന്നും കിട്ടാതെ ആ പുസ്തകങ്ങൾ ആരാധകരെ നിരാശപ്പെടുത്തുന്നതും കാഴ്ചയാകുന്നു. ആ കൂട്ടത്തിൽ പെട്ടെന്നു തന്നെ തിരിച്ചറിയപ്പെടുകയും വായനയിൽ അനല്പമായ സന്തോഷം നല്കുകയും ചെയ്യുന്ന ഒരു വായനാനുഭവം ആണ് ഡോ. ദീപാ സ്വരൻ എഴുതിയ ഉടൽത്താഴ് നൽകിയത്. 36 കവിതകൾ അടങ്ങിയ ഈ പുസ്തകം വായിക്കാനും പരിചയപ്പെടുത്താനും സന്തോഷം നല്കിയ കാരണങ്ങൾ പലതാണ്. മികച്ച അച്ചടി. അക്ഷരസ്ഫുടത, പിന്നെ വായനക്കാർ അറിയാതെ ആസ്വദിച്ചു ചൊല്ലിപ്പോകുന്ന കവിതകൾ!

അധ്യാപികയായ ഡോ. ദീപാ സ്വരൻ ,ഇറക്കിയ രണ്ടാമത്തെ പുസ്തകമാണിത്. ” കടലെറിഞ്ഞ ശംഖുകൾ ” എന്നൊരു കവിതാ സമാഹാരം കൂടി ഈ കവി ഇറക്കിയിട്ടുണ്ട്. ഒൻപതോളം അംഗീകാരങ്ങൾ ലഭിച്ച ഈ കവിയുടെ ആമുഖക്കുറിപ്പിൽ ഇങ്ങനെ കുറിക്കുന്നു. “ഭ്രാന്തുകളെന്നു മുദ്രകുത്തപ്പെട്ട എന്റെ തോന്ന്യാക്ഷരങ്ങളിൽ നിന്ന് ചേറിക്കൊഴിച്ചെടുത്തവയെ കവിതയെന്നു വിളിക്കാൻ ശീലിച്ചിരിക്കുന്നു. പക്ഷേ, അവയൊക്കെയും കവിതകളായോ എന്ന സന്ദേഹം അപ്പോഴും ബാക്കിയാകുന്നു.” തീർച്ചയായും ലളിതവും നിഷ്കളങ്കവും ആയ ഒരു പ്രഖ്യാപനമാണ് അത്. തന്റെ അക്ഷരങ്ങളെ കവിത എന്നു വിളിക്കുവാൻ കവിയല്ല വായനക്കാരാണ് ശ്രമിക്കേണ്ടത് എന്നത് സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതു കൊണ്ടു തന്നെ ആ കവിതകൾ വായിക്കുമ്പോൾ ആ കവിതകൾ നല്കുന്ന രസക്കൂടി നെ അറിയുമ്പോൾ
” ഇത്തിരിച്ചൂട് വേണം രുചിക്കുവാൻ
കനലു നീറ്റുന്ന കവിതയെപ്പാടുവാൻ ” ( കവിതാ പാചകം ) എന്ന കവിയുടെ ആഹ്വാനം ശരിക്കും ആസ്വാദകരെ ഹർഷോന്മാദരാക്കും. കവിതയിലൂടെ സഞ്ചരിക്കുമ്പോൾ മറ്റെല്ലാം മറന്നു പോകുന്ന ഒരനുഭൂതി നല്കാൻ എല്ലാ കവിതകൾക്കും സാധിക്കുകയില്ല. എന്നാൽ ഇവിടെ വായനക്കാർ
” കത്തുന്ന നോക്കിനാൽ കൊത്തിപ്പറിച്ചെന്റെ
സത്യം ചികഞ്ഞു നീ തത്വം പഠിക്കവേ,
വാക്കിനുമപ്പുറം നിന്നെക്കുറിച്ചിട്ടൊ-
രജ്ഞാത ഭാഷതൻ പ്രേമസങ്കീർത്തനം ” (കുരുതിക്കു മുമ്പ്) വായിക്കുന്നവനാകുകയാണ്. പ്രണയത്തിനാണെങ്കിലും ജീവിതത്തിനാണെങ്കിലും അമേയമായ ഒരു സൗന്ദര്യബോധം പകർന്നു നല്കാൻ കവി ബദ്ധശ്രദ്ധയാണ് എന്നു കാണാം. ബിംബവത്കരണമെന്ന കവിതാ സമ്പ്രദായത്തെ എത്ര മനോഹരമായാണ് കവി ഓരോ കവിതകളിലും ഉപയോഗിച്ചിരിക്കുന്നത് എന്നത് വായനയുടെ ആനന്ദത്തത്തെ വികാസം പ്രാപിക്കാൻ പര്യാപ്തമാക്കുന്നു. പരീക്ഷ (ണം) എന്ന കവിതയിൽ ഒട്ടും പാളിച്ചകളില്ലാതെ എത്ര തന്മയത്തോടെയാണ് പ്രണയവും രതിയും പറഞ്ഞു പോകുന്നത്. ഒരശ്ലീലവുമില്ലാതെ ആർക്കും അതു വായിച്ചു പോകാനുമാകും.

ഇന്നത്തെ ഓരോ പെൺകുട്ടികളോടും മാതാപിതാക്കളും അധ്യാപകരും പറഞ്ഞു കൊടുക്കേണ്ട ചില പാഠങ്ങൾ ഉണ്ട്. ബോധനത്തിന്റെ ആ ഉത്തരവാദിത്വത്തെ കവിതയിലേക്ക് കടത്തിവിടുമ്പോൾ ഒട്ടും പാളിച്ചകൾ ഇല്ലാതെ അതു പറയാൻ കവിക്കു കഴിയുന്നുണ്ട്. ” ദാഹം ചുരത്തുവോർ, ക്കുച്ചത്തണുപ്പിന്റെ
പുഴയല്ല നീയെന്ന ശ്രുതി പാടണം” (പെൺപൂവിനോട് ) എന്ന വരികൾ പോലെ സമ്പുഷ്ടമായ ഒരു മുഴുകവിതയായത് പുഞ്ചിരിച്ചു നില്ക്കുന്നു. കവിയിലെ പ്രണയ വരികൾക്ക് പോലും ശാന്തമായി ഒഴുകുന്ന പുഴയുടെ വെൺമയും കുളിർമ്മയുമാണ്. “നമ്മളെന്നാണ്
ഞാനായും നീയായും മാറുക” ( ഭ്രാന്ത് ) എന്ന ചോദ്യത്തിലൂടെ നമ്മൾ ഒന്നെന്നു സ്ഥാപിക്കുന്ന പ്രണയത്തിന് മഴവില്ലിന്റെ നിറങ്ങൾ ചാർത്തിയ കവിതാ ശകലങ്ങളെ ഓർത്തു രസിക്കുവാൻ കവി വാരിയെറിയുന്നു. ” അല്ലെങ്കിലും,
പ്രണയം, അതങ്ങിനെയാണ്……
അകം പുറം നനച്ച്
പെയ്തൊഴിഞ്ഞാലും
നഷ്ടപ്പെടലിനെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും (ചുരം കയറുമ്പോൾ ) എന്ന് പറയുന്നിടത്ത് കവി അർദ്ധോക്തിയിൽ പറയാതെ വയ്ക്കുന്നു പലതും. വഴിവക്കിൽ മധുരതരമായ് പാടുന്ന അന്ധഗായകനിലൂടെ സ്വത്വബോധം തിരയുന്നു കവി ഒരിടത്ത്. മറ്റൊരിടത്ത് കിണറിനെ സജീവമാക്കി നിർത്തുന്ന കപ്പിയിലൂടെ ഒരു പെൺജീവിതത്തിന്റെ വിവിധ രൂപ പരിണാമങ്ങൾ വരയ്ക്കുന്നു. കവിയുടെ വരികളെ “പഴിയല്ല, പറയുന്ന പൊളിവാക്കുമല്ലിത്
പതിരൊന്നുമില്ലാത്ത നെടുവീർപ്പുകൾ ” (വെയിൽ കൊറിക്കുന്നവർ) എന്നടയാളപ്പെടുത്തുന്നത് വായനയിൽ ശരിയാണ് എന്നു പ്രത്യേകം ബോധ്യപ്പെടുത്തേണ്ടി വരുന്നുമില്ല. സമൂഹത്തിന്റെ മാറ്റങ്ങളെയും ചിന്തകളെയും ആഴത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾക്കു മാത്രമേ സമൂഹത്തോട് സംവദിക്കുവാൻ കഴിയുകയുള്ളു. അതിനാൽ തന്നെ പലപ്പോഴും ചോദ്യങ്ങളുടെ മുനകൾക്കു മാമൂലുകളെ മുറിവേൽപ്പിക്കേണ്ടി വരും. ” വിശ്വാസിയുടെ വേദാന്തങ്ങളെ
നീതിയുടെ വ്യാകരണം കൊണ്ട്
വിഭ്രാന്തിയുടെ ശിഷ്ടങ്ങളില്ലാതെ
എങ്ങനെ ഹരണം ചെയ്യാം.?” ( ചോദ്യം ) എന്ന ചോദ്യത്തിനുള്ള ഉത്തരം തേടലുകൾ ആണ് കവി സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്.

വെറുതെ സന്ദേശകാവ്യങ്ങൾ എഴുതുന്നതോ, പ്രണയവും രതിയും എഴുതുന്നതോ അല്ല കവിതകൾ എന്ന ധാരണയെ കവി സ്വന്തം കവിതകൾ കൊണ്ട് നിജപ്പെടുത്തുന്നു. കവിയുടെ തന്നെ വാക്കുകൾ പോലെ ” വായന എന്നിലേക്ക് ചേർത്തു വച്ച ചില തിരിച്ചറിവുകൾ ഉണ്ട്” എന്നത് വെറും പറച്ചിലല്ല. വായനയില്ലാത്തവർക്ക് എഴുതാൻ എന്ത് ധാർമ്മികതയാണുള്ളത്? ഒരക്ഷരം തെറ്റുകൂടാതെ എഴുതാനോ , എഴുതിയത് വായനക്കാരെ സ്വാധീനിക്കുവാനോ കഴിയണമെങ്കിൽ വായന അതീവ പ്രാധാന്യമാണ്.

മനോഹരമായി ഭാഷ കൈകാര്യം ചെയ്യാനറിയുന്ന ഈ കവിയുടെ ഈ പുസ്തകം കവിതയുടെ പുതുമയും ഗന്ധവും ആഗ്രഹിക്കുന്നവർക്ക് മുതൽക്കൂട്ടാണ്. ഒപ്പം കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്ന ഈ കവിയെ സാഹിത്യ കേരളം തിരിച്ചറിയാൻ വൈകരുതെന്ന ആഗ്രഹവും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂടി ഈ പുസ്തകം ഒരു നല്ല വായനയാകും എന്ന സന്തോഷം പങ്കുവയ്ക്കുന്നു. കൂടുതൽ വായനകൾ ഈ കവിയെ തേടിയെത്തട്ടെ.

ഉടൽത്താഴ്
(കവിതാ സമാഹാരം)
ഡോ. ദീപാ സ്വരൻ
പ്രഭാത് ബുക്ക് ഹൗസ്
വില : ₹ 60.00

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.