നിഴലുകൾ പിൻതുടരാത്ത തുരുത്തിലേക്ക്
എനിക്ക് ഒളിച്ചോടണം
അവിടെ, വെളിച്ചം കടക്കാത്ത ഏതെങ്കിലും
പൊത്തുകളിൽ ചുരുണ്ടു കൂടണം
അടർത്തിമാറ്റാൻ കൊതിച്ച ഓർമ്മകളുടെ
ഭാരം ഇരുളിൽ അലിയണം
വെളിച്ചം ശാപമായ മനിതർക്ക്
ഇരുളല്ലാതെ അഭയം മറ്റെന്ത് ?
ഉരുളിന്റെ മറവിൽ പാതി മുറിഞ്ഞ
കവിത എനിക്ക് എഴുതി പൂർത്തിയാക്കണം
നനവ് വറ്റിയ കണ്ണുകൾക്ക്
നിലാവിന്റെ കനിവേകണം
ഉടലിന്റെ മുറിപ്പാടുകളത്രയും
വെച്ചുകെട്ടണം
ഇരുളു വറ്റിയ നഗരത്തിന്റെ
വെടിയൊച്ചകളിൽ നിന്ന്
കാതുകൾക്ക് മോചനമുണ്ടാകണം
ഉയിരാദ്യം മുതൽക്ക് കൂടേ കൂടിയ നിഴലിനെ
എനിക്കിന്ന് ഭയമാണ്
നിഴൽജീവിയെന്ന അപരനാമം
എന്റെ പേടിസ്വപ്നമാണ്
ഞാൻ,
ഉന്മാദികളുടെ നഗരത്തിലെ വിഷാദിയാണ്
ആൾക്കൂട്ടങ്ങൾകിടയിലെ എകാകിയാണ്
ശാന്തതയുടെ ശവകുടീരങ്ങൾ തേടി
ഞാൻ നടത്തിയ യാത്രകളത്രയും
പരാജയങ്ങളായിരുന്നു
നിഴലുകൾ പിന്തുടരാത്ത തുരുത്തിലേക്കുള്ള
എന്റെ ഒളിച്ചോട്ടം
പിടഞ്ഞു തുടങ്ങിയ ജീവന്റെ അന്ത്യശ്വാസവും