ഇഷാംബരം : ഇന്ത്യയുടെ നേർ പടം

മകനേ ഇത് ഇന്ത്യയുടെ ഭൂപടം എന്ന് തുടങ്ങുന്ന ‘ഭാരതീയം’ കവിതയിൽ ഒരു പേരിനു പോലും കടപ്പെട്ടിരിക്കുന്നവരുടെ, എൻറെ നാടെന്നഭിമാനമായി ചൊല്ലുവാൻ സ്വന്തമായി ഒന്നും ഇല്ലാത്തവരുടെ രാജ്യത്തിൻറെ നേർപടം വി മധുസൂദനൻ നായർ കാട്ടി തന്നിട്ട് കുറേകാലമായി.

വെയിലത്തുരുകാതെയും മഴയത്ത് നനയാതെയും കയറിക്കിടക്കാൻ ഒരു കൂരയുണ്ടെങ്കിൽ അതാണ് അതുമാത്രമാണ് നമ്മുടെ ഇന്ത്യ. ബാക്കി ഇന്ത്യയൊക്കെ വേറെ ആരുടെയോ ഇന്ത്യയാണ് എന്നുറക്കെ ആത്മ രോഷത്തോടെ, ഇതാ മറ്റൊരു എഴുത്തുകാരൻ വീണ്ടും നമ്മോട് വിളിച്ചു പറയുന്നു. കോവിഡ് കാലത്തെ ഇന്ത്യയുടെ ഭൂപടമാണ് അരുൺ ആർ തൻറെ ഇഷാംബരം എന്ന നോവലിലൂടെ വരച്ചു കാണിക്കുന്നത്.

വാക്കിൻറെ മാസ്മരിക ശക്തി ആവാഹിച്ചു കൊണ്ട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ട മനുഷ്യർക്കുവേണ്ടി, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മനുഷ്യർക്കുവേണ്ടി അവരുടെ നാവാവുകയാണ് ഈ പുതിയ എഴുത്തുകാരൻ. ദാരിദ്ര്യത്തിൻറെ അസ്പൃശ്യതയുടെ പശ്ചാത്തലത്തിൽ കോവിഡ് കാല ഭാരതത്തിൻറെ ചിത്രം കോറിയിടുമ്പോൾ രോഷത്തോടെ, നൊമ്പരത്തോടെയല്ലാതെ വായിച്ചു പോകാനാവില്ല. ഇഷാനിയുടെ പട്ടിണിയുടെ, സഹനത്തിൻറെ, സംരക്ഷണത്തിൻറെ, പ്രതീക്ഷയുടെ, സ്വപ്നത്തിൻറെ, ദുരന്ത ത്തിൻറെ ലോകം ഇഷാംബരമായി അനാവൃതമാകുന്നു.

ഒരു മുന്നൊരുക്കവുമില്ലാതെ മഹാമാരി നേരിടാൻ രാജ്യം ആഴ്ചകളോളം അടച്ചപ്പോൾ ദുരിതമനുഭവിച്ച ആയിരക്കണക്കിന് ആളുകളുടെ പ്രതിനിധികളാണ് നോവലിലെ കഥാപാത്രങ്ങളായ ഇഷാനിയും ദാസും ബൽവന്തുമൊക്കെ. രോഗം വന്നു മരിച്ചവർ, ചികിത്സ കിട്ടാതെ മരിച്ചവർ, ജോലിയും കൂലിയുമില്ലാതെ പട്ടിണികിടന്ന് മരിച്ചവർ, ഉറ്റവരെയും ഉടയവരെയും തേടി ഉടുമുണ്ട് മാത്രമെടുത്ത് രാജ്യത്തിൻറെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് കാൽനടയായി യാത്ര ചെയ്തവർ, അതിനിടയിൽ മരിച്ചു വീണവർ…… കോവിഡ് കാലത്തെ ഇന്ത്യയുടെ ഈ നേർചിത്രമാണ് എഴുത്തുകാരനെ കൊണ്ടു ഇങ്ങനെ ഒരു നോവൽ എഴുതിപ്പിച്ചത്

ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന, തോട്ടിയുടെ വേശ്യയുടെ, കൂട്ടിക്കൊടുപ്പുകാരൻറെ, തൊഴിലാളിയുടെ, പാവപ്പെട്ടവൻറെ, ഗുണ്ടകളുടെ നാടെന്ന് പേരു പതിഞ്ഞിട്ടുള്ള ധാരാവിയിൽ നിന്ന് രാജ്യത്തോടും വ്യാപിക്കുന്ന വിശാലമായ ഒരു കാൻവാസിലാണ് ഇഷാബരം ഇതൾവിരിയുന്നത്.

അരുൺ ആർ :
കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസ്സിൽ സാമ്പത്തിക ശാസ്ത്ര ഗവേഷണ വിദ്യാർഥിയാണ് .എഴുത്തുകാരൻ, പ്രഭാഷകൻ

ജാതിയുടെ, സമ്പത്തിൻറെ, അധികാരത്തിൻറെ രാഷ്ട്രീയവും ഈ നോവൽ മുന്നോട്ടുവയ്ക്കുന്നു. സ്ത്രീയുടെ ശാരീരിക മാനസിക വ്യാപാരങ്ങൾ ശക്തമായി ആഖ്യാനം ചെയ്യപ്പെടുന്ന കൃതി കൂടിയാണിത്. ഇഷാംബരം ഇഷാനിയുടെ, കഥയാണ്, ഊരും പേരുമില്ലാത്ത, ഉണ്ടായിട്ടും അർത്ഥമില്ലാത്ത ഇന്ത്യയിലെ പാവപ്പെട്ട സ്ത്രീയുടെ കഥയാണ്.

ബഷീറിൻറെ ബാല്യകാലസഖിയെ കുറിച്ചുള്ള എം പി പോളിന്റെ വിശ്രുതമായ വാചകം ഓർക്കുന്നു “ഇത് ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയെടുത്ത ഒരേടാണ്. ഇതിൻറെ വക്കിൽ ചോര പൊടിഞ്ഞിരിക്കുന്നു”

ആഖ്യാന മികവു കൊണ്ട് വായനക്കാരെ മടികൂടാതെ വായിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഇഷാംബരവും ഇത്തരമൊരു അനുഭവമാണെന്ന് പ്രദാനം ചെയ്യുന്നത്. ഇത് സമകാല ഇന്ത്യയുടെ നേർപടമാണ്. കോവിഡ് കാല രാജ്യത്തിൻറെ സാക്ഷ്യപത്രമാണ്. ഇതിൻറെ വക്കിൽ രക്തമുണ്ട്, മലമുണ്ട് മൂത്രമുണ്ട്, വിയർപ്പുണ്ട്, രേതസ്സുണ്ട്, കഫമുണ്ട് , കണ്ണീരുണ്ട് ..

വിവിധ എൻ എസ് എസ് കോളേജുകളിൽ ആധ്യാപകനായി പ്രവർത്തിക്കുകയും പന്തളം എൻ എസ് എസ് കോളേജിലെ മലയാളം വിഭാഗം വകുപ്പ് മേധാവിയായി വിരമിക്കുകയും ചെയ്യ്തു. കേരള സർവകലാശാലയിൽ നിന്ന് നാടകത്തിൽ പി എച്ച് ഡി.. തിരുനന്തപുരം ദൂരദർശൻ പോഗ്രാം ഉപദേശക സമിതി അംഗം. കേരള സംഗീത നാടക അക്കാദമി അംഗം, കേരള ചലച്ചിത്ര അക്കാദമി അവാർഡ് ജൂറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭൂതത്താൻകാവ്, മധുര, മഴയും വാനവും, ശകുന്തള ഒരു പഠനം, രാജശില്പി തുടങ്ങിയവ പ്രധാന കൃതികൾ