ഇള്ളകള്ളം

പാറ്റിക്കൊഴിച്ച റേഷനരി
കഴുകിവാരി വെട്ടിത്തിളയ്ക്കുന്ന
വെള്ളത്തിലേക്കിടവേ
‘എനിക്കീ ചോറ് വേണ്ട
ബിരിയാണിച്ചോറ് മതീന്ന് ‘
ചിണുങ്ങിയ കുഞ്ഞിനോടവൾ
‘സൗജന്യ റേഷൻ കിട്ടുമ്പോ
പൊന്നും വിലയ്ക്ക്
ബസുമതി വാങ്ങാനോയീക്കൊറോണ കാല’ത്തെന്നു കെറുവിച്ചു.
‘വേണോങ്കി തിന്നാ മതീ’ന്നും പറഞ്ഞു
അരിയടുപ്പത്തിട്ടു തീകൂട്ടുന്ന നേരം,
ഒച്ചനെ ചിലയ്ക്കുന്ന മൊബൈലെടുത്ത്
ചെവിയോരം ചേർക്കവേ..
വായ്പ്പകുടിശ്ശിക നാലായെന്നൊരു
പരുക്കൻ ശബ്ദം മുരളുന്നു.
‘മോററ്റോറിയം ഉണ്ടെല്ലോന്ന്’
മറുചോദ്യം ചോദിക്കവേ
‘അത് നിങ്ങടെ വായ്പ്പക്കില്ല
വേഗമടച്ചില്ലേൽ മേൽനടപടികളുണ്ടാവു’മെന്നൊരു
താക്കീതും കേട്ട്,
‘ആ പോട്ട്’ ന്നും പറഞ്ഞു
ഫോൺ വച്ചപ്പോഴേക്കും…
വെന്ത ചോറ് വാർത്ത്
കൂട്ടാനുള്ള ഉള്ളി അരിയാനായ്
കത്തിയെടുത്തോരു നേരം…
തുളുമ്പിച്ചാടിയ കണ്ണീരിനെ
പുറംകയ്യാൽ തുടച്ചെറിയവേ..
‘അമ്മകരയണ്ട ഞാനീ ചോറ്
തിന്നോളാ’മെന്ന് കുഞ്ഞു ചൊല്ലവേ…
‘അമ്മ കരഞ്ഞില്ലീ
യുള്ളിയരിഞ്ഞിട്ട്
കണ്ണ് നിറഞ്ഞതാണെ’ന്നൊരു
ഇള്ളകള്ളം ചൊല്ലിയവളും.

എറണാകുളം ജില്ലയിലെ ചേന്ദമംഗലം പാലാത്തുരുത്തിൽ താമസിക്കുന്നു. സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും എഴുതുന്നു