ഇലയനക്കങ്ങൾ

പ്രിയപ്പെട്ടതിനെ പുല്കിയ മണ്ണ്
കഴുത്തറ്റം നിശ്ശബ്ദതമുടിപ്പുതച്ച്‌  
ഉറങ്ങുകയാണെന്ന്
കരുതുന്നുണ്ടോ?
അവിടെ ചെടികൾക്കടിയിൽ
തളിരിലത്തുമ്പിൽ നിന്ന്
മഞ്ഞച്ചു വീണതുവരെയുള്ള ഓർമ്മകൾ
മണ്ണിനോട് പങ്കിട്ട്
പിന്നെയും പിന്നെയും ഓർത്തോർത്ത്
പ്രിയപ്പെട്ടവരുടെ
വരവ് കാത്ത്
കാതോർത്തിരിപ്പുണ്ട്
മുമ്പേ കൊഴിഞ്ഞവർ

അവിടെയെത്തുമ്പോൾ
നിങ്ങളുടെ കാലടികളെ
നിശ്ശബ്ദമാക്കുക,
വേർപിരിഞ്ഞ ജീവനെ
ഉൾപ്പേറുന്ന മണ്ണിൽ
പതുക്കെ ചവിട്ടുക,
നോവിക്കാതെ…

കാത്തിരിപ്പിനിടക്ക് കണ്ണുകഴച്ച്
ഉറങ്ങിപ്പോയവരുണ്ടാകാം..
അവരെ ഉണർത്തി നിരാശപ്പെടുത്താതെ
നിങ്ങളുടെ സ്നേഹത്തെ
ചേർത്തുപിടിച്ച ആറടിയിലേക്ക്
ഉതിർന്നുവീണ വാകപ്പൂക്കൾ
പുഴയുടെ മാറിലെന്നപോലെ
ഒഴുകി നീങ്ങുക.
അപ്പോൾ ആറടിയിലേക്ക്
തല പൂഴ്ത്തിയ വേരുകൾ
നിങ്ങളിലേക്ക് ഒരു കാറ്റിനെ ഊതിവിടും,
ഇലയനക്കങ്ങളിലൂടെ
ചെടിയുടെ ഉൾപ്പുളകം
കണ്ണിലെത്തും.
പതുക്കെ നിങ്ങളവരിലേക്ക്
അടുത്തു കഴിയുമ്പോൾ
പ്രണയത്തിൻ്റെ,
സ്നേഹത്തിൻ്റെ
നേർത്ത കമ്പളത്താൽ
നിങ്ങൾ
മൂടപ്പെട്ടിരിക്കും.

മലപ്പുറം ജില്ലയിലെ കരിങ്കപ്പാറ ഗവ.യു.പി.സ്കൂൾ അധ്യാപികയാണ്. ആനുകാലികങ്ങളിലും ഓൺലൈൻ മാഗസിനുകളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.