നനവുറവകളിലേക്ക്
വിഷവാഹിനികൾ
കുതിച്ചടുക്കുന്നതോടെ
വിവശവികാരങ്ങൾ
പ്രേതങ്ങളാകും
മകരമഞ്ഞിന്റെ ശലാകകൾ
മൂടുപടം നെയ്യും
അവ
മനസ്സുകളിലെ
ശുഭ്രത മറയ്ക്കും
തിളക്കങ്ങളുടെ
പത്തരമാറ്റുരച്ച്
കാലം
ഹൃദയങ്ങളെ
തണുപ്പിൻകൂടാരങ്ങളിൽ
ഒളിപ്പിക്കും
കാലവൃക്ഷം
ഇലപൊഴിയ്ക്കും
കാലമിത്…
വെറുതെയെങ്കിലും
കാത്തിരിക്കും
ഇന്നിന്റെ ഗ്രീഷ്മത്തിലേയ്ക്ക്
ഗുൽമോഹറിതളുകളിൽ
വെയിൽച്ചീളുകൾ
ചോരത്തുള്ളികളിറ്റിക്കും
നേരമെത്താൻ
പൊടുന്നനെ
ആലിപ്പഴങ്ങൾ വീണ്
നിലം പൊള്ളാൻ
പിളർന്നുപൊട്ടുന്ന
ദാഹങ്ങളിലേക്ക്
കുളിർച്ചൊരിച്ചിലിൻ
ആരവമാകാൻ
തണുത്തുമറഞ്ഞുറങ്ങിയ
നേർവിത്തുകളെ
തട്ടിവിടർത്തി
നിഷ്ക്കളങ്കമായവ
കരയാൻ
പിന്നെ
പൂത്തിരിയായി
പൊട്ടിച്ചിരിക്കാൻ
നിമിഷങ്ങളെണ്ണുന്നു
കാലം!