ഇലഞ്ഞിമരച്ചോട്ടിലെ പെൺകുട്ടി

വരാന്തയിലെ ചുവരിൽ തൂക്കിയിട്ടുള്ള അച്ഛൻ്റെ ഛായാചിത്രം തുണികൊണ്ട് തുടയ്ക്കുന്നതിനിടയിൽ വിദ്യാധരൻ ശ്രദ്ധിച്ചു , അച്ഛമ്മയുടെയും അപ്പൂപ്പൻ്റെയും പടങ്ങളിൽ പൊടി മാത്രമല്ല മണ്ണാത്തൻ വലയും കാണുന്നുണ്ട്.

പൊലീസ് ഓഫീസറായ അയാൾക്ക് ഞായറാഴ്ച വീട്ടിലിരിക്കാൻ കഴിയുന്നത് മാസത്തിൽ ഒന്നോ ഏറിയാൽ രണ്ടോ തവണ മാത്രമാണ്.
ഭാര്യയുടെ കൈയ്യെത്താൻ ഇടയില്ലാത്ത , വീട്ടിലെ ചെറിയ ചില ജോലികളെല്ലാം ചെയ്യുന്നത് ഇത്തരം അവസരങ്ങളിലാണ്.

എഫ് എം റേഡിയോയിൽ പഴയ പാട്ടിൻ്റെ പെരുമഴ.

‘ കിളി ചിലച്ചു, കിളി ചിലച്ചു, കളമൊഴീ നിൻ കണ്ണിലൊരു കുയിലുമ്മവെച്ചു……. .. . എന്ന ഗാനത്തിനു ശേഷം അടുത്ത അനൗൺസ്മെൻ്റിന് അയാൾ കാതോർത്തു.
‘ അയൽക്കാരി’ – എന്ന ചിത്രത്തിലെ ഗാനം യേശുദാസ് ആലപിക്കുന്നു. ഗാനരചന ശ്രീകുമാരൻ തമ്പി , സംഗീതം ദേവരാജൻ

‘ ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ , ഇന്ദ്രിയങ്ങളിലത് പടരുന്നു
പകൽകിനാവിൻ പനിനീർ മഴയിൽ അന്ന് നിൻ മുഖം പകർന്ന ഗന്ധം.. … . .
എക്കാലത്തേയും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണത്.

പത്താംക്ലാസുകാരനായ മകൻ പ്രണവ് കൈയ്യിൽ ടാബുമായി ഉമ്മറത്തേക്ക് വന്നു. കേൾക്കാൻ ഇമ്പമുള്ള പാട്ടായതിനാൽ വ്യക്തമായി കേൾക്കാനാണ് അവൻ പുറത്തേക്ക് വന്നത്.

പാട്ട് തീർന്നപ്പോൾ അവൻ ചോദിച്ചു , ” അച്ഛാ ഇലഞ്ഞിപ്പൂവിന് ഭയങ്കര മണംണ്ടോ ” “എനിയ്ക്കൊന്ന് കാണാൻ പറ്റ്വോ ”
ചോദിക്കുന്നതിനിടെ അവൻ കൈയ്യിലെ ടാബിൽ വിരലുകൾ ഓടിക്കുന്നുണ്ട് . പൂത്തു നില്കുന്ന ഒരു ഇലഞ്ഞിമരത്തിൻ്റെ ചിത്രം ടാബ് സ്ക്രീനിൽ അവൻ അച്ഛനെ കാണിച്ചു. ഇലഞ്ഞി മണക്കുന്ന നാട്ടിടവഴികളിൽ കൂട്ടുകാർക്കൊപ്പം തിമിർത്താടിയ ബാല്യം ഞൊടിയിടയിൽ അയാളുടെ ഉള്ളിൽ മിന്നി മാഞ്ഞു.
” ഇലഞ്ഞിമരം നീയിപ്പൊ കണ്ടില്ലെ ” ടാബിലേക്ക് നോക്കികൊണ്ടാണ് അയാൾ മറുപടി പറഞ്ഞത്.
” അതു പോരാ , ശരിക്കും കാണണം , ഇലഞ്ഞിപ്പൂ കൈയ്യിലെടുത്ത് മണത്തു നോക്കണം “
മക്കളുടെ കൗതുകങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അവരുടെ മനസ്സിൻ്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് അറിയാവുന്ന ഒരച്ഛനായിരുന്നു അയാൾ.

” നമ്മുടെ പറമ്പിൻ്റെ വടക്കേ വേലീൻ്റപ്രം ദൂരേക്ക് നോക്ക്യാൽ പുൽതൈലപ്പാടം കാണാം . അതിൻ്റപ്രം കാട് തൊടങ്ങ്ന്നേന് മുമ്പെത്തെ പറമ്പിൽ ഒരിലഞ്ഞിമരംണ്ട് വളരെ വല്ത് ഒര് ദെവസം നമുക്കവിടെ പോകാം “

“താങ്ക്യൂ അച്ഛാ താങ്ക്യൂ സോമച്ച് ” ചുരുട്ടിയ മുഷ്ടികൊണ്ട് അച്ഛൻ്റെ മുതുകത്ത് മൃദുവായി രണ്ട് മൂന്ന് സ്നേഹദണ്ഡനം നല്കി അവൻ അകത്തേക്ക് കയറിപ്പോയി.

അടുത്ത ദിവസം പ്രണവ് അച്ഛനോട് മറ്റൊരു ആവശ്യം കൂടി അറിയിച്ചു. സ്വന്തം നാടായ വയനാട്ടിലെ മുഴുവൻ പ്രധാന സ്ഥലങ്ങളും സന്ദർശിക്കണമെന്നും ചരിത്ര പ്രാധാന്യമുള്ളവ ഫോട്ടോയെടുത്ത് കുറിപ്പുകൾ സഹിതം സൂക്ഷിക്കണമെന്നുമായിരുന്നു ആവശ്യം.

വാസ്തവത്തിൽ ആർക്കും വേണ്ടത്ര ആഴത്തിൽ സ്പർശിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ആദിമ ഗോത്ര സംസ്കൃതിയുടെ ചരിത്രം സ്വന്തം അനുഭവ പശ്ചാത്തലം കൂടി ഉൾചേർത്ത് എഴുതുന്നതിന് ഗോത്രവർഗ്ഗത്തിൽ ജനിച്ചുവളർന്ന വിദ്യാധരൻ ഒരുക്കങ്ങൾ തുടങ്ങിയ സന്ദർഭത്തിലാണ് പ്രണവ് സമാനമായ ഒരു ഇഷ്ടം അറിയിച്ചത്

അമ്പുകുത്തി മലയും എടക്കൽ ഗുഹയും സന്ദർശിച്ചുകൊണ്ടാണ് അച്ഛനും മകനും യാത്രയ്ക്ക് തുടക്കം കുറിച്ചത് മലയുടെ താഴ് വാരങ്ങളും പ്രാന്ത പ്രദേശങ്ങളും അവർ നടന്നുതീർത്തു. കുറുമ ഗോത്രക്കാരിലെ വയോവൃദ്ധരിൽ നിന്നും ലഭിച്ച മൊഴിമുത്തുകളും അവർ കാണിച്ചു തന്നിട്ടുള്ള ഒരുപക്ഷേ മറ്റാരും കണ്ടിട്ടില്ലാത്ത സ്മൃതിയടയാളങ്ങളും ക്യാമറയിൽ പകർത്തി അവർ വിസ്മയം പങ്കുവെച്ചു അടുത്ത അവധി ദിവസത്തിനായി അക്ഷമയോടെ കാത്തിരുന്നു.

കഴിഞ്ഞ യാത്രകളെ കുറിച്ചുള്ള മകൻ്റെ കുറിപ്പുകൾ അയാൾ പരിശോധിച്ചു എട്ടു പേജുകളിലായി നിറച്ചെഴുതിയിട്ടുണ്ട് എട്ടാമത്തെ പേജ് അവസാനിക്കുന്ന ഭാഗം ഭാര്യ കേൾക്കെ വിദ്യാധരൻ ഉറക്കെ വായിച്ചു.

‘ഒക്ടോബറിലെ അവസാനത്തെ ഞായറാഴ്ച ഞങ്ങൾ എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയുടെ കിഴക്കേ അടിവാരത്തുള്ള ഗോവിന്ദമൂല ചിറക്കരികിലൂടെ നടന്നു അച്ഛനെ പരിചയമുള്ള ഒരാൾ ചിറയിൽ ചൂണ്ടയിടുന്നുണ്ടായിരുന്നു. പോലീസ് ഓഫീസർ ആയതുകൊണ്ടാവാം അച്ഛനെ കണ്ട ഉടനെ എഴുന്നേറ്റ് അയാൾ കൈകൾ കൂപ്പി അയാളുടെ പോക്കറ്റിലെ മൊബൈൽ ഫോണിൽ നിന്ന് നേർത്ത ശബ്ദത്തിൽ ഒരു പാട്ട് കേൾക്കുന്നുണ്ടായിരുന്നു. ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു …. ഞാനും അച്ഛനും പരസ്പരം നോക്കി അടുത്തയാഴ്ച ഇലഞ്ഞിമരം കാണാൻ പോകാമെന്ന് അച്ഛൻ ഉറപ്പു തന്നിട്ടുണ്ട് കൈനിറയെ ഇലഞ്ഞി പൂക്കൾ ഞാൻ വീട്ടിലേക്ക് കൊണ്ടുവരും’. മകൻ്റെ ഡയറിക്കുറിപ്പ് വായിച്ചു കേട്ട പ്രണവിന്റെ അമ്മ നന്നായിട്ടുണ്ട് എന്ന മട്ടിൽ കണ്ണുകൾ വിടർത്തി തലയാട്ടിക്കൊണ്ട് ഭർത്താവിനെ നോക്കി. കൊള്ളാം എന്ന മട്ടിലുള്ള ഒരു ചിരി അയാളുടെ മുഖത്തും ഉണ്ടായിരുന്നു അടുത്തദിവസം പുലർകാല മഞ്ഞ് മായുംമുമ്പ് അച്ഛനും മകനും കാട്ടിലേക്ക് നടന്നു

കാട്ടുപന്നിയും മുള്ളനും കൃഷിയിൽ നാശം വിതയ്ക്കുന്നത് തടയാൻ പറമ്പിന് ചുറ്റും ബലമുള്ള മുള്ളുവേലികൾ കെട്ടിയിട്ടുണ്ട്. വേലികൾക്കിടയിൽ കഷ്ടിച്ച് രണ്ടാൾക്ക് നടക്കാൻ പാകത്തിലുള്ള വരമ്പിലൂടെ കുറേ ദൂരം നടക്കാനുണ്ട്. പുൽത്തൈല ചെടികൾ വിളയുന്ന പാടവും തൈലം വാറ്റുന്ന മാടവും കടന്ന്, ദൂരെ ഇലഞ്ഞിമരം കാണാറായപ്പോഴേക്കും ചിരപരിചിത സുഗന്ധം വിദ്യാധരൻ തിരിച്ചറിഞ്ഞു. അയാൾ പതുക്കെ മൂളി ” ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു . . . . . . .അപരിചിത ഗന്ധത്തിൻ്റെ വശ്യത പ്രണവിനെയും പിടികൂടി ആഹ്ളാദത്താലും വിസ്മയത്താലും അവൻ്റെ കണ്ണുകൾ വിടർന്നു.

ഒറ്റയ്ക്ക് നില്ക്കുന്ന ഇലഞ്ഞിമരത്തിന് കീഴെ ആളുകളുടെ പാദസ്പർശം ഏൽക്കാത്തത് കൊണ്ടാവാം സ്വർണ്ണവർണ്ണത്തിലുള്ള ഇലഞ്ഞിപ്പൂക്കൾ മെത്ത പോലെ കിടന്നിരുന്നു.

മരത്തിന് മൂന്നാളുകൾ ചേർന്ന് ചുറ്റിപ്പിടിച്ചാലും തികയാത്തത്രയും വണ്ണമുണ്ടായിരുന്നു. മുകളിലേക്ക് നോക്കി പ്രണവ് ഇലഞ്ഞിയെ പ്രദക്ഷിണം ചെയ്തു. സൂര്യകിരണങ്ങളിൽ കുളിച്ചിരിക്കുന്ന ഇലയും പൂക്കളും , മനസ്സ് തരളമായി , നിതാന്ത സൗഹൃദത്തിൻ്റെ നാന്ദി കുറിക്കപ്പെട്ടതായി അവൻ്റെ മനസ്സ് ഇലഞ്ഞി പൂക്കളോട് മന്ത്രിച്ചു.

ഉത്സാഹതിമർപ്പിൽ മരച്ചോട്ടിൽ തിരിഞ്ഞും മറിഞ്ഞും അവൻ ഫോട്ടോക്ക് പോസ് ചെയ്തു. അവനറിയാതെ ഒട്ടേറെ നല്ല ഫോട്ടോകളും വിദ്യാധരൻ ഒപ്പിയെടുത്തു. പ്രണവ് കണ്ണുകളടച്ച് പലതവണ ദീർഘമായി ശ്വസിച്ചു സിരകളെ മത്ത് പിടിപ്പിക്കുന്ന ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം എത്രതന്നെ ആസ്വദിച്ചിട്ടും അവന് മതിവരുന്നില്ല, കയ്യിലുള്ള ബാഗിലും പോക്കറ്റിലും ഇലഞ്ഞി പൂക്കൾ നിറച്ചാണ് തിരികെ പോന്നത്.

വീട്ടിലെത്തിയ ഉടനെ പൂക്കൾ കോർത്ത് മാലയുണ്ടാക്കി വരാന്തയിൽ തൂക്കിയിട്ടുള്ള അച്ഛാച്ഛൻ്റെയും അമ്മൂമ്മയുടെയും മറ്റും പടങ്ങളിൽ ചാർത്തി. അന്നു മുതൽ വീട്ടിൽ നിന്നും ഇലഞ്ഞിമണം മാഞ്ഞിട്ടില്ല. പൂക്കൾ വാടിക്കരിയും മുമ്പ് പുതിയ മാലചാർത്താൻ ഇലഞ്ഞിപ്പൂക്കളുടെ കൂട്ടുകാരൻ ശ്രദ്ധവെച്ചിരുന്നു.

പൂതാടിയ്ക്കടുത്തുള്ള കൊവളയിലെ ഗോത്ര പെരുമയുള്ള തൻ്റെ കുടിയോട് ചേർന്നുള്ളതാണ് വിദ്യാധരൻ്റെ പുതിയ വീട്. പ്രണവിൻ്റെ ഇഷ്ടങ്ങൾക്കനുസരിച്ച് പണികഴിപ്പിച്ചിട്ടുള്ള വീടിന് പേരിട്ടതും അവൻ തന്നെയാണ്.- ‘വയനാടൻ വീട് ‘

നടവഴികളിൽ ഇരുട്ട് വീണാൽ അകത്തുള്ളോരുടെ ഉള്ള് കാളും’ – ഊരിലെ കുടികളിൽ പെണ്ണുങ്ങളുടെ മനോനില അന്നും ഇന്നും അങ്ങനെയാണ്. എവിടെപ്പോയാലും അഞ്ചരമണിക്കുള്ളിൽ കുടിയിൽ തിരിച്ചെത്തണമെന്ന അമ്മയുടെ സ്നേഹശാസന ഇന്നോളം അവൻ പാലിച്ചു പോന്നിട്ടുണ്ട്.

ഒരു വെള്ളിയാഴ്ച ദിവസം അഞ്ചര മണി കഴിഞ്ഞിട്ടും പ്രണവ് വീട്ടിൽ തിരിച്ചെത്തിയില്ല. പലരും പല വഴിക്ക് തെരച്ചിൽ നടത്തി, വിദ്യാധരൻ്റെ പൊലീസും അന്വേഷിച്ചിറങ്ങി. പ്രണവിൻ്റെ അമ്മ കണ്ണീരടക്കാൻ പാടുപെട്ടു. വല്ലതും പറയുമ്പോൾ വാക്കുകൾ മുറിഞ്ഞു.

സന്ധ്യയുടെ ഇത്തിരിവെട്ടം തീരാറായി , ഇരുട്ട് പരന്നാൽ ആരും പുറത്തിറങ്ങാറില്ല. വല്ലപ്പോഴുമൊക്കെ കാട്ടുമൃഗങ്ങൾ കാടിറങ്ങി വരാറുള്ളതുമാണ്. ഏതാനും മിനിറ്റുകൾ കൊണ്ട് ഇരുട്ട് പൂർണ്ണമാകും.

ഒരുൾവിളിയാലെന്നോണം വിദ്യാധരന് ഇലഞ്ഞിമരക്കാട് ഓർമ്മവന്നു, പ്രണവിന് ഏറെ ഇഷ്ടപ്പെട്ട ഇടം. ടോർച്ചുമെടുത്ത് അയാൾ ഇലഞ്ഞിമരം ലക്ഷ്യമാക്കി ഓടാൻ തുടങ്ങി, ആരൊക്കെയോ ഒപ്പമെത്താൻ കൂടെ ഓടുന്നുമുണ്ട്. , ഓട്ടത്തിനിടയിൽ ഇലഞ്ഞിച്ചോട്ടിലേക്ക് ടോർച്ച് തെളിയിക്കുമ്പോൾ ഹൃദയമിടിപ്പ് പിന്നെയും വർദ്ധിച്ചു. മകനെ കണ്ടതും അയാൾക്ക് ശരീരം തളരുന്നതുപോലെ തോന്നി, ഒരു വിധത്തിൽ ഓടിച്ചെന്ന് മകനെയെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ച് വിളിച്ചു നോക്കി
”മോനേ…. … ” ക്ഷീണിച്ച ശബ്ദത്തിൽ പ്രണവ് വിളി കേട്ടു
“അച്ഛാ ” അയാളുടെ കണ്ണുകൾ നിറഞ്ഞു. അയാൾക്ക് ആശ്വാസമായി. അവൻ്റെ ദേഹം മുഴുവനും ടോർച്ചടിച്ച് പരതി മുറിവെങ്ങാനുമുണ്ടെങ്കിലോ , സർപ്പദംശമേറ്റിട്ടില്ലെന്ന് അയാളുറപ്പിച്ചു

വിദ്യാധരൻ്റെ തോളിൽ കിടന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രണവ് പതുക്കെ പറഞ്ഞു –

“‘അച്ഛാ ഞാനുറങ്ങിപ്പോയതാ”‘

സാരമില്ലെന്ന് പുറത്ത് തലോടിക്കൊണ്ട്
അയാൾ മകനെ ആശ്വസിപ്പിച്ചു.

വെയിലേറ്റ് ക്ഷീണിച്ച് മരത്തിൽ ചാരിയിരുന്നപ്പോൾ കാറ്റേറ്റ് മയങ്ങിയതാണെന്ന് പ്രണവ് എത്ര തവണ പറഞ്ഞിട്ടും വിശ്വാസം വരാത്തത് പോലെയാണ് പ്രണവിൻ്റെ അമ്മ പ്രതികരിച്ചത്.വിദ്യാധരൻ മൗനം പൂണ്ടു.

ഇരുട്ടിന് കനം വെക്കുകയാണ്, അകലെ വടക്കുകിഴക്കെ മലമുകളിൽ പതിവില്ലാതെ വെളിച്ചം കണ്ടപ്പോൾ വിദ്യാധരൻ മുറ്റത്തിറങ്ങി ശ്രദ്ധിച്ചു.

പതിനൊന്ന് പന്തങ്ങൾ കുന്നിറങ്ങുകയാണ് കുടിമൂപ്പനും കൂട്ടരുമാണ് അവർ ഇങ്ങോട്ട് തന്നെയാവും വരുന്നത്,

പോരുന്നോനും സംഘവും പന്തംകൊളുത്തി പുറപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞപ്പോൾ വിദ്യാധരൻ്റെ ഭാര്യയ്ക്ക് ആശ്വാസമായി ,അവർ നെഞ്ചത്ത് കൈവച്ച് കണ്ണടച്ച് പ്രാർത്ഥിച്ചു.

ഊരുമൂപ്പനും സംഘവും വയനാടൻ വീടിൻ്റെ മുറ്റത്ത് എത്തിയപ്പോഴേക്കും മറ്റു കുടികളിലുള്ള മുഴുവൻ ആളുകളും ചുറ്റിലും വന്ന് നിലയുറപ്പിച്ചു. മൂപ്പൻ ഉടുത്ത പട്ടും മേലങ്കിയും കടും ചുവപ്പായിരുന്നു. കറുത്തമുണ്ടും കറുത്ത മേൽമുണ്ടുമാണ് കാര്യക്കാരുടെ വേഷം

പന്തത്തിൻ്റെ എണ്ണം പെരുകിക്കൊണ്ടിരുന്നു. കളമെഴുത്തും ഗുരുതിയും മൂപ്പൻ്റെ കോമരവും വായ്ത്താരിയും , ചുണ്ണാമ്പും മഞ്ഞളും ചേർത്തുണ്ടാക്കിയ ഗുരുതി തളിച്ചിടത്ത് കളം വരച്ച് പലകയിട്ട് പ്രണവിനെ ഇരുത്തി മൂപ്പൻ വായ്ത്താരി തുടർന്നു. സ്പഷ്ടമാകാത്തതും അപരിചിത ഭാഷപോലെയുമുള്ള വായ്ത്താരിയുടെ ഉച്ഛസ്ഥായിയിൽ നിന്ന് പതുക്കെ മൗനത്തിലേക്ക് മടങ്ങിയെത്തി മൂപ്പൻ കണ്ണുകളടച്ചു.

ഭക്തി സാന്ദ്രവും അലൗകികവുമായ അന്തരീക്ഷത്തിൽ സർവ്വരും നിശ്ശബ്ദരായി. ആൾക്കൂട്ടത്തിലെ ഓരോരുത്തരുടെയും മുഖത്തേക്ക് മൂപ്പൻ കണ്ണോടിച്ചു. കുട്ടികൾ ഭയത്തോടെ അച്ഛനമ്മമാരെ മുറുകെ പിടിച്ചു.

ഊരിലെ കുട്ടികൾക്ക് പോരുന്നോനെ പേടിയാണ്. കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിച്ചാൽ “പോരുന്നോൻ വരുന്നുണ്ട് കഴിച്ചൊ…” എന്നാണ് അമ്മമാർ കുട്ടികളെ അനുസരിപ്പിക്കാറുള്ളത്. ഊരുമൂപ്പൻ കണ്ണുകളിൽ ദൃഷ്ടിയൂന്നിയപ്പോഴും പ്രണവിന് തെല്ലും ഭയം തോന്നിയില്ല.

ഊരിൻ്റെ രക്ഷിതാവായിട്ടാണ് എല്ലാവരും മൂപ്പനെ കാണുന്നത്. ഊരിനെ കാത്ത് പോരുന്ന ദേവതയായ മുത്തിയുടെ ഉപാസകൻ. മൂപ്പനിലൂടെ മുത്തി കുടിക്കാരോട് സംവദിക്കുന്നു, കല്ലും പതിരും തിരിച്ച് നേർവഴി നടത്തുന്നു.

‘ഓളെ കണ്ട്…. ല്ലേ ” മൂപ്പൻ്റെ ചോദ്യമെന്താണെന്ന് ആദ്യം പ്രണവിന് പിടി കിട്ടിയില്ല.
”എലഞ്ഞിച്ചോട്ട് ൽ പെണ്ണൊരുത്യെ കണ്ടില്ലേന്ന് ”
മൂപ്പൻ ചോദ്യം ആവർത്തിച്ചു. കണ്ടിട്ടുണ്ട് എന്ന മട്ടിൽ പ്രണവ് തലയാട്ടി.

“ചോപ്പുടുത്ത പെണ്ണ് , ചോന്ന കുപ്പായം ല്ലേ “
വീണ്ടും അതേയെന്ന് അവൻ തലകുലുക്കി.

കേട്ടു നില്കുന്നവർ അത്ഭുത സ്തബ്ധരായി പ്രണവിൻ്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും പ്രണവ് ഇലഞ്ഞിമരച്ചോട്ടിൽ പോകാറുണ്ട് പൂക്കൾ ശേഖരിക്കാനെത്തുന്ന ഒരു പെൺകുട്ടിയെ അവൻ കണ്ടു. ചുവപ്പ് നിറത്തിലുള്ള പാവാടയും ബ്ലൗസുമായിരുന്നു വേഷം. ഗൗരി എന്നാണ് അവളുടെ പേര്. പ്രണവിനോളം തന്നെ പൊക്കമുള്ള ഒരു കൊച്ചുസുന്ദരി. വാലിട്ട് കണ്ണെഴുതി ചുവന്ന പൊട്ടും തൊട്ട് വശ്യമായ പുഞ്ചിരി തൂകുന്ന പെൺകുട്ടി.

പൂ പെറുക്കാൻ മാത്രമല്ല ഗൗരിയെ കാണാനും കൂടിയാണ് അവൻ ഇലഞ്ഞിമരച്ചോട്ടിലെത്തുന്നത്. രണ്ട് പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളൂ , മിക്ക ദിവസങ്ങളിലും അവൾ വരാറില്ല.

ഇലഞ്ഞിക്കാട്ടിൽ പണ്ടെപ്പഴോ ദുരാന്മാവിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന വിശ്വാസം തലമുറകളിലൂടെ കൈമാറി വന്നതാണ് , വെള്ളി, ചൊവ്വ ദിവസങ്ങളിൽ ചുവന്ന പാവാടയും ബ്ലൗസുമണിഞ്ഞ പെൺകുട്ടിയുടെ രൂപത്തിൽ പ്രത്യക്ഷമാവുകയും ആൺകുട്ടികളെ വശീകരിക്കുകയും ചെയ്യുമെന്ന ശ്രുതി കുടിക്കാർക്കിടയിലുണ്ട് .
പോരുന്നോൻ വലതു കൈയ്യിൻ്റെ പെരുവിരൽ കൊണ്ട് പ്രണവിൻ്റെ നെറ്റിയിൽ മഞ്ഞളും കുങ്കുമവും ചാർത്തി .

ഒരേ സമയം സൗമ്യതയും ശാസനയും ഉൾച്ചേർത്ത് സ്വകാര്യം പറയുന്ന വിധം ശബ്ദം നിയന്ത്രിച്ച് മൂപ്പൻ കട്ടായം പറഞ്ഞു. ” മേലാൽ എലഞ്ഞിക്കാട്ടിൽ പോകരുത് “

കേട്ട മാത്രയിൽ പ്രണവിന് വിഷമമാണ് തോന്നിയത് , ഗൗരി ഒരു നല്ല കൂട്ടുകാരിയാണ് .
ഗൗരിയെയും ഇലഞ്ഞി പൂക്കളെയും അവന്ഒരു പോലെ ഇഷ്ടമാണ്, ഇനി പറഞ്ഞിട്ടെന്തു കാര്യം മൂപ്പൻ വിലക്കിയ കാര്യത്തിൽ അച്ഛനെന്തായാലും ഇളവ് തരില്ല.

മറ്റു പലരെയും പോലെ തൻ്റെ അച്ഛൻ ഒരു അന്ധവിശ്വാസി അല്ലെന്ന് പ്രണവിന് നിശ്ചയമുണ്ട്.

വീടിൻ്റെയും കുടുംബത്തിൻ്റെയും കുടിയിലെ യുമൊക്കെയുള്ള വിശ്വാസ പ്രമാണങ്ങളെ വിദ്യാധരൻ എതിർക്കാറില്ല. ഗോത്രത്തിൻ്റെ കെട്ടുറപ്പ് നിലനില്പിന് അനിവാര്യമാണ്. ജാതീയത ജന്മിത്തകാലങ്ങളിലേതുപോലെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നവർ വിജയിച്ചുവരുന്നുണ്ട്. പുറത്ത് ജാതിയില്ലെന്ന് പറയുന്നവർക്ക് വീട്ടിലെത്തുമ്പോൾ ജാതിയുണ്ട്.

അമ്മയും ഭാര്യയുമൊക്കെ മുറുകെ പിടിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ ജനതയെ തൂത്തു മാറ്റാൻ വരുന്നവരിൽ നിന്ന് രക്ഷനേടാനുള്ള പിടിവള്ളിയായാണ് വിദ്യാധരൻ കരുതുന്നത്.

മന്ത്ര തന്ത്രങ്ങളോടെ വീടിൻ്റെ കിഴക്ക് ഭാഗത്ത് ഇലഞ്ഞി തൈ നടാമെന്ന് മൂപ്പൻ പരിഹാരം നിർദ്ദേശിച്ചു. ഇടതുകൈയ്യിൽ കത്തുന്ന പന്തമെടുത്ത് വലതുകൈയ്യിൽ പൂവും മഞ്ഞൾ പൊടിയുമെടുത്ത് മന്ത്രോച്ചാരണങ്ങളോടെ പന്തത്തിൻ്റെ നാളത്തിലേക്ക് ആവർത്തിച്ച് എറിയുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്ന് ഏതാനും പേരുടെ ഏങ്ങലുയർന്നു. ഭയം കൊണ്ട മനസ്സിൻ്റെ അവ്യക്തമായ അപസ്വരം.

പന്തങ്ങൾ പകുതിയോളം എരിഞ്ഞടങ്ങിയിട്ടുണ്ട് ചടങ്ങ് ഏതാണ്ട് തീരാറായി. അരണ്ട വെളിച്ചത്തിൽ ദൂരെ മാറി ഒരു പെൺകുട്ടിയുടെ രൂപം ഇടക്കിടെ പ്രത്യക്ഷമാകാൻ തുടങ്ങി. ചുവന്ന വസ്ത്രം ധരിച്ച ഒരു പെൺകൊടി. .
ഭയത്താൽ ശബ്ദിക്കാനോ ചലിക്കാനോ മൂപ്പനു പോലും കഴിഞ്ഞില്ല.

ഇലഞ്ഞിക്കാട്ടിലെ ദുർഭൂതം ചുവപ്പണിഞ്ഞ പെണ്ണായി അവതരിച്ചിക്കുന്നു. പെൺകുട്ടി പതുക്കെ വെട്ടത്തിലേക്ക് നടന്നടുത്തു.
സകലർക്കും കാണാൻ പാകത്തിൽ നിറഞ്ഞ വെളിച്ചത്തിൽ പെൺകുട്ടി ചിരിച്ചു കൊണ്ടു നിന്നു.

അവൾ പ്രണവിനടുത്തേക്ക് നീങ്ങി . അവൻ്റെ മുഖത്തും പുഞ്ചിരി വിടർന്നു. അത് ഗൗരിയായിരുന്നു.

ആൾക്കൂട്ടത്തിന് ഇടയിൽ നിന്നും ഊരിന് അനഭിമതനായ സുകു മുന്നോട്ടുവന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതു കൊണ്ട് ഊരിൽ ഭ്രഷ്ട് കല്പിക്കപ്പെട്ടവനാണ് സുകു. അയാളുടെ വീടുമായി ആരും ബന്ധപ്പെടരുതെന്നാണ് ഊരുമൂപ്പൻ്റെ തിട്ടൂരം.

മഴ പൊടിഞ്ഞു തുടങ്ങി, നിശ്ശബ്ദതക്ക് ഭംഗമേറ്റിട്ടില്ല പ്രണവും ഗൗരിയും ചിരിച്ചുകൊണ്ട് പരസ്പരം നോക്കുകയാണ് .

സുകുവിനെ കണ്ടതോടെ പെൺകുട്ടി ചിരിച്ചു കൊണ്ട് അയാളുടെ അടുത്തേക്ക് നീങ്ങി “അച്ഛാ “- എന്ന വിളിയോടെ അയാളുടെ കൈയ്യിൽ പിടിച്ചു. സുകു അവളെ ചേർത്തു പിടിച്ചു. മഴത്തുള്ളികൾ അധികരിച്ചു .ആശ്വാസത്തോടെ ആളുകൾ ചിതറി തുടങ്ങി സുകു മകളേയും കൂട്ടി വീട്ടിലേക്ക് നടന്നു.

വയനാട് മീനങ്ങാടി സ്വദേശി. കേരളാ പോലീസിൽ സർക്കിൾ ഇൻസ്പെക്ടർ. ഇപ്പോൾ വയനാട് വിജിലൻസ് യൂണിറ്റിൽ. നവമാധ്യമങ്ങളിൽ എഴുതുന്നു.