നിലാവ് പുലരുമ്പോൾ
കാതോർത്താൽ കേൾക്കാം
ഇലകളുതിർക്കും സാന്ദ്രമർമ്മരം
തെന്നലേതോ രാഗം തീർത്തതിൻ
തന്ത്രികൾ മീട്ടുവതും.
ഇലകളുടെ ലാസ്യനൃത്തതാളം
മൂകമെന്നിൽ നിറയെ
എന്തൊരു കുളിരാണെൻ സ്വപ്നം!
മിന്നിമായും ഭാവഭേദങ്ങൾക്കെന്തുണർവ്വാണ്!
ഇലകളുടെ നിശ്ശബ്ദ മർമ്മരം
എന്നെ വിളിച്ചിറക്കിക്കൊണ്ടുപോകാറുണ്ട്
നിശാചരിയുടെ സ്വപ്നങ്ങളിലേക്ക് .
എന്നുടലുതൊട്ടെന്നെത്തഴുകിയകലുമ്പോൾ
നിലാവുകൊണ്ടൊരു-
പുഞ്ചിരിയെന്റെ കണ്ണിൽ നിറച്ച്
പതിഞ്ഞ താളത്തിലൊരുറക്കുപാട്ടു –
പാടുന്നുണ്ടോരിളം തെന്നൽ.
കടലുറങ്ങും നേരം
ഉരുളും വെള്ളാരംകല്ലുകളും
ഇലകളും തമ്മിൽ പറയുന്നത്
പാതിരാവിൽ എന്നിലലിയും നിന്നെക്കുറിച്ചാകാം!
മിന്നി മറയുന്ന മിന്നാമിന്നികളും
ഇലയനക്കത്തിന്റെയോളങ്ങളിലാണ് .
രാവേറെ നീളും ലാസ്യനൃത്തത്തിന്നവസാനം
ഉതിർന്നു വീഴുന്ന വിയർപ്പുതുള്ളികളാണ്
തുഷാരമത്രെ
പകൽപ്പൂരം
പറഞ്ഞു പറഞ്ഞു
ചിരിച്ചു ചിരിച്ച്
തളർന്നു വീഴുന്നവരത്രേ
ഞെട്ടറ്റ ഇലകൾ.