മുത്തശ്ശിയാണാദ്യം പറഞ്ഞത്
മുള്ളുകളെക്കുറിച്ച്.
മുള്ളുകളാൽ കോർത്തുകീറുന്ന
ഇലകളെക്കുറിച്ച് .
പിന്നെ അമ്മ, അയലത്തെ ചേച്ചി,
അങ്ങനെ പലരും ഓർമിപ്പിച്ചു ;
ഇലകളാണ് നമ്മൾ.
മഴയും മഞ്ഞും വെയിലും മാറിയെത്തവേ,
മണ്ണിൽ കാലൂന്നി നടക്കവേ,
മൂർച്ച കൂടുന്നുണ്ടറിവിനും
മുള്ളുകളെയോർത്തെൻ നോവിനും.
തേൻ പുരട്ടിയ കണ്ണേറുകളിലൂടെ
നെഞ്ചിലാഴ്ന്നിറങ്ങും കള്ളമുള്ളുകൾ !
ഇരുട്ടിൽ പതുങ്ങി മാംസത്തിൽ
തറച്ചുകയറി ചോരചിന്തി
വ്രണമാക്കും കാരമുള്ളുകൾ !
കറുത്ത മരണക്കയങ്ങളിലേക്ക്
കോർത്ത് കയറും രാക്ഷസമുള്ളുകൾ !
സ്വന്തം രക്തപ്പൊടിപ്പുകളിൽ പോലും
സ്ഖലിക്കും ക്ഷയിച്ച പുല്ലിംഗങ്ങൾ.
അധികാരത്തിന്റെ വളക്കൂറിൽ
മുള്ളുകൾ ഇനിയും തഴച്ചുനിവരും.
നിയമം നീക്കിയിട്ട പഴുതുകളിലൂടെ
പിന്നെയുമവ അരങ്ങുതകർക്കും
അറിവിൻ നിറകുടങ്ങൾ
ദൂരദൃഷ്ടിക്ക് കണ്ണട വെച്ച്
ഉത്തരത്തിലേക്കുറ്റുനോക്കി
അലസം താടി തടവും.
നമ്മൾ ഇലകൾ സ്വപോഷികൾ
സംശ്ളേഷണം ചെയ്യണമൂർജ്ജത്തെ.
വിന്യസിക്കണം പാളികളൂർധ്വമായ്,
സിരാവ്യൂഹങ്ങളിൽ വീര്യം തുളുമ്പി,
ഇലഞെട്ടുകൾക്കു കരുത്തേകി,
പണിയണം കോട്ടകൾ നമ്മൾ.