ഇരുണ്ടമറ

ഫ്രഞ്ച് എഴുത്തുകാരിയും നാടകകൃത്തുമായ മാർഗരറ്റ് ഡ്യൂറാസിന്റെ (1914 – 1996)  ‘പ്രാക്റ്റിക്കാലിറ്റീസ്’ എന്ന പുസ്തകത്തിലെ അനേകം കുറിപ്പുകളിൽ ഒന്നാണ്‌ ‘ദി ബ്ലാക് ബ്ലോക്’.  സുഹൃത്തായ ജെറോം ബൊഷോറുമായുള്ള സംഭാഷണത്തിന്റെ ചില തുണ്ടുകൾ ചേർത്തതാണ്‌ ഈ പുസ്തകം. ഒരു നോവലെന്നോ ജേണലെന്നോ വർഗ്ഗീകരിക്കുവാനാവാത്ത പ്രാക്റ്റിക്കാലിറ്റീസ്, മാർഗരറ്റ്ഡ്യൂറാസിന്റെ ചിന്തകളുടെ ഉപാഖ്യാനങ്ങളെന്ന് കണക്കാക്കാം. ബ്ലാക് ബ്ലോക് എന്ന അധ്യായം സോണിയ റഫീഖ് വിവർത്തനം ചെയ്തതാണ് ഇരുണ്ടമറ

എഴുതുമ്പോൾ, നിങ്ങളെ സ്വാഭാവികത സന്നിവേശിക്കും. നിങ്ങൾ എഴുതാൻ പോകുന്നതെന്തായാലും, അത് എത്രയോ മുൻപ് തന്നെ ഇരുളിലെവിടെയോ ഒളിഞ്ഞിരിപ്പുള്ളതായിരിക്കും. എഴുത്ത് നിങ്ങളിൽ നിന്ന് വിട്ടുനില്ക്കുന്ന ബാഹ്യമായൊരു ഘടകം പോലെയാണ്‌. ക്രിയാപദങ്ങളുടെ കാലഭേദങ്ങളിൽ കുരുങ്ങിക്കിടക്കുന്ന ഒന്ന്. എഴുതുന്നതും എഴുതപ്പെട്ടതും തമ്മിൽ, എഴുതപ്പെട്ടതും എഴുതിക്കൊണ്ടിരിക്കുന്നതും തമ്മിൽ; എല്ലാം അറിയുന്നതും ഒന്നിനെക്കുറിച്ചും ഒന്നുമൊന്നും അറിയാത്തതും തമ്മിലുള്ള ആശയക്കുഴപ്പങ്ങളാണത്; പൂർണ്ണമായ അർത്ഥങ്ങളെ അറിഞ്ഞുകൊണ്ട് അവയിലേക്ക് ആഴ്ന്നിറങ്ങി ഒടുവിൽ നിരർത്ഥകതയിലെത്തി നില്ക്കുന്നു. 
 
 
പ്രപഞ്ചത്തിന്‌ നടുവിലൊരു കറുത്ത മറ വന്നു വീഴുന്നൊരു സങ്കല്പം പോലെ. കേവലമായ സാധ്യതകളിൽ നിന്ന് അസ്തിത്വത്തിലേയ്ക്കുള്ള പരിവർത്തനമെന്ന് അരിസ്ട്ടോട്ടിൽ ചിത്രീകരിക്കാറുള്ളൊരു മാറ്റമല്ല ഇത്. ഒരു അവസ്ഥയിൽ നിന്ന് മറ്റൊന്നിലേയ്ക്കുള്ള സഞ്ചാരമെന്നും പറയാനാവില്ല. എന്നാൽ ഉള്ളിൽ വ്യക്തമാകാതെ കിടന്ന പലതിന്റെയും അർത്ഥവത്തായ അവതരണമായതിനെ കണക്കാക്കാം. എത്രയോ നാളുകൾക്ക് മുൻപ് നിങ്ങളുടെ ജീവിതത്തിന്റെ അലസാവസ്ഥകളിൽ എഴുതപ്പെട്ടതാവാം. നിങ്ങൾക്കു പോലുമറിയാത്ത വളരെ സ്വാഭാവികമായ പരിചിന്തനങ്ങളിൽ ഉടലെടുത്ത ഒന്ന്. 
 
അതൊരു കൈമാറ്റമെന്നും പറഞ്ഞുകൂടാ. 
 
ഞാൻ സൂചിപ്പിച്ച ആ സ്വാഭാവികത, ഒരു പക്ഷേ എഴുതപ്പെടും മുൻപേ സ്വയം വായിക്കുവാനുള്ള കഴിവാവാം. അതായത്, മറ്റൊരുവന്‌ അവ്യക്തമായ ഭാഷയിൽ നിങ്ങളുടെ ഉള്ളിൽ എഴുതപ്പെട്ടത്. മറ്റൊരുരീതിയിൽ പറഞ്ഞാൽ അവനവന്റെ എഴുത്ത് മറ്റൊരുവനാൽ വായിച്ച് മനസ്സിലാക്കും മുൻപ് സ്വയം വായിക്കുവാനുള്ള കഴിവ്. ആ പ്രവർത്തി ഒരു തരത്തിലൊരു പിന്നോട്ട് പോക്കാണ്‌. മറ്റൊരുവന്‌ നിങ്ങളുടെ എഴുത്ത് സുവ്യക്തമാകണമെങ്കിൽ സ്വന്തം ഇരിപ്പിടത്തിൽ നിന്നുമിറങ്ങി താഴേക്കു വന്ന് അവന്റെ എഴുത്തു രീതികളോട് അടിയറവു പറഞ്ഞ് കീഴടങ്ങേണ്ടി വരും. 
 
ഈ വസ്തുതയെ ഏതു രീതിയിലും വ്യാഖ്യാനിക്കാം, എന്നാൽ എല്ലാം വന്നെത്തുന്നത് ഒരേ കണ്ടെത്തെലിലാവും. ജീവിതത്തിനും മരണത്തിനുമിടക്കായി നിങ്ങളുടെ മുന്നിൽ വലിയൊരു ഭാരം തൂങ്ങിക്കിടപ്പുണ്ട്. നിങ്ങളെ മാത്രം ആശ്രയിക്കുന്ന ഭാരമുള്ളൊരു പിണ്ഡം. ഇപ്പോൾ നിലനില്ക്കുന്നതും ഇനി ഉണ്ടാകാൻ പോകുന്നതുമായ വസ്തുതകൾ തമ്മിലൊരു ഏറ്റുമുട്ടൽ എന്റെയുള്ളിലെപ്പൊഴും ഉണ്ടാകാറുള്ളതാണ്‌. ഞാൻ മദ്ധ്യഭാഗത്തായി നിന്നുകൊണ്ട് ആ വലിയ ഭാരത്തെ വലിച്ചു താഴ്ത്തി അതിനെ ഉടയ്ക്കുന്നു – അത് പേശികളുടെ കളിയാണ്‌, കൈവിരുതിന്റെ തന്ത്രമാണ്‌. എഴുത്തിൽ പങ്കാളിയാകാത്ത നിങ്ങളിലെ അംശം, ചിന്തകൾക്കു മുകളിൽ പൊങ്ങിക്കിടക്കുന്ന ആ ഓഹരി, അനുക്രമം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആ ഭാഗം കാലക്രമത്തിൽ ഒരു മറവിലേയ്ക്ക് അപ്രത്യക്ഷമാകുന്നു. നിങ്ങളിലെ ആ അംശം ഒരിക്കലും എഴുത്തിന്റേതായ ഘടകത്തിലേയ്ക്ക് ഇറങ്ങിവരില്ല. ഏതു തരത്തിലുള്ള കഠിനശ്രമത്തെയും അത് തടുത്തു നിർത്തും. 
 
എന്നാൽ എഴുത്തുകാരനൊരു വിശ്വാസമുണ്ട്, നിങ്ങൾക്കുള്ളിലെ എഴുത്തിനോട് വഴങ്ങാത്ത ആ അംശം നിദ്രയിലാണെന്നും അതിനാൽ, അത് സ്വയം വഴങ്ങി പൂർണ്ണമായി നിങ്ങളെ അനുസരിച്ചു കൊണ്ട് നിങ്ങളുടെ പുസ്തകത്തിന്റെ ഭാഗമാകുമെന്നും. പക്ഷെ ഈ രണ്ട് തലങ്ങൾക്കിടയിൽ അനേകം ഇടനിലങ്ങളുണ്ട്. പല അളവുകളിലെ ഭാഗധേയങ്ങളായി അവവർത്തിക്കുന്നു. ‘ആനന്ദം’ എന്ന വാക്കു തന്നെചിലപ്പോൾ ഈ സാഹചര്യത്തിന്‌ യോജിച്ചുവെന്നു വരാം. ‘ദി ലവ്വർ‘ എഴുതുമ്പോൾ ഞാൻ എന്തോ കണ്ടെത്തി എന്ന തോന്നലായിരുന്നു. എന്നാൽ അത് എനിക്കു മുന്നേ അവിടെ ഉണ്ടായിരുന്നുവെന്നും ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയതിന്‌ ശേഷവും അതവിടെ അങ്ങിനെ തന്നെ നിലനില്ക്കുന്നുവെന്നും ഞാൻ അറിഞ്ഞിരുന്നു. അത് എന്റേതായിരുന്നു, എനിക്കു വേണ്ടി മാത്രം ഉണ്ടായതായിരുന്നു.
 
ഞാൻ മുൻപ് വിശദീകരിച്ചതു പോലൊരു സംഗതി തന്നെയാണത്. ‘ദി ലവ്വർ’ ഞാൻ വളരെ അനായേസേന എഴുതിത്തീർത്തു. മദ്യപിച്ചുള്ള എന്റെ വർത്തമാനങ്ങൾ പോലെ ഒഴുക്കുള്ളത്. മദ്യപിക്കുമ്പോഴാണ്‌ നിങ്ങൾ ഏറ്റവും ലളിതവും സുതാര്യവുമാകുന്നത്. അങ്ങിനെയിരിക്കുമ്പോഴാവും അപ്രതീക്ഷിതമായൊരു പ്രതിരോധം അനുഭവപ്പെടുക. അത് സംഭവിക്കുമ്പോൾ നിങ്ങളൊരു ആമത്തോടിനുള്ളിൽ അകപ്പെട്ടുവെന്ന് തോന്നാം. നിങ്ങളിൽ നിന്ന്  ഒന്നും നിങ്ങളിലേയ്ക്കോ, മറ്റുള്ളവരിലേക്കോ പ്രവഹിക്കാത്തൊരവസ്ഥ. 
 
എങ്ങിനെയാണ്‌ ഞാനത് വിവരിക്കുക! ഏതുവിധമാണ്‌ ഞാനത് നിങ്ങൾക്ക് പറഞ്ഞുതരുക! എഴുത്തിനോടുള്ള ദുരന്തപൂർണ്ണമായൊരു നിഷേധം അനുഭവപ്പെടുന്ന നേരം, എഴുത്ത് അസാധ്യമെന്ന് തോന്നുന്ന നിമിഷം. അല്പനേരത്തിന്‌ ശേഷം ചിലപ്പോൾ പത്തോ പതിനഞ്ചോ മിനിട്ടുകൾക്ക് ശേ ഷം, കുറച്ചുവാക്കുകൾ ഞാൻ ചേർത്തുവയ്ക്കുമ്പോൾ ചിലവരികൾ എവിടെ നിന്നോ ഉദിച്ചു പൊങ്ങുന്നതു കാണാം.
 
എഴുത്തെന്നാൽ വെറുതെ കഥകൾ പറയുവാനുള്ളതല്ല. അതിന്‌ നേരെ വിപരീതമായ ഒന്നാണ്‌. എല്ലാം ഒറ്റയടിയ്ക്ക് പറയുക എന്നുള്ളതാണ്‌ എഴുത്തിന്റെ തത്വം. അത് ഒരേ സമയം കഥയുടെ അഖ്യാനവും അതിന്റെ അഭാവവും ആണ്‌. ഒരു കഥയുടെ അസാന്നിധ്യത്തിൽ ആ കഥ പറയുക എന്നതാണതിന്റെ ആശയം. എസ്താലാ എന്ന പട്ടണത്തിലെ നൃത്തതിനാൽ ലോൽ വിസ്റ്റീൻ എന്ന കഥാപാത്രം നശിപ്പിക്കപ്പെട്ടു. എസ്താലയിലെ നൃത്തത്താൽ ലോൽ വിസ്റ്റീൻ സൃഷ്ടിക്കപ്പെടുകയുമാണ്‌.
 
‘ദി റാവിഷിംഗ്ഓഫ്ലോൽ സ്റ്റീൻ’ വളരെ വ്യത്യസ്ഥമായൊരു പുസ്തകമാണ്‌. ആ പുസ്തകം ലോൽ വിസ്റ്റീനിന്റെ ഭ്രാന്തുകൾ തിരിച്ചറിഞ്ഞ വായനക്കാരെയും (എഴുത്തുകാരെയും) അത്  തിരിച്ചറിയാത്തവരുമായി വേർതിരിക്കുവാൻ സഹായിച്ചു. ആ പുസ്തകത്തെക്കുറിച്ച് ഞാൻ മുൻപ് പലവട്ടം പറഞ്ഞതും എന്നാൽ ഇപ്പൊഴും പറഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങൾ തമ്മിലൊരു തരംതിരിവ്‌ നടത്തുവാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. 
 
ഞാൻ മുൻപ്പറഞ്ഞുവെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ്‌ : എസ്താലയിലെ നൃത്തവേളയിൽ തന്റെ പ്രതിശ്രുത വരന്റെയും കറുത്ത വസ്ത്രധാരിയായ അപരിചിതന്റെയും സാന്നിധ്യത്താൽ, ലോൽ വിസ്റ്റീൻ, അവളുടെ ദു:ഖങ്ങളെല്ലാം മറക്കുകയുണ്ടായി. ചതിക്കപ്പെട്ടതിന്റെ വേദനയെല്ലാം അവൾ മറന്നു. ദു:ഖത്തെ ആ വിധം അടിച്ചമർത്തിയതിനാൽ അവൾ പിന്നീട് ഒരു ഭ്രാന്തിയായി മാറുകയായിരുന്നു. മറ്റൊരുരീതിയിൽ പറഞ്ഞാൽ തന്റെ വരൻ മറ്റൊരു സ്ത്രീയാൽ ആകർഷിക്കപ്പെട്ടുവെന്ന് അവൾ മനസ്സിലാക്കുകയും മനസ്സ് അനുവദിച്ചില്ലെങ്കിൽ പോലും ആ സത്യത്തോട് അവൾ പൂർണ്ണമായിയോജിച്ചു പോവുകയും ചെയ്തു. ആ തിരിച്ചറിവ് കാരണമാണ്‌ അവൾക്ക് അവളെത്തന്നെ നഷ്ടമാകുന്നത്. 
 
അതൊരുതരം വിസ്മൃതിയാണ്‌. വെള്ളം മഞ്ഞു കട്ടയാകുന്നതു പോലൊരു പ്രക്രിയ. വെള്ളം സാധാരണ ഐസാകുന്നത് പൂജ്യം ഡിഗ്രി താപ നിലയിലാണ്‌. എന്നാൽ ചിലപ്പോൾ കാലാവസ്ഥ ശീതളമായിരിക്കുകയും അന്തരീക്ഷവായു നിശ്ചലമാവുകയും ചെയ്യുകയാണെങ്കിൽ വെള്ളം കട്ടിയാകാൻ മറന്നുപോയെന്നു വരാം. താപനില മൈനസ് അഞ്ച്ഡി ഗ്രിയോളം താഴ്ന്നു വരേണ്ടിവരും മഞ്ഞുകട്ടകളുണ്ടാകുവാൻ.
ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ലാത്തൊരു കാര്യമാണിത്. എന്റെ പുസ്തകങ്ങളിലെ സ്ത്രീകളെല്ലാം ലോൽ വിസ്റ്റീനിന്റെ വകഭേദങ്ങളാണ്‌. സ്വയം മറക്കുകയെന്ന പ്രക്രിയയിൽ നിന്ന് ഉരുത്തിരിച്ചെടുത്ത കഥാപാത്രങ്ങൾ. അവരെല്ലാം ലോകത്തെ വളരെ സുതാര്യവും സ്പഷ്ടവുമായി കാണുന്ന സ്ത്രീകളാണ്‌. പക്ഷെ അവർ അവിവേകികളും ദുർവ്യയം ചെയ്യുന്ന വരുമായിരുന്നു. സ്വന്തം ജീവിതം സ്വയം നശിപ്പിച്ചവർ. അവർ ഭീരുക്കളായിരുന്നു. നിരത്തുകളെയും പൊതുസ്ഥലങ്ങളെയും അവർ ഭയന്നു. സന്തോഷമുള്ളൊരവസ്ഥ അവർ പ്രതീക്ഷിക്കുന്നതേയില്ല. 
 
എന്റെ പുസ്തകങ്ങളിലെയും സിനിമകളിലെയും സ്ത്രീകളെല്ലാം ഒരുപോലെയായിരുന്നു, ആ വലിയ നിര ആകമാനം എന്നു തന്നെ, ‘ദിവുമൺ ഫ്രംദിഗാംഗസ്’ മുതൽ ലോൽ വിസ്റ്റീനിന്റെ അവസാന പതിപ്പുവരെ. ആ തിരക്കഥ എന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. അങ്ങിനെയൊരു തിരക്കഥയ്ക്കുള്ള ആശയം എനിക്കെവിടെ നിന്നാണ്‌ കിട്ടിയത്? ഞാൻ മറന്നുവല്ലോ. 
 
മദ്യത്തെ അകറ്റുവാനുള്ള ചികിത്സകൾക്കു ശേഷം എനിക്കുണ്ടാകാറുള്ള മതിഭ്രമം ആയിരുന്നു അത്.
ഒരു പട്ടണത്തിലാണത് സംഭവിക്കുന്നത്. കാസിനോ ദീപാലംകൃതമായിരുന്നു. എന്നും അവതരിപ്പിക്കാറുള്ള നൃത്തം തന്നെ അന്നും അവതരിപ്പിച്ചു, 20 വർഷങ്ങളൊളമായിക്കാണുമത് കളിക്കുവാൻ തുടങ്ങിയിട്ടെന്ന് തോന്നിപ്പോകും. അതെ, അത് ശരിയാണ്‌, എസ്താലായിലെ നൃത്തത്തിന്റെ തനിയാവർത്തനം തന്നെയാണത്. അല്പം കൂടി നാടകീയമാണെന്നു മാത്രം. 
 
ലോൽ വിസ്റ്റീനിനെ കുറിച്ച് നിങ്ങൾക്കിനി ഒന്നും അറിയുവാനില്ല. അവൾ മരിക്കുകയാണ്‌. അവൾ ഇപ്പോളെന്നെ വേട്ടയാടാറില്ല. അവളെന്നെ വെറുതെ വിട്ടു. ഞാൻ അവളെ കൊന്നു. എന്റെ വഴിയിൽ വിലങ്ങായി കടന്നുവരാതിരിക്കുവാൻ ഞാൻ അവളെ കൊന്നു. എന്റെ വീടിനു മുന്നിലും പുസ്തകങ്ങൾക്കിടയിലും ഋതുക്കളെ അവഗണിച്ച് ബീച്ചിൽ കിടന്നുറങ്ങിയും കാറ്റിലും തണുപ്പിലും അവൾ കാത്തിരുന്നു. അവസാനമായി ഞാൻ അവളെയൊന്ന് തിരിഞ്ഞു നോക്കുമെന്ന പ്രതീക്ഷയിൽ അവൾ കാത്തിരുന്നു. അവളുടെ ഭ്രാന്ത് പ്രശസ്തമായിരുന്നു; അവൾ വൃദ്ധയായിരുന്നു. അവളെ കാസിനോയിൽ നിന്ന് കസേരയിലാണെടുത്തു കൊണ്ട് പോയിരുന്നത്. ആ കസേര ഒരു ശവപ്പെട്ടിപോലെയാണ്‌ ചുമട്ടുകാർ തോളിൽ ചുമന്നിരുന്നത്. അവർക്ക് നല്ല ഭാരമുണ്ട്. ചുറ്റും എന്താണ്‌ സംഭവിക്കുന്നതെന്ന് അവർക്ക് യാതൊരു ഗ്രാഹ്യവും ഉണ്ടായിരുന്നില്ല. പട്ടണവും അവിടത്തെ മനുഷ്യരെയും നോക്കി അവർ വെറുതെയിരുന്നു. അവൾ മുടി കറുപ്പിച്ചിട്ടുണ്ടായിരുന്നു. ഒരു അഭിസാരികയെപ്പോലെ നിറം പൂശിയിരുന്നു. തീർത്തും തകർന്നവളായിരുന്നു അവർ. അല്ലെങ്കിൽ വീണ്ടും ജനിച്ചവൾ എന്നു പറയാം.
 
ഞാനെഴുതിയ ഏറ്റവും മനോഹരമായ വരിയായി മാറി അവൾ : ‘അതാ എസ്താലാ, ഒരു നദിയോളം ദൂരെ, നദിക്കപ്പുറവും എസ്താലാ തന്നെ.’ താല എന്ന വാക്കാണ്‌ ബ്ലാക്ക്റോക്ക്സ് ഹോട്ടലിന്റെ മട്ടുപ്പാവിൽ നിന്ന് നീലകണ്ണുകളും കറുത്ത മുടിയുമുള്ള ആ അപരിചിതനായ ചെറുപ്പക്കാരൻ ഉറക്കെ വിളിച്ചു കൂവിയത്. 
കുറച്ചു ദിവസങ്ങൾക്കു മുൻപ് റിയോഡി ജനേറോയിൽ നിന്നു വന്നൊരു സുഹൃത്ത് എന്നോട് പറഞ്ഞു : ‘നീ എന്നെ വിശ്വസിക്കുമോ? ഞാനവിടെ ആദ്യം കണ്ട കാഴ്ച്ച എന്താണെന്നോ? ലോൽ വിസ്റ്റീൻ എന്ന നമ്മുടെ ആ വിസ്മയിപ്പിക്കുന്ന പുസ്തകം വിമാനത്താവളത്തിലെ പുസ്തകക്കടയുടെ ജനാലകളിലെല്ലാം പ്രദർശിപ്പിച്ചിരിക്കുന്നു.’
 
ലോൽ വിസ്റ്റീൻ !
ഭ്രാന്തി !
 
എസ്താലയിലെ നൃത്തത്തിൽ നിശ്ചലയായവൾ. അവളവിടെ നിന്ന് പോയി. അവൾക്ക് ചുറ്റും വൃത്തങ്ങളായി നൃത്തച്ചുവടുകൾ വളർന്നു കൊണ്ടിരുന്നു. ആ നൃത്തത്തിന്റെ ശബ്ദവീചികൾ ഒരുപാട്ദൂരെ അങ്ങ്ന്യൂയോർക്ക് നഗരം വരെ എത്തി. എന്റെ എല്ലാ പുസ്തകങ്ങളിലെയും കഥാപാത്രങ്ങളെ ചേർത്തൊരു പട്ടികയുണ്ടാക്കിയാൽ അതിൽ ലോൽ വിസ്റ്റീനിന്റെ പേരാവും ഞാൻ ആദ്യമെഴുതുക. അവളാണ്‌ ഏറ്റവും നന്നായി ‘വില്ക്കപ്പെട്ടവൾ’ എന്നത് ഒരു തമാശയായി എനിക്ക് തോന്നുന്നു. അവൾ എന്റെ കുഞ്ഞു ഭ്രാന്തിപ്പെണ്ണ്‌.
ആദ്യ നോവലായ ഹെർബേറിയം 2016 ലെ ഡി സി സാഹിത്യ പുരസ്ക്കാരം നേടി. പെൺകുരിശ് എന്ന പേരിൽ കഥ സമാഹാരം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ലേഖനങ്ങളും ചലച്ചിത്ര പഠനങ്ങളും എഴുതുന്നു. കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് പ്ലാന്റ് പാത്തോളജിയിൽ ബിരുദാനന്തര ബിരുദം നേടി. കൃഷി ഓഫീസറായിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം ദുബായിൽ.