ഉഷസിലുന്മേഷം കോരിച്ചൊരിഞ്ഞു നീ
എൻപടിവാതിലിൽ മുട്ടിയെന്നോ?
നിദ്രാവിഹീനനായാരാത്രിയെൻ ചിത്ത –
മേറെ വിഷാദാർദ്ര മായിരുന്നു.
ഞാനറിഞ്ഞില്ല പദസ്വനമൊട്ടുമേ
പൂമുഖ വാതിൽ തുറന്നുവയ്ക്കാൻ!
എത്രനേരം കാത്തുനിന്നു നീ മത്സഖീ
കണ്ണുനീർ തൂകി തിരിച്ചു പോയോ?
പൂർവ്വദിക്കിൽ ഗിരിശ്രുംഗവിടവിലൂ –
ടെന്നെത്തലോടാനൊളിച്ചുവന്നോ?
ജാലകവാതിൽപ്പഴുതിലൂടെത്തി നീ –
യെൻമിഴിനീരു തുടച്ചിടുന്നോ?
എന്തിനു നീവന്നു തൊട്ടു തലോടുന്നു
മുഖമൊന്നുയർത്താനാവാതില്ല
മോഹനസ്വപ്നം കൊഴിഞ്ഞുപോയി കൊച്ചു
മോഹങ്ങളെന്നെയും വിട്ടുപോയി.
കെട്ടകാലം വന്നണഞ്ഞെന്റെ ജീവിത
പുസ്തകത്താളോ പറന്നുപോയി
ഇല്ലെനിക്കാവില്ല നിന്നരികത്തിരു-
ന്നൊരുവേള പോലും സല്ലപിക്കാൻ
സിംഹാസനം പോയ ചക്രവർത്തി ഞാനോ
പൂനിലാവില്ലാത്ത പൂർണ്ണചന്ദ്രൻ
കിരണങ്ങളില്ലാത്ത സൂര്യബിംബം ഞാൻ
തേൻ മണമില്ലാത്ത സൂനമല്ലേ?
പൊൻതിരിവെട്ടമേ എന്തിനാണെന്നുമെൻ
സങ്കടം കാണുവാനെത്തിടുന്നു
ഒന്നു വിതുമ്പട്ടെയേറെ പ്രിയങ്കരി
യാകൂമിരുട്ടിനെ കൊണ്ടു തരൂ..