ഇമോജികൾ പറയുന്നത്

ആർക്കൊക്കെയോ വേണ്ടി
മൊബൈലുകളുടെ
ഇടനാഴികളിൽ ഉപേക്ഷിക്കപ്പെടുന്നവർ…
ഇമോജികൾ..

മനുഷ്യവികാരങ്ങളുടെ  
അമിതഭാരങ്ങൾ തലയിലേറ്റി
നിഷ്കളങ്കരായി വീണുടയുന്ന
പരാതികളില്ലാത്ത പാവങ്ങൾ..

ബന്ധങ്ങൾ വിളക്കാനും ഇളക്കാനും
പ്രണയത്തിന്റെ പുഷ്പങ്ങളിൽ
വർണ്ണങ്ങൾ ചാർത്താനും
ഇമോജികൾ വിസർജ്ജിക്കപ്പെടുന്നു.

മൗനത്തിന്റെ ഭാഷയിൽ
അവ പലതും പറയുന്നുണ്ട്..

മനുഷ്യന്റെ താപവും രോഷവും
പ്രണയവും സങ്കടങ്ങളുമെല്ലാം
താങ്ങി
സൈബറിടങ്ങളിൽ..
ഒരു വീഴലാണ്.

തിരസ്‌ക്കരിക്കപ്പെടുന്ന ഇമോജികൾക്കും
ഒരുപാട്  കഥകൾ പറയാനുണ്ടാവും.

ദുഖത്തിന്റെ, അവഗണനയുടെ
എരിച്ചിലുകൾ തൂങ്ങുന്ന കഥകൾ.

കണ്ണൂർ ജില്ലയിലെ പുറവൂരിൽ ജനനം. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തു വർഷത്തോളം ദുബായിൽ പ്രവാസജീവിതം നയിച്ചു. ഇപ്പോൾ കാഞ്ഞിരോടിൽ താമസം. പ്രസിദ്ധീകരിച്ച കൃതികൾ, മഴ പെയ്ത വഴികളിൽ (കഥാ സമാഹാരം) മഞ്ഞ് പെയ്യും താഴ്വരകളിലൂടെ (യാത്രാവിവരണം)