ഇന്നലെകളോട്

ഭൂതകാലത്തിലേക്ക്
പടിയിറങ്ങുമ്പോൾ
സ്മരണയുടെ
ശവക്കല്ലറകൾ കാണുമായിരിക്കും .

രാഘവേട്ടന്റെ കടയിലെ
ചില്ലുഭരണികളിൽ നിറച്ച
പാല്ലൊട്ടികളിന്ന്
മുഖം തിരിഞ്ഞോടുന്ന
ബാല്യത്തെ നോക്കി
തളർന്ന് ;
അവശരായി കിടക്കുന്നുണ്ടായിരിക്കും.

കല്ലേറുകൾ ഏറ്റുവാങ്ങാൻ
കൊതിച്ച്, തൊടിയിൽ
മൂവാണ്ടൻ മാവിപ്പോഴും
പൂവിട്ട് നിൽപ്പുണ്ടായിരിക്കും.

ഭ്രഷ്ട് കല്പിച്ച്‌
മാറ്റിനിർത്തപ്പെട്ട
കമ്മ്യൂണിസ്റ്റ് പച്ചകൾ
കാത്തിരിപ്പ് തുടർന്നുകൊണ്ടേയിരിക്കും .

കാൽപെരുമാറ്റം കിട്ടാതെ
ആറ്റുപറമ്പിൽ
മുട്ടിപ്പുല്ല് വളർന്നുതുടങ്ങിയിരിക്കണം.

ചങ്ങമ്പുഴക്കവിതകൾ
ആശാന്റെ വീണപൂവിനൊപ്പം
ദ്രവിച്ചു തുടങ്ങിയിരിക്കും.

ശ്വാസം മുട്ടികിടന്ന
അക്ഷരങ്ങൾ
തപാൽപെട്ടികളെ നോക്കി
കൊഞ്ഞനം കുത്തുന്നുണ്ടായിരിക്കും.

ഹെർക്കുലസ് സൈക്കിൾ
ചവിട്ടാനാള്ളില്ലാതെ
തുരുമ്പെടുത്ത് പോയിരിക്കും.

ഒടുക്കം;
വീട്ടിലേക്കു ചെല്ലുമ്പോൾ
സെൽഫോണ്
പബ്‌ജിക്കായി
ഫുൾചാർജ് ചെയ്യപ്പെട്ടിരിക്കും !

തൃശൂർ വിലങ്ങൻ സ്വദേശി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവും. നവ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും കവിതകൾ എഴുതുന്നു.