ഇന്നത്തെ ദിവസം

ഞാൻ
മറവിയുടെ സുഷിരത്തിൽ കൂടി നൂഴാൻ
എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും
ഞാൻ തന്നെ മറവിയാണെന്ന് ധരിച്ച് ചടഞ്ഞിരിക്കും.

ആളുകൾ കൂട്ടംകൂട്ടമായി വന്ന്
ഓർമ്മയിലേക്കെന്നെ തള്ളിയിടുന്നു

എൻ്റെ പേര് മറക്കാൻ ശ്രമിക്കുമ്പോൾ
അവർ പേര് വാലുൾപ്പെടെ വിളിക്കുന്നു

നാടിനെ മായിക്കുമ്പോൾ
കടുത്ത മഷിയിൽ എൻ്റെ കൈവെള്ളയിൽ
അവരെഴുതി വെയ്ക്കുന്നു

വീട്ടിൽ നിന്നും പുറപ്പെട്ടുപോയിട്ടും
അവിടേക്കുതന്നെ എന്നെ കെട്ടിവലിക്കുന്നു.

ഞാൻ അവരുടെ ഞാനാവുന്ന നാൾ
അവർ സ്വപ്നം കാണുന്നു

ഞാൻ എൻ്റെ ഞാനായി
ഈ ദിനം ജീവിക്കാൻ കൊതിക്കുന്നു.

കവി. കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരൻ. ദലമർമ്മരങ്ങൾ എന്ന കവിതാ സമാഹാരത്തിലേക്ക് ആറ് കവിതകൾ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇരിപ്പിടമില്ലാത്ത കവിതകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.