മലയാളത്തിലെ പഴയ പുസ്തകങ്ങള്‍ വായിക്കാന്‍ ഒന്നുകൂടി തോന്നിപ്പിക്കുന്നത് അവ ഇക്കാലത്തില്‍ ഒരു പുനര്‍വായന അര്‍ഹിക്കുന്നു എന്ന ചിന്തയില്‍ നിന്നല്ല. മറിച്ച് കുട്ടിക്കാലത്തിലെ പാകതയില്ലാത്ത വായനകള്‍ ഇന്ന് ഒന്നുകൂടി വായിച്ചു നോക്കേണ്ടതിന്റെ കൗതുകം കൊണ്ട് മാത്രം. വളരെ വര്‍ഷങ്ങള്‍ക്ക് മുന്പ് പാഠപുസ്തകത്തില്‍ പഠിച്ചു എന്നൊരോര്‍മ്മ മാത്രമാണു ഇന്ദുലേഖ എന്ന നോവലിനെക്കുറിച്ച് പറയാന്‍ ആദ്യം കിട്ടുന്നത്. സൂരി നമ്പൂതിരിപ്പാടിന്റെ ഭോഷത്തരങ്ങള്‍, ഇന്ദുലേഖയും മാധവനും തമ്മിലുള്ള അനുരാഗം. ഇവയുടെ ഇടയിലെ സങ്കടകരമായ ഒരു വേര്‍പാടും പിന്നെയുള്ള ഒന്നിക്കലും. കഴിഞ്ഞു ഇന്ദുലേഖ എന്ന നോവലിനെക്കുറിച്ചുള്ള ഓര്‍മ്മയും ധാരണയും ഇവ മാത്രമാണു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന വിശേഷണം ഇന്ദുലേഖയ്ക്കും ആദ്യ നോവല്‍ എന്ന പദവി കുന്ദലതയ്ക്കും ആണെന്ന് കേട്ടിട്ടുണ്ട്. ചരിത്രങ്ങളില്‍ താത്പര്യമുണ്ടെങ്കിലും സാഹിത്യ ചരിത്രങ്ങള്‍ തിരഞ്ഞു പോകാനോ ഓര്‍മ്മയില്‍ സൂക്ഷിക്കാനോ താത്പര്യം തോന്നാത്തതിനാല്‍ അതിന്റെ ചര്‍ച്ചകളിലേക്കൊ വിശേഷങ്ങളിക്കോ പോകാന്‍ തോന്നുന്നില്ല. എന്റെ താത്പര്യം മനുഷ്യ ചരിത്രവും മറ്റ് സാംസ്കാരിക ചരിത്രവും ഒക്കെയായതിനാല്‍ സാഹിത്യ ചരിത്രങ്ങള്‍ ഓര്‍മ്മയില്‍ ഇല്ല തന്നെ . സത്യത്തില്‍ ഇതുവരെയും ഇന്ദുലേഖയെ സംബന്ധിച്ചുള്ള ഒരു ചര്‍ച്ചയോ വായനയോ ഞാൻ കാണാനോ ശ്രദ്ധിക്കാനോ ശ്രമിച്ചിട്ടില്ല എന്നതിനാല്‍ത്തനെ ഞാന്‍ ഈ പുസ്തകത്തെ വായിച്ചത് എഴുതുമ്പോൾ സാധാരണഗതിയില്‍ വായനക്കാര്‍ക്ക് ഒരു തമാശയോ അതിഭാവുകത്വമോ തോന്നിയേക്കാം എന്നത് ഞാന്‍ കാര്യമാക്കുന്നില്ല . എന്റെ വായന ഇപ്പോഴാണല്ലോ സംഭവിച്ചത് അപ്പോള്‍ എനിക്കു പറയാനുള്ളതും ഇപ്പോഴാണ്. .
ഇന്ദുലേഖയുടെ കഥ ഒരു പക്ഷേ എല്ലാവർക്കും അറിയാവുന്നതുപോലെ മാധവനും ഇന്ദുലേഖയും തമ്മിലുള്ള പ്രണയവും ഇടയില്‍ പഞ്ചുമേനവന്റെ ഉഗ്രശാപം മൂലം സൂരി നമ്പൂതിരിപ്പാട് മംഗലം കഴിക്കാന്‍ വരികയും പരിഹാസ്യനായി മറ്റൊരു പെണ്ണിനെ വേളി കഴിച്ചു രാത്രിക്ക് രാത്രി നാട്ടുകാരെ മുഴുവന്‍ ഇന്ദുലേഖയെ ആണ് താന്‍ വേളി കഴിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ഥലം കാലിയാക്കുന്നതും ഇതറിഞ്ഞ മാധവന്‍ നാട് വിട്ടുപോകുന്നതും ഒടുവില്‍ അയാളെ തിരഞ്ഞു പോയ അച്ഛനും ബന്ധുവും കാര്യങ്ങള്‍ ഒക്കെ വിശദീകരിച്ചു തിരികെ കൊണ്ട് വരികയും അവര്‍ അനന്തരം വിവാഹം ഒക്കെ കഴിച്ചു സന്തോഷമായി ജീവിക്കുന്നതും ആണ്. ഈ കഥയെ അറിയാത്ത മലയാളികള്‍ ചുരുക്കം ആണ്. ഈ കഥ വായിച്ചപ്പോഴോ പഠിച്ചപ്പോഴോ പറഞ്ഞു തരാതെ പോയതും മനസ്സിലാകാതെ പോയതുമായ ചില വസ്തുതകളെ ഇന്നത്തെ പുതിയ വായന നല്‍കിയതിനെക്കുറിച്ച് പറയാന്‍ വേണ്ടി മാത്രമാണു ഈ കുറിപ്പു തയ്യാറാക്കിയത് . അല്ലെങ്കില്‍ വായിച്ച പുസ്തകങ്ങളെ അടയാളപ്പെടുത്തുന്നതിനിടയില്‍ ഇന്ദുലേഖയെ ഇനിയും വായിച്ചു എന്നു പറയണമോ എന്നൊരു തോന്നലില്‍ അടുത്ത വായനയിലേക്ക് പോകുകയായിരുന്നു ചെയ്യുക .
എന്താണ് പുതിയ കാലത്തില്‍ , ഒരു പഴയ വായന തന്ന പുതിയ അറിവുകള്‍ എന്നു പറയാതെ ഈ കുറിപ്പു അവസാനിപ്പിക്കുക സാധ്യമല്ല . ആയിരത്തി എണ്ണൂറിന്റെ അവസാന കാലത്ത് എഴുതിയ ഈ പുസ്തകത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ സ്വാധീനവും ചിന്തകളും വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട് . വിദ്യയുടെ ഗുണം എന്തെന്ന വിഷയത്തെ വളരെ നല്ല രീതിയില്‍ത്തന്നെ ഈ നോവല്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഉദ്യോഗമുള്ള പിതാവിന്റെ ധീരമായ നിലപാടാണ് ഇന്ദുലേഖ എന്ന പെൺകുട്ടിക്ക് വിദ്യാഭ്യാസം ലഭിച്ചതു അതും സാധാരണ അക്കാലത്ത് നിലവിലുള്ള മലയാളവും സംസ്കൃതവും മാത്രമല്ല ആംഗലേയവും പഠിക്കാന്‍ കഴിഞ്ഞത് . ആ വിദ്യാഭാസത്തിൻ്റെ മേന്മ ഇന്ദുലേഖ എന്ന നായര്‍ പെൺകുട്ടിയുടെ വാക്കുകളിലും പ്രവര്‍ത്തിയിലും വളരെ നന്നായ് പ്രതിഫലിക്കുന്നുമുണ്ട്. നായർ സ്ത്രീയുടെ ഇഷ്ട ദാമ്പത്യം എന്ന ആക്ഷേപത്തെ ഇന്ദുലേഖയില്‍ പുരോഗമന ചിന്ത ഖണ്ഡിക്കുന്നത് കാണാം . മാധവന്‍, നായര്‍ സ്ത്രീകള്‍ പാമ്പ് പടം പൊഴിക്കുമ്പോലെ പുരുഷന്മാരേ തിരഞ്ഞെടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന വിഷയം അവതരിപ്പിക്കുമ്പോള്‍ ഇന്ദുലേഖ പ്രതിരോധിക്കുന്നത് എല്ലാവരും അങ്ങനെ എന്നു കരുതരുത്. ചിലര്‍ അത് അനുവര്‍ത്തിക്കുന്നു എന്നതുകൊണ്ടു മുഴുവന് നായര്‍ സ്ത്രീകളെയും അതേ അച്ചു കൊണ്ട് അളക്കരുത് എന്നായിരുന്നു. അതുപോലെ സൂരി നമ്പൂതിരിപ്പാട് ഇന്ദുലേഖയെ കാണാന്‍ വരുമ്പോള്‍ അവള്‍ അയാളോട് സംസാരിക്കുമ്പോള്‍ “ഞാന്‍” എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട് . നമ്പൂതിരിയില്‍ ആ വാക്ക് നല്‍കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ് . ‘പഠിച്ചതിന്റെ അഹങ്കാരം’ എന്നാണ് അയാള്‍ അതിനെ പിന്നീട് പ്രതികരിക്കുന്നത് പോലും. നായര്‍ തറവാട് എന്നാല്‍ ആഭിജാത്യത്തിന്റെ ഒരിടം ആണെന്ന ധാരണ വളര്‍ത്താനും അന്നത്തെ സമൂഹത്തില്‍ നമ്പൂതിരി സമുദായത്തിനെക്കാള്‍ ഉയരത്തില്‍ പ്രതാപം കാണിക്കാനും കഴിയുന്ന വീടുകള്‍ ഉണ്ടെന്നും ഇന്ദുലേഖയില്‍ കാണുന്നു. സംബന്ധം നമ്പൂതിരിയോട് ആകുന്നത് അഭിമാനവും മറ്റുമായി കാണുന്ന കാഴ്ചപ്പാട് മാറിയിട്ടില്ല എങ്കിലും പദവിയില്‍ അവര്‍ക്കും മുകളില്‍ നിന്നുകൊണ്ടു രാജാക്കന്മാരുടെ ഒരു തലയെടുപ്പാണ് പഞ്ചുമേനവന് ചന്തുമേനോൻ നല്‍കുന്നത്. ബ്രാഹ്മണർക്ക് സമൂഹത്തില്‍ ഒരു തരത്തില്‍ പറയുകയാണെങ്കില്‍ അഭയാര്‍ത്ഥികളുടെ സ്ഥാനം ആണ് ഈ നോവലില്‍ കാണാന്‍ കഴിയുക. ഊട്ടുപുരകളില്‍ നിന്നും കിട്ടുന്ന ഭക്ഷണവും കഴിച്ചു നായര്‍ വീടുകളില്‍ സംബന്ധം നടത്തി അവിടത്തന്നെ അടിമകളെ പോലെ കഴിയുന്ന മനുഷ്യരെ ആണ് ഈ നോവലില്‍ കാണാന്‍ കഴിയുക. ഇത് ചരിത്ര രചനകളില്‍ നിന്നും വേറിട്ട കാഴ്ചയും ചര്‍ച്ചയും ആകുന്നതായി അനുഭവപ്പെടുന്നു . വിദ്യാഭ്യാസമില്ലായ്മയുടെ ദോഷഫലങ്ങള്‍ നമ്പൂതിരി സമുദായം അനുഭവിക്കുന്ന പല സന്ദര്‍ഭങ്ങളും ഇതില്‍ കാണാന്‍ കഴിയും. ഭൂമി വ്യവഹാരങ്ങളിലും കോടതി വ്യവഹാരങ്ങളിലും ഒക്കെ ഇത് പ്രതിഫലിക്കുന്നതും മറ്റും എങ്ങനെയാണ് ധനികരായ പലരും പിന്നീട് പിച്ച എടുക്കുന്ന തലത്തിലേക്ക് വീണുപോയതെന്നതിന് മറുപടിയായി കാണാന്‍ കഴിയും .
വിദ്യാഭ്യാസം കിട്ടിയതു കൊണ്ട് തുറന്ന ലോക വീക്ഷണവും ജീവിത നിലവാരവും കിട്ടിയ മനുഷ്യരെ ഈ നോവലില്‍ കാണാന്‍ കഴിയുന്നു. ബ്രിട്ടീഷുകാര്‍ നല്കിയ പല ചിന്തകളും രീതികളും പിന്തുടരുകയും ആതിനെ ശരിയെന്ന് ധരിക്കുകയും ചെയ്യുന്ന ഒരു പരിഷ്കാരം ആണ് വിദ്യാഭ്യാസം കൊണ്ട് അവര്‍ പിന്തുടരാന്‍ ശ്രമിക്കുന്നത് . വസ്ത്രധാരണം, ലോക കാര്യങ്ങള്‍ നോക്കിക്കാണുന്നതിലെ വ്യത്യസ്ഥത തുടങ്ങിയവ ഇതാണ് നമുക്ക് പറഞ്ഞു തരുന്നത് . കേരളം വിട്ടു കഴിഞ്ഞാല്‍ പിന്നെ നല്ല പരിഷ്കാരം ഉള്ള മനുഷ്യരായ മലയാളനാട്ടുകാര്‍ അഥവാ മദ്രാസികള്‍, രാജാക്കന്മാര്‍ ആണെന്ന ഉത്തരേന്ത്യന്‍ കാഴ്ചപ്പാടും മലയാളി നായര്‍ എന്ന വിലാസം നല്‍കുന്ന ജാത്യാഭിമാന കാഴ്ചയും കാണുമ്പോൾ എണ്‍പതുകളിലും മറ്റും ബോംബെ നഗരത്തില്‍ നായര്‍ എന്നു പറഞ്ഞാല്‍ കേരളത്തിലെ ഉയർന്ന ജാതിയാണെന്ന ചിന്തയും സ്ഥാനവും കണ്ടിട്ടു ബഷീര്‍ നായരും മത്തായി നായരും ഒക്കെ ഉണ്ടായിരുന്നെന്ന കഥകള്‍ കേട്ട മറുനാടന്‍ ജീവിതം ഓര്‍ത്തുപോകുന്നുണ്ട്. കല്‍ക്കട്ടയിലെ ധനികന്‍ എന്നത് കേരളത്തിലെ ധനികന്റെ പത്തു മടങ്ങ് വലിപ്പമുള്ളതാണ് സമ്പത്തിൽ എന്നു ചന്തുമേനോൻ പറയുന്നുണ്ട് . ഉത്തരേന്ത്യയില്‍ അന്നത്തെ വികസനം കൂടുതലും ബോംബയിലും കല്‍ക്കട്ടയിലും ആയിരുന്നു എന്നു ഈ നോവല്‍ പറയുന്നുണ്ട് .
ഒരു പ്രണയ കഥയ്ക്കപ്പുറം ഈ നോവലില്‍ എടുത്തു പറയാന്‍ കഴിഞ്ഞ ഒരു വിഷയം കഥയുടെ അവസാനം എത്തുമ്പോഴേക്കും വിഷയം പെട്ടെന്നു മാറുന്നതും ഒരു വലിയ അധ്യായം മുഴുവനും മാധവനും അച്ഛനും ബന്ധുവും ഒന്നിച്ചുള്ള സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെ സുദീര്‍ഘ ചര്‍ച്ചയിലേക്ക് പോകുന്നതുമായ കാഴ്ചയാണ് . പഠനം കിട്ടിയാല്‍ അതും ആംഗലേയ വിദ്യാഭ്യാസം കിട്ടിയാല്‍ പിന്നെ ആ വ്യക്തി ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംസ്കാരത്തെയും ഉപേക്ഷിക്കുകയും നിരീശ്വര മതത്തിലേക്ക് ചെന്നു ചേരുകയും ചെയ്യുമെന്ന മാധവന്റെ അച്ഛന്റെ കാഴ്ചപ്പാടിനെ ആഗ്നോയിസ്റ്റ് ആയ മാധവനും എതീസ്റ്റ് ആയ ബന്ധുവും ചേര്‍ന്ന് ഖണ്ഡിക്കുന്നതും ചര്‍ച്ചകള്‍ സംഭവിക്കുന്നതും കാണുന്നത് ഈ നോവലിന്റെ ഒരു വലിയ സംഭാവനയായി കരുതുന്നു . പതിനെട്ടാം നൂറ്റാണ്ടില്‍ നിലവിലിരുന്ന പരിണാമ ചിന്തയും ഡാര്‍വിന്‍ ചിന്തയും അതുപോലെ ബ്രിട്ടീഷ് ഭരണം മൂലം ലഭ്യമായ ആംഗലേയ വിദ്യാഭ്യാസവും അതുമൂലം വായിക്കാനും ചിന്തിക്കാനും പ്രേരകമായ ശാസ്ത്ര പുസ്തകങ്ങളും കണ്ടുപിടിത്തങ്ങളും പരിചയമാകാനും വായിക്കാനും തലമുറ കാട്ടിയ ആവേശവും വലിയ ഒരു നേട്ടമായി കാണാന്‍ കഴിയുന്നു. അതുപോലെ കോൺഗ്രസ്സിൻ്റെ വളർച്ചയും കോട്ടങ്ങളും ഉദ്ദേശലക്ഷ്യങ്ങളും അന്ന് എങ്ങനെ വിമർശിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു എന്നത് ഈ നോവലിൽ പ്രതിപാദിക്കുന്നുണ്ട്. വിദ്യ നേടിയതിനാൽത്തന്നെ ഇംഗ്ലീഷുകാരോട് അമിതമായ ഒരു അടുപ്പം പുതിയ തലമുറക്കുണ്ടാകുന്നതും കാണാൻ കഴിയുന്നു. സ്വാതന്ത്ര്യ സമരത്തിൻ്റെ കാര്യകാരണങ്ങളെ പുനർവായന ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട് ഇത്. പക്ഷേ ഇതൊന്നും ഈ നോവല്‍ പഠിപ്പിച്ച ക്ലാസ്സുകളില്‍ പഠിപ്പിക്കുകയോ അറിയുകയോ ചെയ്യാതെയാണ് ഞാന്‍ എന്ന വിദ്യാര്‍ത്ഥി വളര്‍ന്ന് വന്നതെന്നത് ഒരു വിരോധാഭാസമായി അനുഭവപ്പെടുകയും ചെയ്തു. നാം എന്തു പഠിക്കണം എന്തു പഠിക്കണ്ട എന്നു തീരുമാനിക്കാനുള്ള അദ്ധ്യാപകരുടെ മനസ്ഥിതി ആണ് ഈ ഒരു തോന്നലില്‍ ഇന്നെത്താന്‍ തോന്നിച്ചത് എന്നതിനാല്‍ത്തന്നെ പഴയ പുസ്തകങ്ങള്‍ ഇനിയും വായിക്കേണ്ടതുണ്ട് എന്നൊരു ബോധം ഉരുവാകുകയും ചെയ്യുന്നു . ധര്‍മ്മരാജയും മാർത്താണ്ഡ വര്‍മ്മയും ഇന്നൊരിക്കല്‍ കൂടി വായിച്ചാല്‍ ഒരു പക്ഷേ അന്ന് കാണാതെ പോയ സാംസ്കാരിക രാഷ്ട്രീയ വിനിമയവിഷയങ്ങളെ ഇന്ന് കണ്ടെത്താന്‍ കഴിയും എന്നതില്‍ ഒരു സംശയവും തോന്നുന്നുമില്ല .
ഈ നോവല്‍ വായന, നമ്മുടെ പാഠപുസ്തകങ്ങളെ കുട്ടികളില്‍ എങ്ങനെ വായനയ്ക്ക് പ്രേരകമാക്കാന്‍ ഒരു അദ്ധ്യാപകന് കഴിയണം എന്നു ചിന്തിക്കാനും ആ രീതിയില്‍ അവരെ പരിശീലിപ്പിക്കാനും പ്രയോജനകരമായ രീതിയില്‍ ഒരു ചര്‍ച്ചയുടെ ആവശ്യത്തെ ഉണര്‍ത്തുന്നു . കൂടുതല്‍ വായനകളും ചര്‍ച്ചകളും ഉണ്ടാകട്ടെ.