ഇനിയൊരു നാളെയുണ്ടെങ്കിൽ

പുലർകാലമൊരുസ്വപ്നം വന്നെൻ ഗാഢമാം നിദ്രയിൽ
മന്ത്രിച്ചതിന്നൊരുനാൾ മാത്രം കൂടിയീ ജന്മമെന്ന്.
അടക്കിപ്പിടിച്ചൊരാ ഒടുക്കത്തെ ശ്വാസമോ,
തട്ടിയുണർത്തി ഉറക്കത്തിൽ നിന്നൊരു ഞെട്ടലോടെ.
ചുറ്റിനുമുള്ളതൊരു തീരാത്ത ശൂന്യത,
താൻ തന്നെ തീർത്തൊരു നിശ്ചലലോകവും.
തീരുന്ന സമയത്തിൻ മുന്നറിയിപ്പെന്നപോൽ, 
ഹൃദയസ്പന്ദനത്തോടൊപ്പം നടക്കുന്ന ഘടികാരവും.
 
മതിയാവില്ല സ്വപ്നങ്ങൾക്കിന്നൊരു ദിനമെന്നാലും, 
നിശ്ചയിപ്പതു കാലമല്ലോ ജന്മവും മൃത്യുവും. 
എന്റേതുമാത്രമായ് നിമിഷങ്ങളേയുളളിനിയെങ്കിൽ,
ഒരുജന്മമതിൽ ജീവിച്ചു തീർക്കണമെന്നോർത്തുറച്ചു ഞാൻ.
 
കണ്ണുകളടച്ചു ഞാൻ കൺതോർക്കെ കാണുവാൻ,
കാണാമറയത്തുള്ളൊരെൻ പ്രിയമുഖങ്ങൾ.
മനം നിറഞ്ഞൊഴുകി ജലധാരയായ് പുറത്തേക്ക്, 
ഇത്രകാലം ഞാൻ കല്ലിട്ടുമൂടിയൊരൻ ബലഹീനതകൾ.
 
ഒരുപിടിയന്നവും വേണ്ടിന്നാളീ ദേഹത്തിന്ന്‌, 
ഊട്ടേണ്ടതെന്നാത്മാവിനെ മാത്രം ആവുവോളം. 
കേൾക്കാൻകൊതിക്കുന്ന ശബ്ദങ്ങളോരോന്നും,
കേട്ടുതീർക്കണമിന്നോരോന്നായ് മറന്നു കഴിഞ്ഞതും.
 
പതിവുണ്ട് ഉച്ചയുറക്കമെന്നും ഒരിത്തിരിനേരം, 
പക്ഷെയൊരിത്തിരി പോലും സമയമില്ലിന്നെനിക്ക്.
ഓടിനടന്നു ഞാനെനിക്കേറ്റവും പ്രിയമുള്ള വീടാകെ, 
വിടപറയുവാൻ ഓരോരോ പ്രിയമൂലകളോടും.
 
 
അസ്തമയസൂര്യനും പോയിക്കഴിഞ്ഞപ്പോൾ, 
തണുത്തെൻദേഹവും മനവും കുളിർക്കാറ്റേറ്റപോല.
ഒരുപിടിമണ്ണെൻ കരംകൊണ്ടു വാരി ഞാൻ, 
ഉറങ്ങേണ്ടൊരാ പ്രിയമണ്ണിന്റെ ഗന്ധമേൽക്കാൻ. 
 
ഇരുട്ടിന്റെ വെളിച്ചത്തിൽ നോക്കി കണ്ണാടിയിൽ, 
പരിചിതമാമെൻ മുഖം ഞാൻ ദീർഘനേരം. 
ഇനിയൊരു നാളെ വരുമെനിക്കെങ്കിൽ ഞാൻ, 
ജീവിച്ചിടാമെൻ സ്വപ്നങ്ങളെയെൻ പ്രിയരുമൊത്ത്.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്