ഇനിയും മടങ്ങിവരാത്തവർ

ഒരുവട്ടമേശക്കിരുപുറവും ഞങ്ങൾ നിശ്ശബ്ദരായിരുന്നു…

ഒരു കലാലയകാലത്ത് ഒരുമിച്ച് നടന്നവരെങ്കിലും പരസ്പരം പരിക്കേറ്റവരാണ്. ഞങ്ങൾക്കിടയിലെ നിശ്ശബ്ദതക്ക് ശബ്ദം നൽകാൻ ഒരൊറ്റച്ചായയുടെ കടുപ്പം തേടിവന്നരാണ്.. അതറിഞ്ഞെന്നോണം ഞങ്ങളുടെ ചിന്തകളെ വകഞ്ഞുമാറ്റി സർവ്വീസ് ബോയ് ചോദ്യം ആവർത്തിച്ചു.

“എനിക്കൊരു ചായ മാത്രം മതി, നിനക്കോ…?”

എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു, എങ്കിലും ചായ മതിയെന്ന് ഞാനും പറഞ്ഞു.

“നിനക്കൊരു മാറ്റവുമില്ലല്ലോ…”

“മാറാൻ പറ്റാത്തതാണല്ലോ എൻ്റെ പ്രശ്നം”

“വിവാഹം കഴിക്കാത്തതെന്തേ..?”

“വേണ്ട..!”

കല്ലിനെ പിളർക്കുന്ന അവളുടെ മറുപടിയിൽ ഞാനെൻ്റെ ചോദ്യങ്ങളുടെ നീണ്ട പട്ടിക അവസാനിപ്പിച്ചു. ഇനിയൊരു പരുവപ്പെടലിനും സാധ്യതയില്ലാതെ അവൾ തുന്നിയെടുത്ത ഒരൊറ്റയുടുപ്പിൻ്റെ ആവരണത്തിൽ തട്ടിത്തെറിച്ച് ഞാൻ അവളെത്തന്നെ നോക്കിയിരുന്നു.

കട്ടിയുള്ള കണ്ണടക്കകത്തെ കണ്ണുകളുടെ വിഷാദഭാവം, നടത്തത്തിലെ അമിതവേഗത, നിരന്തരോത്സാഹം,
പ്രണയ സൗഹൃദ സംഭാഷണങ്ങളോടുള്ള നീണ്ട നിശ്ശബ്ദത ഇതൊക്കെയായിരുന്നു അവളുടെ ആകെത്തുക..
ഇതൊരുതരം ധ്യാനാത്മകമായ നിസ്സംഗതയുടെ പുറന്തോട് രൂപപ്പെടലായിരുന്നു. എങ്കിലും തനിയ്ക്ക് മുൻപിലെ അസാധാരണ ജീവിതത്തെ അവൾ നിസ്സാരമായി നേരിടുന്നത് നോക്കി പലപ്പോഴും ഞാൻ ദൂരെ മാറി നിന്നിട്ടുണ്ട്.

ചായയുടെ ചൂട്തട്ടി മങ്ങലേറ്റ ആ കണ്ണടക്കാഴ്ചയുടെ പരിധിയിൽ നിന്ന് അവളെന്നെത്തന്നെ നോക്കി കണ്ണിമയനക്കാതെ ചോദിച്ചു.

“നമുക്കിറങ്ങിയാലോ..? “

“മറ്റൊന്നും പറയാനില്ലേ..?”

” ഇല്ല”

“നിനക്ക് എന്നോട് ഒട്ടും സ്നേഹം തോന്നുന്നില്ലേ ദേവീ… ?”

“സ്നേഹമോ….?” അവൾ ചിരിച്ചു.

ആ മറുചോദ്യത്തിൻ്റെ ഇരുതലമൂർച്ചയിൽ ഞാൻ വേദന കൊണ്ട് പുളഞ്ഞു. ശരിയാണ്,സ്നേഹത്തെക്കുറിച്ച് ഞാനെങ്ങനെ പറയും. എൻ്റെ സാമ്പത്തിക ലാഭത്തിനും സ്റ്റാറ്റസിനും വേണ്ടിയാണ് ഞാനവളെ ഉപേക്ഷിച്ചത്. മറ്റൊരു വിവാഹം കഴിച്ച് മൂന്ന് കുട്ടികളുടെ അച്ഛനായി, ജീവിതേന്മാദങ്ങളുടെ കൈപ്പും മധുരവും മാറിമാറിയറിഞ്ഞു, നീണ്ടു നിവർന്ന വിനോദയാത്രകൾ, സഹപ്രവർത്തകരുടെ ശരീരശാസ്ത്ര ചർച്ചകൾ, അങ്ങനെ നിറഞ്ഞു തുളുമ്പുന്ന ആസ്വാദനത്തിൻ്റെ ഒരു വസന്തവും എന്നെത്തൊടാതെ കടന്നുപോയിട്ടില്ല…!

“നിങ്ങളുടെ വിവാഹ നിശ്ചയ ദിവസം രാത്രി ഞാൻ വീട്ടിൽ വന്നതോർക്കുന്നുണ്ടോ…”

“ഉണ്ട്”

“അന്നെൻ്റെ മുൻപിലെ അടഞ്ഞ വാതിലും പിന്നിലെ ഇരുട്ടും ഇന്നും അങ്ങനെത്തന്നെ നിലനിൽക്കുന്നുണ്ട്, കുറച്ച് കൂടി ഉറച്ച് എനിയ്ക്ക് വേണ്ടി ജീവിക്കണമെന്ന ‘ഒരൊറ്റ’വാക്കിൻ്റെ പൊരുളാണ് ഇന്നും ബാക്കിയാവുന്നത്..!” അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

“നിനക്ക് ഒരു ജീവിതം വേണ്ടേ..”

“ജീവിക്കുന്നുണ്ട് “

“അതല്ല, വിവാഹം..!”

“ഒറ്റക്കട്ടിലിൻ്റെ സംതൃപ്തിയോ, അതോ പല കട്ടിലുകളുടെ ഉന്മാദമോ…?”

വിവാഹാചാരത്തിലെ പൊള്ളത്തരത്തിൻ്റെ ഉപ്പ് നോക്കി അവളെൻ്റെ ജീവിതത്തെ ഒരൊറ്റ വാചകത്തിൽ വരഞ്ഞിട്ടു. ഞാനവളിൽ ഉണ്ടാക്കിയ മുറിവുകളുടെ വടുക്കളിൽ നിന്ന് ചോരകിനിഞ്ഞ് തുടങ്ങിയിരിക്കുന്നു.

അവൾ കുറച്ച് കൂടി മുന്നിലേക്കാഞ്ഞു നടന്നു. ജീവിതം അവൾക്ക് മുൻപിൽ തിരിവുകളും വളവുകളുമില്ലാതെ ഒരൊറ്റവരിപ്പാതയായി നീണ്ട് നിവർന്ന് കിടന്നു. എന്നെ മാത്രം സ്നേഹിച്ച്, സ്നേഹിച്ച് ഒടുവിൽ ഈ ഭൂമിയിൽ ഒരു മനുഷ്യനെയും സ്നേഹിക്കാൻ കഴിയാതെ പോയ അവളെയോർത്ത് എൻ്റെ ഹൃദയം ഇരുപത് വർഷം പിന്നിലേക്ക് മിടിച്ച് തുടങ്ങി…

ഇരുപത് വർഷം മുൻപായിരുന്നു ഞാനും ജീവിച്ചത്, ഒരു തുളസിക്കതിരിൻ്റെ സുഗന്ധത്തോടെ അവളുണ്ടായിരുന്ന കാലത്താണ് ഞാൻ ജീവിതത്തിൻ്റെ മറുകര എത്തിപ്പിടിച്ചത്, പലദിവസങ്ങളിലും ഉണ്ണാതിരുന്ന എനിക്ക് വേണ്ടി ഇല്ലായ്മയുടെ അടുക്കളയിൽ നിന്നും ആരും കാണാതെ മാറ്റി വെച്ച ഒരുപിടിച്ചോറിൽ മാത്രമായിരുന്നു എൻ്റെ വിശപ്പടങ്ങിയത്.

ഉപരിപഠനത്തിലുള്ള എൻ്റെ ആവലാതികൾക്കും അപേക്ഷകൾക്കും അവളായിരുന്നു തീർപ്പ് കൽപ്പിച്ചത്.
ഒടുവിൽ വലിയ പഠിപ്പും പദവിയുമായപ്പോൾ എനിക്കു ചേരുംപടി ചേരാതെ ഞാനവളെ വഴിയിലുപേക്ഷിച്ചു. അവളുടെ നെറ്റിയിൽ നിന്നും ഞാനെന്നെന്നേക്കുമായി തട്ടിത്തെറിപ്പിച്ച സിന്ദൂരത്തിൻ്റെ കടും ചുവപ്പിൽ ഇന്നെൻ്റെ കാഴ്ചകൾ പൊള്ളിയടരുന്നു.

മറ്റുള്ളവരുടെ വൈകാരികതകളെ ചൂഴ്ന്നെടുത്ത്,അവരുടെ സ്നേഹത്തെപ്പാട്ടിലാക്കി ചവിട്ടിക്കയറുന്ന പടികളിലൊന്നിൽ നമുക്ക് കാലിടറുമെന്ന് കാലം സാക്ഷി പറയുന്നു.

സ്നേഹത്തെപ്രതി കൂട്ടുപോരാൻ ഒരൊറ്റ മനുഷ്യൻ പോലുമില്ലാതിരുന്നിട്ടും, ഇനി ഒന്നിലും പരിക്കേൽക്കാതെ, നോവാതെ, ഇനി ഒരു പരുവപ്പെടലിനും സാധ്യതയില്ലാതെ എന്നോ അവളിൽ നിന്നിറങ്ങിപ്പോയ എൻ്റെ വരവും പ്രതീക്ഷിച്ച് തികഞ്ഞ നിസ്സംഗതയോടെ അവൾ നടന്നകന്നു.

നിലമ്പൂരാണ് വീട്. യു.പി.സ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നു