ഇതിഹാസപ്പൂക്കൾ

നിലാവിനെ പ്രണയിച്ചവർ
ഇരുളിനെ ചേർത്തു പിടിച്ചത്
സ്വപ്നങ്ങളെ വരവേൽക്കാൻ വേണ്ടിയാവാം.

ഇതിഹാസത്തിന്റെ പ്രണയ നോവുകൾ
കുഞ്ഞാമിനയുടെ കാച്ചിമുണ്ടിൽ
ചിലങ്കകൾ തുന്നി ചേർത്തു

നൈസാമലിയുടെ ബാങ്ക് വിളികളിൽ
മുങ്ങാംകുഴിയുടെ ജലക്രീഡ

കരിമ്പനകളിൽ കാറ്റ് കള്ള് ചെത്തുന്നു
മിയാൻ ശൈഖിന്റെ കുതിരക്കുളമ്പടി
ചിതലി താഴ്വരയിൽ പൂക്കൾ വിടർത്തി
തളർന്നുറങ്ങുന്ന നക്ഷത്രങ്ങളിൽ
ജനിമൃതി കണ്ണുരുട്ടുന്നു.

തിത്തീബിയും അള്ളാപ്പിച്ചയും ഓർമയിൽ
ഐതിഹ്യത്തിനീരടികൾ പാടുന്നു
പുതുദേശത്തിന്നടരുകൾ പുണ്യപാപങ്ങളെ
പുണരുന്നതേതോ മായിക മാളികയിൽ.

മന്വന്തരങ്ങൾ മന്ത്രവീചികളാൽ
മയിലാട്ടം നടത്തുമ്പോൾ
കരിമ്പനകൾ ചൂളം വിളിക്കുന്നു.
കഞ്ഞിപ്പുരയിൽ കാലുനീട്ടിയിരിക്കുന്ന കാലം
വാർദ്ധക്യമേലാതെ വളരുന്നു,
ചുവരുകളിൽ തൂക്കിയ ചിത്രങ്ങളിൽ ചരിത്രം
ചെമ്പനിനീർ പൂക്കളായ് വിരിയുന്നു.

ചിതലിയുടെ കഥ നെയ്തൊരാൾ
ഇരുളിലും വെളിവിലും
എന്നും സന്ന്യാസമിരിക്കുന്നു

മൊകേരി ഗവ.കോളജിൽ അസി. പ്രഫസറായി ജോലി ചെയ്യുന്നു. നാല് മലയാള പുസ്തകങ്ങളും നാല് 4 ഇംഗ്ലീഷ് ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും വിവർത്തനം, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയവ എഴുതാറുണ്ട്