ഖസാക്കിൻ്റെ ഇതിഹാസം ആദ്യം വായിച്ചത് വർഷങ്ങൾക്ക് മുമ്പാണ്. കഥയെന്നോ ഗദ്യമെന്നോ മനസ്സിലാക്കാൻ പറ്റാതെ മനുഷ്യ ബന്ധങ്ങളുടെ സങ്കീർണതകൾ തിരിച്ചറിയാൻ കഴിയാതെ വായിച്ചു തീർത്ത പുസ്തകം. മന്ദാരത്തിൻ്റെ ഇലകൾ ചേർത്തു തുന്നിയ പുനർജ്ജനിയുടെ കൂട്, നിഗൂഢത കൊണ്ട് കാറ്റു പിടിക്കുന്ന കരിമ്പനക്കൂട്ടം, അപ്പൂക്കിളി, അള്ളാപിച്ച മൊല്ലാക്ക, ദുരൂഹതകൾ മാത്രം ബാക്കി വെച്ച രവി, മൈമൂന ഇങ്ങനെയുള്ള ചില സങ്കേതങ്ങളായിരുന്നു ഓർമ്മയിൽ.
വർഷങ്ങൾക്കിപ്പുറം ചെന്നുപെട്ട വായനക്കൂട്ടങ്ങളിലെ ചില എഴുത്തുകൾ പിന്നെയും കരിമ്പനകൾ സീൽക്കാരമുയർത്തുന്ന ഇതിഹാസത്തിൻ്റെ വഴികളികളിലേക്ക് കൂട്ടി കൊണ്ട് പോയി. കൂമൻകാവിൽ ബസിറങ്ങി ഖസാക്കെന്ന വഴിയമ്പലത്തിലെത്തി, കഥാന്തരം ജന്മാന്തരത്തിൻ്റെ അടുത്ത കൂട് തേടി യാത്ര പോകുന്ന രവി.
കൂമൻകാവിൽ ബസ്സ് ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ചു ഏറ്മാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരും വരായ്കക ളുടെ ഓർമ്മകളിലേവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ട് കണ്ട് ഹൃദിസ്ഥമായിത്തീർന്നതാണ്.
തിരുത്തി എഴുതപ്പെട്ട “വഴിയമ്പലം” വായിച്ചു കേട്ട ആസ്വാദകൻ അഭിപ്രായപ്പെട്ട പോലെ ഒരു സിംഫണി ഓർക്കസ്ട്ര പോലുള്ള ആദ്യ അദ്ധ്യായം. കർമ്മ ബന്ധങ്ങളുടെ ഊരാക്കുടുക്കിൽ പെട്ട് ഖസാക്കിലെ ഏകാധ്യാപക വിദ്യാലയത്തിൽ എത്തുന്ന രവി വ്യക്തമായ നിർവചനകൾ ഒന്നും ഇല്ലാത്ത മനുഷ്യജന്മത്തിൻ്റെ നിസ്സഹായതയുടെ, അനാഥത്വത്തിൻ്റെ, അർത്ഥമില്ലായ്മയുടെ ഒക്കെ പ്രതിനിധി ആണ്. ഒഴിവാക്കാനാവാത്ത കൂടുമാറ്റങ്ങൾക്കിടയിൽ ഖസാക്കെന്ന വഴിയമ്പലത്തിലെത്തുന്ന രവിക്ക് സ്വന്തം ശരീര കാമനകളെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അച്ഛനോട് ചെയ്തു പോയ പാപത്തിൽ നിന്നും രക്ഷപ്പെടാനും അയാൾക്ക് സാധിക്കുന്നില്ല. ഖസാക്കിൽ നിന്നുമുള്ള രവിയുടെ യാത്ര പറച്ചിലാണ് ഇതിഹാസത്തിലെ ഏറ്റവും മനോഹരമായ ഭാഗമായി തോന്നിയിട്ടുള്ളത്. “സായാഹ്ന യാത്രകളുടെ അച്ഛാ, വിട തരുക മന്ദാരത്തിൻ്റെ ഇലകൾ ചേർത്തു തുന്നിയ ഈ പുനർജ്ജനിയുടെ കൂട് വിട്ടു ഞാൻ വീണ്ടും യാത്രയാണ്. “രവിയുടെ ആത്മാവ് തുമ്പിയോ എട്ടുകാലിയോ ആയി പുനർജ്ജനിക്കില്ലായിരിക്കും. ജന്മാന്തര ങ്ങളിലെ പാപങ്ങൾ എല്ലാം നിറഞ്ഞു പെയ്യുന്ന മഴയിൽ ഒഴുക്കി കളഞ്ഞാണ് അയാൾ വിട പറയുന്നത്.
“മൈമൂന തൻ്റെ വെള്ളക്കുപ്പായം കൈത്തണ്ടയോളം തെറുത്തു വെച്ചു. കരിവളകൾ തെറുത്തു കേറ്റി നിർത്തി. അപൂർവ്വം അവസരങ്ങളിൽ കാസിമിനോടോ ഉസാമതിനോടോ വായാടാൻ നിന്നു. അവരുടെ മുഖങ്ങൾ ചുവക്കുന്നതും സ്വരങ്ങൾ ഇടറുന്നതും കാണാൻ വേണ്ടി മാത്രം.” കരിവളയിട്ട കൈകളിൽ നീലഞരമ്പുകൾ നിറഞ്ഞ ഇതിഹാസ സുന്ദരി. ഖസാക്കിലെയും ഇതിഹാസം വായിച്ച പുരുഷന്മാരെയും ഒന്നടങ്കം മോഹിപ്പിച്ചവൾ. കബന്ധങ്ങൾ നീരാടിയിരുന്ന അറബിക്കുളത്തിൽ കുളിച്ചും, രാജാവിൻ്റെ പള്ളിയിൽ ഈറൻ ഉണക്കാനിട്ടും, ചക്രു രാവുത്തരുടെ വീട്ടിൽ കെട്ടിയ പീടികയിലിരുന്നു ഉറക്കെ സംസാരിച്ചും പാറി നടന്നവൾ. പക്ഷെ അവളൂടെ കാലടികൾ വീണത് ഇതിഹാസത്തിൽ മാത്രമാണ്. ഇതിഹാസകാരന്റെ ധ്യാനത്തിൽ പിറന്ന സാലഭഞ്ചിക മാത്രമാണ് മൈമൂന. ഭാര്യയുടെയോ കാമുകിയുടെയോ അച്ചിൽ ഒതുങ്ങാതെ അമ്മക്കും മകൾക്കുമിടയിലൂള്ള ഒരു യാഗാശ്വമായി അവൾ നടന്നു.
“ഖസാക്കിലെ ഓത്ത്പള്ളിയിരുന്നു അള്ളാപിച്ച മൊല്ലാക്ക രാവുത്തന്മാരുടെ കുട്ടികൾക്ക് ആ കഥ പറഞ്ഞു കൊടുത്തു”. ഈശ്വരന്റെ ഭിക്ഷയായി കൈവന്ന ജന്മം എന്നർത്ഥമുള്ള പേരുള്ള ഖസാക്കിലെ പുരോഹിതൻ. ചിതലിമലയുടെ ആകർഷണത്തിൽ പെട്ട് ഖസാക്കിലെത്തിയ അഗതി. ഒരേ സമയം രവിയുടെ സ്കൂൾ വന്നാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും തൻ്റെ നിസ്സഹായാവസ്ഥയും ഓർത്ത് മൊല്ലാക്ക ആകുലപ്പെട്ടു. അവസാനം നിയോഗങ്ങളുടെ നൂലാമാലകളിൽ പെട്ട് കോശങ്ങളുടെ അനിയന്ത്രിത പെരുക്കലിൽ പെരുവിരൽ നൊന്തു വിടവാങ്ങി.
“അള്ളാപ്പിച്ചയുടെയും തിത്തിബിയുടെയും മകൾ മൈമൂനയ്ക്ക് പതിനാറ് തികയുന്ന കാലത്താണ് ചെതലിയുടെ അടിവാരത്തിൽ അവനെ കാണുന്നത് മൈമൂനയുടെ പ്രായം, നീണ്ടു സ്ത്രൈണമായ ചുണ്ടുകൾ,പുക ചുറ്റിയ കണ്ണുകൾ,ഒടിഞ്ഞ ചുമലുകൾ.
“ഉൻ പേരെന്നാ കൂശി മകനെ?”.
“നൈജാമലി”.
ചെതലിയുടെ താഴ്‌വരങ്ങളിൽ വീശിയ കാറ്റും മലമുടിയിൽ നിന്നുയർന്ന കാട്ടുതീയിൻ്റെ പുകയും മൊല്ലാക്കക്ക് ഷെയ്ഖിൻ്റെ ദൃഷ്ടാന്തം കാണിച്ചു കൊടുത്തു.
“നീ എൻകൂടെ വാ”.മൊല്ലാക്ക പറഞ്ഞു.
തന്നെ കണ്ടെടുത്ത മൊല്ലാക്കയെ ധിക്കരിച്ചു നൈജാമലി ബീഡി തൊഴിലാളി, മുതലാളി,വിപ്ലവകാരി തുടങ്ങി പല വേഷങ്ങളും കെട്ടിയാടി അവസാനം ശെയ്ഖിൻ്റെ സ്വയം പ്രഖ്യാപിത ഖാളിയാർ ആയി മാറുന്നു. അറബിക്കുളത്തിനും രാജാവിൻ്റെ പള്ളിക്കും ഒരു വേള മൈമൂനക്കും അധിപൻ ആവാൻ ശ്രമിക്കുന്ന പ്രേതോപാസകൻ.
“ഇന്നൊരു കഥ പറയാ”, രവി പറഞ്ഞു”.
“എന്ത് കഥ്യ വേണ്ടത്?,”
“സാർ.സാർ”, സുറുമയിട്ട പെൺകുട്ടി കയ്യുയർത്തിക്കാട്ടി.
“സാർ,ആരം ചാകാത്ത കത”.
“എന്താ പേര്?”.രവി ചോദിച്ചു.
“കുഞ്ഞാമിന.”
സ്ത്രീത്വത്തിന്റെ ശുദ്ധമായ മുകുള ഭാവങ്ങൾ ഉള്ള കുഞ്ഞാമിന. രവിക്കും ഇതിഹാസകാരനും ഒരുപോലെ വാത്സല്യം തോന്നിയ മിന്നാമിനുങ്ങ്. രവിക്ക് അവളോട് തോന്നിയത് തൻ്റെ അമ്മയോട് തോന്നിയതു പോലെയുള്ള നിഷ്കളങ്കമായ സ്നേഹമാണ്. പക്ഷേ ആമിനക്കുട്ടി ഋതുമതിയാവുന്നതോടെ അവർ തമ്മിലുള്ള ബന്ധം കൃത്യമായി നിർവചിക്കാൻ കഴിയാത്ത ഒരു തലത്തിലേക്ക് എത്തിച്ചേരുന്നു. ആരാധനയുടെ സുഖം എന്തെന്നറിഞ്ഞ് കഥാകാരൻ അവളെ “ആമിനക്കുട്ടി” എന്ന് പുനർനാമകരണം ചെയ്തു, രവിക്കു ഏറ്റ പാമ്പിൻ്റെ വിഷത്തിന് പോലും പരിഹാരമായി ആമിനക്കുട്ടിയെ നിർദ്ദേശിച്ചു വെക്കുന്നുണ്ട്.
തുന്നൽക്കാരൻ മാധവൻ നായർ ഞാറ്റുപുരയിലേക്ക് കയറി. പുറകെ വലിയ കുപ്പായങ്ങൾ ഇട്ട രണ്ടു പൊടികളും.
“ഇതാ രണ്ടെണ്ണം കൂടി പിടിച്ചോളിൻ !” മാധവൻ നായർ പറഞ്ഞു.
കഥയിലുടനീളം രവിയുടെ സന്തത സഹചാരിയായി നടക്കുന്ന മാധവൻ നായർ. ഖസാക്കുകർക്കിടയിൽ സ്കൂളിൻ്റെ കാര്യത്തിൽ ഏറ്റവും താൽപര്യം ഉണ്ടായിരുന്നത് മാധവൻ നായർക്കാണ്.
“ഈ ക്ളിയ്ക്ക് എന്നും അന്തിയാണ് മാഷേ”.മാധവൻ നായർ പറഞ്ഞു.
“എന്നാലോ കൂടോട്ടു പറ്റൂമില്ല”.
എല്ലാത്തിനോടും രവിയോളം പോന്ന തത്വചിന്താപരമായ ഒരു സമീപനമായിരുന്നു അയാൾക്ക് ഉണ്ടായിരുന്നത്. യഥാർത്ഥ ജീവിതത്തിൽ അർഥങ്ങളും അനർത്ഥങ്ങളും ഓതിക്കൊടുത്തിരുന്ന വേദം പഠിച്ച ഒരു ക്ഷുരകൻ, തുന്നൽക്കാരൻ മാധവൻ നായരായി ഇതിഹാസത്തിൽ പിറവിയെടുത്തതാണ്.
അപ്പുക്കിളിയെ അന്നാണ് രവി സൂക്ഷിച്ച് നോക്കിയത്. ബാല്യമോ യൗവനമോ വാർദ്ധക്യമോ ആ മുഖത്ത് തെളിഞ്ഞിരുന്നില്ല. അഞ്ചു അമ്മമാരുടെ മകനായ കിളി ജന്മാന്തരങ്ങൾ അറിഞ്ഞവനാണ്.
മരണപ്പെട്ട ഖസാക്കൂകാരുടെ ഓർമ്മകളെ പേറുന്ന തുമ്പികളെ പിടിക്കാൻ അനുവാദമുള്ള അപ്പുക്കിളി ഒരേസമയം കുട്ടിയും തത്വജ്ഞാനിയും ആയി നിലകൊള്ളുന്നു. ഈ പേരും ശരീരഭാഷയും രണ്ടിടങ്ങളിൽ നിന്നാണത്രെ കിട്ടിയത്. ഇതിഹാസകാരന്റെ മുത്തച്ഛൻറെ സമയത്ത് ഉണ്ടായിരുന്ന ഒരു അംഗപരിമിതനിൽ നിന്നും പേരും 20 വയസ്സായിട്ടും നാല് വയസ്സിന്റെ മാത്രം വളർച്ച മാത്രമുള്ള വേലാണ്ടിയിൽ നിന്ന് രൂപവും.
ആബിദ വന്നതിൽ പിന്നെയാണ് ഞാറ്റുപുരയിലെ ഞാറ്റിൻ്റെയും ചളിയുടെയും മണം ആദ്യമായി അകന്നത്. കരച്ചിൽ വറ്റാത്ത കണ്ണുകളും വിളർത്ത കവിളുകളൂമുള്ള ആബിദ. മുങ്ങാം കോഴി എന്ന ചക്രുറാവുത്തരുടെ ഒന്നാം വേളിയിലെ മകൾ. വളരെ ചെറിയ പ്രായത്തിലേ അമ്മ നഷ്ടപ്പെട്ട അവൾക്ക് അത്ത മാത്രം ആയിരുന്നു ആശ്രയം. അയാളുടെ രണ്ടാം വേളിയായി മൈമൂന എത്തുന്നതോടെ ആബിദയുടെ ജീവിതം കൂടുതൽ ദുസ്സഹമായി. തോട്ടുവക്കിൽ, നെടുവരമ്പിൽ, അരശിൻ കാട്ടിൽ എല്ലാം അവൾ തനിച്ച് നടന്നു. സ്വന്തം അത്ത പോലും തള്ളിക്കളയുന്നിടത്തു ഖസാക്കിലെ നിയോഗം അവസാനിപ്പിച്ചു കാളികാവിലേക്ക് നടന്നകലുന്ന ആബിദ.
ഞാറ്റുപുരയുടെ ഉടമസ്ഥൻ ശിവരാമൻ നായർ, ചായക്കടക്കാരൻ അലിയാർ, കൂട്ടാപ്പൂ നരി, ചാന്തു മുത്തു, കുഞ്ഞു നൂറു ഹാജർ പുസ്തകത്തിൽ നിന്ന് മാഞ്ഞുപോയ മറ്റനേകം കുട്ടികൾ അങ്ങനെ ഇതിഹാസം ഇനിയും പരന്നുകിടക്കുകയാണ്. ഇതിഹാസത്തിൻ്റെ പല മൂലകളിലും എഴുതപ്പെട്ട ചെറിയ ഇതിഹാസങ്ങളുണ്ട്. ഖസാക്കിൻ്റെ മൊല്ലാക്ക പറയുന്ന ഷേക്ക് തങ്ങളുടെ ഇതിഹാസം.
പണ്ട് പണ്ട് വളരെ പണ്ട് ഒരു പൗർണമി രാത്രിയിൽ ആയിരത്തൊന്ന് വെള്ള കുതിരകളുടെ പട ഖസാക്കിലേക്ക് വന്നു. ഖസാക്കുകാരുടെ പൂർവികനായ സയ്യിദ് മിയാൻ ഷെയ്ഖും തങ്ങന്മാരുമായിരുന്നു അത്. ആയിരം കുതിരകളും ലക്ഷണമൊത്ത വെള്ള കുതിരകൾ ആയിരുന്നു. പക്ഷേ ഷെയ്ഖ് തങ്ങൾ സവാരി ചെയ്തത് ചടച്ചു കിഴവൻ ആയ ഒരു പാണ്ടൻ കുതിരപ്പുറത്ത് ആയിരുന്നത്രെ.
ഇതിഹാസം കേട്ട ഓരോ തലമുറയും ചോദിച്ചു.
“അന്ത കുതിരക്ക് ആര് തൊണ?
അതുക്ക് തൊണ പടച്ചവൻ. ഷെയ്ക്ക് തങ്ങള് “.
ഖസാക്കിലെ പനങ്കാട്ടിൽ മരണമടഞ്ഞ ആ കുതിര പിൽക്കാലത്ത് അഗതികളെയും ദുർബലരെയും സഹായിക്കാൻ വരാറുണ്ടെന്നാണ് ഖസാക്കുകാരുടെ വിശ്വാസം. ഒരക്ഷയവടത്തെ പോലെ പടർന്നുയർന്ന പോതിയുടെ പുളി മരം. ആകാശം മുട്ടെ വളർന്നിട്ടും ഉഗ്ര വിഷമുള്ള പാമ്പുകൾ ഉണ്ടായിട്ടും പുളിയിറുക്കാൻ കയറുന്ന ചാരിത്രവതികളുടെ ഭർത്താക്കന്മാരെ കാക്കുന്ന പുളിങ്കോമ്പിലെ പോതി.
ചെത്തുകാർക്ക് വേണ്ടി കുനിഞ്ഞു കൊടുക്കുന്ന കരിമ്പനകൾ, ദേവന്മാർ കുടിച്ചു തീർത്ത കൽപക വൃക്ഷത്തിൻ്റെ തൊണ്ട്, തുമ്പികൾ, അറബിക്കുളം, ചിതലിമല, രാജാവിൻ്റെ പള്ളി, മനുഷ്യ രക്തം ഊറ്റി കുടിക്കുന്ന ദുർമ്മുഖമുള്ള ഓന്തുകൾ, മനുഷ്യൻ്റെ പുനർജൻമം ആയേക്കാവുന്ന എട്ടുകാലികൾ ഇങ്ങനെയുള്ള സർവ്വ ചരാചരങ്ങളിലും നിവർന്നു കിടക്കുന്ന ഇതിഹാസം.
ഇതിഹാസം അകൽച്ചയും ദുഖവും മാത്രമുള്ള കർമ്മ പരമ്പരകളുടെ സ്നേഹരഹിതമായ കഥയാണ്. പരിണാമത്തിൻ്റെ അവസാനം പ്രപഞ്ചത്തിലെ ജീവ ബിന്ദുക്കൾ തമ്മിലുള്ള ബന്ധം വിട്ടു പോകുന്നതു മുതൽ ജീവിതത്തിൻ്റെ ഭാഗമായിരുന്ന സ്നേഹവും കരുതലും നഷ്ടപ്പെടുത്തിക്കളയേണ്ടി വരുന്ന പച്ച മനുഷ്യരുടെ കഥ. പക്ഷെ ഇതിൽ ചില ഗാഢമായ സ്നേഹബന്ധങ്ങളുണ്ട്. രവിയുടെയും മാധവൻ നായരുടെയും സൗഹൃദം, രവിക്ക് വിദ്യാർത്ഥികളോടുള്ള കടപ്പാട്, അപ്പുക്കിളിയുമായുള്ള ആത്മബന്ധം ഇതെല്ലാം ചിലപ്പോ എങ്കിലും കഥാഗതിയെ സ്നേഹമയമാക്കുന്നുണ്ട്.
ഇതിനെല്ലാമുപരി ഒരു പിന്നോക്ക ഭാഷയാണെന്ന അധിക്ഷേപത്തിൽ നിന്നും മലയാള ഭാഷയെ രക്ഷിച്ച, മലയാള സാഹിത്യത്തെ ഇതിഹാസത്തിന് മുമ്പും ശേഷവും എന്ന് പകുത്ത മാജിക്കൽ റിയലിസം കൂടിയാണ് ഇതിഹാസം. മഹാനായ ആ ഇതിഹാസകാരൻ്റെ വാക്കുകൾ കടമെടുത്താൽ “പടിഞ്ഞാറിൻ്റെ സങ്കൽപ്പത്തിനനുസരിച്ചു കഥയോ നോവലോ എഴുതിയാൽ മാത്രമേ ശെരിയാവൂ എന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് പ്രകൃതി ജീവജാലങ്ങളിലേക്ക് നിരന്തരം പെയ്തു വീഴുന്ന കരുണയുടെ മഴയയാണ് ഇതിഹാസം പിറവിയെടുത്തത്. കൃഷിക്കാരനും, വാറ്റു കാരനും, പ്രേതോപാസകനും, പൊട്ടനും, മൃഗങ്ങളും സസ്യങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന ജൈവ വൈവിധ്യത്തിലേക്ക് പെയ്തു വീഴുന്ന തോരാമഴ”…..