ഇടവേള

പ്രണയമെഴുതിയ
തൂലിക തുരുമ്പിച്ചിരിക്കുന്നു
നനഞ്ഞ മഴകൾ
വരികൾക്കുപകരം
വേദനയെ ഓർമ്മിപ്പിക്കുന്നു

നീണ്ട മൗനങ്ങളിൽ
മുറിഞ്ഞുപോയ
അർത്ഥസംവാദങ്ങളുടെ
ആഴങ്ങൾ തെളിയുന്നു

തിരക്കേറിയ പാതകളിൽ
കൂട്ടുകളില്ലാതെ
ഒറ്റയ്ക്ക് നടക്കുവാൻ
പഠിച്ചിരിക്കുന്നു

വിയർപ്പ്,
വരവിനും ചിലവിനുമിടയിൽ
ഒരു കണക്കുപുസ്തകം
സൂക്ഷിക്കാൻ കൽപ്പിച്ചിരിക്കുന്നു

കടലോളം സ്വപ്നങ്ങൾ
തിരകളോളം പരിശ്രമം
വേണമെന്ന് കരയിലേക്ക്
തൊട്ട് തീണ്ടി നിരന്തരം
പ്രചോദനം നടത്തുന്നു

അനുഭവങ്ങളുടെ
മഷിനിറച്ച് പുതുവത്സരത്തിൽ
വീണ്ടും പേനയൊന്നെടുത്തു

തിരിച്ചു വരികയെന്നാൽ
ഉടച്ച് വാർക്കുകതന്നേയാണ്

നോവുകൾ തൻ-
ഘോഷയാത്രയിൽ
മുന്നിലൊരു പുഞ്ചിരിയുടെ
ബ്യൂഗിൾ സംഗീതം
തുന്നിചേർക്കുംപോലെ

മുറിവുകൾ
മുറിച്ചുകടന്ന്
മുല്ലപ്പൂക്കളുടെ സുഗന്ധം
നുകരുംപോലെ

പലകുറി തെറ്റിയ
വഴികളിൽ നടന്നുനടന്ന്
ശരിയുടെ ദിശയിൽ
എത്തും പോലെ

കാലം തരുന്ന എല്ലാ ഇടവേളകളും
വേദനകൾ പരുവപ്പെടുത്തി
പുതിയ താളുകളിലേക്ക്
പക്വതയെ പകർത്തിയെഴുതാനുള്ള
ഇടങ്ങളാണെന്ന് അടിവരയിട്ടുപോകുന്നു..

പാലക്കാടൻ അതിർത്തി പ്രദേശമായ ഗോപാലപുരം സ്വദേശി. പാലക്കാട് കൃഷ്ണാ കോച്ച് ബിൽഡേഴ്സിൽ മാനേജരായി ജോലി ചെയ്യുന്നു. 'മൗനത്തിന്റെ മറുകര ' ,'കരിമ്പനക്കാട്ടിലെ നിഴൽച്ചില്ലകൾ ' എന്നീ രണ്ട് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പന്ത്രണ്ടോളം മലയാള കവിതാപുസ്തകങ്ങളിലും , ആനുകാലികങ്ങളും കവിതകൾ വെളിച്ചം കണ്ടിട്ടുണ്ട്. ഓൺലൈൻ, സോഷ്യൽ മീഡിയകൾ എന്നിവയിൽ സജീവ സാന്നിധ്യം.