ഇടവഴിയിലെ കാട്ടുതെച്ചി

നഗരം തിന്നുവാൻ മറന്നു പോയൊരാ

ഇടവഴിയിലെ, യsർന്നകല്ലുകൾ-

ക്കിടയിലൂടെന്തോ തിരഞ്ഞു, കാലത്തിൻ

വ്രണിത പാദങ്ങൾ ചലിക്കും വേളയിൽ…

നരച്ച വിണ്ണിൽ നിന്നടർന്നു, ജീവിത-

ക്കണക്കു കൂട്ടുവാൻ കഴിയാതെങ്ങോട്ടോ 

പറന്നു നീങ്ങുന്ന വെളുത്ത മേഘങ്ങൾ,

കുറിച്ചയയ്ക്കുന്നോരൊടുക്കത്തെക്കത്തും

കരത്തിലേന്തി വന്നണയും കാറ്റിന്റെ

യിരമ്പം ചൂഴവേ…

പല വസന്തങ്ങൾ, സുഗന്ധ നിശ്വാസ

മുതിർത്തു പാഞ്ഞൊരീയിടവഴി.. 

യെത്ര പ്രണയികൾ, പെരു-

മ്പറയടിക്കുന്ന മനസ്സുമായ്, 

ഇടംവലം നോക്കിക്കരൾ പറിച്ചെടു-

ത്തതിൽ മന്ദസ്മിത മരന്ദം തൂവിയും,

വിറയ്ക്കും കൈകളാൽ പരസ്പരമൊരു 

നൊടി മാത്രം തൊട്ടാ നിമിഷാർദ്ധത്തിന്റെ 

യലകൾ വൈദ്യുത പ്രവാഹമായ് 

ഹൃത്തിൽനിറച്ചു പോയതും.

തിമിർത്തു പെയ്യുന്നോരിടവപ്പാതിയിൽ,

പുഴപോലീയിടവഴിയും മാറവേ,

ഒരു ചേമ്പിന്നില പറിച്ചു ചൂടിയക്കുടക്കീഴിൽ, കന-

ലെരിയും നെഞ്ചിലെക്കവിതച്ചൂടിനാൽ തണുപ്പാറ്റിപ്പയ്യെനടന്നു 

കാലത്തിൻ കയങ്ങളിലെങ്ങോമറഞ്ഞു പോയവൻ,

ചരിത്രത്താളുകൾക്കകത്തു കേറാത്ത

കവിയും… 

ചുറ്റിലും വളർന്നു മുറ്റുന്ന നഗരം 

വാപിളർന്നടുക്കവേ, വർണ്ണ-

പ്പകിട്ടുനൽകുവാൻ വിളിക്കവേ.. 

ഭയം നിറഞ്ഞ കൺകളാൽ

പരതും ഗ്രാമീണവധുവിനെപ്പോലീ

യിടവഴി, സ്വയം ചുരുങ്ങി നിൽക്കുന്നു..

പുതിയ കാലത്തിൻ കടുത്ത വർണ്ണങ്ങൾ –

ക്കിടയി;ലോർമ്മതൻചുവന്ന പൊട്ടു പോൽ…

മധുരവും കയ്ക്കും വ്യഥിത കാലത്തിൻ

മധുപാത്രത്തിന്റെയടിത്തട്ടിൽ, നന്മ

രുചിക്കുമിത്തിരി സുഖമധുരമായ്

ഒരു തെച്ചിപ്പഴം മടിയിൽ സൂക്ഷിപ്പൂ….

അകന്നുപോയവർ തിരികെയെത്തുമെ-

ന്നകതാരിൽ വൃഥാ നിനച്ചവൾ സദാ.

കടുത്ത വേനലിൽ,കരിഞ്ഞ വേരുകൾ

വലിച്ചെടുത്തൊരാ ചെറു നീർത്തുള്ളികൾ,

നിറച്ചു നാളേക്കു കരുതി വയ്ക്കുന്നു.

പഴമ തന്നിടവഴികൾ തേടുന്നപഥികർ 

വന്നെത്തുമൊരു നാളെന്നോർത്തു..

വെറുതെയെങ്കിലും കൊതിച്ചു നിൽക്കുന്നു.

വെറുതേയെങ്കിലും കൊതിച്ചു നിൽക്കുന്നു,

ഇടവഴിക്കാട്ടിലൊരു പാവം തെച്ചി.

മഹാഭാരതം, കഥാ സാഗരം, ചിലപ്പതികാരം എന്നിവയുടെ പുനരാഖ്യാനം, ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം അടക്കം അഞ്ച് ചരിത ഗ്രന്ഥങ്ങൾ, മൂന്നു നോവലുകൾ, കാലാതിവർത്തികൾ: പ്രാചീന ആധുനിക കവിത്രയങ്ങൾ മുതലായ സാഹിത്യപഠനങ്ങൾ അടക്കം നാൽപ്പത്തിയഞ്ചു പുസ്തകങ്ങളുടെ രചയിതാവ്. എറണാകുളം, കളമ്പൂർ സ്വദേശി.