ഇടനാട്

– 1 –

അവനും
അവൾക്കും
ഇടയിലൊരു
നീർച്ചാലുണ്ടായിരുന്നു.
അതിന്റെ ഒരു കരയിലിരുന്നുണ്ടാക്കിയ
കടലാസ് വിമാനത്തിൽ  കയറി
അവളുടെ ഹൃദയം
മറുകരയെത്തും.
മൺകുടിലടിച്ചുവാരും ,
ചിരട്ടയിൽ മണ്ണുനിറച്ച് കഞ്ഞി വെക്കും,
കാത്തിരിക്കും.

കാറ്റാനപ്പുറത്തേറിയലറിവരും
രക്ഷസക്കൂട്ടങ്ങളോടുള്ള
യുദ്ധം ജയിച്ചവൻ
മരക്കൊമ്പിലെ
കുതിരപ്പുറത്തുനിന്നിറങ്ങും.
പുളിയുറുമ്പമ്പുകളേറ്റ്
മുറിഞ്ഞു നീറുന്നിടം
അവൾ തലോടും.
ശീമക്കൊന്നയില
അരിഞ്ഞുണ്ടാക്കിയ
ഉപ്പേരി കൂട്ടി
ഊണു കഴിഞ്ഞവർ
ആകാശവാണിയിലെ
നിങ്ങളാവശ്യപ്പെട്ട പാട്ടുകൾ
പാടി കേൾക്കും.

അക്കരെ നിന്നൊരു
വിളി കേൾക്കുമ്പോൾ
അവളുടെ ഹൃദയം
തിരിച്ച് പറക്കാൻ ഒരുങ്ങും.
അവന്റെ ഹൃദയം
കാറ്റിൽ ആറാനിട്ട തോർത്തു പോലുണങ്ങും.

-2-

അവന്റേയും അവളുടേയും
നാടുകൾക്കിടയിലൊരു
തോടുണ്ടായിരുന്നു.

ഒരു കരയിലവൻ
കുളിക്കാനിറങ്ങും
അവന്റെയുടലൊരു മുതല
മറുകരയില്‍
ഹൃദയം തൂക്കിയിട്ട അത്തിമരച്ചുവട്ടിലത്
നിന്റെ ഹൃദയം താ
നിന്റെ ഹൃദയം താ
എന്നു  കരയും.

ദാ ഹൃദയമെന്നു പറഞ്ഞവൾ
അത്തിപ്പഴമെറിഞ്ഞു
കൊടുക്കുമ്പോൾ
എത്ര തിന്നാലും
പിന്നേം മുളക്കുന്ന
ഈ ഹൃദയത്തിനെന്തു
പുളിയെന്നു പറഞ്ഞ്
ആഫ്രിക്കൻ പായലുകൾ
ഇളക്കി വാലിട്ടടിക്കും
അവൾ മരം കുലുക്കി
ചിരി പെയ്യിക്കും.

തോട്ടുവക്കത്തിരുന്ന്
ചൂണ്ടയിടുന്ന
വയസ്സൻ കൊറ്റി
മീനുകളെ
പറപ്പിച്ചതിന്
തെറി വിളിക്കുമ്പോളവൻ
തിരിഞ്ഞു നീന്തും.
ഹൃദയമൊഴുകിപ്പോയ
വേദനയിൽ
അത്തിമരം
പഴങ്ങൾ പൊഴിക്കും.

-3 –

അവന്റേയും അവളുടേയും
ദേശങ്ങൾക്കിടയിൽ
ഒരു പുഴയുണ്ടായിരുന്നു.
അതിന്റെ
ഒരു കരയിൽ
പൂരത്തിന്
കൊടിയേറും മുൻപേ
അവന്റെ ഒച്ചയൊരു
വഞ്ചിയാകും.
പൂരവാണിയത്തിന്
ബലൂൺ,
പീപ്പി,
പൊരി,
ഒണക്കല്
തേൻ നിലാവ്,
വളകൾ …
പൂരത്തലേന്നേ
വഞ്ചിയേറും.

പലനിറങ്ങളുള്ള
വളകളിട്ടും
ഊരിയും
പെട്രോമാക്സിന്റെ
വെളിച്ചത്തിൽ
അവൾ
പൂരപ്പറമ്പിൽ
കാത്തു നിൽക്കും.
കതിരളന്നുകൊടുത്തവള്‍
പാട്ടു തൂക്കിവാങ്ങും.
അവർക്കിടയിൽ
കിലുക്കിക്കുത്ത്,
മേളം,
നാടകം.

കൊടിയിറങ്ങും മുൻപ്
അടി പൊട്ടും.
ചെളിപുരണ്ട മുണ്ടും
കീറിയ
ഷർട്ടുമായി
ഒരൊച്ച ചോരയൊലിപ്പിച്ച്
കടവിലെത്തും.
ഒരു വീട്ടിൽ
ഒരു മുറിയുടെ
ഒരു വാതിൽ
കരഞ്ഞടയും.

– 4 –

അവന്റേയും
അവളുടേയും
രാജ്യങ്ങൾക്കിടയിലൊരു
കടലുണ്ടായിരുന്നു.

ഒരു കരയിൽ നിന്ന്
അവളുടെ കണ്ണുകൾ
പോർവിമാനങ്ങൾ
പറപ്പിക്കും.
അവ മറുകരയിലെ
റഡാറുകളിൽ
തെളിയുമ്പോൾ
അപകടത്തിന്റെ
സൈറൺ മുഴങ്ങും
വാക്കുകളില്‍
വിമാനവേധിനികൾ
ഉന്നം പിടിക്കും.
തെരുവുകളിൽ
തീ പെയ്യും.
കടൽത്തീരത്ത്
കളിക്കുന്ന
കുഞ്ഞോർമ്മകൾ
പൊള്ളിക്കരഞ്ഞോടും.
ചത്ത ശവങ്ങൾ
ആരും കാണാതെ
ബങ്കറുകളിൽ ഒളിച്ചിരിക്കും.
തിരികെയെത്തുമ്പോൾ
ഇറങ്ങാൻ
താവളമില്ലാതെ
അവളുടെ വിമാനങ്ങൾ
അലയും.

–  5  –

അവനും
അവൾക്കും
ഇടയിൽ
നാറുന്ന
ഒരു
ഓടയുണ്ടായിരുന്നു.

ഒരു കരയിലൊരു
കൊതുക്
മറുകരയിൽ
തവളനാവ്
ഓടയൊരു പാമ്പ്.

എന്‍ സി ഇ ആര്‍ ടിയുടെ കീഴിലുളള മൈസൂരുവിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനില്‍ ഗണിതശാസ്ത്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്. കണക്കുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ (ത്രികോണമിതി പഠിക്കാം,ആള്‍ജിബ്ര) എഴുതുകയും ചില പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട് . ശാസ്ത്രസാഹിത്യപരിഷത്തിനു വേണ്ടിയും കണക്കുമായി ബന്ധപ്പെട്ട പുസ്തകരചനകളില്‍ (കണക്കിന്റെ കിളിവാതില്‍, കണക്കറിവ്) പങ്കാളി ആയിട്ടുണ്ട്. ശാസ്ത്രകേരളത്തിലും ശാസ്ത്രഗതിയിലും ലേഖനങ്ങള്‍ എഴുതാറുണ്ട്.