ഇങ്ങനേ പറയാനറിയു

കാലഹന്തീ നദി
കണ്ണീരു വീണുണങ്ങിയത്
ഇന്നലെയൊരുത്തൻ
സ്വപ്നങ്ങൾ പൊതിഞ്ഞു കെട്ടി
തലച്ചുമടുമായി
വരണ്ട വഴികളിലൂടെ
പെയ്ത് തോർന്നപ്പോഴല്ല.

കരയാൻ മറന്ന
രണ്ട് കണ്ണുകൾ
നെഞ്ചോട് ചേർത്ത
ഓർമ്മക്കെട്ടുകളിലെ
അമ്മ കാട്ടിത്തന്ന
അമ്പിളിമാമൻ
കീഴ്ത്താടിയിൽ നിന്നും
ഉമ്മ വെച്ചെടുത്ത
തേൻ തുള്ളികളിൽ
മുങ്ങിത്താഴ്ന്നപ്പോഴുമാവില്ല.

പക്ഷേ,
പ്രിയപ്പെട്ടവന്റെ
തോളിൽ കിടന്ന്
അമാൻഗെഡെ
ചിരിക്കുന്നുണ്ടായിരുന്നു.
ആദ്യരാത്രിക്ക് ശേഷം
ഇന്നാണവളിത്ര മേൽ
നാണിച്ച് ചുവന്നത്.

വറ്റ് കൊത്തി
വറുതിക്കുമേൽ
കൂടു കൂട്ടി അടയിരുന്ന്
വിരിയിച്ചതൊക്കെയും
വീണ്ടും വറുതിയായ്
അതിൽ തന്നെ
വെന്തുപോയോനെങ്ങനെ
നിന്റെ മഞ്ഞച്ചമുടിയിഴ
മാടിയൊതുക്കാനാകും

നീ ഇത്രമേൽ പ്രിയപ്പെട്ടവളെന്ന്
അവനിങ്ങനേ പറയാനറിയു.

കളിമൺ പെൻസിൽ (കവിതാ സമാഹാരം), അഗ്നിശലഭങ്ങൾ പറക്കുമ്പോൾ (ജീവചരിത്രം) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. ഉത്തരാധുനിക - പോസ്റ്റ് മാർക്സിസ്റ്റ് കാലഘട്ടത്തിലെ രാഷ്ട്രീയ നോവൽ എന്ന വിഷയത്തിൽ ഗവേഷണം. പന്തളം എൻ.എസ് എസ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ.