ആ രാവിൽ

കത്തിത്തെളിയാത്ത
ചിമ്മിനി വിളക്കിൻ്റെ വെട്ടത്തിരുന്നമ്മ
നെഞ്ചിൽ നെരിപ്പോടുമായ്
നിത്യദുഃഖത്തിൻ്റെ
പാഠം പകർന്നു തന്നു.

അത്താഴത്തിനായ് കാത്തിരിക്കുന്ന
കുരുന്നുകളായ ഞങ്ങൾക്കു നേരെ
പലവട്ടം ഒഴിഞ്ഞ പാത്രം
കാട്ടിത്തന്നമ്മ കണ്ണീർ പൊഴിച്ചു.

കൂലി തരാത്തൊരു
മുതലാളിവർഗ്ഗത്തെ അധിക്ഷേപിച്ചച്ഛനും
ചുണ്ടിലായ് പുകയുന്ന
ചെറു ബീഡിത്തുണ്ടെറിഞ്ഞ്
പ്രതിഷേധമെന്നോണം
ഇറങ്ങി നടന്നിരുട്ടിലേക്കായ്…
അടിവെച്ചു
വേച്ചുവേച്ച് ചാരായം മോന്തി വന്നു.
അടിപതറാത്ത
മനസ്സുമായിന്നുമവൾ
അരുമയാം മക്കളെ ചേർത്തു പിടിക്കുന്നു.
അലറി വിളിച്ചയാളവൾക്കു നേരെ
അടിച്ചും, തൊഴിച്ചും
രോഷം തീർക്കുന്നു…

അതുകണ്ട മക്കളോ
ശ്വാസമടക്കിപ്പിടിച്ചാ മൂലയിൽ
ഒളിച്ചിരിക്കുന്നു… .
അന്നത്തെ രാത്രിയും
അവളുടെ കണ്ണുനീരാൽ
മുങ്ങി മറയുന്നു….

നേരം വെളുത്തതറിയാതെ
മക്കളും തളർന്നുറങ്ങുന്നു…
അമ്മയെന്ന സ്നേഹമെന്നേയ്ക്കുമായ്
വിട്ടുപിരിഞ്ഞതറിയാതെ.

കോഴിക്കോട് ജില്ലയിൽ നന്മണ്ട സ്വദേശിനി. ആനുകാലികങ്ങളിൽ എഴുതാറുണ്ട്.